Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിക്കി പീഡിയ ആർക്കും എഡിറ്റ് ചെയ്യാം; വാരിയം കുന്നന്റെ ചിത്രത്തിന്റെ ആധികാരികത ചോദ്യം ചെയ്യുന്നവർ പുസ്തകം വായിക്കാത്തവർ; വാസ്തവിന്റെ സംവാദത്തിൽ നിന്ന് ഒഴിഞ്ഞുമാറി റമീസ്; തയ്യാറെന്ന് ശ്രീജിത്ത് പണിക്കരും ശങ്കു ടി ദാസും

വിക്കി പീഡിയ ആർക്കും എഡിറ്റ് ചെയ്യാം; വാരിയം കുന്നന്റെ ചിത്രത്തിന്റെ ആധികാരികത ചോദ്യം ചെയ്യുന്നവർ പുസ്തകം വായിക്കാത്തവർ; വാസ്തവിന്റെ സംവാദത്തിൽ നിന്ന് ഒഴിഞ്ഞുമാറി റമീസ്; തയ്യാറെന്ന് ശ്രീജിത്ത് പണിക്കരും ശങ്കു ടി ദാസും

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: വാരിയം കുന്നന്റെ ചിത്രം പുറത്തുവന്നതുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല. 'സുൽത്താൻ വാരിയം കുന്നൻ' എന്ന പുസ്തകത്തിലൂടെ റമീസ് മുഹമ്മദ് പുറത്തു വിട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തിന്റെ ആധികാരികതയാണ് തർക്ക വിഷയമായത്. റമീസിനെ തള്ളിയും കൊണ്ടും വാദങ്ങൾ മുന്നേറുന്നതിനിടെ, സത്യം എവിടെ എന്ന് സാധാരണക്കാർ അമ്പരക്കുന്നു. അതുകൊണ്ടു തന്നെ യാഥാർത്ഥ്യം ചികഞ്ഞ് പുറത്തുകൊണ്ടുവരാൻ വാസ്തവ് എന്ന ഓൺലൈൻ കൂട്ടായ്മ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇക്കാര്യത്തിൽ ഒരു സംവാദമാണ് വാസ്തവ് ലക്ഷ്യമിടുന്നത്.

വാരിയൻകുന്നൻ അനുകൂല പക്ഷത്ത് നിന്ന് റമീസ് മുഹമ്മദും അദ്ദേഹത്തിന് എതിരാളിയായി എതിർപക്ഷത്ത് നിന്ന് ശ്രീ. ശ്രീജിത് പണിക്കർ / അഡ്വ. ശങ്കു. ടി. ദാസ് എന്നിവരിൽ ഒരാളായിരിക്കും പങ്കെടുക്കുക.

ഇതിൽ ആരെ വേണമെന്ന് തിരഞ്ഞെടുക്കാനുള്ള അവസരവും ശ്രീ. റമീസിന് ഉണ്ടായിരിക്കുന്നതാണ്. സംവാദത്തിന്റെ തീയതിയും സമയവും രണ്ടു കൂട്ടരുടെയും സൗകര്യാനുസരണം തീരുമാനിക്കാവുന്നതാണ്. തന്റെ പഠനങ്ങളുടെ ആധികാരികതയിൽ ശ്രീ. റമീസിന് ഉറപ്പും ആത്മവിശ്വാസവും ഉണ്ടായിരിക്കുമെന്നതിനാൽ അദ്ദേഹം ഈ ക്ഷണം നിരസിക്കില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആ വിശ്വാസത്തിൽ ഒരു ആശയ സംവാദത്തിന്റെ വാതിൽ വാസ്തവ് തുറക്കുകയാണ്. '

എന്നാൽ, ഫേസ്‌ബുക്കിലൂടെ സംവാദത്തിനു ക്ഷണിച്ചത് കൂടാതെ ഫോണിലൂടെ ക്ഷണിക്കാൻ ശ്രമിച്ചിട്ടും ശ്രീ റമീസ് മുഹമ്മദ് പ്രതികരിക്കാൻ കൂട്ടക്കാത്തതിനെ തുടർന്ന് നമ്മൾ ആഗ്രഹിച്ച സംവാദം നടത്താൻ സാധിക്കാതെ വന്നിരിക്കുകയാണ് എന്ന് വാസ്തവ് കുറിച്ചു.'റമീസിനെ പിന്തുണയ്ക്കുന്നവരും അദ്ദേഹത്തിന്റെ അവകാശ വാദങ്ങളിൽ വിശ്വാസമുള്ളവരുമായ ആരെങ്കിലും ഉണ്ടെങ്കിൽ അദ്ദേഹത്തോട് സംസാരിച്ച് സംവാദത്തിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. അല്ലാത്ത പക്ഷം അദ്ദേഹം സംവാദത്തിൽ നിന്ന് ഓടിയൊളിച്ചു എന്ന പ്രതീതി ആണ് ഉണ്ടാവുക.'-വാസ്തവ് കൂട്ടായ്മ ഫേസ്‌ബുക്കിൽ ഇങ്ങനെ കുറിച്ചെങ്കിലും, ഇതുവരെ റമീസിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.

റമീസ് മീഡിയ വണ്ണിനോട് പ്രതികരിച്ചത് ഇങ്ങനെ:

ചിത്രം വിവാദമായ സാഹചര്യത്തിൽ പുസ്തകത്തിന്റെ അടുത്ത പതിപ്പിൽ ഫോട്ടോ പ്രസിദ്ധീകരിച്ച ഫ്രഞ്ച് മാഗസിന്റെ മൂന്ന് പേജുകൾ കൂടി ഉൾപ്പെടുത്തുമെന്ന് രചയിതാവ് റമീസ് മുഹമ്മദ് ഒ. പറഞ്ഞു. ചിത്രം ലഭിച്ചത് സയൻസ് അറ്റ് വോയേജസ് എന്ന ഫ്രഞ്ച് മാഗസിനിൽ നിന്നാണെന്നും അത്തരം വിവരങ്ങളെല്ലാം പുസ്തകത്തിൽ പറയുന്നുണ്ടെന്നും ചിത്രത്തിന്റെ ആധികാരികത ചോദ്യം ചെയ്യുന്നവർ പുസ്തകം വായിക്കാത്തവരാണെന്നും അദ്ദേഹം പറഞ്ഞു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ 'സുൽത്താൻ വാരിയം കുന്നന്റെ' പ്രകാശനത്തിന് എത്തിയതായിരുന്നു വാരിയംകുന്നൻ സിനിമയുടെ തിരക്കഥാകൃത്തുകളിൽ ഒരാളായ റമീസ്.

സാധാരണ ചരിത്രപുസ്തകത്തിന്റെ രീതിയിലാണ് ഈ പുസ്തകവും തയാറാക്കിയത്. പുസ്തകത്തിന്റെ പേരും എഡിഷനുമാണ് സാധാരണ പ്രസിദ്ധീകരിക്കാറുള്ളത്. നിഷ്‌കളങ്കമായി പലരും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അടുത്ത എഡിഷനിൽ ഇവ കൂടി ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിക്കി പീഡിയ ആർക്കും എഡിറ്റ് ചെയ്യാവുന്നതാണെന്ന് എല്ലാവർക്കും അറിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

'വാരിയംകുന്നൻ' എന്ന പേരിൽ പുറത്തിറങ്ങുന്ന സിനിമയുടെ പ്രവർത്തനങ്ങൾ സജീവമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ നിന്ന് നായകനാകാനിരുന്ന നടൻ പൃഥ്വിരാജും സംവിധായകൻ ആഷിഖ് അബുവും പിന്മാറിയത് വിവാദായിരുന്നു. സിനിമ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ വിമർശിക്കപ്പെടുകയും പിന്തുണക്കപ്പെടുകയും ചെയ്തിരുന്നു.

ഒക്ടോബർ 29 ന് മലപ്പുറത്ത് നടന്ന സുൽത്താൻ വാരിയംകുന്നൻ പുസ്തക പ്രകാശന ചടങ്ങിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്തിറക്കിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രത്തോടെയാണ് ''സുൽത്താൻ വാരിയൻ കുന്നൻ'' പുസ്തകം പ്രകാശനം ചെയ്തത്.

റമീസ് മുഹമ്മദ് എഴുതിയ സുൽത്താൻ വാരിയൻ കുന്നൻ എന്ന പുസ്തക പ്രകാശനം ചെയ്തത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബാംഗങ്ങളാണ്. ഒരുപാട് അന്വേഷണം നടത്തിയതിന് ശേഷമാണ് വാരിയംകുന്നന്റെ യഥാർത്ഥ ചിത്രം ലഭിച്ചതെന്ന് റമീസ് മുഹമ്മദ് പറഞ്ഞിരുന്നു. ബ്രിട്ടണിൽ നിന്ന് ചിത്രം വിട്ടുകിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഫ്രഞ്ച് മാഗസിനിൽ നിന്ന് ചിത്രം ലഭിച്ചത്. പിന്നീട് വിദഗ്ധരുമായി ചർച്ച ചെയ്താണ് അത് വാരിയംകുന്നന്റെ ചിത്രമാണ് എന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോയമ്പത്തൂരിൽ നിന്നാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ബന്ധുക്കളെ കണ്ടെത്തിയത്. പുസ്തകം പ്രകാശനം ചെയ്യാനായി വാരിയംകുന്നന്റെ പേരമകൾ ഹാജറയാണ് മലപ്പുറത്തെത്തിയത്.

പുതിയ ചിത്രം കണ്ടെത്തിയ കഥ

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രം എന്ന് അവകാശപ്പെടുന്ന ഫോട്ടോ ഉൾപ്പെടുത്തിയുള്ള ജീവചരിത്രം കഴിഞ്ഞ ആഴ്ചയാണ് മലപ്പുറത്ത് പ്രകാശനം ചെയ്യപ്പെട്ടത്. 'സുൽത്താൻ വാരിയം കുന്നൻ' എന്ന് പേരിട്ട പുസ്തകം രചിച്ചത് തിരക്കഥാകൃത്ത് കൂടിയായ റമീസ് മുഹമ്മദ് ആണ്. ( ആഷിക്ക് അബു പൃഥ്വീരാജിനെ നായകനാക്കി വാരിയം കുന്നൻ എന്ന ചിത്രം അനൗൺസ് ചെയ്തപ്പോൾ ആദ്യം തിരക്കഥാ ടീമിൽ ഉണ്ടായിരുന്നു ആളാണ് റമീസ്. അതോടെ ഇസ്ലാമിക തീവ്രവാദത്തെ ന്യായീകരിച്ച് ഇയാൾ മുൻകാലത്ത് ഇട്ട പല പോസ്റ്റുകളും ചിലർ കുത്തിപ്പൊക്കി. അതോടെ ആഷിക്ക് അബു റമീസിനെ മാറ്റി നിർത്തുകയായിരുന്നു. ) ഒരുപാട് അന്വേഷണം നടത്തിയതിന് ശേഷമാണ് വാരിയംകുന്നന്റെ യഥാർത്ഥ ചിത്രം ലഭിച്ചതെന്ന് റമീസ് പറയുന്നത്. 1922 ജനുവരി 14 ന് ഗാർഡിയൻ ദിനപത്രം പ്രസിദ്ധീകരിച്ച വാരിയം കുന്നന്റെ ചിത്രം എന്ന പേരിലാണ് ഫോട്ടോ അവതരിപ്പിക്കപ്പെട്ടത്. അതേ വർഷം തന്നെ സയൻസസ് എറ്റ് വോയേജസ് എന്ന ഫ്രഞ്ച് മാഗസിനും ചിത്രം പ്രസിദ്ധീകരിച്ചതായി റമീസ് അവകാശപ്പെട്ടു. ബ്രിട്ടണിൽ നിന്ന് ചിത്രം വിട്ടുകിട്ടില്ല എന്ന ഉറപ്പായതോടെയാണ് ഫ്രഞ്ച് മാഗസിനിൽ നിന്ന് ചിത്രം ലഭിക്കാൻ ശ്രമം തുടങ്ങിയത്. പിന്നീട് വിദഗ്ധരുമായി ചർച്ച ചെയ്താണ് അത് വാരിയം കുന്നന്റെ ചിത്രമാണ് എന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം പറയുന്നു.

പക്ഷേ ഇവിടെ നിർണ്ണയകമായ ചില തെറ്റുകൾ ഗ്രന്ഥ കർത്താവ് ചെയ്തു. ചരിത്രഗ്രന്ഥം എന്നനിലക്ക് ആ മാഗസിനിലെ വാരിയംകുന്നന്റെ ഫോട്ടോ പ്രസിദ്ധീകരിച്ച പേജ് പുസ്തകത്തിൽ നൽകേണ്ടിയിരുന്നു. ചരിത്ര രചനക്ക് വേണ്ടത് കൃത്യമായ തെളിവുകളാണ് എന്ന അടിസ്ഥാന തത്വം അവർ മറുന്നു. പക്ഷേ ആ മാഗസിൻ തന്റെ പക്കൽ ഉണ്ടെന്ന് ഗ്രന്ഥകാരൻ പുസ്തകത്തിൽ എഴുതുകയും ചാനൽ അഭിമുഖത്തിൽ പറയുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും ഒറിജിനൽ പുസ്തകം പുറത്തുവിട്ടിട്ടില്ല.

1973 ൽ പ്രസിദ്ധീകരണം നിലച്ച മാഗസിന്റെ കോപ്പി ഫ്രഞ്ചുകാരനായ ഇന്നസെന്റ് ജൗലിൻ എന്നൊരാളുടെ കൈയിലുണ്ടായിരുന്നുവെന്നും അയാളിൽ നിന്നാണ് ഇത് സംഘടിപ്പിച്ചതെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. ഏതാണ്ട് 50 വർഷത്തിന് മുമ്പ് പ്രസിദ്ധീകരണം നിർത്തിയ മാഗസിന്റെ നൂറുവർഷം മുമ്പുള്ള കോപ്പി എങ്ങനെ ഇദ്ദേഹത്തിന്റെ കൈയിലെത്തിയെന്നത് സംശയമാണ്. ഇതൊക്കെ ചരിത്രം രചിക്കുമ്പോൾ വിട്ടുപോകാൻ സാധിക്കാത്ത കണ്ണിയാണ്്. ചരിത്രകാരന്റെ പരിശോധന മേശയിൽ വിജയം വരിക്കണമെങ്കിൽ സ്രോതസുകളുടെ വിശദാംശങ്ങൾ കൃത്യമായിരിക്കണം. പക്ഷേ ഇവിടെ മുഴുവൻ അവ്യക്തത ബാക്കിയാണ്.

താടി വളർത്തി മീശ വടിക്കുക എന്ന പൊതുരീതി

വാരിയൻ കുന്നൻ ചിത്രം വ്യാജമാണെന്ന് പറയാനുള്ള പ്രധാനമായ കാരണം അതിൽ ശാസ്ത്രീയമായ പഠനങ്ങൾ ഒന്നും നടന്നിട്ടില്ല എന്നതാണ്. ആരെങ്കിലും എന്തെങ്കിലും ഒരു ഫോട്ടോകൊണ്ടുവന്ന് ഇത് ഇന്നയാളാണെന്ന് പറഞ്ഞാൽ അത് ശാസ്ത്രീയവും ചരിത്രപരവുമായ തെളിവ് ആകുന്നില്ല. നിരവധി ഫാൾസിഫിക്കേഷൻ പരിശോധനകൾക്കും, ആർക്കിയോളജിക്കൽ തെളിവുകൾക്കും ശേഷമാണ് ഒരു പൗരാണിക ചിത്രം അത് ഏത് കാലഘട്ടത്തിന്റെത് ആണെന്ന് പോലും തെളിയിക്കപ്പെടുന്നത്. ഇവിടെ ഗ്രന്ഥകർത്താവിന്റെ ഊഹം എന്നല്ലാതെ, നിഷ്പക്ഷരായ ചരിത്രകാരന്മാരുടെയും, പണ്ഡിതരുടെയും, ഫോട്ടോഗ്രാഫി വിദഗ്ധരുടെയും പരിശോധന നടന്നിട്ടില്ല. അത് അങ്ങനെയാവാം ഇങ്ങനെയുമാവാം, ഞാനേ കണ്ടുള്ളൂ ഞാൻ മാത്രമേ കണ്ടുള്ളൂവെന്നുള്ളതൊന്നും ശാസ്ത്രീയ രീതിയല്ല.

മാത്രമല്ല സൗഹൃദത്തിന്റെ അടിസ്ഥാനത്തിനുള്ള ഉപദേശം തേടലല്ല അസത്യവത്ക്കരണം. സുൽത്താൻ വാരിയൻ കുന്നൻ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ റമീസ് മുഹമ്മദ് പറയുന്നത് തങ്ങളുടെ നിഗമനങ്ങൾ ശരിയാണോ എന്ന് അറിയാൻ കാലിക്കറ്റ് വാഴ്‌സിറ്റിയിലെ ഹിസ്റ്ററി ഡിപ്പാർട്ട്‌മെന്റ് അസോസിയേറ്റ് പ്രൊഫസർ കെ.എസ് മാധവന്റെ അടുത്തുചെന്നുവെന്നാണ്. ''ഫോട്ടോ കണ്ട അദ്ദേഹം പറഞ്ഞത് ഇങ്ങനെ. ഈ ഫോട്ടോ കണ്ടാൽ അറിയാം ഇയാൾ വെറുമൊരു നാടൻ മാപ്പിളയല്ല, വിദേശരാജ്യത്തൊക്കെ ജീവിച്ചിരുന്ന ആളാണെന്ന്. കാരണം ഇയാളുടെ ഹെയർകട്ട്, താടിയുടെ സ്റ്റെൽ എല്ലാം നാടൻ സ്റ്റെലിൽ ഉള്ളതല്ല''- ഇങ്ങനെയാണത്രേ മാധവൻ സാറുടെ പ്രതികരണം എന്നാണ് റമീസ് എഴുതുന്നത്. നോക്കുക, എത്ര ബാലിശമായ വാദം. ഇങ്ങനെയാണോ ചരിത്ര തെളിവുകൾ കൊണ്ടുവരുന്നത്. ആന്ത്രപ്പൊളജിക്കലായ പ്രത്യേകതകൾവരെ നോക്കി എടുക്കേണ്ട നിഗമനം എത്ര ലാഘവത്തോടെയാണ് തള്ളിവിടുന്നത്.

അത് വാരിയൻ കുന്നന്റെ ഫോട്ടോ അല്ല എന്ന് സംശയം ഉന്നയിക്കുന്നവർ പറയുന്ന പ്രധാനകാരണവും ഇതുതന്നെയാണ്. ആ ഫോട്ടോ കാലവുമായി ഒന്നുപോകുന്നില്ല .നൂറു കൊല്ലം മുൻപത്തെ മാപ്പിളമാർ തല മൊട്ടയടിച്ചിരുന്നു. ഒരിക്കലും മുടി വളർത്താൻ സാധ്യതയില്ല. പിന്നെ തലയിൽ തൊപ്പിയോ, തലക്കെട്ടോ നിർബന്ധമായും ഉണ്ടാകും. താടി വളർത്തി മീശ വടിക്കുക എന്നതാണ് മാപ്പിള രീതി. മാത്രമല്ല വാരിയൻ കുന്നന്റെത് അല്ല ഒരു മലയാളിയുടേത് പോലുമല്ല അത് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഫോട്ടോ കണ്ടെത്തിയെന്ന് പറയുന്ന റമീസ് തനിക്ക് ഇഷ്ടമുള്ള ചിലരെ കാണിച്ചുവെന്നല്ലാതെ നിഷ്പക്ഷരായ ഫോട്ടോഗ്രാഫി വിദഗധ്രോട് അഭിപ്രായം ആരാഞ്ഞിട്ടുമില്ല.

മാത്രമല്ല നമ്മുടെ മോൺസൻ മാവുങ്കലിന്റെ മൂൻഗാമികൾ ലോക ചരിത്രത്തിൽ ധാരാളം ഉണ്ടായിട്ടുണ്ട്. ടൈം മാഗസിനെപ്പോലും കബളിപ്പിക്കുകയും ഹിറ്റ്‌ലറിന്റെ അപൂർവ ചിത്രങ്ങൾ എന്ന പേരിൽ തട്ടിപ്പ് നടത്തുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിന്റെ പേരിൽ പലരിൽനിന്നും പുരസ്‌ക്കാരങ്ങൾ തിരിച്ചുവാങ്ങിക്കയും ചെത്തിട്ടുണ്ട്. ഇന്ന് ആപ്പുകൾ ധാരാളമായതോടെ എത് പടവും കൃത്യമമായി സൃഷ്ടിക്കാനും കഴിയും.

വിക്കിപീഡിയ പിൻവലിച്ചത് എന്തുകൊണ്ട്?

ഇപ്പോഴും പല പ്രധാന ചോദ്യങ്ങൾക്കും ചിത്രം പുറത്തുവിട്ടവർക്ക് ഇനിയും മറുപടി പറാൻ ആയിട്ടില്ല. വാരിയംകുന്നന്റേതായി ഇങ്ങനെയൊരു ഫോട്ടോ പ്രസിദ്ധീകരിച്ച 14 ജനുവരി 1922ലെ ദ ഗാർഡിയൻ പത്രത്തിന്റെ പത്രത്തിന്റെ ലിങ്കോ ഇ കോപ്പിയോ അവർക്ക് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. 1922ൽ ഈ ഫോട്ടോ പ്രസിദ്ധീകരിച്ചു എന്ന് പറയുന്ന സയൻസസ് എറ്റ് വോയേജസ് എന്ന ഫ്രഞ്ച് മാഗസിന്റെ കോപ്പിയും അജ്ഞാതം. അതിൽ ഏത് മാസം ഏത് ലക്കം എത്രാം പേജിലാണ് ഫോട്ടോ ഉള്ളത് എന്നും വ്യക്തമല്ല. ഈ സാഹചര്യത്തിൽ ഒക്കെയാവണം വിക്കിപീഡിയ ആ ഫോട്ടോ പിൻവലിച്ചിരിക്കയാണ്. സയൻസസ് എറ്റ് വോയേജസ് എന്ന ഫ്രഞ്ച് മാഗസിന്റെ വിക്കീപീഡിയ പേജിൽ ഇപ്പോൾ ആ ചിത്രമില്ല.

മാത്രമല്ല ഒരാളുടെ പുതിയ പടം കിട്ടിയാൽ പഴയപടം നോക്കി സ്ഥിരീകരിക്കാൻ കഴിയുന്ന സാധ്യതയും ഇക്കാലത്തുണ്ട്. അതുപോലെ എത്രയെത്രയോ ശാസ്ത്രീയ രീതികൾ. എന്നാൽ ഫോട്ടോ പുറത്തുവിട്ടവർ അതിനൊന്നും ശ്രമിച്ചിട്ടില്ല. വിവാദ പുസ്തകത്തിന്റെ ആമുഖത്തിൽ തന്റെ സുഹൃത്ത് വഴി ഫൊറാൻസിക്ക് ഡെൻഡിസ്ട്രി വിദഗ്ധനിൽനിന്ന് ഉപദേശം തേടുന്നുവെന്ന് ഗ്രന്ഥകർത്താവ് പറയുന്നുണ്ട്. അയാൾ പരിശോധിച്ച് ഈ ചിത്രം കൊടിയ മർദനം ഏറ്റ ഒരാളെന്ന ഉപദേശമാണത്രേ നൽകിയത്. ഇത് എത്രപേർക്ക് പൊതുവായി ഉണ്ടാവും. ഇത്‌കൊണ്ട് മാത്രം എങ്ങനെയാണ് കാര്യങ്ങൾ വാരിയംകുന്നനിലേക്ക് എത്തുക.

മലബാർ കലാപത്തെക്കുറിച്ച് ഏറെ എഴുതിയ സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റും സ്വതന്ത്രചിന്തകനുമായ ഡോ. മനോജ് ബ്രൈറ്റ് ഇങ്ങനെ എഴുതുന്നു. ''ഫോട്ടോ എഡിറ്റിങ്ങ് വ്യാപകമായതോടെ ന്യൂസ് ഫോട്ടോകളിൽ എത്രമാത്രം എഡിറ്റിങ്ങ് ആകാം എന്നതിനെക്കുറിച്ച് ചർച്ചകളും, അതിന്റെ അടിസ്ഥാനത്തിൽ ചില ഗൈഡ് ലൈനുകളും ഉണ്ടായിട്ടുണ്ട്. ഏതെങ്കിലും മൂന്നാംകിട ആപ്പിൽ കയറ്റി റെസലൂഷൻ കൂട്ടാൻ എന്ന പേരിൽ ഫോട്ടോ മിനുക്കിയെടുക്കാൻ പാടില്ല, ഫോട്ടോയുടെ ബാക്ഗ്രൗണ്ട് മാറ്റാൻ പാടില്ല. അങ്ങനെ സാമാന്യബുദ്ധിക്ക് ആലോചിച്ചാൽ മനസ്സിലാക്കുന്ന ചില പൊതു നിയമങ്ങളുണ്ട്. ഇപ്പോൾ കാണുന്ന വാരിയൻകുന്നനെ കൊള്ളാവുന്ന ഏത് സ്ഥാപനവും എടുത്ത് പുറത്തെറിയും.

ഇതിന്റെ നൂറിലൊന്ന് ഗൗരവമില്ലാത്ത എഡിറ്റിങ്ങ് നടത്തിയതിന്റെ പേരിൽ അവാർഡ് ജേതാക്കളായ വമ്പൻ ഫോട്ടോഗ്രാഫർമാരെ പോലും പിടിച്ചു പുറത്താക്കിയിട്ടുണ്ട്. ഉദാഹരണം സ്റ്റീവ് മക്കറി.''- ഡോ. മനോജ് ബ്രൈറ്റ് ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP