Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടതിയെ കബളിപ്പിച്ച് ജാമ്യം: ലഹരി മാഫിയ തലവൻ മൂർഖൻ ഷാജിയുടെ ജാമ്യ ബോണ്ട് മണ്ണന്തല ഹാഷിഷ് കേസിലും റദ്ദാക്കി; അറസ്റ്റുവാറണ്ട് എക്‌സൈസ് കമ്മീഷണർ നടപ്പാക്കാൻ ജില്ലാ കോടതി ഉത്തരവ്

കോടതിയെ കബളിപ്പിച്ച് ജാമ്യം: ലഹരി മാഫിയ തലവൻ മൂർഖൻ ഷാജിയുടെ ജാമ്യ ബോണ്ട് മണ്ണന്തല ഹാഷിഷ് കേസിലും റദ്ദാക്കി; അറസ്റ്റുവാറണ്ട് എക്‌സൈസ് കമ്മീഷണർ നടപ്പാക്കാൻ ജില്ലാ കോടതി ഉത്തരവ്

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം : സർക്കാർ അഭിഭാഷകൻ പ്രതിയുമായി ഒത്തു കളിച്ച് കോടതിയെ കബളിപ്പിച്ച് പ്രതിക്ക് ജാമ്യം നേടിക്കൊടുത്ത 10.5 കോടി രൂപയുടെ മണ്ണന്തല ഹാഷിഷ് ഓയിൽ കള്ളക്കടത്ത് കേസിൽ പ്രധാന പ്രതിയായ അന്തർ സംസ്ഥാന ലഹരി മാഫിയ തലവൻ അടിമാലിക്കാരൻ കുഞ്ഞുമോൻ എന്ന മൂർഖൻ ഷാജിയുടെ ജാമ്യ ബോണ്ട് തിരുവനന്തപുരം രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി റദ്ദാക്കി. പ്രതിയെ അറസ്റ്റ് ചെയ്യാൻ എക്‌സൈസ് കമ്മീഷണർക്ക് ജഡ്ജി എ.എസ്. മല്ലിക ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

നവംബർ 18 നകം ഷാജിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണുത്തരവ്. കഴിഞ്ഞ ദിവസം ഒന്നേ മുക്കാൽ കോടി രൂപയുടെ 1.8 കിലോ തിരുവനന്തപുരം സിറ്റി ഹാഷിഷ് കടത്ത് കേസിൽ കോടതിയെ കബളിപ്പിച്ച് സർക്കാർ അഭിഭാഷകന്റെ ഒത്തുകളിയിൽ നേടിയ ഷാജിയുടെ ജാമ്യ ബോണ്ട് തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. ലില്ലി റദ്ദാക്കി അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും ഉത്തരവിട്ടിരുന്നു. ഗവ.സംസ്‌കൃത കോളേജിന് സമീപത്തു വച്ച് ഷാജിയടക്കമുള്ള മൂന്നംഗ കടത്തു സംഘം 1.8 കിലോ ഹാഷിഷ് തൊണ്ടി സഹിതം എക്‌സൈസ് പിടിയിലായ കേസിലാണ് നാലാം അഡീ. ജില്ലാ കോടതി ഷാജിയുടെ ജാമ്യം റദ്ദാക്കിയത്.

അതിന്റെ തുടർച്ചയായാണ് മണ്ണന്തല ഹാഷിഷ് കേസിലും ഷാജിയുടെ ജാമ്യം രണ്ടാം അഡീഷണൽ ജില്ലാ കോടതി റദ്ദാക്കിയത്. കോവിഡ് വ്യാപന പശ്ചാത്തലത്തലത്തിൽ ജയിൽ മോചിതനായ ഷാജി ഒളിവിൽ പോയി മുങ്ങുകയായിരുന്നു. കുപ്രസിദ്ധ കഞ്ചാവ് , ഹാഷിഷ് നിർമ്മാണ സംഘത്തലവൻ കമ്പിളിക്കണ്ടം തോമാച്ചന്റെ വലം കൈയായി ഷാജി സമ്പാദിച്ചത് കോടികളാണ്. തോമാച്ചന്റെ ദുരൂഹ മരണത്തിന് ശേഷം ആന്ധ്രാ ഒഡീഷ നക്‌സൽ , മാവോയിസ്റ്റ് മേഖലകളിലെ ഹാഷിഷ് നിർമ്മാണ ബോട്ടിലിങ് ഫാക്ടറി ഭരണം ഏറ്റെടുത്ത ഷാജി സംസ്ഥാനാന്തര ലഹരി മാഫിയാ തലവനായി അഭിഷിക്തനാവുകയായിരുന്നു.

2018 ലാണ് കേസിനാസ്പദമായ വൻ ലഹരിമരുന്ന് കടത്ത് നടന്നത്. മുൻ നിശ്ചയപ്രകാരം മണ്ണന്തല അക്വാറോക്ക് ഹോട്ടൽ പാർക്കിങ് ഏരിയയിൽ വച്ച് കൈമാറാൻ കൊണ്ടു വന്ന ഹാഷിഷ് വാങ്ങാൻ 13.5 ലക്ഷം രൂപ അഡ്വാൻസ് തുകയുമായെത്തിയ കവടിയാർ സ്റ്റാർ ഹോട്ടലുടമ വഞ്ചിയൂർ തമ്പുരാന്മുക്ക് ഹീര അർക്കേഡിൽ ഖാലിദ് മകൻ റെനീസ് (39) , ഇടുക്കിയിൽ നിന്ന് ഹാഷിഷ് ഓയിൽ തലസ്ഥാനത്തെത്തിച്ച തൃശൂർ പീച്ചി സ്വദേശി വിനീഷ് കുമാർ (39) , കാട്ടാക്കട വീരണകാവ് എസ്.എൻ. നഗർ അനൂപ് ഭവനിൽ അനൂപ് (35) , ലഹരി മാഫിയ ബന്ധത്തിന്റെ പേരിൽ സേനയിൽ നിന്നും പിരിച്ചു വിട്ട പൊലീസ്‌കാരനും മണ്ണന്തല ലഹരിക്കടത്തിന് വ്യാജരേഖകൾ തയ്യാറാക്കി നൽകിയയാളുമായ രാജാക്കാട് കല്ലോലിക്കൽ വീട്ടിൽ വിൻസെന്റ് (57) , മൊത്ത വിതരണക്കാരനായ അന്തർ സംസ്ഥാന ലഹരി മാഫിയ തലവൻ അടിമാലി ചാറ്റുപാറ സ്വദേശി മൂർഖൻ ഷാജി എന്ന ഷാജിമോൻ (49) , സഹായി സനീഷ് (39) എന്നിവരാണ് മണ്ണന്തല ഹാഷിഷ് കടത്തു കേസിലെ ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ.

സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ ഉത്തരവുമായി മൂർഖൻ ഷാജി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് അറസ്റ്റിലായി 180 ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിൽ ജാമ്യത്തിനർഹതയില്ല. 180 ദിവസത്തിനകം വെച്ച് കുറ്റപത്രം സമർപ്പിച്ച വിവരം സർക്കാർ അഭിഭാഷകൻ ബോധിപ്പിക്കാത്തതിനാൽ ഹൈക്കോടതി മെയ് 10 ന് ഷാജിക്ക് ജാമ്യം നൽകി. കാലാവധി തീരും മുമ്പേ കുറ്റപത്രം വിചാരണ കോടതിയിൽ സമർപ്പിച്ചെന്ന കാര്യം എക്‌സൈസ് ആസ്ഥാനത്ത് നിന്ന് രേഖാമൂലം സർക്കാർ അഭിഭാഷകനെ അറിയിച്ചിരുന്നു. ഇത് കോടതിയിൽ ബോധിപ്പിക്കുന്നതിൽ സർക്കാർ അഭിഭാഷകന് വീഴ്ച സംഭവിച്ചു. പ്രതി ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്തു.

ഹൈക്കോടതിയിൽ തന്നെ എക്‌സൈസ് റിവ്യൂ (പുനഃപരിശോധന) ഹർജി സമർപ്പിച്ചെങ്കിലും ജാമ്യം നൽകിയ അതേ കോടതിക്ക് ജാമ്യം റദ്ദാക്കാൻ പരിമിതിയുണ്ടെന്ന നിഗമനത്തിൽ റിവ്യൂ ഹർജി തള്ളി ഉത്തരവായി. ഈ ഉത്തരവ് ചോദ്യം ചെയ്ത് ക്രിമിനൽ അപ്പീൽ 15461/ 2020 നമ്പരായി എക്‌സൈസ് സുപ്രീം കോടതിയിൽ അപ്പീൽ ഹർജി സമർപ്പിച്ചു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ഷാജിയുടെ ജാമ്യ ബോണ്ട് റദാക്കാൻ ഉത്തരവിട്ടു. കൽ തുറുങ്കിലിട്ട് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ ചെയ്യാനും വിചാരണ കോടതിയോട് ഉത്തരവിട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് വിചാരണ കോടതിയുടെ ഉത്തരവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP