Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിഷേധിക്കുന്നവരെ അക്രമിക്കുന്ന രീതി ശരിയല്ല; കോൺഗ്രസ് പ്രവർത്തകന്റെ ജാമ്യാപേക്ഷ തള്ളി കോടതി; ഒത്തുതീർപ്പ് ശ്രമം പാളുന്നു; ആരോപണങ്ങൾ പരസ്യമായി പിൻവലിക്കാതെ ഒത്തുതീർപ്പിനില്ലെന്ന് ജോജു; ആദ്യം ജോജു ഖേദം പ്രകടിപ്പിക്കട്ടെയെന്ന് മുഹമ്മദ് ഷിയാസ്

പ്രതിഷേധിക്കുന്നവരെ അക്രമിക്കുന്ന രീതി ശരിയല്ല; കോൺഗ്രസ് പ്രവർത്തകന്റെ ജാമ്യാപേക്ഷ തള്ളി കോടതി; ഒത്തുതീർപ്പ് ശ്രമം പാളുന്നു; ആരോപണങ്ങൾ പരസ്യമായി പിൻവലിക്കാതെ ഒത്തുതീർപ്പിനില്ലെന്ന് ജോജു;  ആദ്യം ജോജു ഖേദം പ്രകടിപ്പിക്കട്ടെയെന്ന് മുഹമ്മദ് ഷിയാസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്തെന്ന കേസിൽ കോൺഗ്രസ് പ്രവർത്തകൻ ജോസഫിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. സമരത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അക്രമിക്കുന്ന രീതി അംഗീകരിക്കാനാകില്ല. കേസിൽ ഒട്ടേറെ പ്രതികൾ ഒളിവിലായതിനാൽ ജാമ്യം നൽകാനാകില്ലെന്നും കോടതി അറിയിച്ചു.

കേസ് പരിഗണിക്കുമ്പോൾ കേസിൽ കക്ഷി ചേരാൻ ജോജു ജോർജും എത്തി. പ്രതിക്ക് ജാമ്യം നൽകരുതെന്ന് നടൻ അഭ്യർത്ഥിച്ചു. തനിക്കെതിരെ ഉയർത്തിയിട്ടുള്ളത് തെറ്റായ ആരോപണങ്ങളാണെന്നും കാറിന് ആറു ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും നടൻ പറഞ്ഞു. എറണാകുളം ജില്ലാ കോടതിയിലാണ് അപേക്ഷയുമായി ജോജു എത്തിയത്.

കേസിൽ കക്ഷി ചേരാനുള്ള ജോജുവിന്റെ അപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. ജോജു കക്ഷി ചേരേണ്ട സാഹചര്യം നിലവിലില്ല. പ്രതിക്ക് ജാമ്യം നൽകരുത്. കോവിഡ് മാനദണ്ഡങ്ങളും മാർഗ നിർദേശങ്ങളും ലംഘിച്ച് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കിയാണു സമരം നടന്നതെന്നും പ്രോസിക്യൂട്ടർ വാദിച്ചു.

മുൻകൂട്ടി അറിയിപ്പു നൽകിയ ശേഷമാണ് കോൺഗ്രസ് റോഡ് ഉപരോധ സമരം സംഘടിപ്പിച്ചതെന്നു ജയിലിലുള്ള കോൺഗ്രസ് ഓട്ടോറിക്ഷ തൊഴിലാളി നേതാവ് ജോസഫ് കോടതിയിൽ വാദിച്ചു. ജോജുവിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിൽ പൊലീസിനെയാണ് അറിയിക്കേണ്ടിയിരുന്നത്. കേസ് അട്ടിമറിക്കാനാണ് പൊലീസ് ഇപ്പോൾ ശ്രമിക്കുന്നതെന്നും ജോസഫ് പറഞ്ഞു.

അതിനിടെ കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമം പാളി. കോൺഗ്രസ് നേതാക്കളുമായി തൽക്കാലം ഒത്തുതീർപ്പിനില്ലെന്ന് ജോജു ജോർജ് വ്യക്തമാക്കി. വ്യക്തിപരമായി വി.ഡി സതീശനും കെ. സുധാകരനും ഖേദ പ്രകടനം നടത്തിയിട്ടുണ്ടെന്നും ജോജുവിന്റെ അഭിഭാഷകൻ രഞ്ജിത്ത് മാരാർ പറഞ്ഞു.

'കോൺഗ്രസ് നേതാക്കൾ ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പരസ്യമായി പ്രസ്താവന നൽകാനും അവർ തയ്യാറാണ്. പരസ്യമായ ഖേദ പ്രകടനം എന്തായാലും ഉണ്ടാവണം'- അഡ്വ. രഞ്ജിത്ത് മാരാർ പറഞ്ഞു.

ഒത്തുതീർപ്പിന് ചില വ്യവസ്ഥകൾ ജോജു മുന്നോട്ട് വെച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ തനിക്കെതിരെ നടത്തിയ വ്യക്തിപരമായ പ്രസ്താവനകൾ പരസ്യമായി പിൻവലിക്കണമെന്നാണ് ജോജു ജോർജിന്റെ നിലപാട്. സ്ത്രീകൾക്കെതിരെ അസഭ്യം പറഞ്ഞു എന്നതുൾപ്പടെയുള്ള ഗുരുതരമായ പരാതികളാണ് കോൺഗ്രസ് ജോജുവിനെതിരെ ഉയർത്തിയിരുന്നത്.

ഇതെല്ലാം പൊതുസമൂഹത്തിന് മുന്നിലുണ്ടെന്നും ഇത് പിൻവലിക്കണമെന്നുമാണ് ജോജുവിന്റെ ആവശ്യം. അങ്ങനെയെങ്കിൽ ഒത്തുതീർപ്പിനെ കുറിച്ച് ആലോചിക്കാമെന്നാണ് ജോജുവിന്റെ നിലപാടെന്നുമാണ് ജോജുവിന്റെ അഭിഭാഷകന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

അതേ സമയം ഒത്തു തീർപ്പ് ശ്രമങ്ങളിൽ നിന്ന് ജോജു പിന്മാറുന്നതായി തോന്നുന്നുവെന്ന് എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞു. സംഭവിച്ച കാര്യങ്ങളിൽ ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടെയെന്നും മുഹമ്മദ് ഷിയാസ് കൂട്ടിചേർത്തു. പ്രസ്താവന പിൻവലിക്കുന്നത് അതിനുശേഷം ആലോചിക്കാമെന്നും ജോജുവിന്റെ അഭിഭാഷകന് മറുപടിയായി ഷിയാസ് വ്യക്തമാക്കി.

കോൺഗ്രസിന്റെ ഉപരോധ സമരത്തിനിടെ ഉണ്ടായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിൽ നടൻ ജോജു ജോർജ് പറഞ്ഞതൊക്കെ പച്ചക്കള്ളവും ആഭാസവുമാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിഹാസ് പ്രതികരിച്ചു. ജോജുവിനെ പോലെയുള്ളവരെ മഹത്വവത്കരിക്കരുതെന്നും അത്തരത്തിൽ മഹത്വവത്കരിക്കപ്പെടേണ്ട വ്യക്തിയല്ല ജോജുവെന്നും ഷിയാസ് പറഞ്ഞു.

ഒരു ആംബുലൻസിൽ ക്യാൻസർ രോഗിയായ കുട്ടി ഇരിക്കുന്നുണ്ട്. അവർക്ക് ചൂട് കൊള്ളാൻ സാധിക്കില്ല, അവർ വിയർക്കുകയാണ്, ഓട്ടോ റിക്ഷയിൽ എസി ഇടാൻ സാധിക്കില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആരെങ്കിലും അത്തരത്തിൽ ഒരു ആംബുലൻസോ രോഗിയേയോ കണ്ടിട്ടുണ്ടോ? ജോജു ജോർജ് തെറിയഭിഷേകം നടത്തിയെന്നും ഷിയാസ് കൂട്ടിച്ചേർത്തു.

ഞാൻ ജോലി ചെയ്താണ് പണമുണ്ടാക്കുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം. ഞങ്ങൾ എല്ലാവരും ജോലി ചെയ്യാതെയാണോ പണമുണ്ടാക്കുന്നത്? എല്ലാവരും പണിയെടുത്തിട്ടാണ് പണമുണ്ടാക്കുന്നത്. അദ്ദേഹം പണിയെടുത്താൽ കൂടുതൽ പണം കിട്ടും.

നമ്മൾ പണിയെടുത്താൽ തുച്ഛമായ വരുമാനമേ ഉള്ളു. അതുകൊണ്ട് തന്നെ ഈ തുച്ഛമായ വരുമാനം കൊണ്ട് 150 രൂപയ്ക്ക് പെട്രോൾ അടിക്കാൻ പറ്റുമോ? 110 രൂപ കൊടുത്ത് ഡീസൽ അടിക്കാൻ പറ്റുമോ? അദ്ദേഹം പറഞ്ഞത് 150 രൂപയാണെങ്കിലും പണം കൊടുത്ത് ഇന്ധനം അടിക്കും എന്നാണ്. എന്നാൽ അത് ശരിയല്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഷിയാസ് പറഞ്ഞു. ഒത്തു തീർപ്പിനില്ലെന്നും തുടർനടപടികൾ നിയമ വിദഗ്ദരുമായും പാർട്ടി നേതൃത്വവുമായി ആലോചിച്ച് ചെയ്യുമെന്നും ഷിയാസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP