Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എംഫിലിന്റെ സർട്ടിഫിക്കറ്റ് താമസിപ്പിച്ചു; ഡാറ്റാ മോഷ്ടിച്ചതെന്ന് ആരോപണം; പിഎച്ച്ഡിക്ക് ഇരിപ്പിടം നിഷേധിച്ചും ലാബിൽ പൂട്ടിയിട്ടും ഇറക്കിവിട്ടും പ്രതികാര നടപടി; അദ്ധ്യാപകനെ ഹൈക്കോടതി ശാസിച്ചിട്ടും മാറ്റമുണ്ടായില്ല; എംജി സർവകലാശാലയിൽ ജാതി വിവേചനത്തിനെതിരെ പോരാട്ടം തുടർന്ന് ദീപ പി മോഹനൻ

എംഫിലിന്റെ സർട്ടിഫിക്കറ്റ് താമസിപ്പിച്ചു; ഡാറ്റാ മോഷ്ടിച്ചതെന്ന് ആരോപണം; പിഎച്ച്ഡിക്ക് ഇരിപ്പിടം നിഷേധിച്ചും ലാബിൽ പൂട്ടിയിട്ടും ഇറക്കിവിട്ടും പ്രതികാര നടപടി; അദ്ധ്യാപകനെ ഹൈക്കോടതി ശാസിച്ചിട്ടും മാറ്റമുണ്ടായില്ല; എംജി സർവകലാശാലയിൽ ജാതി വിവേചനത്തിനെതിരെ പോരാട്ടം തുടർന്ന് ദീപ പി മോഹനൻ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: എംജി യൂണിവേഴ്‌സിറ്റിയിലെ ജാതി വിവേചനത്തിനെതിരെ ഗവേഷക വിദ്യാർത്ഥിയായ ദീപ പി മോഹനൻ നടത്തുന്ന ഒറ്റയാൾ പോരാട്ടം തുടങ്ങിയിട്ട് പത്ത് വർഷമാകുന്നു. നീതി തേടിയുള്ള ആ പോരാട്ടം ഇപ്പോൾ സർവകലാശാലയുടെ കവാടത്തിൽ എത്തി നിൽക്കുകയാണ്. നിരാഹാര സമരം ഇന്നേക്ക് എട്ടാം ദിവസം പിന്നിടുകയാണ്.

2011-12 ലാണ് കണ്ണൂരിൽ നിന്നുള്ള ഗവേഷക വിദ്യാർത്ഥി ദീപ പി മോഹനൻ എംജി യൂണിവേഴ്‌സിറ്റിയിൽ ഇന്റർനാഷണൽ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ എംഫിൽ പ്രവേശനം നേടുന്നത്. പിന്നീടിങ്ങോട്ട് അനുഭവിക്കേണ്ടി വന്നത് കടുത്ത ജാതി വിവേചനങ്ങളും പ്രതിസന്ധികളുമാണെന്ന് ദീപ തുറന്നു പറയുന്നു.

ദീപയുടെ വാക്കുകൾ: 'എംഫിൽ പഠനത്തിന്റെ ഭാഗമായുള്ള ആറ് മാസത്തെ പ്രൊജക്റ്റ് ദളിത് ഇതര വിദ്യാർത്ഥികൾക്ക് യൂണിവേഴ്‌സിറ്റിക്ക് പുറത്തുള്ള പ്രമുഖ ക്യാംപസുകളിൽ അവസരങ്ങൾ ഒരുക്കി നൽകി. ഞങ്ങളെ മനഃപൂർവ്വം ഒഴിവാക്കി. അന്ന് ഐഐയുസിഎൻഎൻ ജോയിന്റ് ഡയറക്ടർ ആയിരുന്ന നന്ദകുമാർ കളരിക്കൽ ഞങ്ങൾ പഠിക്കുന്ന സ്വന്തം സ്ഥാപനത്തിൽ പോലും പ്രൊജക്റ്റ് വർക്കിന് വേണ്ട ഇൻഫ്രാസ്ട്രക്ച്ചർ നൽകാൻ കഴിയില്ല എന്നാണ് പറഞ്ഞത്. പിന്നീട് അന്നത്തെ ഐഐയുസിഎൻഎൻ ഡയറക്ടറായിരുന്ന പ്രൊഫസർ സാബു തോമസിനോട് പരാതി പറഞ്ഞതിന് ശേഷമാണ് പ്രൊജക്റ്റ് ചെയ്യാൻ സാധിച്ചത്'.

2012ൽ പൂർത്തിയാക്കിയ എംഫിലിന്റെ സർട്ടിഫിക്കറ്റ് പല കാരണങ്ങൾ നിരത്തി താമസിപ്പിച്ചു. ഒടുവിൽ ദീപയ്ക്ക് സർട്ടിഫിക്കറ്റ് കിട്ടിയത് 2015ലാണ്. സ്വന്തമായി ദീപ തയ്യാറാക്കിയ ഡാറ്റാ മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു അടുത്ത പീഡനം. പിഎച്ച്ഡിക്ക് ഇരിപ്പിടം നിഷേധിച്ചും ലാബിൽ പൂട്ടിയിട്ടും ലാബിൽ നിന്ന് ബലമായി ഇറക്കിവിട്ടും പ്രതികാര നടപടികളുണ്ടായി. 2015ൽ ദീപയുടെ പരാതി പരിശോധിക്കാൻ രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ അടങ്ങുന്ന സമിതിയെ സർവകലാശാല നിയോഗിച്ചിരുന്നു. ഡോ എൻ ജയകുമാറും ശ്രീമതി ഇന്ദു കെഎസും അടങ്ങുന്ന സമിതി കണ്ടെത്തിയത് ഗുരുതരമായ കാര്യങ്ങളാണ്.

2018 ഡിസംബറിലും 2019ലെ ഫെബ്രുവരിയിലും മാർച്ചിലുമൊക്കെയായി ദീപയ്ക്ക് അനുകൂലമായ കോടതി ഉത്തരവുകളുണ്ടായി. പക്ഷേ അതെല്ലാം സർവകലാശാല ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അവഗണിച്ചു. ഒടുവിൽ ആരോപണ വിധേയനായ അദ്ധ്യാപകനെ നേരിട്ട് വിളിച്ച് ഹൈക്കോടതി ശാസിച്ചു. എന്നിട്ടും ഒന്നുമുണ്ടായില്ല. തനിക്ക് നേരിടേണ്ടി വന്ന ജാതി വിവേചനത്തിനെതിരെ ദീപ നിരാഹാര സമരം ആരംഭിച്ചതിനെ തുടർന്നുണ്ടായ ചർച്ചയിൽ ഗവേഷണം തുടരാനുള്ള സാഹചര്യം ഒരുക്കി തരാമെന്ന് വിസി സാബു തോമസ് പറഞ്ഞിരുന്നു.

''എനിക്ക് ഗവേഷണത്തിനുള്ള സാഹചര്യം ഒരുക്കി തരണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. എസ് സി- എസ് ടി കമ്മീഷന്റെ ഉത്തരവുമുണ്ട്. അത് നടപ്പിൽ വരുത്താത്ത വിസിയാണ് ഒരു സമരം വന്നപ്പോൾ ഇത് തരാം എന്ന് പറയുന്നത്. അവരുടെ ഒരു ഔദാര്യം പോലെയൊരു കാര്യമാണ് ഇപ്പോൾ പറയുന്നത്. എന്റെ അവകാശമായിരുന്നു അത്. എന്റെ പ്രശ്‌നം എന്ന് പറയുന്നത് എന്തൊക്കെ സൗകര്യങ്ങൾ ലഭിച്ചാലും എന്നെ ജാതിയുടെ പേരിൽ പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന അദ്ധ്യാപകൻ ആ സെന്ററിൽ ഉള്ളിടത്തോളം കാലം എനിക്ക് വർക്ക് ചെയ്യാൻ സാധിക്കില്ല. 2015 മുതൽ പറഞ്ഞിട്ടുള്ള കാര്യമാണ്. പ്രശ്‌നങ്ങൾ വരുന്ന സമയത്താണ് എല്ലാ സൗകര്യങ്ങളും തരാമെന്ന് അവർ പറയുന്നത്. ഇദ്ദേഹം ഇവിടെ തുടരുന്നതുകൊണ്ടു തന്നെ എനിക്ക് വർക്ക് ചെയ്യാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല. നന്ദകുമാറിനെ ആ സെന്ററിൽ നിന്ന് മാറ്റിയാലേ എന്ത് സൗകര്യം കിട്ടിയിട്ടും എനിക്ക് വർക്ക് ചെയ്യാൻ സാധിക്കൂ.'' ദീപ പ്രതികരിച്ചു.

പത്ത് വർഷത്തിനുള്ളിൽ നിരവധി തവണ പരാതി നൽകുകയും ഗവേഷണം പൂർത്തിയാക്കണമെന്ന ആവശ്യമുന്നയിച്ച് ദീപ അധികൃതരെ സമീപിക്കുകയും ചെയ്തിരുന്നു. ''ഈ പത്ത് വർഷത്തിനുള്ളിൽ എനിക്ക് ഗവേഷണം പൂർത്തിയാക്കണം എന്ന ആവശ്യമുന്നയിച്ച് നിരവധി തവണ അധികൃതരെ സമീപിച്ചിരുന്നു. എത്ര തവണയെന്ന് എനിക്ക് പോലും നിശ്ചയമില്ല. ഒരുപാട് തവണ അപേക്ഷകൾ യൂണിവേഴ്‌സിറ്റിക്ക് കൊടുക്കുകയും ചെയ്തിരുന്നു. ആദ്യത്തെ പരാതിയിൻ മേലാണ് നന്ദകുമാർ കുറ്റക്കാരനാണെന്ന് സിൻഡിക്കേറ്റ് തന്നെ കണ്ടെത്തിയത്. എനിക്ക് സൗകര്യങ്ങൾ ഒരുക്കിത്തരണമെന്ന് യൂണിവേഴ്‌സിറ്റി ഉത്തരവിട്ട്, ഞാൻ വീണ്ടും അവിടെ എത്തിയപ്പോഴും വീണ്ടും നിരവധിയായ പീഡനങ്ങളാണ് നേരിടേണ്ടി വന്നത്. അതൊക്കെ അവിടെ റിപ്പോർട്ട് ചെയ്തിട്ടും യാതൊരു പ്രയോജനവുമില്ല. പരാതി കൊടുക്കാത്തതല്ല, അയാളെ സംരക്ഷിക്കുന്ന നിലപാട് തുടരുകയാണ്.'' ദീപയുടെ വാക്കുകൾ.

''എന്റെ സെന്ററിന്റെ ചുമതലയിൽ നിന്ന് അയാളെ ഒഴിവാക്കുക എന്നതാണ് എന്റെ സമരത്തിന്റെ ആവശ്യം. നാനോ സെന്ററിന്റെ. പിന്നെ എനിക്ക് ഗവേഷണം പൂർത്തിയാക്കാൻ എല്ലാ സൗകര്യവും ലഭ്യമാക്കുക. ചർച്ചയിൽ ഈ ആവശ്യം മാത്രം നടക്കില്ലെന്ന് വിസി പറഞ്ഞു. അതുകൊണ്ടാണ് കഴിഞ്ഞ ദിവസത്തെ ചർച്ച പരാജയപ്പെട്ടത്. അത് ഹൈക്കോടതി ഉത്തരവിന്റെ മേലെയാണെന്ന് പറയുന്നു. പക്ഷേ അങ്ങനെയൊരു ഹൈക്കോടതി ഉത്തരവില്ല. അത് തെറ്റായ കാര്യമാണ്. അതിശക്തമായ സമരവുമായി മുന്നോട്ടു പോകും.'' നീതി ലഭിക്കുന്ത് മുന്നോട്ട് പോകുമെന്നാണ് തന്റെ നിലപാടെന്നും ദീപ വ്യക്തമാക്കി.

''പൊതുജനങ്ങളുടെ മുന്നിൽ വെച്ച് നന്ദകുമാർ എന്നെ മോഷ്ടാവ് എന്ന് വിളിച്ച് അപമാനിച്ചിട്ടുണ്ട്. പട്ടികജാതി വിദ്യാർത്ഥിക്ക് കാര്യക്ഷമതയില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇരിക്കാൻ ഇരിപ്പിടം തരാതെ എന്നെ എഴുന്നേൽപ്പിച്ചു വിട്ടു. എന്നെ ഡിപ്പാർട്ട്‌മെന്റിൽ പൂട്ടിയിട്ട്, പൊലിസ് വന്നാണ് ഇറക്കി വിട്ടത്. പിന്നെ റിസർച്ച് മെറ്റീരിയൽ നിഷേധിച്ചിട്ടുണ്ട്. പരാതി യൂണിവേഴ്‌സിറ്റിയിൽ കൊടുത്തിരുന്നു. പിവിസി അദ്ദേഹത്തെ നേരിട്ട് വിളിച്ചു. അന്ന് മേഡത്തോട് അദ്ദേഹം പറഞ്ഞത്, ദളിത് വിദ്യാർത്ഥിക്ക് ഫേവർ ചെയ്താൽ സെന്ററിന്റെ ഡിസിപ്ലിൻ പോകും എന്നാണ്. ഇത് സിൻഡിക്കേറ്റിന് മുന്നിലും പൊലീസിന് മുന്നിലുമുള്ള മേഡത്തിന്റെ മൊഴിയാണ്. ഡോ. ഷീന ഷുക്കൂറുമായി ബന്ധപ്പെട്ടാൽ അക്കാര്യം മനസ്സിലാകും''.- തന്റെ ആവശ്യം നടപ്പിലാക്കുന്നത് വരെ സമരം ചെയ്യുമെന്നും ദീപ കൂട്ടിച്ചേർത്തു.

വിഷയത്തിൽ പ്രതികരണവുമായി മുൻ എംഎൽഎ കെ എസ് ശബരിനാഥ് രംഗത്ത് എത്തിയിരുന്നു. ഇടതുക്ഷം ഭരിക്കുന്ന കേരളത്തിലെ എം.ജി യൂണിവേഴ്സിറ്റിയിൽ ജാതി വെറിമൂലം ദളിത് ഗവേഷണ വിദ്യാർത്ഥിക്ക് ഗവേഷണം പൂർത്തിയാക്കാൻ കഴിയാതെ വരികയും ഭരണകൂട സംവിധാനത്തിനെതിരെ വിദ്യാർത്ഥിനി അനിശ്ചിത കാല നിരാഹര സമരം നടത്തുകയും ചെയ്യുന്നത് കാണാൻ കണ്ണിനു കാഴ്ചയില്ലാത്ത സിപിഐ.എം നേതാക്കൾ ജയ് ഭീം സിനിമയുടെ പേരിൽ സാഹിത്യം എഴുതുന്നതിനെ അല്പത്തരം എന്നെ വിശേഷിപ്പിക്കാൻ കഴിയൂവെന്ന് ശബരിനാഥൻ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

'ദളിത് പക്ഷത്തോട്, ദളിത് സമൂഹത്തോട് ആത്മാർത്ഥ ഉണ്ടെങ്കിൽ എം.ജി യൂണിവേഴ്‌സിറ്റി വിഷയത്തിൽ ഇടപെട്ട് വിദ്യാർത്ഥിനിക്ക് അനുകൂലമായ തീരുമാനം എടുക്കാൻ തയ്യാറാകണം. അല്ലാതെ സിനിമയുടെ പേരിൽ സാഹിത്യം എഴുതി പെട്രോളിന്റെ വില കേരളത്തിൽ കുറയ്ക്കാതെ ലാഭം കൊയ്യുന്ന നികുതിയൂറ്റിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാമെന്നോ, ഈ സാഹിത്യം കൊണ്ട് സിപിഐ.എമ്മിന്റെ ദളിത് വിരുദ്ധത മൂടി വെക്കാമെന്നോ കരുതണ്ട, ശബരിനാഥൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP