Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാന സർക്കാരിന് തിരിച്ചടി; ജേക്കബ് തോമസിനെതിരായ അഴിമതിക്കേസ് റദ്ദാക്കി ഹൈക്കോടതി; സിംഗിൾ ബെഞ്ചിന്റെ ഇടപെടൽ, തുറമുഖ വകുപ്പ് ഡയറക്ടർ ആയിരിക്കേ, ഡ്രെഡ്ജർ വാങ്ങിയതിൽ അഴിമതി നടത്തിയെന്ന കേസിൽ; സത്യം ജയിച്ചെന്ന് ജേക്കബ് തോമസ്

സംസ്ഥാന സർക്കാരിന് തിരിച്ചടി; ജേക്കബ് തോമസിനെതിരായ അഴിമതിക്കേസ് റദ്ദാക്കി ഹൈക്കോടതി; സിംഗിൾ ബെഞ്ചിന്റെ ഇടപെടൽ, തുറമുഖ വകുപ്പ് ഡയറക്ടർ ആയിരിക്കേ, ഡ്രെഡ്ജർ വാങ്ങിയതിൽ അഴിമതി നടത്തിയെന്ന കേസിൽ; സത്യം ജയിച്ചെന്ന് ജേക്കബ് തോമസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഡ്രജർ അഴിമതിക്കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലൻസ് എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ്, സർക്കാർ ഖജനാവിന് 14.96 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ധനകാര്യ വിഭാഗത്തിന്റെ കണ്ടെത്തലിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

വിജിലൻസ് കേസിനെതിരെ ജേക്കബ് തോമസ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് നാരായണ പിഷാരടിയുടെ സിംഗിൾ ബെഞ്ചാണ് കുറ്റപത്രം റദ്ദാക്കിയത്. ജേക്കബ് തോമസിനായി അഭിഭാഷകൻ സി. ഉണ്ണിക്കൃഷ്ണൻ ഹാജരായി.

കേസിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ, എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് കോടതിയെ സമീപിക്കുകയായിരുന്നു. ജേക്കബ് തോമസ് തുറമുഖവകുപ്പ് ഡയറക്ടർ ആയിരിക്കേ, അഴിമതി നടത്തി എന്നതാണ് വിജിലൻസ് ആരോപണം.

ഡ്രെഡ്ജർ വാങ്ങാൻ എട്ടുകോടി രൂപ അനുവദിച്ച സ്ഥാനത്ത് 19 കോടി രൂപ ചെലവഴിച്ചു എന്ന് എഫ്ഐആറിൽ പറയുന്നു. നേരത്തെ ഹൈക്കോടതി തള്ളിയ ആരോപണത്തിൽ വീണ്ടും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു എന്നതായിരുന്നു ജേക്കബ് തോമസിന്റെ ഹർജിയിൽ പറയുന്നത്. ഈ വാദമാണ് ഹൈക്കോടതി ശരിവെച്ചത്.

സത്യം ജയിക്കുമെന്നതിന്റെ തെളിവാണ് കോടതി വിധിയെന്ന് മുൻ ഡി.ജി.പി ജേക്കബ് തോമസ് പ്രതികരിച്ചു. നൂറ് ശതമാനവും കളവായ കേസായിരുന്നു ഇത്. ചില ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. രാഷ്ട്രീയക്കാർക്കൊന്നും അതിൽ ഒരു പങ്കുമില്ല. അഴിമതിക്കെതിരായ നിലപാടെടുത്താൽ ഈ സമൂഹത്തിൽ നിലനിൽപ്പുണ്ട് എന്ന സന്ദേശമാണ് ഈ വിധി തരുന്നത്.

ഇതിന് സമാനമായ കാര്യമാണ് ബോംബെയിൽ സമീർ വാംഖഡെയ്ക്ക് എതിരെ നടക്കുന്നത്. സത്യസന്ധമായി ഒരു കേസ് അന്വേഷിച്ചു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റ്. കുംടുംബത്തെയൊക്കെ വിചാരണ ചെയ്ത് അദ്ദേഹത്തെ മുൾമുനയിൽ നിർത്തുകയാണ്.

അഴിമതിക്കെതിരേ നിലപാട് എടുത്ത എല്ലാവർക്കും വേണ്ടിയാണ് ഞാൻ പോരാടിയത്. കേരളത്തിലെ അഴിമതിക്കെതിരേ പോരാടിയതിനാണ് ഞാൻ ഒരു വർഷം സസ്പെൻഷനിലായത്. ഇപ്പോഴും പെൻഷൻ പോലും നിഷേധിക്കുകയാണ്. അതെല്ലാം തിരിച്ചുപിടിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

ഡ്രെഡ്ജർ വാങ്ങാൻ 8 കോടി ഭരണാനുമതി ഉണ്ടായിരുന്ന മിനിട്‌സ് 20 കോടിയാക്കി എന്നും എട്ട് കോടിയാണ് അനുവദിച്ചതെങ്കിലും 19 കോടിക്കാണ് ഡ്രെഡ്ജർ വാങ്ങിയത് എന്നും എഫ് ഐ ആറിൽ പറയുന്നു. ഇതോടൊപ്പം ടെൻഡറിൽ ഒന്നാമതെത്തിയ ഇന്ത്യൻ കമ്പനിയെ ഒഴിവാക്കി ഹോളണ്ട് കമ്പനിയെ ഒന്നാമതാക്കിയെന്നും ആരോപണം ഉയർന്നു. ജേക്കബ് തോമസിന്റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെയാണ് വിജിലൻസ് കേസ് വീണ്ടും ഉയർന്നുവന്നത്.

ജേക്കബ് തോമസ് സസ്പെൻഷനിൽ പോയ സമയത്താണ്, അഴിമതിക്കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസ് ഹൈക്കോടതി റദ്ദാക്കിയതോടെ, ജേക്കബ് തോമസിനെതിരെ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളെല്ലാം പൂർണമായി മാറിയിരിക്കുകയാണ്.

2009 2014 കാലഘട്ടത്തിലാണ് ഇദ്ദേഹം തുറമുഖ ഡയറക്ടറായി പ്രവർത്തിച്ചത്. ജേക്കബ് തോമസ് തുറമുഖ വകുപ്പു ഡയറക്ടർ ആയിരിക്കെ കട്ടർ സക്ഷൻ ഡ്രജർ വാങ്ങിയതിലാണ് അഴിമതി ആരോപണം ഉയർന്നത്. സർക്കാർ അനുമതിക്കു ശേഷം രേഖകളിൽ മാറ്റം വരുത്തി ടെൻഡർ വിവരങ്ങൾ വിദേശ കമ്പനിക്കു കൈമാറിയെന്നാണ് ധനകാര്യ വകുപ്പ് കണ്ടെത്തിയത്. ഇക്കാര്യത്തിൽ 2014ൽ വിജിലൻസ് അന്വേഷിച്ച് ക്രമക്കേട് നടന്നിട്ടില്ലെന്നു റിപ്പോർട്ടു നൽകിയിരുന്നു. എന്നാൽ അന്വേഷണ സമയത്ത് ജേക്കബ് തോമസ് തന്നെയായിരുന്നു വിജിലൻസ് എഡിജിപി.

തോമസ് ജേക്കബിന് എതിരെയായിരുന്നു ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം.വിജനയാനന്ദിന്റെ ശുപാർശ. 2016ൽ കണ്ണൂരിൽ നിന്നുള്ള രാജീവ് ഗാന്ധി കൺസ്ട്രക്ഷൻ കോഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് ധനകാര്യ വകുപ്പിനു നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്.

എന്നാൽ ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത വൃത്തങ്ങളിലുള്ളയാളായിരുന്നു ജേക്കബ് തോമസ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിനെതിരായി ജേക്കബ് തോമസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് നേട്ടമായിരുന്നു. വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിക്കാനുള്ള സുപ്രധാന നീക്കവും സർക്കാർ നടത്തി.

പിന്നീട് ഇ പി ജയരാജന്റെ ബന്ധുനിയമനക്കേസിൽ ജേക്കബ് തോമസ് പിടിമുറുക്കിയതോടെ ഇടത് സർക്കാരിന്റെ മുഖം കറുത്തു. ആദ്യം വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റി. പിന്നെ തുടരെത്തുടരെ മൂന്ന് സസ്‌പെൻഷനുകൾ. ആദ്യ സസ്‌പെൻഷൻ ഓഖി ദുരന്തത്തിൽ സർക്കാരിന് പാളിച്ച പറ്റിയെന്ന പ്രസംഗത്തിന്റെ പേരിൽ. അനുവാദമില്ലാതെ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകമെഴുതിയതിനാണ് രണ്ടാമത്തെ സസ്‌പെൻഷൻ. മൂന്നാമത്തേതാകട്ടെ, സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടർന്നും.

ജേക്കബ് തോമസിന്റെ ആദ്യ സസ്‌പെൻഷൻ കഴിഞ്ഞ വർഷം ഡിസംബർ 20 -നായിരുന്നു. ഇത് കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. സസ്‌പെൻഷൻ ഉത്തരവും അതിനുള്ള കാരണങ്ങളും കേന്ദ്രത്തെ സമയബന്ധമായി അറിയാക്കാത്തതുകൊണ്ടായിരുന്നു കേന്ദ്രസർക്കാർ സസ്‌പെൻഷൻ അംഗീകരിക്കാതിരുന്നത്. ജേക്കബ് തോമസ് സർവ്വീസിലേക്ക് തിരിച്ചുവരാനിടയായപ്പോൾ സർക്കാരിന്റെ അനുവാദമില്ലാതെ പുസ്തകമെഴുതിയതിന് വീണ്ടും ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്തു. ഇടത് സർക്കാരുമായി ഇടഞ്ഞതുൾപ്പടെയുള്ള വിവാദവിഷയങ്ങൾ വിശദമായി എഴുതിയ പുസ്തകമായിരുന്നു 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ'.

ജേക്കബ് തോമസിന്റെ രാഷ്ട്രീയ പ്രവേശനം വാർത്തകളിൽ ഇടം പിടിച്ചതിനു പിന്നാലെയാണ് പുതിയ കേസ്. കേരളാ കേഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസായിരുന്നു. എന്നാൽ 2017 ഡിസംബർ മുതൽ മാസങ്ങളോളം ജേക്കബ് തോമസ് സസ്‌പെൻഷനിൽ കഴിയേണ്ടി വന്നിരുന്നു.

തുടർച്ചയായി നാല് തവണയാണ് ജേക്കബ് തോമസിനെ സർക്കാർ സസ്‌പെൻഡു ചെയ്തത്. ഇപ്പോൾ ഡ്രജർ അഴിമതിയിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കിയത് ജേക്കബ് തോമസിന് ആശ്വാസമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP