Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വന്തം കാൽച്ചുവടുകളാണ് ലോകത്തിന്റെ അളവുകോലെന്ന് തെറ്റിദ്ധരിക്കരുത്; തെരുവിൽ സമരം ചെയ്തവരുടെ ചെറുത്തുനിൽപ്പു തന്നെയാണ് നമ്മുടെയൊക്കെ ഇന്നത്തെ അന്തസ്സുറ്റ സാമൂഹിക ജീവിതം; അരാഷ്ട്രീയതയെ താലോലിക്കുന്നതിൽ അപകടങ്ങളുണ്ട്; പെട്രോൾ-ഡീസൽ വിലവർധനവിലെ കോൺഗ്രസ് സമരത്തെ പിന്തുണച്ച് ദീപാ നിശാന്ത്

സ്വന്തം കാൽച്ചുവടുകളാണ് ലോകത്തിന്റെ അളവുകോലെന്ന് തെറ്റിദ്ധരിക്കരുത്; തെരുവിൽ സമരം ചെയ്തവരുടെ ചെറുത്തുനിൽപ്പു തന്നെയാണ് നമ്മുടെയൊക്കെ ഇന്നത്തെ അന്തസ്സുറ്റ സാമൂഹിക ജീവിതം; അരാഷ്ട്രീയതയെ താലോലിക്കുന്നതിൽ അപകടങ്ങളുണ്ട്; പെട്രോൾ-ഡീസൽ വിലവർധനവിലെ കോൺഗ്രസ് സമരത്തെ പിന്തുണച്ച് ദീപാ നിശാന്ത്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സൈബർ ഇടത്തിൽ എന്നും ഇടുതുപക്ഷത്തെ പിന്തുണക്കുന്ന വ്യക്തിയെന്ന നിലയിലാണ് കേരളാ വാർമ്മ കോളേജിലെ അദ്ധ്യാപിക ദീപാ നിശാന്ത് അറിയപ്പെടുന്നത്. എന്നാൽ, കോൺഗ്രസ് നടത്തുന്ന സമരത്തെ പിന്തുണച്ചു കൊണ്ട് അവർ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ജോജു ജോർജ്ജിന്റെ നിലപാടിന് എതിരെയാണ് ദീപാ നിശാന്ത് രംഗത്തുവന്നത്. ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ദീപാ നിശാന്ത് കോൺഗ്രസ് സമരത്തിന് പിന്തുണ അറിയിച്ചത്.

പെട്രോൾ വിലക്കയറ്റത്തിന്റെ സൂക്ഷ്മാനുഭവങ്ങളെപ്പറ്റി പ്രിവിലേജ്ഡ് ആയ നമ്മളിൽ പലരും അജ്ഞരാണെന്നും സ്വന്തം കാൽച്ചുവടുകളാണ് ലോകത്തിന്റെ അളവുകോലെന്ന് തെറ്റിദ്ധരിക്കുന്നവരാണെന്നും ദീപാ നിശാന്ത് പറയുന്നു. 'നമ്മളിൽ പലരും പ്രിവിലേജുകളിലൂടെ കടന്നു വന്ന്, ഒരു സമരത്തിലും പങ്കെടുക്കാതെ, മേലുനോവുന്നിടത്തു നിന്നെല്ലാം ഒഴിഞ്ഞുമാറി, വ്യക്തിപരമായ സംഘർഷത്തിനപ്പുറം ഒരു സാമൂഹിക സംഘർഷത്തിലും ഭാഗഭാക്കാകാതെ നിഷ്പക്ഷമതികളായ അദ്ധ്യാപകരുടെ കണ്ണിലുണ്ണികളായി വിദ്യാഭ്യാസം പൂർത്തിയാക്കി കടന്നു പോന്നപ്പോഴും തെരുവിലിറങ്ങി നമുക്കു വേണ്ടി ശബ്ദമുയർത്തുന്ന മനുഷ്യരുണ്ടായിരുന്നു. നമുക്കു പോകേണ്ട ബസ്സിൽ നമ്മളെ കയറ്റാതിരുന്നാൽ, ബസ്സ് കൂലി വർദ്ധിപ്പിച്ചാൽ ഫീസ് വർദ്ധിപ്പിച്ചാൽ, അവകാശങ്ങൾ നിഷേധിച്ചാൽ നമുക്കു വേണ്ടി അവർ ഓടി വരുമായിരുന്നു. ശബ്ദമുയർത്തുമായിരുന്നു.

മുന്നോട്ടു നടന്നതും, ജയിച്ചു മുന്നേറിയതും, തോൽക്കാനും ഇടയ്ക്ക് വീണുപോകാനും അടിയേൽക്കാനും സമരം ചെയ്യാനും കുറേപ്പേരുണ്ടായതു കൊണ്ടു തന്നെയാണെന്ന തിരിച്ചറിവ് ഇന്നുണ്ട്. തെരുവിൽ സമരം ചെയ്തവരുടെ ചെറുത്തുനിൽപ്പുതന്നെയാണ് നമ്മുടെയൊക്കെ ഇന്നത്തെ അന്തസ്സുറ്റ സാമൂഹിക ജീവിതം,' ദീപാ നിശാന്ത് പോസ്റ്റിൽ പറയുന്നു.

അരാഷ്ട്രീയതയെ താലോലിക്കുന്നതിൽ ചില അപകടങ്ങൾ കൂടിയുണ്ട് എന്ന ബോധ്യത്തിൽ ഇന്നലെ പെട്രോൾവിലവർധനവിനെതിരെ തെരുവിൽ നടത്തിയ സമരത്തെ പിന്തുണക്കുന്നു എന്നായിരുന്നു ദീപാ നിശാന്ത് പോസ്റ്റിൽ എഴുതിയത്. പെട്രോൾ വിലവർധനവിൽ ഇടപ്പള്ളി-വൈറ്റില ദേശീയപാത ഉപരോധിച്ചായിരുന്നു കോൺഗ്രസിന്റെ സമരം.

മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തിൽ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയിൽ കുടുങ്ങിക്കിടക്കുന്നത്. ആറ് കിലോമീറ്ററിൽ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. കോൺഗ്രസിന്റെ സമരത്തിനെതിരെ പ്രതിഷേധവുമായി നടൻ ജോജു ജോർജ് രംഗത്തെത്തിയിരുന്നു.

നൂറ് കണക്കിന് വാഹനങ്ങളായിരുന്നു വഴിയിൽ കുടുങ്ങിക്കിടന്നിരുന്നത്. സാധാരണക്കാരെ ബുദ്ധിമുട്ടിച്ച് എന്തിനാണ് ഇത്തരം സമരമെന്നും ജോജു ചോദിച്ചു. വഴിയിൽ കുടുങ്ങിയ നാട്ടുകാരും ഇതേ ആവശ്യമുന്നയിച്ച് ജോജുവിനൊപ്പം ചേർന്ന് പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്ന് ജോജുവിന് നേരെ കൈയേറ്റശ്രമം ഉണ്ടാവുകയും, ജോജുവിന്റെ വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്തിരുന്നു.

ദീപാ നിശാന്തിന്റെ പോസ്റ്റിന്റെ പൂർണരൂപം:

പെട്രോൾ വിലക്കയറ്റത്തിന്റെ സൂക്ഷ്മാനുഭവങ്ങളെപ്പറ്റി 'പ്രിവിലേജ്ഡ്' ആയ നമ്മളിൽ പലരും അജ്ഞരാണ്. സ്വന്തം കാൽച്ചുവടുകളാണ് ലോകത്തിന്റെ അളവുകോലെന്ന് തെറ്റിദ്ധരിക്കുന്നവരാണ്. മക്കളെ രണ്ടു പേരെയും സ്‌കൂളിൽ കൊണ്ടുപോയിരുന്ന ഓട്ടോക്കാരൻ ഇനി ഓട്ടോ എടുക്കുന്നില്ലത്രേ... അയാൾക്കീ പെട്രോൾവില താങ്ങാൻ പറ്റുന്നില്ല.. 'ആയിരം രൂപയ്ക്ക് ഓടിയാൽ 600 രൂപയ്ക്ക് പെട്രോളടിക്കേണ്ട അവസ്ഥയാ ടീച്ചറേ.. വേറെ വല്ല പണിക്കും പോവാണ് നല്ലത്.. ഇത് നിർത്തി' എന്ന് പറഞ്ഞത് അതിശയോക്തിയാണോ എന്നെനിക്കറിയില്ല..

എന്തായാലും പത്തു മുപ്പത് വർഷമായി ചെയ്തിരുന്ന തൊഴിലാണ് അയാൾ ഇക്കാരണം കൊണ്ട് ഉപേക്ഷിക്കുന്നത്. വാർദ്ധക്യത്തോടടുക്കുന്ന ഈ സമയത്ത് മറ്റു തൊഴിലന്വേഷിക്കേണ്ടി വരുന്ന ഗതികേടിലെത്തി നിൽക്കുന്നത്.. അയാൾ മാത്രമല്ല മറ്റു പലരും ആ അവസ്ഥയിലെത്തിയിട്ടുണ്ട് എന്നത് ഒരു സാമൂഹികയാഥാർത്ഥ്യം തന്നെയാണ്.

നമ്മളിൽ പലരും പ്രിവിലേജുകളിലൂടെ കടന്നു വന്ന്, ഒരു സമരത്തിലും പങ്കെടുക്കാതെ, മേലുനോവുന്നിടത്തു നിന്നെല്ലാം ഒഴിഞ്ഞുമാറി, വ്യക്തിപരമായ സംഘർഷത്തിനപ്പുറം ഒരു സാമൂഹിക സംഘർഷത്തിലും ഭാഗഭാക്കാകാതെ നിഷ്പക്ഷമതികളായ അദ്ധ്യാപകരുടെ കണ്ണിലുണ്ണികളായി വിദ്യാഭ്യാസം പൂർത്തിയാക്കി കടന്നു പോന്നപ്പോഴും തെരുവിലിറങ്ങി നമുക്കു വേണ്ടി ശബ്ദമുയർത്തുന്ന മനുഷ്യരുണ്ടായിരുന്നു.

നമുക്കു പോകേണ്ട ബസ്സിൽ നമ്മളെ കയറ്റാതിരുന്നാൽ, ബസ്സ് കൂലി വർദ്ധിപ്പിച്ചാൽ ഫീസ് വർദ്ധിപ്പിച്ചാൽ, അവകാശങ്ങൾ നിഷേധിച്ചാൽ നമുക്കു വേണ്ടി അവർ ഓടി വരുമായിരുന്നു. ശബ്ദമുയർത്തുമായിരുന്നു. മുന്നോട്ടു നടന്നതും,ജയിച്ചു മുന്നേറിയതും, തോൽക്കാനും ഇടയ്ക്ക് വീണുപോകാനും അടിയേൽക്കാനും സമരം ചെയ്യാനും കുറേപ്പേരുണ്ടായതു കൊണ്ടു തന്നെയാണെന്ന തിരിച്ചറിവ് ഇന്നുണ്ട്.. തെരുവിൽ സമരം ചെയ്തവരുടെ ചെറുത്തുനിൽപ്പുതന്നെയാണ് നമ്മുടെയൊക്കെ ഇന്നത്തെ അന്തസ്സുറ്റ സാമൂഹിക ജീവിതം.

അരാഷ്ട്രീയതയെ താലോലിക്കുന്നതിൽ ചില അപകടങ്ങൾ കൂടിയുണ്ട് എന്ന ബോധ്യത്തിൽ ഇന്നലെ പെട്രോൾവിലവർധനവിനെതിരെ തെരുവിൽ നടത്തിയ സമരത്തെ പിന്തുണക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP