Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുന്നോട്ട് വച്ച കാൽ മുന്നോട്ട് തന്നെ എന്ന് എന്നും ധൈര്യം കൊടുത്തത് അമ്മ; മകളുടെ വേർപാടിൽ ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ തളർന്നുപോയതും അമ്മ റസീനാ ബീവി; ബന്ധുക്കൾ എതിർത്തപ്പോഴും റാമ്പിൽ ചുവട് വച്ചത് വീട്ടുകാരുടെ സ്‌നേഹം ഒന്നുകൊണ്ടുമാത്രം; കാറപകടത്തിന് മുമ്പേ 'പോകാൻ ഉള്ള സമയമായി' എന്ന് ഇൻസ്റ്റയിൽ കുറിക്കുമ്പോൾ അൻസി ഓർത്തിരിക്കുമോ ബാക്കി വച്ച സ്വപ്‌നങ്ങൾ

മുന്നോട്ട് വച്ച കാൽ മുന്നോട്ട് തന്നെ എന്ന് എന്നും ധൈര്യം കൊടുത്തത് അമ്മ; മകളുടെ വേർപാടിൽ ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ തളർന്നുപോയതും അമ്മ റസീനാ ബീവി; ബന്ധുക്കൾ എതിർത്തപ്പോഴും റാമ്പിൽ ചുവട് വച്ചത് വീട്ടുകാരുടെ സ്‌നേഹം ഒന്നുകൊണ്ടുമാത്രം; കാറപകടത്തിന് മുമ്പേ 'പോകാൻ ഉള്ള സമയമായി' എന്ന് ഇൻസ്റ്റയിൽ കുറിക്കുമ്പോൾ അൻസി ഓർത്തിരിക്കുമോ ബാക്കി വച്ച സ്വപ്‌നങ്ങൾ

ആർ പീയൂഷ്

കൊച്ചി: സിനിമയെന്ന സ്വപ്നം ഇനി ബാക്കി. മുൻ മിസ് കേരള തിരുവനന്തപുരം ആറ്റിങ്ങൽ പാലാംകോണം അൻസി കോട്ടേജിൽ അൻസി കബീർ(25) കാറപകടത്തിൽ മരണപ്പെട്ടപ്പോൾ പൊലിഞ്ഞതും ആ സ്വപ്‌നം തന്നെ. മിസ് കേരളയായതിന് ശേഷം സിനിമയിൽ അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പല അവസരങ്ങളും വന്നിരുന്നുവെങ്കിലും പ്രധാന വേഷം ഒന്നും കിട്ടിയിരുന്നില്ല. ഇതിനിടയിൽ കോവിഡ് പടർന്നു പിടിച്ചതോടെ സിനിമാ രംഗം തകരുകയും അൻസി ആഗ്രഹം മാറ്റിവയ്ക്കുകയുമായിരുന്നു.

ബി.ടെക് ബിരുദധാരിയായ അൻസി ഇൻഫോസിസ് ജീവനക്കാരിയായിരുന്നു. 2018 ൽ മിസ് മലബാർ, ലുലു ബ്യൂട്ടി ഫെസ്റ്റ് എന്നിവയിൽ ഫസ്റ്റ് റണ്ണറപ്പായിരുന്നു. പിന്നീടാണ് മിസ് കേരള 2019ൽ സൗന്ദര്യ റാണിയായി അൻസി കബീർ തെരഞ്ഞെടുക്കപ്പെടുന്നത്. കൊച്ചി ലേ മെറിഡിയനിൽ നടന്ന സ്വയംവര ഇംപ്രസാരിയോ മിസ് കേരള മത്സരത്തിൽ 21പേരെ പിന്തള്ളിയാണ് അൻസി കബീർ വിജയിച്ചത്. അൻജന ഷാജൻ ഫസ്റ്റ് റണ്ണറപ്പും അൻജന വേണു സെക്കന്റ് റണ്ണറപ്പുമായി തെരഞ്ഞെടുക്കപ്പെട്ടു. 2018 ലെ മിസ് കേരള പ്രതിഭാ സായിയും സിനിമാ അഭിനേതാവ് ഷെയിൻ നിഗവും ചേർന്നാണ് കിരീടമണിയിച്ചത്. മിസ് കൺജിനിയാലിറ്റിയായി തെരഞ്ഞെടുത്തതും അൻസി കബീറിനെയാണ്.

മത്സരത്തിന്റെ വിധികർത്താക്കളായത് സംവിധായികയും കോസ്റ്റ്യൂം ഡിസൈനറുമായ റോഷ്ണി ദിനകർ, യൂട്യൂബ് ചാനലായ കരിക്കിന്റെ ഫൗണ്ടറും ക്രിയേറ്റീവ് ഹെഡുമായ നിഖിൽ പ്രസാദ്, കൊറിയോഗ്രാഫർ സജ്‌ന നജാം, നർത്തകിയും അഭിനേത്രിയുമായ പാരീസ് ലക്ഷ്മി, കോഴിക്കോട് മുൻ കളക്ടർ പ്രശാന്ത് നായർ, സ്റ്റാലിയൺ ഗ്രൂപ്പ് ചെയർമാനും ഡയറക്ടറുമായ രാജീവ് നായർ, നേവൽ വൈവ്‌സ് വെൽഫെയർ അസോസിയേഷൻ സതേൺ റീജിയൺ പ്രസിഡന്റ് സ്വപ്ന ചൗള, കഥകളി ആർട്ടിസ്റ്റ് ഹരി പ്രിയ നമ്പൂതിരി എന്നിവരായിരുന്നു.

21 സുന്ദരിമാരെ മറികടന്ന് വിജയം

'എന്നെക്കാൾ സുന്ദരിമാരായിരുന്നു കൂടെ മൽസരിച്ച 21 പേരും, എല്ലാവരും ഓരോ പടി മുന്നിൽ നിൽക്കുന്നവർ. റാംപിൽ നിൽക്കുമ്പോൾ ആത്മവിശ്വാസത്തോടെ മറുപടികൾ നൽകിയതാണ് എന്നെ വിജയിയാക്കിയത് എന്നാണ് വിശ്വസിക്കുന്നത്. നേരത്തെ മൂന്ന് സൗന്ദര്യ മൽസരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത ആത്മവിശ്വാസമായിരുന്നു മൽസരത്തിനെത്തിയപ്പോൾ. ജഡ്ജിങ് പാനലിന്റെ ചോദ്യങ്ങളോട് മികച്ച രീതിയിൽ പ്രതികരിക്കാനായി. ഗ്രൂമിങ്ങിനെത്തുമ്പോൾ ഉണ്ടായിരുന്ന അൻസി ആയിരുന്നില്ല മൽസരത്തിന് റാംപിലെത്തുമ്പോൾ. മികച്ച പരിശീലനമാണ് ലഭിച്ചത്. അത്രയേറെ ആത്മവിശ്വാസം വർധിച്ചിരുന്നു. ടോപ് 5ൽ എങ്കിലും എത്തുമെന്ന് ഉറപ്പിച്ചിരുന്നു, മത്സര ശേഷം മാധ്യമങ്ങളോട് തന്റെ അനുഭവം പങ്കുവച്ച് ആൻസി പറഞ്ഞിരുന്നു.

മിസ് കേരള മൽസരത്തിൽ പങ്കെടുക്കുന്നത് ആരോടും പറഞ്ഞിരുന്നില്ല. അടുത്ത ബന്ധുക്കൾക്കും വീട്ടിലുള്ളവർക്കും ഒഴികെ മൽസരത്തിൽ പങ്കെടുക്കുന്ന വിവരം ആർക്കും അറിയില്ലായിരുന്നു. ഉപ്പാന്റെ സഹോദരന്റെ മകളുടെ കല്യാണമായിരുന്നിട്ടും മത്സരത്തിൽ പങ്കെടുത്തു. അവസാന നിമിഷവും വാപ്പ ചോദിച്ചു, വിവാഹം ഒഴിവാക്കി മൽസരത്തിനു പോണോ എന്ന്. എന്റെ നിർബന്ധത്തിനു വഴങ്ങിയാണ് വാപ്പ സമ്മതിച്ചത്. ഉറച്ച പിന്തുണയുമായി ഉമ്മ റസീന ബീവി കൂടെ നിന്നു. വീട്ടിൽ ഒറ്റ മകളാണു ഞാൻ. ഉപ്പയും ഉമ്മയും താൽപര്യങ്ങൾക്കൊന്നും എതിരു നിൽക്കാറില്ല. എന്നാൽ ബന്ധുക്കൾക്കൊന്നും ഇതു വലിയ താൽപര്യമായിരുന്നില്ലെന്നും അന്ന് ആൻസി പറഞ്ഞു.

റാംപിൽ നിൽക്കുമ്പോൾ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ നല്ല മനസാന്നിധ്യം വേണം. കഴിഞ്ഞ മൽസരങ്ങളിൽ പരാജയപ്പെട്ടത് ഈ മനസാന്നിധ്യം നഷ്ടമായതിനാലാണ്. ഇത്തവണ അങ്ങനെ ആയിരുന്നില്ല. നല്ല ആത്മവിശ്വാസത്തോടെയാണ് ചോദ്യങ്ങളെ നേരിട്ടത്. കിരീടം സ്വന്തമാക്കിയാൽ ലഭിക്കുന്ന പ്രശസ്തി ആളുകൾക്കു പ്രചോദനം നൽകും വിധം എങ്ങനെ ഉപയോഗപ്പെടുത്തും എന്നായിരുന്നു ആദ്യ ചോദ്യം. തന്റേത് ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബമായതിനാൽ തന്റെ നേട്ടം മറ്റു പലർക്കും ഈ രംഗത്തേയ്ക്ക് കടുന്നു വരുന്നതിന് പ്രേരണ നൽകുമെന്നായിരുന്നു മറുപടി.

ചെറിയ വേഷമെങ്കിലും സിനിമയിൽ ഒരുകൈ നോക്കണം

ജോലിയും ഫാഷൻ മേഖലയും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകണമെന്ന് ആഗ്രഹിച്ച ആൻസി ഒട്ടേറെ സ്വപ്നങ്ങൾ ബാക്കിവച്ചാണ് ജീവിതത്തിൽ നിന്നും മടങ്ങുന്നത്. നല്ല അവസരമുണ്ടായാൽ സിനിമയിൽ ഒരു കൈ നോക്കാൻ മോഹിച്ചു. സിനിമയിൽ തന്നെ ജീവിതം വേണമെന്നില്ല. ചെറിയ വേഷമായാലും നല്ല വേഷമാണെങ്കിൽ സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഒരിക്കൽ ആൻസി തുറന്നു പറഞ്ഞിരുന്നു. ജോലിയും ഈ മേഖലയും തമ്മിൽ ബാലൻസ് ചെയ്യാൻ പറ്റാതെ വന്നാൽ അപ്പോൾ ഏറ്റവും സന്തോഷം തരുന്നതെന്തോ അത് തിരഞ്ഞെടുക്കുമെന്നായിരുന്നു അന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി.

ഫാഷൻ ഗേളാകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. പഠനത്തിൽ തന്നെയായിരുന്നു ശ്രദ്ധ. സ്‌കൂളിലും കോളജിലും പഠിക്കുന്ന കാലത്തും ഫാഷനൊ അഭിനയമോ പട്ടികയിലില്ല. എൻജിനിയറിങ് പഠിക്കുമ്പോൾ അവിടെ നടന്ന മൽസരത്തിൽ പങ്കെടുക്കാൻ സഹപാഠികൾ നിർബന്ധിച്ചു. അതിനു വഴങ്ങിയതിനു ശേഷമാണ് ഫാഷനൊക്കെ മനസ്സിലെത്തുന്നത്. പിന്നെ പഠനം കഴിഞ്ഞ് വീട്ടിൽ നിൽക്കുമ്പോഴാണ് മൽസരങ്ങളിൽ പങ്കെടുക്കുന്നതും വിജയം തേടിയെത്തുന്നതും.

ഇതിനിടെ തിരുവനന്തപുരം ടെക്നോപാർക്കിൽ ഒരു കമ്പനിയിൽ ജോലിക്കു പ്രവേശിച്ചിരുന്നു. കുറെ പഠിച്ചു കിട്ടിയ ജോലിയല്ലെ, അത് നഷ്ടപ്പെടുത്തിക്കളയാൻ എന്തായും താൽപര്യമില്ല. ഒരു കിരീടം കിട്ടിയെന്നു കരുതി ജോലി വേണ്ടെന്നു വയ്ക്കില്ല എന്നായിരുന്നു മിസ് കേരളാ കിരീടം ചൂടിയ ശേഷം ആൻസി പ്രതികരിച്ചത്.

എന്നും തുണയായി നിന്നത് അമ്മ

ഫാഷൻ ഷോകളിൽ മത്സരിക്കാൻ പോകുന്നതിന് പിതാവ് കബീർ എതിരായിരുന്നു. എന്നാൽ അൻസിയുടെ നിർബന്ധത്തിൽ അദ്ദേഹം സമ്മതിക്കുകയായിരുന്നു. അമ്മ റസീന പക്ഷേ മകളുടെ ആഗ്രഹത്തിന് എല്ലാ പിന്തുണയും നൽകിയിരുന്നു. പലരും എതിർപ്പു പറയുമ്പോഴും മകളെ പ്രോത്സാഹിപ്പിച്ച് മുൻനിരയിലേക്കെത്തിച്ചതും റസീന തന്നെയാണ്. ഇക്കാര്യം പല വേദികളിലും അൻസി വെളിപ്പെടുത്തിയിട്ടുണ്ട്. മകളുമായി അത്രമേൽ ആത്മബന്ധമായിരുന്നു. അതിനാൽ തന്നെ ഇന്ന് അൻസിയുടെ മരണ വിവരം അറിഞ്ഞ് റസീന വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ആശുപത്രിയിൽ ചികിത്സയിലുമാണ്.

അൻസിയുടെ സുഹൃത്താണ് മരണവിവരം അടുത്തുള്ള വീട്ടിൽ വിളിച്ചറിയിച്ചത്. ഇതിനിടെ മറ്റാരിൽനിന്നോ വിവരം അറിഞ്ഞ റസീന വിഷം കഴിക്കുകയായിരുന്നു. വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരം അറിയിച്ചു. പിന്നീട് റസീന വാതിൽ തുറക്കുകയും ഛർദിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് ഇവരെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

ഡിജെ പാർട്ടിയിൽ നിന്ന് മടങ്ങവേ ദുരന്തം

കഴിഞ്ഞ രാത്രിയിൽ ഫോർട്ട് കൊച്ചിയിലെ ക്ലബ്ബ് 18 എന്ന ഹോട്ടലിൽ നടന്ന ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത് സുഹൃത്തുക്കൾക്കൊപ്പം മടങ്ങുമ്പോഴാണ് കാറപകടത്തിൽ അൻസി മരണപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന മിസ് കേരളാ റണ്ണറപ്പ് അഞ്ജനയും കൊല്ലപ്പെട്ടു. മിസ് കേരള സൗന്ദര്യ മത്സരത്തിനു മുന്നോടിയായുള്ള പരിശീലനനാളുകളിൽ അൻസിയും അൻജനയും തുടങ്ങിയ സൗഹൃദം, റാംപിലെ കടുത്ത മത്സര ദിനങ്ങളിൽ വളർന്നുപടർന്നു. ഈ കോവിഡ് കാലത്തും പരസ്പരം അടുത്ത ബന്ധം കാത്തുസൂക്ഷിച്ച അൻസിയും അൻജനയും ഒടുവിൽ മരണത്തിലും ഒന്നിച്ചു. ഇരുവരും ഇണപിരിയാത്ത സുഹൃത്തുക്കളായിരുന്നു.

പാർട്ടി കഴിഞ്ഞ് സുഹൃത്തുക്കളായ മുഹമ്മദ് ആഷിക്കിനും അബ്ദുൾ റഹ്മാനും ഒപ്പം അഞ്ജനയുടെ തൃശൂരിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

ദേശീയ പാതയിൽ പാലാരിവട്ടത്തിന് സമീപം ചക്കരപറമ്പിൽ വച്ച് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിൽ ഇടിച്ച് കാർ തകരുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചു തന്നെ ഇരുവരും മരണപ്പെട്ടു ആഷിക്കും അബ്ദുൾ റഹ്മാനും ആശുപത്രിയിൽ ചികിത്സയിലാണ്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും പ്രാഥമികമായി അറിയിച്ചു.

'പോകാനുള്ള സമയമായി'

ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമടക്കം നൊമ്പരമായി ആൻസി കബീർ അവസാനമായി സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച വാക്കുകൾ. 'പോകാനുള്ള സമയമായി.....' ഇതായിരുന്നു ആൻസി ഞായറാഴ്ച തന്റെ ട്രാവൽ പോസ്റ്റിൽ പോസ്റ്റ് ചെയ്ത ഒറ്റവരി അടിക്കുറിപ്പ്. തിങ്കളാഴ്ച പുലർച്ചെ കൊച്ചിയിൽ വാഹന അപകടത്തിൽ മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് പങ്കുവച്ചത്.

പോസ്റ്റ് ചെയ്ത വീഡിയോയിൽ, മനോഹരമായ പച്ച മരങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചെളി നിറഞ്ഞ പാതയിലൂടെ അവൾ സന്തോഷത്തോടെ ഇറങ്ങി നടക്കുന്നത് കാണാം. മനസിൽ ഒളിപ്പിച്ച എന്തോ സങ്കടത്തിന്റെ വികാരം കൂടി പങ്കുവച്ച വീഡിയോ.

      View this post on Instagram

A post shared by Ansi Kabeer (@ansi_kabeer)

ആൻസിയുടെ അടിക്കുറിപ്പിലെ വാക്കുകൾക്ക് പോസ്റ്റിന് താഴെ ഒട്ടേറെ പേർ കമന്റ് ചെയ്തു. സമൂഹ മാധ്യമങ്ങളിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു വ്യക്തിയായിരുന്നു ആൻസി. മരണവാർത്ത ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

കൊച്ചിയിലുണ്ടായ വാഹന അപകടത്തിൽ പൊലിഞ്ഞത് റാംപിൽ വിരിഞ്ഞ സൗഹൃദം കൂടിയാണ്. മിസ് കേരള സൗന്ദര്യ മത്സരത്തിനു മുന്നോടിയായുള്ള പരിശീലന നാളുകളിൽ പരിചയപ്പെട്ട് ഉറ്റ സുഹൃത്തുക്കളായി മാറിയ അൻസിയും അൻജനയും മരണത്തിലും ഒന്നിച്ചതിന്റെ ആഘാതത്തിലാണ് ഇരുവരുടേയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും.

കോവിഡ് കാലത്തും പരസ്പരം അടുത്ത ബന്ധം കാത്തുസൂക്ഷിച്ച അൻസിയും അൻജനയും ഒടുവിൽ മരണത്തിലും ഒന്നിച്ചു. കൊച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങുമ്പോൾ ഇരുവരും സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻഹോട്ടലിനു മുന്നിൽ അപകടത്തിൽപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP