Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരക്കാർ തീയേറ്ററിലെത്തില്ല; ഒടിടി റിലീസ് മോഹൻലാലിന്റെ അനുവാദത്തോടെ; വരാനിരിക്കുന്ന എല്ലാ ചിത്രങ്ങളും ഒ ടി ടിയിലെന്നും ആന്റണി പെരുമ്പാവൂർ; ചർച്ചകളിൽ നിന്ന് വിട്ടു നിന്നത് ആന്റണിയെന്ന് ഫിയോക്ക് പ്രസിഡന്റ്

മരക്കാർ തീയേറ്ററിലെത്തില്ല; ഒടിടി റിലീസ് മോഹൻലാലിന്റെ അനുവാദത്തോടെ; വരാനിരിക്കുന്ന എല്ലാ ചിത്രങ്ങളും ഒ ടി ടിയിലെന്നും ആന്റണി പെരുമ്പാവൂർ; ചർച്ചകളിൽ നിന്ന് വിട്ടു നിന്നത് ആന്റണിയെന്ന് ഫിയോക്ക് പ്രസിഡന്റ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രിയദർശൻ - മോഹൻലാൽ ടീമിന്റെ ബിഗ് ബജറ്റ് ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' തീയേറ്റർ റിലീസുണ്ടാവില്ലെന്ന് ഉറപ്പായി. മരക്കാർ ഒടിടി റിലീസിയാരിക്കുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. തീയേറ്റർ റിലീസിനായി എല്ലാ സാധ്യതകളും തേടിയെങ്കിലും ഫലം കണ്ടില്ലെന്നും ഈ സാഹചര്യത്തിൽ ചിത്രം ഒടിടി റിലീസിന് വിടുകയാണെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.

മരക്കാർ ഒ.ടി.ടി റിലീസ് ചെയ്യുന്നത് മോഹൻലാലിന്റെയും സംവിധായകൻ പ്രിയദർശന്റേയും അനുവാദത്തോടെയെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു. മലയാളത്തിലെ തന്നെ ഏറ്റവും വലിയ സിനിമയാണിതെന്നും തീയേറ്ററിൽ തന്നെ വരണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പറഞ്ഞു. വരാനിരിക്കുന്ന മോഹൻലാലിന്റെ എല്ലാ ചിത്രങ്ങളും ഒ ടി ടി റിലീസ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദിവസങ്ങളോളം നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് മരക്കാർ അറബിക്കടലിന്റെ സിംഹം ഒ ടി ടി റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് വെള്ളിയാഴ്ച വ്യക്തമാക്കിയത്. റിലീസുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ യോഗം വിളിച്ചിരുന്നുവെങ്കിലും യോഗം ചേർന്നിരുന്നില്ല.

മരക്കാർ റിലീസുമായി ബന്ധപ്പെട്ട തീയേറ്റർ ഉടമകൾ വിട്ടു വീഴ്ച ചെയ്തിട്ടില്ലെന്ന് നിർമ്മാതാവ് ആരോപിച്ചു. ഉടമകളുമായി നേരിട്ട് ചർച്ച നടന്നില്ല. എല്ലാ സിനിമകളും ഞാൻ മോഹൻലാലിനെ വച്ചാണ് എടുത്തിട്ടുള്ളത്. ഇനി അങ്ങോട്ടും മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാനാണ് ആഗ്രഹം.

മന്ത്രി സജി ചെറിയാനുമായുള്ള മീറ്റിംഗായിരുന്നു അവസാന സാധ്യത. എന്നാൽ നിർഭാഗ്യവശാൽ അതും നടക്കാതെ പോയി. മന്ത്രിയുമായുള്ള മീറ്റിങ് ഇല്ലാതായതോടെയാണ് തീയേറ്ററിൽ സിനിമ ഇറക്കുന്നതിന്റെ സാധ്യതകൾ ഇല്ലാതായത്. മരക്കാർ സിനിമയ്ക്ക് 40 കോടി രൂപയോളം അഡ്വാൻസ് തന്നു എന്ന് കുറേ പ്രചരണം നടന്നു. പലരും അത് ആഘോഷമാക്കി. എന്നാൽ അത്രയും പണം എടുത്ത് തന്നിട്ടില്ലെന്ന് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.

'മരക്കാർ റിലീസുമായി ബന്ധപ്പെട്ട് 230ഓളം തീയേറ്ററുകൾക്കാണ് എഗ്രിമെന്റുകൾ അയച്ചത്. എന്നാൽ 89 തീയേറ്ററുകളുടെ എഗ്രിമെന്റുകൾ മാത്രമാണ് തിരിച്ച് കിട്ടിയത്. പുലിമുരുകൻ വന്നതിന് ശേഷമാണ് മലയാള സിനിമയിൽ ഇത്രയും മാറ്റം വന്നത്. ആ മാറ്റത്തിന്റെ ഏറ്റവും വലിയ യാത്രയാണ് ഇപ്പോൾ നടക്കുന്നത്. അത് തുടർന്ന് കൊണ്ട് പോകണം. അന്യഭാഷകളോട് അതുപോലെ ആകുന്ന യാത്രയല്ലേ വേണ്ടത്' - ആന്റണി ചോദിച്ചു.

തീയേറ്റർ റിലീസ് നടക്കാതിരിക്കാൻ ഇപ്പോൾ പറഞ്ഞു കേട്ടതല്ല കാരണങ്ങൾ. മരക്കാർ സിനിമയ്ക്കായി തനിക്ക് 40 കോടി രൂപ അഡ്വാൻസ് ലഭിച്ചുവെന്നത് വ്യാജപ്രചാരണം മാത്രമാണ്. തിയറ്റർ ഉടമകൾക്ക് കൂടുതൽ പരിഗണനകൾ നൽകാനാവില്ലെന്ന് പറഞ്ഞു. ചേംബറുമായി നടത്തിയ ചർച്ചയിൽ എല്ലാ തീയേറ്ററിലും 21 ദിവസം മരക്കാർ കളിക്കാമെന്ന് ഉറപ്പ്‌നൽകിയിരുന്നു. എന്നാൽ ഈ കരാറിൽ എല്ലാ തീയേറ്ററുകളും ഒപ്പിട്ടില്ല. തീയേറ്റർ അഡ്വാൻസായി മരക്കാറിന് ആകെ കിട്ടിയത് 4.80 കോടി രൂപ മാത്രമാണെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.

ഈ ചിത്രം തീയേറ്ററിൽ കാണാൻ ആഗ്രഹിച്ച നിരവധി പേരുണ്ട്. മോഹൻലാൽ സാറിന്റെ ആരാധകരോടും ഈ സിനിമയ്ക്കായി കാത്തിരുന്ന മലയാളി പ്രേക്ഷകരോടും ഞാൻ ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ സാധ്യമായ എല്ലാ വഴികളും തേടിയതാണ്. പക്ഷേ ഈ നിലയിലൊരു തീരുമാനം ഒടുവിൽ എടുക്കേണ്ടി വന്നുവെന്നും ആന്റണി പറഞ്ഞു. ആശീർവാദ് സിനിമാസ് ഒരുക്കുന്ന ബ്രോഡാഡി, ട്വൽത്ത് മാൻ, എലോൺ, ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന മറ്റൊരു ചിത്രവും തിയേറ്ററിലേക്കില്ലെന്ന് ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചു.

ഫിയോക്കിൽ നിന്നും താൻ രാജിവച്ചതാണ്. തന്റെ രാജിക്കത്ത് ദിലീപിന് കൈമാറിയിട്ടുണ്ട്. അദ്ദേഹം അതിന്റെ സ്ഥാപക നേതാവ് കൂടിയാണെന്നും തന്റെ രാജിക്കത്ത് കിട്ടിയില്ലെന്ന് ഫിയോക്ക് ഭാരവാഹികളുടെ പ്രതികരണത്തോട് ആയി ആന്റണി പെരുമ്പാവൂർ പറഞ്ഞു.നിലവിലെ നേതൃത്വം മാറാതെ ഇനി ഫിയോക്കിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ആന്റണി വ്യക്തമാക്കി.

അതേ സമയം മരക്കാർ റിലീസമായി ബന്ധപ്പെട്ട് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളാ (ഫിയോക്ക്) രംഗത്തെത്തി. മരക്കാർ സിനിമയുടെ തിയറ്റർ റിലീസുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് ഏകപക്ഷീയമായി വിട്ടു നിന്നത് ഫിയോക്ക് അല്ലെന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരാണെന്നും ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാർ വിശദീകരിച്ചു.

'മരയ്ക്കാറിനെതിരെ ഒരു തരത്തിലുമുള്ള നീക്കം ഉണ്ടായിട്ടില്ല. സിനിമ തിയറ്ററിൽ എത്തിക്കാനുള്ള എല്ലാ ശ്രമവും നടത്തിയിരുന്നുവെന്നും വിജയകുമാർ പറഞ്ഞു. 500 സ്‌ക്രീനുകളും, 15 കോടി രൂപയും ഉറപ്പ് നൽകിയിരുന്നു. 40 കോടി രൂപ നൽകിയെന്ന് ഫിയോക്കിലെ ആരും പറഞ്ഞിട്ടില്ല. തിയറ്റർ ഉടമകൾക്ക് വലിയ ബാധ്യത ഉണ്ടാകാത്ത തരത്തിൽ എല്ലാ വിട്ടുവീഴ്ചയ്ക്കും തയ്യാറായി. ഇതിൽ കൂടുതൽ എന്ത് ചർച്ചയാണ് നടത്താനാവുകയെന്നും വിജയകുമാർ ചോദിച്ചു.

മരയ്ക്കാർ ഒടിടി കരാർ നേരത്തെ തന്നെ ഒപ്പിട്ടിരുന്നു എന്നാണ് ഇപ്പോൾ മനസിലാക്കേണ്ടത്. ഇനിയും ചർച്ചകൾക്ക് തയ്യാറാണ്. സാധ്യമായ എല്ലാ വിട്ടുവീഴ്ചകളും ചെയ്യും. അതേ സമയം ആന്റണി പെരുമ്പാവൂർ തുടർച്ചയായി ഒടിടിക്ക് ചിത്രങ്ങൾ നൽകുന്നതും സംഘടന ചർച്ച ചെയ്യുമെന്നും വിജയകുമാർ പറഞ്ഞു.

അതേ സമയം മരക്കാർ സിനിമയുടെ തിയറ്റർ റിലീസ് ആവശ്യത്തിൽ ആന്റണിപെരുമ്പാവൂരും തിയറ്റർ ഉടമകളും പരസ്പരം വിട്ട് വീഴ്ചക്ക് തയാറായിരുന്നില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. ഇരു കൂട്ടരും ആവശ്യപെട്ടാൽ മാത്രമേ ഇനി വീണ്ടും ഒത്തുതീർപ്പ് ചർച്ച നടത്തുകയുള്ളുവെന്നും മന്ത്രി അറിയിച്ചു.

സിനിമാ നിർമ്മാതാവ് പറയുന്നതും തിയറ്റർ ഉടമകൾ പറയുന്നതും ന്യായമാണ്. സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാണ് മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്ത് ചർച്ച നടത്തി കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്. കൂടുതൽ ബിഗ്ബജറ്റ് സിനിമകൾ വരണം കൂടുതൾ ആളുകൾ തിയറ്ററുകളിൽ കയറണം. ഇതാണ് സർക്കാർ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP