Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മോഹൻലാൽ കലാകാരനല്ലെന്നും കച്ചവടക്കാരനെന്നും പറഞ്ഞ് പരിഹസിച്ചു; ആന്റണി പെരുമ്പാവൂരിലെ ഉപരോധിക്കാൻ പദ്ധതിയും തയ്യാറാക്കി; ദിലീപിനും പ്രസിഡന്റിന്റെ സംഘടനാ കരുത്തിന് മുമ്പിൽ തോൽക്കേണ്ടി വന്നു; ഫിയോക്കിനെ ഹൈജാക്ക് ചെയ്ത് വിജയകുമാർ; ലിബർട്ടി ബഷീറിനെ തകർക്കാൻ ഉണ്ടാക്കിയ സംഘടനയിൽ ലാലും ദിലീപും ഒറ്റപ്പെട്ട കഥ

മോഹൻലാൽ കലാകാരനല്ലെന്നും കച്ചവടക്കാരനെന്നും പറഞ്ഞ് പരിഹസിച്ചു; ആന്റണി പെരുമ്പാവൂരിലെ ഉപരോധിക്കാൻ പദ്ധതിയും തയ്യാറാക്കി; ദിലീപിനും പ്രസിഡന്റിന്റെ സംഘടനാ കരുത്തിന് മുമ്പിൽ തോൽക്കേണ്ടി വന്നു; ഫിയോക്കിനെ ഹൈജാക്ക് ചെയ്ത് വിജയകുമാർ; ലിബർട്ടി ബഷീറിനെ തകർക്കാൻ ഉണ്ടാക്കിയ സംഘടനയിൽ ലാലും ദിലീപും ഒറ്റപ്പെട്ട കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദിലീപും ആന്റണി പെരുമ്പാവൂരും ചേർന്ന് ഉണ്ടാക്കിയതാണ് ഫിയോക് എന്ന തിയേറ്ററുകാരുടെ സംഘടന. ലിബർട്ടി ബഷീറിന്റെ ഏകാധിപത്യത്തിൽ നിന്നും തിയേറ്ററുകാരെ രക്ഷിച്ച് കൂട്ടായ തീരുമാനങ്ങളിലേക്ക് കാര്യങ്ങളെത്തിക്കാനുള്ള ഇടപെടൽ. ദിലീപ് മുന്നിൽ നിന്നു. തൊട്ടു പിന്നിൽ മോഹൻലാലിന്റെ പിന്തുണയുമായി ആന്റണിയും. ഇതോടെ തിയേറ്ററുകാരുടെ സംഘടനയായ ഫെഡറേഷനിൽ വിള്ളൽ വന്നു. ഫിയോക്കിന് ശക്തിയും കൂടി. ഇതോടെ ദിലീപിന്റെ കൈയിൽ സിനിമാ നിയന്ത്രണം എത്തി. നടിയെ ആക്രമിച്ച കേസോടെ ദിലീപ് പിന്നിലേക്ക് മാറി. ഇതോടെ സംഘടനയിൽ പുതിയ ശക്തിയെത്തി. ഫിയോക്കിന്റെ പ്രസിഡന്റായി വിജയകുമാർ എത്തി. വിജയകുമാറിന്റെ പിടിവാശികളാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തെ തിയേറ്ററിൽ നിന്ന് അകറ്റുന്നത്.

ഫിയോക് എന്ന സംഘടനയുടെ ചെയർമാനാണ് ദിലീപ്. വൈസ് ചെയർമാൻ ആന്റണിയും. ഇരുവരും ഭരണഘടന പ്രകാരം ആജീവനാന്ത ചുമതലക്കാരാണ്. എന്നാൽ ഇപ്പോൾ സംഘടനയുടെ പൂർണ്ണ നിയന്ത്രണം വിജയകുമാറിനാണ്. ആന്റണിയേയും ദിലീപിനേയും പുകച്ച് പുറത്തു ചാടിച്ച് ഫിയോക്കിൽ പിടിമുറുക്കാനാണ് ശ്രമം. അതാണ് മരയ്ക്കാറെ തിയേറ്ററിൽ നിന്ന് അകറ്റിയതെന്നാണ് സിനിമാക്കാരിൽ ബഹുഭൂരിഭാഗവും പറയുന്നത്. മോഹൻലാലിനെ കച്ചവടക്കാരനെന്നും കലാകാരനല്ലെന്നും പറഞ്ഞ് വിജയകുമാർ അപമാനിച്ചു. ആന്റണിയെ ഉപരോധിക്കാൻ പദ്ധതിയിട്ടു. ഇതെല്ലാം കടന്ന ഇടപെടലുകളായിരുന്നു. ഇതെല്ലാം ദിലീപിനേയും വേദനിപ്പിച്ചിട്ടുണ്ട്. ഫിയോക്കുമായി ഇപ്പോൾ ദിലീപും അകലത്തിലാണെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന.

താരസംഘടനയായ അമ്മയുടേയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടേയുമെല്ലാം പിന്തുണയോടെയാണ് ഫിയോക് എന്ന സംഘടനയുമായി ദിലീപും ആന്റണി പെരുമ്പാവൂരും എത്തുക. തിയേറ്റർ സമരം ഇല്ലാതാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഈ സംഘടനയെത്തിയത്. സിനിമയിലെ കൊച്ചി ലോബിയും തിരുവനന്തപുരം ലോബിയും ഒരുമിച്ചു നടത്തിയ നീക്കം. ഇത് ഫലം കാണുകയും തിയേറ്ററുകളുടെ നിയന്ത്രണം സിനിമാക്കാരിലേക്ക് തന്നെ എത്തുകയും ചെയ്തു. ഇത് ലിബർട്ടി ബഷീറിനെ അപ്രസക്തനാക്കുകയും ചെയ്തു. എന്നാൽ ഫിയോക്കിൽ ദിലീപിനും ടീമിനും പിന്തുണ നഷ്ടമാകുമ്പോൾ വീണ്ടും തിയേറ്ററുകാരുടെ വില പേശലും എത്തുന്നുവെന്ന് സിനിമാക്കാർ തിരിച്ചറിയുകയാണ്.

മരയ്ക്കാറെ തിയേറ്ററിൽ നിലനിർത്താൻ ഇടപെടലിന് ദിലീപ് രംഗത്തു വന്നിരുന്നു. മോഹൻലാലിന്റെ അടുത്ത സുഹൃത്തു കൂടിയായ ജി സുരേഷ് കുമാർ ചർച്ചകൾക്ക് എത്തി. വിട്ടുവീഴ്ചകൾക്ക് മോഹൻലാലും ആന്റണിയും തയ്യാറായി. എന്നാൽ വിജയകുമാർ കടുംപിടിത്തത്തിലായിരുന്നു. ലിബർട്ടി ബഷീറും അദ്ദേഹത്തിന്റെ ഫെഡറേഷനും പോലും ആന്റണിയെ അവസാനം പിന്തുണച്ചു. എന്നാൽ ഫിയോക്കിനെ പ്രസിഡന്റിന്റെ ചുമതലയിൽ ഇരുന്ന് നയിക്കുന്ന വിജയകുമാർ ഏകാധിപതിയായി. ഇതോടെ ദിലീപും ഒത്തുതീർപ്പിൽ നിന്ന് പിന്മാറി. ഇതിന് ശേഷമാണ് സിനിമാ മന്ത്രി സജി ചെറിയാനും പോലും പരിഹരിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് തർക്കം മാറിയത്. മരയ്ക്കാറെ ഓടിടിക്ക് കൊടുക്കാൻ ആന്റണി തീരുമാനിക്കുകയും ചെയ്തു.

അതായത് ഫിയോക്കിന്റെ നിയന്ത്രണം ദിലീപിന് എല്ലാ അർത്ഥത്തിലും നഷ്ടമാകുകയാണ്. കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുന്ന ലിബർട്ടി ബഷീർ മറ്റൊരു ഭാഗത്തും. മോഹൻലാൽ കലാകാരനല്ലെന്നും കച്ചവടക്കാരനാണെന്നുമൊക്കെ പറയാൻ വിജയകുമാറിന് എന്ത് അവകാശമാണുള്ളത്. തിയേറ്ററുടമകൾ കലയെ പറ്റി ചന്തിക്കാറേ ഇല്ല. പല മികച്ച സിനിമകൾക്കും കച്ചവട മൂല്യമില്ലെന്ന് പറഞ്ഞ് പ്രദർശനത്തിന് അനുമതി പോലും കൊടുക്കാത്തവരാണ് തിയേറ്ററുകാർ. അവർ മോഹൻലാലിനെ കലാകാരനല്ലെന്ന് പറയുന്നതിനെ എങ്ങനെ അനുവദിക്കാനാകുമെന്നാണ് സിനിമാക്കാർ പോലും ഉയർത്തുന്ന ചോദ്യം. ഫിയോക്കിലെ ബഹുഭൂരിപക്ഷം തിയേറ്ററുകളും ഇപ്പോൾ വിജയകുമാറിനൊപ്പമാണെന്നും അവർ പറയുന്നു.

2018ലെ ക്രിസ്മസുകാലത്ത് ലിബർട്ടി ബഷീർ ഉണ്ടാക്കിയതിന് സമാനമായ പ്രതിസന്ധിയാണ് വിജയകുമാറും പിടിവാശിയിലൂടെ ഉണ്ടാക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ ഒടിടി വ്യവസായം തിയേറ്ററുകളെ തകർക്കുമെന്നും അതിനെതിരെയാണ് പോരാട്ടമെന്ന് വിജയകുമാറും പറയുന്നു. ഏതായാലും ദുൽഖർ സൽമാന്റെ കുറുപ്പ് തിയേറ്ററിൽ എത്തുന്നതോടെ എല്ലാം വ്യക്തമാകുമെന്നാണ് പലരുടേയും പ്രതീക്ഷ. തിയേറ്ററിൽ ആളുകൾ എത്തുമോ എന്ന് അപ്പോഴറിയാം. അതാകും മലയാള സിനിമയുടെ തിയേറ്ററിലെ ഭാവി നിശ്ചയിക്കുകയെന്നും സിനിമാക്കാർ സമ്മതിക്കുന്നു.

മരയ്ക്കാർ റിലീസിന്റെ പേരിൽ മലയാള സിനിമയിൽ പോര് മുറുകുന്നു. മരയ്ക്കാർ മാത്രമല്ല ഇനിയുള്ള ആശീർവാദ് ഫിലിംസിന്റെ പല ചിത്രങ്ങളും ഒടിടിയിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആന്റണി പെരുമ്പാവൂർ. നേരത്തെ തന്നെ ഇനി തിയേറ്ററുകൾക്ക് മരയ്ക്കാർ വേണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു ഫിയോക്. ഇതിനുള്ള മറുപടിയെന്നോണമാണ് ആന്റണി അടുത്ത റിലീസുകളെല്ലാം ഒടിടിക്ക് കൊടുക്കുമെന്ന് പ്രഖ്യാപിച്ചത്. അതേസമയം മറ്റ് റിലീസുകളുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് തിയേറ്റർ ഉടമകൾ. ദുൽഖർ സൽമാന്റെ കുറുപ്പാണ് വമ്പൻ റിലീസിനായി മലയാളത്തിൽ തയ്യാറെടുക്കുന്നത്.

മരയ്ക്കാർ ഒടിടിയിൽ തന്നെ റിലീസ് ചെയ്യുമെന്ന് ഫിലിം ചേമ്പർ പ്രസിഡന്റ് സുരേഷ് കുമാറാണ് വ്യക്തമാക്കിയത്. ചിത്രത്തിന്റെ തിയേറ്റർ റിലീസിനായുള്ള ചർച്ചകൾ അവസാനിപ്പിച്ചുവെന്നും ഫിലിം ചേമ്പർ പ്രസിഡന്റ് സുരേഷ് കുമാർ വ്യക്തമാക്കി. മരയ്ക്കാർ തിയേറ്റർ റിലീസ് ചെയ്യണമെങ്കിൽ അഡ്വാൻസ് തുക വേണമെന്നായിരുന്നു ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടത്. ഇത് നൽകാനാവില്ലെന്ന് തിയേറ്റർ ഉടമകളുടെ പറഞ്ഞിരുന്നു. നൂറ് കോടിയാണ് മരയ്ക്കാറിന്റെ ബജറ്റ്. 15 കോടി വരെ നൽകാമെന്നാണ് ഫിയോക് നേരത്തെ പറഞ്ഞിരുന്നത്. മൂന്നാഴ്‌ച്ച ഓപ്പൺ റിലീസ് നൽകാമെന്നും അറിയിച്ചിരുന്നു. നാലാഴ്‌ച്ചത്തേക്ക് പടം മാറ്റരുതെന്നായിരുന്നു ആന്റണിയുടെ ആവശ്യം.

അതേസമയം ചിത്രം തിയേറ്റർ റിലീസാവാത്തതിൽ ഫിയോക്കിനെയാണ് ലിബർട്ടി ബഷീർ കുറ്റപ്പെടുത്തുന്നത്. ഫിയോക് റിലീസിന്റെ കാര്യത്തിൽ വാശിപിടിക്കരുതെന്നാണ് ലിബർട്ടി ബഷീർ പറയുന്നത്. വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആന്റണി പെരുമ്പാവൂർ തിയേറ്റർ റിലീസില്ലെന്ന വാശിയിലാണ്. തിയേറ്റർ റിലീസ് ചെയ്യാത്തതിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ടെന്നും, അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്നും ആന്റണി വ്യക്തമാക്കി. ഈ സിനിമ തിയേറ്ററുകൾ തന്നെ റിലീസ് ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ചർച്ചയ്ക്ക് പോലും തിയേറ്റർ ഉടമകൾ തയ്യാറായില്ലെന്നും ആന്റണി പറയുന്നു.

മോഹൻലാലിന്റെയും പ്രിയദർശന്റെയും അടക്കം എല്ലാവരുടെയും നിർദ്ദേശങ്ങൾ കേട്ട ശേഷമാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. തിയേറ്ററുകൾ തുറക്കുമ്പോൾ അവർ വേറെ പടങ്ങൾ ചാർട്ട് ചെയ്ത് കളിക്കുന്നു. മരയ്ക്കാർ എന്ന് റിലീസ് ചെയ്യുമെന്ന് തിയേറ്റർ ഉടമകൾ തന്നോട് ചോദിച്ചിട്ട് പോലുമില്ലെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. സാധാരണ ബജറ്റിലുള്ള സിനിമ ആണെങ്കിൽ ഇങ്ങനെയുണ്ടാവില്ല. ഇത് വലിയ ബജറ്റാണ്. മുന്നോട്ട് പോകണമെങ്കിൽ തനിക്ക് പണം തിരിച്ച് കിട്ടണം. കാണുന്ന സ്വപ്നം നേടണമെങ്കിൽ നമുക്ക് ബലം വേണമം. ഇങ്ങനെയാണ് ഈ വിഷയം ചർച്ച ചെയ്തപ്പോൾ ലാൽ സാർ എന്നോട് പറഞ്ഞതെന്നും ആന്റണി വ്യക്തമാക്കി.

തിയേറ്ററുകാർക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടം സഹിക്കാൻ പോലുമാകുന്നില്ല. ആന്റണി കോടികളുടെ നഷ്ടം സഹിച്ചോണം എന്ന നിലപാടിലാണ്. അതൊരിക്കലും അംഗീകരിക്കാനാവില്ല. തിയേറ്ററുകാർ ഒരു കോടി രൂപയ്ക്ക് അടുത്ത് ഇപ്പോഴും എനിക്ക് തരാനുണ്ട്. 20 മാസത്തോളം സിനിമ കൈയിൽ വെച്ചത് തിയേറ്ററിൽ കളിക്കാമെന്ന വിചാരത്തിൽ തന്നെയാണ്. പക്ഷേ ആവശ്യപ്പെടുന്ന സ്‌ക്രീനുകൾ ലഭിച്ചിട്ടില്ല. നഷ്ടം വന്നാൽ മുന്നോട്ട് പോകാനാവില്ല. അത്ര മാത്രം പണം ഈ ചിത്രത്തിനായി മുടക്കിയിട്ടുണ്ട്. ജീവിത പ്രശ്നമാണ്. 40 കോടി അഡ്വാൻസ് വാങ്ങിയിട്ടില്ല. 4.89 കോടി മാത്രമാണ് വാങ്ങിയത്. വൈശാഖ് സംവിധാനം ചെയ്യുന്ന അടുത്ത മോഹൻലാൽ ചിത്രവും ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് ആന്റണി വ്യക്തമാക്കി.

ആന്റണിക്ക് ഫിയോക്കിന്റെ മറുപടിയും എത്തിയിട്ടുണ്ട്. ഫിയോക്ക് മരയ്ക്കാറുമായി ബന്ധപ്പെട്ട ചർച്ചയിൽ നിന്ന് വിട്ടുനിന്നതല്ല. ഏകപക്ഷീയമായി അങ്ങനൊരു തീരുമാനവും എടുത്തിട്ടില്ല. ചർച്ചയിൽ നിന്ന് വിട്ടുനിന്നത് ആന്റണി പെരുമ്പാവൂരാണെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. മരയ്ക്കാറിനെതിരെ യാതൊരു നീക്കവും ഉണ്ടായിട്ടില്ല. 40 കോടി രൂപ നൽകിയെന്ന് ഫിയോക്കിലെ ആരും പറഞ്ഞിട്ടില്ല. 500 സ്‌ക്രീനുകളും 15 കോടി രൂപയും ഉറപ്പ് നൽകിയിരുന്നു. തിയേറ്റർ ഉടമകൾക്ക് വലിയ ബാധ്യത ഉണ്ടാകാത്ത തരത്തിൽ വിട്ടുവീഴ്‌ച്ചയ്ക്കും തയ്യാറായി. എന്നാൽ നേരത്തെ തന്നെ ഒടിടിയുമായി മരയ്ക്കാർ കരാർ ഒപ്പിട്ടതാണെന്നും വിജയകുമാർ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP