Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അരുണാചലിൽ ചൈന പയറ്റുന്നത് പ്രദേശവാസികളെ 'മയക്കി വീഴ്‌ത്തൽ തന്ത്രം'; ആധുനിക സൗകര്യങ്ങളോട് കൂടിയ 100 വീടുള്ള ചൈനീസ് ഗ്രാമം നിർമ്മിച്ചു; തങ്ങളുടെ പക്ഷത്തെങ്കിൽ സമ്പന്ന ഭാവിയെന്ന് പ്രചരിപ്പിക്കൽ; നിയന്ത്രണ രേഖയിലെ നിർമ്മാണങ്ങൾ ശരിവച്ച് യുഎസ് പ്രതിരോധ റിപ്പോർട്ടും; ചൈനീസ് ലക്ഷ്യം ടിബറ്റൻ മേഖലയിൽ കരുത്തുറപ്പിക്കൽ

അരുണാചലിൽ ചൈന പയറ്റുന്നത് പ്രദേശവാസികളെ 'മയക്കി വീഴ്‌ത്തൽ തന്ത്രം'; ആധുനിക സൗകര്യങ്ങളോട് കൂടിയ 100 വീടുള്ള ചൈനീസ് ഗ്രാമം നിർമ്മിച്ചു; തങ്ങളുടെ പക്ഷത്തെങ്കിൽ സമ്പന്ന ഭാവിയെന്ന് പ്രചരിപ്പിക്കൽ; നിയന്ത്രണ രേഖയിലെ നിർമ്മാണങ്ങൾ ശരിവച്ച് യുഎസ് പ്രതിരോധ റിപ്പോർട്ടും; ചൈനീസ് ലക്ഷ്യം ടിബറ്റൻ മേഖലയിൽ കരുത്തുറപ്പിക്കൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ടിബറ്റൻ മേഖലയിൽ കരുത്തുറപ്പിക്കാൻ ചൈന നടത്തുന്ന ശ്രമങ്ങൾ ഇന്ത്യക്ക് വലിയ ഭീഷണിയാകുന്നു. അരുണാചൽ പ്രദേശിൽ അടക്കം ചൈനീസ് ഇടപെടൽ വ്യാപകമായിരിക്കയാണ് പ്രദേശവാസികളെയും മയക്കിവീഴ്‌ത്തുന്ന വിധത്തിലുള്ള തന്ത്രമാണ് ചൈന പയറ്റുന്നത്. ഇതിനെ ചെറുക്കാൻ അതിർത്തിൽ അതേ നാണയത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ് ഇന്ത്യയും.

അതിനിടെ അരുണാചൽ പ്രദേശിൽ ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി അമേരിക്കൻ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ റിപ്പോർട്ടും പുറത്തുവന്നു. യഥാർഥ നിയന്ത്രണ രേഖയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ വിവരവും റിപ്പോർട്ടിലുണ്ട്. ഇന്ത്യൻ അതിർത്തിക്കുള്ളിൽ അരുണാചൽ പ്രദേശിൽ ചൈന 100 വീടുകൾ അടങ്ങുന്ന ഗ്രാമം നിർമ്മിച്ചതായി യുഎസ് കോൺഗ്രസിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയുമായി സൈനിക, നയതന്ത്ര ചർച്ചകൾ നടത്തുന്നതിനിടയിലും ചൈന, അതിർത്തി മേഖലയിൽ കടന്നുകയറ്റ നീക്കങ്ങൾ സജീവമാക്കുകയാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംഘർഷ സമയത്ത് സൈനികർക്ക് ഉപയോഗിക്കാൻ പാകത്തിലാണ് ചൈന അതിർത്തിയിൽ ഗ്രാമങ്ങൾ നിർമ്മിക്കുന്നതെന്ന് ഈസ്റ്റേൺ ആർമി കമാൻഡ് ചീഫ് ലഫ്. ജനറൽ മനോജ് പാണ്ഡെ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ടിബറ്റൻ മേഖലയിൽ കരുത്തുറപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം.

അരുണാചൽ പ്രദേശിൽ ചൈന 101 ഓളം വീടുകളടങ്ങിയ 'പുതിയ ഗ്രാമം' നിർമ്മിച്ച വിവരം ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ജനുവരിയിൽ തന്നെ ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. അരുണാചൽ ജനതയുടെ മനസ്സിളക്കുക എന്ന തന്ത്രവും ഇതോടൊപ്പമുണ്ട്. അടിസ്ഥാന സൗകര്യ വികസനങ്ങളിലൂടെ അവർ ഉദ്ദേശിക്കുന്നത് ഇതു തന്നെയാണ്. ഇന്ത്യൻ അതിർത്തിയിൽ 4.5 കിലോമീറ്റർ ഉള്ളിലായാണ് ചൈനയുടെ നിർമ്മാണമെന്നാണു റിപ്പോർട്ട്. അപ്പർ സുബാൻസിരി ജില്ലയിൽ സാരി ചു നദീതീരത്താണ് ചൈന ഗ്രാമമുണ്ടാക്കിയതെന്നാണു സാറ്റലൈറ്റ് ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്.

2020ൽ ആകാം ചൈന യഥാർഥ നിയന്ത്രണരേഖയുടെ കിഴക്കു വശത്ത് 100 വീടുകൾ നിർമ്മിച്ചതെന്ന് യുഎസ് റിപ്പോർട്ടിൽ പറയുന്നു. വർഷങ്ങളായി ഇന്ത്യയും ചൈനയും അവകാശമുന്നയിക്കുന്ന മേഖലയാണിത്. 2019 ഓഗസ്റ്റ് 26ന് പകർത്തിയ ഇതേ മേഖലയുടെ ഉപഗ്രഹ ചിത്രത്തിൽ യാതൊരു നിർമ്മാണ പ്രവൃത്തികളും ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ ചിത്രത്തിൽ കെട്ടിടങ്ങളും മറ്റും വ്യക്തമായി കാണാൻ സാധിക്കും. മേഖലയിൽ വർഷങ്ങളായി ചൈനയ്ക്ക് ചെറിയ സൈനിക ഔട്ട്പോസ്റ്റ് ഉണ്ടായിരുന്നെങ്കിലും 2020ലാണ് കടന്നുകയറ്റം രൂക്ഷമായത്.

ലഡാക്ക് സംഭവത്തിന് ശേഷം ഇടക്കിടെ അരുണാചൽ പ്രദേശിൽ സംഘർഷങ്ങൾ പതിവാണ്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും ഇക്കാര്യം തള്ളിക്കളഞ്ഞിട്ടില്ല. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായി റിപ്പോർട്ടുണ്ട്. കുറച്ചു വർഷങ്ങളായി ചൈന ഇതു തുടരുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പ്രതികരിച്ചു. അതിർത്തികളിൽ റോഡുകളും പാലങ്ങളും നിർമ്മിക്കുന്നത് കേന്ദ്രസർക്കാർ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതിർത്തിയിലെ ഇന്ത്യയുടെ നിർമ്മാണങ്ങളും സൈനിക വിന്യാസവുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾക്കു കാരണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് നേരത്തേ അറിയിച്ചിരുന്നു.

2020 നവംബറിൽ അരുണാചലിൽ നിന്നുള്ള ബിജെപി എംപി താപിർ ഗാവോ അപ്പർ സുബാൻസിരിയിലെ ചൈനീസ് നിർമ്മാണങ്ങളെക്കുറിച്ച് ലോക്സഭയിൽ ഉന്നയിച്ചിരുന്നു. ജില്ലയിൽ 60-70 കിലോമീറ്റർ വരെ ഉള്ളിലേക്ക് ചൈന കയറി വന്നിട്ടുണ്ടെന്നും വിശാലമായ റോഡ് നിർമ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

അതേസമയം ചൈനീസ് നീക്കത്തെ അതേ നാണയത്തിൽ പ്രതിരോധിക്കുകയാണ് ഇന്ത്യയും. തവാങ് സെക്ടറിൽ ഇന്ത്യ പ്രതിരോധം ശക്തിപ്പെടുത്തുകയും സൈനിക കേന്ദ്രങ്ങളിലേക്ക് കൂടുതൽ ആക്രമണ ഘടകങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആർഎഎൽപിയിൽ അടിസ്ഥാന സൗകര്യങ്ങളുടെ വൻ വികസനത്തോടൊപ്പം ചൈനീസ് പട്രോളിംഗിലും അടുത്തിടെ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് അസഫില പ്രദേശത്താണ് പട്രോളിങ് കാര്യമായി നടക്കുന്നത്.

കിഴക്കും പടിഞ്ഞാറും കമെങ് ജില്ലകൾ ഉൾപ്പെടുന്ന കമെങ് പ്രദേശം ഒഴികെയുള്ള സംസ്ഥാനത്തിന്റെ ബാക്കി ഭാഗങ്ങളെയാണ് സൈന്യം ആർഎഎൽപി എന്ന് വിളിക്കുന്നത്. മേഖലയിൽ ഇന്ത്യയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള തീവ്ര ശ്രമത്തിലാണ്. ചൈന ഇപ്പോൾ മേഖലയിലെ നിയന്ത്രണ രേഖയുടെ അടുത്തേക്ക് സൈനികരെ നീക്കുകയാണ്. ഇത് യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് മുഴുവൻ വ്യാപിക്കാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു.

റോഡുകൾക്ക് പുറമേ, തുരങ്കങ്ങളുടെ നിർമ്മാണം, താമസസ്ഥലങ്ങൾ, സൈനികർക്ക് പിന്തുണ നൽകാൻ മറ്റ് അനുബന്ധ സൗകര്യങ്ങൾളും വികസിപ്പിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ സുബൻസിരി പ്രദേശത്തിന് എതിർവശത്ത് തുരങ്കങ്ങളുടെ നിർമ്മാണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ്, ഇന്റലിജൻസ് വിവരങ്ങൾ ഉദ്ധരിച്ച് ഉദ്യോഗസ്ഥർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP