Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരട് ഫ്‌ളാറ്റ് ഉടമകൾക്ക് 91 കോടി രൂപ തിരിച്ചുനൽകി; 110 ഫ്‌ളാറ്റ് ഉടമകൾക്ക് പണം പൂർണമായി തിരിച്ചുകിട്ടി എന്ന് ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റി

മരട് ഫ്‌ളാറ്റ് ഉടമകൾക്ക് 91 കോടി രൂപ തിരിച്ചുനൽകി; 110 ഫ്‌ളാറ്റ് ഉടമകൾക്ക് പണം പൂർണമായി തിരിച്ചുകിട്ടി എന്ന് ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റി

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: സുപ്രീംകോടതി നിർദ്ദേശപ്രകാരം പൊളിച്ചുനീക്കിയ മരട് ഫ്‌ളാറ്റിലെ ഉടമകൾക്ക് 91 കോടി രൂപ തിരിച്ചുനൽകി. 2020 ജനുവരിയിലാണ് ഈ ഫ്‌ളാറ്റ് ഇടിച്ചുനിരത്തിയത്. ഫ്‌ളാറ്റ് നിർമ്മാതാക്കൾ കെട്ടിട ഉടമകൾക്ക് നൽകിയ 120 കോടി രൂപയിൽ 91 കോടി രൂപയാണ് ഇതിനകം തിരിച്ചുനൽകിയത്. സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് ഇതിന്റെ നടപടികൾ പൂർത്തിയാവുന്നത്. പണം തിരികെ ലഭിക്കാൻ അർഹതയുള്ള 272 ഫ്‌ളാറ്റുകളിൽ 110 ഫ്‌ളാറ്റുകളുടെ ഉടമകൾക്ക് അവർ കെട്ടിട നിർമ്മാതാവിന് നൽകിയ പണം പൂർണമായും തിരിച്ചുലഭിച്ചതായും ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റി അറിയിച്ചു.

ഗോൾഡൻ കായലോരം (37 ഫ്ളാറ്റുകൾ), ജെയിൻ കോറൽ കോവ് (73 ഫ്ളാറ്റുകൾ) എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളിലെ ഫ്ളാറ്റുകളുടെ ആദ്യ ഉടമകൾ നിർമ്മാതാക്കൾക്ക് നൽകിയ തുക പൂർണമായി തിരിച്ചു നൽകിക്കഴിഞ്ഞു. യഥാക്രമം 13.37 കോടിയും 32.16 കോടിയുമാണ് ഇങ്ങനെ തിരികെ നൽകിയത്.

ആൽഫ സെറിൻ എന്ന ഫൽറ്റ് സമുച്ചയത്തിലെ (76 ഫ്‌ളാറ്റുകൾ) ഉടമകൾക്ക് ഫൽറ്റുകളുടെ ആദ്യത്തെ ഉടമകൾ നൽകിയ 32.10 കോടി രൂപയിൽ 25.63 കോടി രൂപ തിരികെ ലഭിച്ചിട്ടുണ്ട്. ഇതിൽ 17.50 കോടി രൂപ കേരള സർക്കാർ ഇടക്കാല നഷ്ടപരിഹാരമായി നൽകിയതും, ബാക്കി 8.13 കോടി രൂപ ആൽഫാ വെഞ്ചേഴ്സ് കമ്പനിയിൽ നിന്നും പിരിച്ച് ഫൽറ്റുടമകൾക്ക് കമ്മിറ്റി നൽകിയിട്ടുള്ളതുമാണ്. ബാക്കി തുകയായ 6.47 കോടി രൂപ കെട്ടിട നിർമ്മാതാവിൽ നിന്നും പിരിക്കുന്നതിന് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നിർമ്മാണ കമ്പനിയുടെ തന്നെ ഉടമസ്ഥതയിൽ വല്ലാർപാടത്ത് സ്ഥിതിചെയ്യുന്ന ആൽഫാ ഹൊറൈസൺ എന്ന കെട്ടിടത്തിൽ ഓഫീസുകൾക്ക് ഉള്ള സ്ഥലം വിൽപ്പന നടത്തിക്കൊണ്ടിരിക്കുകയാണ്. അടുത്ത മൂന്ന് നാല് മാസത്തിനുള്ളിൽ ഇത് പൂർത്തീകരിക്കുവാനാകും എന്ന് കരുതുന്നു.

ഈ മൂന്ന് കെട്ടിട നിർമ്മാതാക്കളിൽ നിന്നും വീണ്ടെടുത്ത് ഫൽറ്റുടമകൾക്ക് കമ്മിറ്റി നൽകിയ മൊത്തം തുക 28.41 കോടി രൂപയാണ്. ഇടക്കാല നഷ്ടപരിഹാരമായി കേരള സർക്കാർ നൽകിയ 62.75 കോടി രൂപയ്ക്ക് പുറമെയാണിത്.

നാലാമത്തെ കെട്ടിട നിർമ്മാതാവായ ഹോളിഫെയ്ത്ത് ബിൽഡേഴ്സ് തുകയൊന്നും തന്നെ അടച്ചിട്ടില്ല. കേരള സർക്കാരിന് നൽകേണ്ട 29 കോടി രൂപയും, ഫൽറ്റുടമകൾക്ക് നൽകേണ്ട 22.15 കോടി രൂപയും ഉൾപ്പെടെ 42.15 കോടി രൂപയാണ് ഈ നിർമ്മാതാവ് അടക്കുവാനുള്ളത്. ഹോളിഫെയ്ത്ത് ഒ2ഛ വിലെ 86 ഫൽറ്റുടമകൾക്ക് സർക്കാർ ഇടക്കാല നഷ്ട പരിഹാരമായി നൽകിയ 20 കോടി രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഈ കെട്ടിട നിർമ്മാതാവിൽ നിന്നും റവന്യൂ റിക്കവറിയിലൂടെ പരമാവധി തുക തിരിച്ചുപിടിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ എറണാകുളം ജില്ലാ കലക്ടറോട് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.

കലക്ടറുടെ റിപ്പോർട്ട് പ്രകാരം ഈ കെട്ടിട നിർമ്മാതാവിന്റെ അസ്സൽ ആസ്തി 7.62 കോടി രൂപ മാത്രമാണ്. നവംബർ 10ന് ഈ കേസിൽ സുപ്രീം കോടതി വീണ്ടും വാദം കേൾക്കും.
ജസ്റ്റിസ് ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിയിൽ, റിട്ടയേർഡ് ചീഫ് സെക്രട്ടറി കെ. ജോസ് സിറിയക്, റിട്ടയേർഡ് ചീഫ് എൻജിനിയർ ആർ. മുരുകേശൻ എന്നിവർ അംഗങ്ങളാണ്. റിട്ടയേർഡ് ജില്ലാ ജഡ്ജി എസ്. വിജയകുമാർ ആണ് കമ്മിറ്റിയുടെ സെക്രട്ടറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP