Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൈഫ് മിഷൻ: അഞ്ച് വർഷംകൊണ്ട് നിർമ്മിച്ചത് രണ്ടു ലക്ഷത്തിൽ താഴെ വീടുകൾ; സംസ്ഥാനത്ത് ഭവന നിർമ്മാണ പദ്ധതികൾ പൂർണമായും നിലച്ചെന്ന് പ്രതിപക്ഷ നേതാവ്

ലൈഫ് മിഷൻ: അഞ്ച് വർഷംകൊണ്ട് നിർമ്മിച്ചത് രണ്ടു ലക്ഷത്തിൽ താഴെ വീടുകൾ; സംസ്ഥാനത്ത് ഭവന നിർമ്മാണ പദ്ധതികൾ പൂർണമായും നിലച്ചെന്ന് പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിവിധ ഭവന നിർമ്മാണ പദ്ധതികൾ സമന്വയിപ്പിച്ച് ലൈഫ് മിഷന് കീഴിലാക്കിയതോടെ സംസ്ഥാനത്ത് ഭവന നിർമ്മാണ പദ്ധതികൾ പൂർണമായും നിലച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.അപേക്ഷിക്കുമ്പോൾ തന്നെ ഗുണഭോക്താക്കളെ പുറത്താക്കുന്ന വിചിത്രമായ പദ്ധതിയായി ലൈഫ് മിഷൻ മാറിയിരിക്കുകയാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 2011 മുതൽ 2016 വരെ നാലു ലക്ഷത്തിമുപ്പത്തിനാലായിരം വീടുകളാണ് നിർമ്മിച്ചു നൽകിയത്. 2016 മുതൽ 2021 വരെ പിണറായി സർക്കാരിന് രണ്ടു ലക്ഷത്തിൽ താഴെ വീടുകൾ മാത്രമാണ് പൂർത്തിയാക്കാനായത്. ലക്ഷ്യമിട്ടതിന്റെ പകുതി വീടുകൾ പോലും നിർമ്മിച്ചു നൽകാൻ സർക്കാരിന് കഴിഞ്ഞില്ല. സംസ്ഥാനത്തെ ഭൂരഹിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ 9 ലക്ഷം അപേക്ഷകരിൽ നിന്നും ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഒന്നര വർഷമായിട്ടും പ്രസിദ്ധീകരിക്കാത്തതിനെ തുടർന്ന് ലക്ഷക്കണക്കിന് ഭവനരഹിതർക്കുണ്ടായ ആശങ്ക ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.കെ ബഷീർ നൽകിയ അടിയന്തിരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

അഞ്ച് വർഷം കൊണ്ട് ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷത്തിലധികം വീടുകൾ നർമ്മിക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ രണ്ടു ലക്ഷത്തിൽ താഴെ വീടുകൾ മാത്രമാണ് പൂർത്തിയാക്കിയത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 3074 വീടുകൾ മാത്രമാണ് പൂർത്തിയാക്കിയതെന്ന മന്ത്രി എം.വി ഗോവിന്ദന്റെ പരാമർശം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇന്ദിരാ ആവാസ് യോജന ഉൾപ്പെടെയുള്ള പദ്ധതികൾ പ്രകാരം 2011 മുതൽ 2016 വരെ യു.ഡി.എഫ് സർക്കാർ നാലുലക്ഷത്തി മുപ്പത്തി നാലായിരം വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ടെന്ന് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രി കെ.ടി ജലീൽ നിയമസഭയിൽ മറുപടി നൽകിയിട്ടുണ്ട്. വസ്തുത ഇതായിരിക്കെ 3074 വീടുകൾ മാത്രമാണ് നിർമ്മിച്ചതെന്ന് ഒരു മന്ത്രി നിയമസഭയിൽ പറയുന്നത് അപഹാസ്യമാണ്. ഇതു പോലുള്ള കള്ളക്കണക്ക് തന്നതിന് ഉദ്യോഗസ്ഥരോട് മന്ത്രി വിശദീകരണം ചോദിക്കണം. ഭവനരഹിതർക്ക് വീട് വച്ചു നൽകിയത് ഉമ്മൻ ചാണ്ടി സർക്കാർ ആരോടും പറഞ്ഞു നടന്നിട്ടില്ല. എന്നാൽ നിങ്ങൾ ഇതുകൊട്ടിഘോഷിച്ച് ആഘോഷമാക്കി നവകേരള സ്വപ്നം എന്നൊക്കെ പറഞ്ഞ് വലിയ സംഭവമാക്കി മാറ്റുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന പദ്ധതിയായി ലൈഫ് മിഷൻ മാറിയിരിക്കുകയാണ്. ഇത് അധികാര വികേന്ദ്രീകരണത്തിന് എതിരാണ്. വീടുകളുടെ സർവെ ഉൾപ്പെടെ നിങ്ങൾ നടത്തി ഗ്രാമസഭകളിൽ ലിസ്റ്റ് വായിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നിട്ട് ഗുണഭോക്താക്കളെ ഗ്രാമസഭകൾ തീരുമാനിച്ചെന്നാണ് പറയുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപിച്ച ഭവന നിർമ്മാണ പദ്ധതി രണ്ടു മാസം കൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. 2020 സെപ്റ്റംബറിൽ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ 17 മാസം വൈകി 2022 ഫെബ്രുവരിയിൽ പദ്ധതി പൂർത്തിയാക്കുമെന്നാണ് ഇപ്പോൾ മന്ത്രി പറയുന്നത്. ഇരുപത് മാസത്തോളം സംസ്ഥാനത്ത് ഭവന നിർമ്മാണ പദ്ധതികൾ സ്തംഭനാവസ്ഥയിൽ തുടരുമെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

ഭവനനിർമ്മാണ പദ്ധതികളിൽ മനഃപൂർവമായ കാലതാമസം വരുത്തി സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് സർക്കാർ മറപിടിക്കുകയാണ്. ഒൻപതു ലക്ഷം അപേക്ഷകരിൽ റേഷൻ കാർഡില്ലാത്തവരെ പുറത്താക്കിയിരിക്കുകയാണ്. സ്വന്തമായി വീടില്ലാത്തവർക്ക് എവിടെ നിന്ന് റേഷൻ കാർഡ് ലഭിക്കും? സങ്കീർണമായ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി ഗുണഭോക്താക്കളുടെ എണ്ണം വെട്ടിച്ചുരുക്കി നാലുലക്ഷം കുടുംബങ്ങളെ സവെയുടെ ഘട്ടത്തിൽ തന്നെ പുറത്താക്കി. ലൈഫ് മിഷൻ വന്നതോടെ വീടുകളുടെ അറ്റകുറ്റ പണികൾക്കുള്ള ധനസഹായം പോലും നിലച്ചു. ലൈഫ് മിഷന് പ്രദേശിക വിഭവ സമാഹരണം നടത്തുമെന്ന് പ്രഖ്യപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. ദുബായിൽ നിന്നും എത്തിയ 20 കോടി എങ്ങോട്ടാണ് പോയതെന്നു നാം കണ്ടതാണ്. പ്രദേശിക സർക്കാരുകൾക്കു മീതെ അനാവശ്യ സാമ്പത്തിക ബാധ്യത ഉണ്ടാക്കുകയും അധികാരങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്നതു കൊണ്ടാണ് ലൈഫ് പദ്ധതി യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ നിർത്താലാക്കുമെന്നു പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP