Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'നിങ്ങളുടെ അച്ഛന്റെ കൊലപാതകിയുടെ പേര് എഴുതിയ ടീഷർട്ടുകളും മറ്റും ധരിച്ച് നിങ്ങളുടെ മുന്നിൽ ആഘോഷം; അപ്പനെ കൊന്നവൻ ഹീറോ ആയി തീരുമോ എന്ന് ഭയക്കുന്ന മകന്റെ അവസ്ഥയോ? സുകുമാര കുറുപ്പിനെ ഹീറോ ആക്കുന്ന ദുൽഖറിന്റെ 'കുറുപ്പ്' സിനിമ പ്രമോഷനെ വിമർശിച്ച് സോഷ്യൽ മീഡിയ

'നിങ്ങളുടെ അച്ഛന്റെ കൊലപാതകിയുടെ പേര് എഴുതിയ ടീഷർട്ടുകളും മറ്റും ധരിച്ച് നിങ്ങളുടെ മുന്നിൽ ആഘോഷം; അപ്പനെ കൊന്നവൻ ഹീറോ ആയി തീരുമോ എന്ന് ഭയക്കുന്ന മകന്റെ അവസ്ഥയോ?  സുകുമാര കുറുപ്പിനെ ഹീറോ ആക്കുന്ന ദുൽഖറിന്റെ 'കുറുപ്പ്' സിനിമ പ്രമോഷനെ വിമർശിച്ച് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സുകുമാര കുറുപ്പിനെ പുതിയ തലമുറയ്ക്ക് അധികം പരിചയമില്ലെങ്കിലും, പറഞ്ഞുകേട്ട് പഴകി കാണണം. അതല്ലെങ്കിൽ, ഇപ്പോൾ ആ സംഭവത്തെ ആസ്പദമാക്കി ദുൽഖർ സൽമാൻ നായകനായ കുറുപ്പ് സിനിമ വരികയാണല്ലോ. ഗംഭീര പ്രമോഷൻ ദുൽഖർ തന്നെ സോഷ്യൽ മീഡിയയിലൂടെ നടത്തുന്നു. സോഷ്യൽ മീഡിയയിൽ ഏതു കാര്യത്തിലും രണ്ടുപക്ഷം ഉള്ളതുപോലെ ഈ ചിത്രത്തിന്റെ പ്രമോഷനെയും ഒരുവിഭാഗം വിമർശിക്കുന്നു. 'കുറുപ്പ്' ടീ ഷർട്ട് അണിഞ്ഞുള്ള സാനിയ ഇയ്യപ്പന്റെ ചിത്രങ്ങൾ ദുൽഖർ തന്റെ പേജിൽ പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ പ്രമോഷനോടനുബന്ധിച്ചാണ് 'കുറുപ്പ്' സ്‌പെഷൽ ടീ ഷർട്ടുമായി അണിയറ പ്രവർത്തകർ എത്തിയത്. ഇതെല്ലാം ആ ക്രൈമിനെ അല്ലെങ്കിൽ ക്രിമിനലിനെ ഗ്ലോറിഫൈ ചെയ്യുക ആണെന്നാണ് ചിലരുടെ വിമർശനം.

വിമർശനത്തിലേക്ക വരും മുമ്പ് അൽപം ഫ്‌ളാഷ് ബാക്ക്...

1984 ജനുവരി 22 നാണ് സുകുമാര കുറുപ്പും അളിയനും ഡ്രൈവറും ചേർന്ന് എൻ ജെ ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ മാവേലിക്കര കുന്നത്തിന് സമീപം കാറിലിട്ടു ചുട്ടു കൊന്നത്. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി എട്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശ്യം.

ആലപ്പുഴയ്ക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറിൽ കയറ്റി യാത്രാമധ്യേ കഴുത്തിൽ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് വീട്ടിലെത്തിച്ച് ചാക്കോയുടെ മൃതദേഹം അവിടെ ഒരു മുറിയിലേക്ക് മാറ്റിയശേഷം, അവർ സുകുമാരക്കുറുപ്പിന്റെ ഷർട്ടും ലുങ്കിയും ആ ശരീരത്തിൽ ധരിപ്പിച്ചു. തുടർന്ന് മൃതദേഹം കുറുപ്പിന്റെ കാറിന്റെ ഡിക്കിയിലാക്കി യാത്രയാരംഭിച്ചു. കൊല്ലകടവിൽ എത്തിയപ്പോൾ അവർ ചാക്കോയുടെ ശരീരം എടുത്ത് ഒന്നാം പ്രതിയുടെ കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയ ശേഷം സമീപത്തെ നെൽവയലിലേക്ക് തള്ളിവിട്ടു.

അകത്തും പുറത്തും പെട്രോൾ തളിച്ചിരുന്ന കാറിന് തീ കൊടുക്കുകയും ചെയ്തു. തീ ആളിപ്പടർന്നതോടെ കുറുപ്പിന്റെ കാറിൽ കയറി എല്ലാവരും സ്ഥലം വിട്ടു. തീ കൊടുക്കാനുള്ള ശ്രമത്തിനിടെ ഒന്നും രണ്ടും പ്രതികൾക്ക് പൊള്ളലേറ്റിരുന്നു. അവിടെ ഓടി രക്ഷപ്പെടുമ്പോൾ, താഴെ വീണിരുന്ന ഗ്ലൗസ് എടുക്കാൻ അവർ ശ്രദ്ധിച്ചുമില്ല. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ഇത്. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് - പൈനുമ്മൂട് റോഡിനരുകിൽ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറിൽ കത്തിയ നിലയിൽ ചാക്കോയെ കണ്ടെത്തിയത്.

കരുവാറ്റ ടിബി ജംഗ്ഷനിൽ ശ്രീഹരി ടാക്കീസിൽ കളക്ഷൻ വിവരങ്ങൾ ശേഖരിക്കാൻ എത്തിയതായിരുന്നു ഫിലിം റെപ്രസന്റേറ്റീവ് ആലപ്പുഴ സ്വദേശി ചാക്കോ. ഗർഭിണിയായ ഭാര്യ ശാന്തമ്മയ്ക്കരികിൽ എത്താൻ വാഹനം കാത്തുനിൽക്കുകയായിരുന്നു. ചെറിയനാട് പുത്തൻവീട്ടിൽ സുകുമാരക്കുറുപ്പും ഭാര്യാസഹോദരിയുടെ ഭർത്താവ് ഭാസ്‌കരപിള്ളയും ഡ്രൈവർ പൊന്നപ്പനും ഗൾഫിലെ സുഹൃത്ത് ചാവക്കാട് സ്വദേശി ഷാഹുവും ചേർന്നാണ്, ഇൻഷുറൻസ് തട്ടിപ്പിന് സുകുമാരക്കുറുപ്പിന്റെ ഏകദേശ രൂപമുള്ള ചാക്കോയെ കൊലപ്പെടുത്തി കത്തിക്കാൻ ആസൂത്രണമൊരുക്കിയത്.

മരിച്ചത് സുകുമാരക്കുറുപ്പ് അല്ലെന്നും ചാക്കോ ആണെന്നും പിന്നീടാണ് പൊലീസ് തിരിച്ചറിഞ്ഞ്. ആ കാർ കത്തിയെരിഞ്ഞ ആ പാടം ഇപ്പോൾ അറിയുന്നത് ചാക്കോപ്പാടം എന്ന പേരിലാണ്. കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ഭാസ്‌കരപിള്ള ഇപ്പോൾ പുലിയൂരിലെ വീട്ടിലുണ്ട്. ഇൻഷുറൻസ് തട്ടിപ്പ് നടത്തി വണ്ടാനത്തെ ബംഗ്ലാവ് നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു സുകുമാരക്കുറുപ്പിന്റെ ലക്ഷ്യം. ജീവിച്ചിരിപ്പുണ്ടെങ്കിൽ സുകുമാരക്കുറുപ്പിന് ഇപ്പോൾ 74 വയസ്സുണ്ടാകും.

സുകുമാരക്കുറുപ്പ് മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നൊന്നും പൊലീസിന് പോലും അറിയില്ല. പക്ഷേ, ചെറിയനാട്ടെ കുറുപ്പിന്റെ വീട് ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്. തിരുവല്ലയിൽ വന്ന് കുറുപ്പിന്റെ മകന്റെ വിവാഹം നടന്നപ്പോഴും പന്തലിൽ പൊലീസ് പടയുടെ വൻ സാന്നിധ്യമുണ്ടായിരുന്നു. കുറുപ്പ് ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നാണ് നാട്ടുകാരുടെ സംസാരം. പക്ഷേ, കേരള പൊലീസ് ആവതുശ്രമിച്ചിട്ടും കുറുപ്പിന്റെ പൊടിപോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സുകുമാരക്കുറുപ്പിനെ തേടി പൊലീസ് നടക്കാൻ തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ട് കഴിഞ്ഞു. ചാക്കോയുടെ വീട്ടിൽ ഭാര്യ ശാന്തമ്മയും മകൻ ജിതിനുമുണ്ട്.

ഇനി വിമർശനം

അതെ, ഇങ്ങനെയൊരു ക്രിമിനലിനെ ബ്രാൻഡ് ചെയ്യുന്നതിലാണ് സോഷ്യൽ മീഡിയയ്ക്ക് എതിർപ്പ്. കുറുപ്പ് സിനിമയോടല്ല. അത് ആ കൊലപാതകത്തിന് ഇരയായ കുടുംബത്തിന് ഉണ്ടാക്കുന്ന മാനസിക വിഷമം ചില്ലറയല്ല എന്നാണ് വാദം. സിനിമയെ സിനിമയായി കണ്ടാൽ പോരേ എന്ന വാദവും ഉയരുന്നുണ്ട്. വിമർശനങ്ങളുടെ കൂട്ടത്തിൽ, ശ്രദ്ധേയമായ മിഥുൻ മുരളീധരന്റെ കുറിപ്പ്:

ഒരു ഉദാഹരണത്തിന് നിങ്ങൾ അടുത്ത ഒരു മിനുട്ടിലേക്ക് നിങ്ങളുടെ പേര് ജിതിൻ എന്നാണ് എന്നൊന്ന് കരുതിക്കെ.. നിങ്ങളുടെ അപ്പന്റെ പേര് കെ.ജെ ചാക്കോ എന്നും കരുതുക.. നിങ്ങളുടെ ഈ അപ്പനെ സുകുമാരകുറുപ്പ് എന്നൊരാൾ സ്വന്തം അഭിവൃദ്ധിക്ക് വേണ്ടി കത്തിച്ചു കൊന്നു എന്നും കരുതുക.

കുറെ നാളുകൾക്ക് ശേഷം മലയാളത്തിലെ ഏതെങ്കിലും ഒരു നടൻ നിങ്ങളുടെ അപ്പന്റെ ഈ കൊലപാതകിയുടെ വേഷം ചെയ്യുന്നു എന്ന് കരുതുക. അതിനെ മാസ് ബിജിഎംന്റെയും ആഘോഷങ്ങളുടെയും രീതിയിൽ സ്‌ക്രീനിൽ കൊണ്ടുവരുന്നത് കാണേണ്ടി വരുന്നു എന്നും ഓർക്കുക.

ഒപ്പം അതിന്റെ പ്രൊമോഷനുകൾക്കായി നിങ്ങളുടെ അച്ഛന്റെ കൊലപാതകിയുടെ പേര് എഴുതിയ ടീഷർട്ടുകളും മറ്റും ധരിച്ച് നിങ്ങൾക്ക് മുന്നിലൂടെ ആഘോഷിച്ചു നടക്കുന്നു എന്നും സ്റ്റോറുകളിൽ വിൽപ്പനക്ക് വെക്കുന്നു എന്നും അതിന്റെ വീഡിയോകളും ബിജിഎംകളും മറ്റും സ്റ്റാറ്റസ് ആയും പ്രൊഫൈൽ ആയും ഉപയോഗിക്കുന്നത് കാണേണ്ടി വരുന്നു എന്നും കരുതുക.

ഇനി, മേൽപ്പറഞ്ഞ ഇത്രയും കാര്യങ്ങൾ 'ഒരു ഉദാഹരണം ആയതുകൊണ്ട്' പ്രശ്‌നം ഇല്ല എന്നാണെങ്കിൽ യഥാർത്ഥത്തിൽ സ്വന്തം അച്ഛനെ ജീവിതത്തിൽ കണ്ടിട്ടുപോലുമില്ലാത്ത ഒരു ജിതിൻ ഇവിടെ ജീവിക്കുന്നുണ്ട്. അയാൾക്ക് തീർച്ചയായും മേൽപ്പറഞ്ഞ ഈ വികാരങ്ങൾ തോന്നുന്നുണ്ട്. അയാൾ ഇതിനെപ്പറ്റി പറഞ്ഞവ ഒരിക്കൽ എങ്കിലും ഒന്ന് കേൾക്കാൻ നിങ്ങൾ ശ്രമിക്കുക.

'ഒരിക്കൽപ്പോലും ഞാനെന്റെ അപ്പന്റെ മുഖം കണ്ടിട്ടില്ല. അപ്പൻ കൊല്ലപ്പെടുമ്പോൾ എന്റെ അമ്മ ആറ് മാസം ഗർഭിണിയായിരുന്നു. അവരുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം പോലും തികഞ്ഞിരുന്നില്ല. ആർത്തുങ്കൽ പള്ളിയിലേക്ക് കൊണ്ടുപോകാം എന്ന് അമ്മയ്ക്ക് വാക്ക് നൽകിയാണ് അപ്പൻ അന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. പിന്നെ തിരിച്ചു വന്നില്ല. ജീവിതത്തിൽ നമുക്കെല്ലാവർക്കും ഒരുപാട് പ്രശ്‌നങ്ങളും പ്രാരാബ്ധങ്ങളുമുണ്ട്. അതിനിടയിൽ സിനിമയെക്കുറിച്ചുള്ള വാർത്തകളൊന്നും പിന്നെ ശ്രദ്ധിച്ചില്ല.

എന്നാൽ ചിത്രത്തിന്റെ ടീസർ കണ്ടപ്പോൾ മനസ്സിലെനിക്ക് വല്ലാത്ത വേദന തോന്നി. ഞാനത് അമ്മയെയും കാണിച്ചു. അമ്മയും തകർന്നുപോയി. കഥാപാത്രമായ സുകുമാരക്കുറുപ്പിന്റെ 'ഇനി ഞാൻ വിചാരിക്കണം എന്നെ പിടിക്കാൻ'-എന്ന സംഭാഷണം കൂടി കേട്ടപ്പോൾ ആകെ തകർന്നു. എന്റെ അപ്പനെ കൊന്നയാളെ മഹത്വവൽക്കരിക്കുകയാണെന്ന് എനിക്ക് തോന്നി. അപ്പന്റെ മരണ വാർത്തയറിഞ്ഞതിന്റെ അന്ന് അമ്മയുടെ അപ്പൻ ഹൃദയാഘാതം വന്ന് മരിച്ചു. അപ്പന്റെ അമ്മ കിടപ്പിലായി. ?

പിന്നീട് അമ്മ എന്നെ പ്രസവിച്ചതും ഒറ്റയ്ക്ക് വളർത്തിയതും ഒരുപാട് യാതനകൾ അനുഭവിച്ചായിരുന്നു. അമ്മയ്ക്ക് ഇപ്പോൾ അതൊന്നും ഓർക്കാനോ അതെക്കുറിച്ച് സംസാരിക്കാനോ ഇഷ്ടമല്ല. പക്ഷേ മാധ്യമങ്ങളിലൂടെയും സിനിമകളിലൂടെയും അപ്പനെ കൊന്നയാളുടെ പേര് കേൾക്കുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമാകും. ഈ സിനിമ കണ്ടിറങ്ങുമ്പോൾ എന്റെ അപ്പനെ കൊന്നവൻ പൊതുജനത്തിന് മുന്നിൽ ഹീറോ ആയി തീരുമോ എന്ന ഭയം എനിക്കുണ്ട്. അയാളുടെ ക്രൂരതയുടെ പരിണിതഫലം അനുഭവിച്ച ഞങ്ങൾക്ക് അതൊരിക്കലും താങ്ങാനാകില്ല..'

'ഇത്തരം പ്രൊമോഷനുകൾക്ക് എന്താ പ്രശ്‌നം, ഇവിടെ എസ്‌കോബാർ ഒക്കെ ഉണ്ടല്ലോ നാർക്കോസ് ഉണ്ടല്ലോ ' എന്നു പറയുന്നവർക്ക് വേണ്ടിയാണ്. കുറുപ്പ് എന്ന സിനിമ ഇറങ്ങുന്നതിനോടല്ല, ഈ കാലഘട്ടത്തിലെ ഓരോ മനുഷ്യനും അത്രയേറെ പരിചിതനായ ഒരു ക്രിമിനലിന്റെ ഇത്തരം ബ്രാൻഡിങ് ആണ് എതിർപ്പ്. ആത് ദുൽഖർ പ്രൊമോട്ട് ചെയ്യുന്ന രീതികളോടും. 

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് പ്രേക്ഷകരിലേക്ക് എത്തുന്നത് അഞ്ച് ഭാഷകളിലാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടി രൂപയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേ ഫാറർ ഫിലിംസും എം സ്റ്റാർ എന്റർടൈന്മെന്റ്‌സും ചേർന്നാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്‌ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസമെടുത്താണ് കുറുപ്പ് ചിത്രീകരിച്ചത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP