Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോക്കൽ കമ്മിറ്റി വിഭജിക്കുന്നതിനെ ചൊല്ലി തർക്കങ്ങൾ; അംഗങ്ങളുടെ തമ്മിൽതല്ല്; വിഭജനം ഏകപക്ഷീയമെന്ന് ഒട്ടേറെ പരാതികൾ; ലോക്കൽ കമ്മിറ്റി വിഭജനം നിർത്തിവച്ച് സിപിഎം; കണ്ണൂരിലെ പാർട്ടി കോൺഗ്രസിനു ശേഷം തുടർ നടപടി

ലോക്കൽ കമ്മിറ്റി വിഭജിക്കുന്നതിനെ ചൊല്ലി തർക്കങ്ങൾ; അംഗങ്ങളുടെ തമ്മിൽതല്ല്; വിഭജനം ഏകപക്ഷീയമെന്ന് ഒട്ടേറെ പരാതികൾ; ലോക്കൽ കമ്മിറ്റി വിഭജനം നിർത്തിവച്ച് സിപിഎം; കണ്ണൂരിലെ പാർട്ടി കോൺഗ്രസിനു ശേഷം തുടർ നടപടി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ലോക്കൽ കമ്മിറ്റികൾ വിഭജിക്കുന്നതിനെ ചൊല്ലി തർക്കങ്ങളും സംഘർഷവും ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികൾ നിർത്തിവച്ച് സിപിഎം. വിഭജനം ഏകപക്ഷീയമാണെന്ന് ആരോപിച്ചു വിവിധ ജില്ലകളിൽനിന്നും സംസ്ഥാന നേതൃത്വത്തിന് ഒട്ടേറെ പരാതികളാണു ലഭിച്ചത്. തങ്ങൾക്ക് അനുകൂലമായ രീതിയിൽ കമ്മിറ്റി വിഭജിക്കാൻ ജോലി വാഗ്ദാനവും മറ്റും നൽകി ഏരിയ നേതൃത്വം ഭാരവാഹികളെയും അംഗങ്ങളെയും സ്വാധീനിക്കുന്നു എന്ന പരാതികളും ഉയർന്നിരുന്നു.

പാർട്ടി സമ്മേളനങ്ങൾ കഴിയുന്നതുവരെ ലോക്കൽ കമ്മിറ്റി വിഭജനം നടത്തേണ്ടെന്നാണു ജില്ലാ കമ്മിറ്റികൾക്കുള്ള നിർദ്ദേശം. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനു ശേഷമേ തുടർ നടപടിയുണ്ടാകൂ. പതിനഞ്ചിലധികം അംഗങ്ങളുള്ള ബ്രാഞ്ചുകളും ഇരുപത്തഞ്ചിലധികം ബ്രാഞ്ചുകളുള്ള ലോക്കൽ കമ്മിറ്റികളുമാണു വിഭജിക്കുന്നത്. ബ്രാഞ്ചുകളുടെ വിഭജനത്തിൽ ചില പരാതികൾ ഉയർന്നതേയുള്ളൂ എങ്കിൽ ലോക്കൽ കമ്മിറ്റികളിലെത്തിയപ്പോഴേക്കും ചിലയിടത്തു ബഹളത്തിലും സംഘർഷത്തിലുമെത്തി.

കഴിഞ്ഞ ദിവസം പാലക്കാട് പുതുശ്ശേരി ഏരിയയ്ക്കു കീഴിലെ വാളയാർ ലോക്കൽ കമ്മിറ്റി വിഭജന നടപടി സംഘർഷത്തിലും തമ്മിലടിയിലുമാണു കലാശിച്ചത്. സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ ജില്ലാ സെക്രട്ടേറിയറ്റ് അന്വേഷണത്തിനു കമ്മിഷനെ നിയോഗിച്ചു. സമ്മേളനങ്ങൾക്കുശേഷം അതതു കമ്മിറ്റികളുടെ നേതൃത്വം ചർച്ചചെയ്തു വിഭജനം നടത്തിയാൽ മതിയെന്നാണു തീരുമാനം.

വാളയാർ, എലപ്പുള്ളി ലോക്കൽ കമ്മിറ്റി വിഭജനം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. എ. പ്രഭാകരൻ എംഎൽഎയുടെ പരാതിയെ തുടർന്നാണ് നടപടി സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന നേതൃത്വത്തിനുമാണ് പരാതി നൽകിയത്. പുതുശ്ശേരി ഏരിയാ കമ്മിറ്റിക്ക് കീഴിലെ സമ്മേളനത്തിൽ കടുത്ത വിഭാഗീയത ഉണ്ടെന്നായിരുന്നു പരാതി.

പുതുശ്ശേരി ഏരിയയ്ക്കുകീഴിൽ തുടർച്ചയായി വാളയാറിലും എലപ്പുള്ളി വെസ്റ്റിലും സംഘർഷത്തെ തുടർന്ന് ലോക്കൽ സമ്മേളനം നിർത്തിവെച്ചിരുന്നു. ലോക്കൽ കമ്മിറ്റി വിഭജനത്തെച്ചൊല്ലിയുള്ള പരാതികളാണ് സമ്മേളനത്തിൽ പ്രവർത്തകർ പ്രകടിപ്പിച്ചത്.

33 ബ്രാഞ്ചുകളുള്ള വാളയാർ ലോക്കൽ കമ്മിറ്റിയെ സംഘടനാ നിർദേശമനുസരിച്ച് വാളയാർ, ചുള്ളിമട ലോക്കൽ കമ്മിറ്റികളായി വിഭജിക്കാൻ ഏരിയാ നേതൃത്വം തീരുമാനിച്ചിരുന്നു. ഭൂമിശാസ്ത്രപരമായി വാളയാറിനോടടുത്ത് കിടക്കുന്ന ബ്രാഞ്ചുകളെ ചുള്ളിമടയോടും ചുള്ളിമടയോടടുത്തുകിടക്കുന്ന ബ്രാഞ്ചുകളെ വാളയാറിനോടും ചേർത്തെന്നും ബ്രാഞ്ചുകൾ തുല്യമായല്ല വീതിച്ചിട്ടുള്ളതെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തിയിരുന്നു.

ബ്രാഞ്ചുകൾ മുതൽക്കുള്ള വിഭജനങ്ങൾക്ക് മേൽക്കമ്മിറ്റിയുടെ അനുമതി തേടിയിട്ടില്ലെന്നും സമ്മേളനത്തലേന്ന് തിരക്കിട്ടാണ് തീരുമാനങ്ങളെന്നും പ്രവർത്തകർ ആരോപിച്ചു. പ്രവർത്തകരെ ശാന്തരാക്കാനുള്ള നേതൃത്വത്തിന്റെ ശ്രമം ലക്ഷ്യം കണ്ടില്ല. തർക്കം ബഹളത്തിന് വഴിമാറി. വാക്കുതർക്കം, കസേരയേറ്, ധർണ, മേശ തകർക്കൽ തുടങ്ങിയ വലിയ സംഘർഷങ്ങൾ നടന്നിരുന്നു. തുടർന്നാണ് സമ്മേളനം നിർത്തിവെച്ചത്.

ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഭാഗികമായി സമ്മേളനം നടന്നെങ്കിലും വിഭജനതീരുമാനം അംഗീകരിച്ചില്ല. തുടർന്നാണ് പ്രാദേശിക വിഭാഗീയത ചൂണ്ടിക്കാട്ടി എ. പ്രഭാകരൻ മുഖ്യമന്ത്രിക്കും സംസ്ഥാന നേതൃത്വത്തിനുംപരാതി നൽകിയത്.

അതേസമയം ഇരു ലോക്കൽ സമ്മേളനങ്ങളിലും നടന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് പാർട്ടി നേതൃത്വം വിശദീകരിച്ചത്. ലോക്കൽ സമ്മേളനങ്ങൾ പകുതിയിലധികം ജില്ലയിൽ കഴിഞ്ഞതായും പാർട്ടി അറിയിച്ചു.

എലപ്പുള്ളി, വാളയാർ ലോക്കൽ കമ്മിറ്റിയ്‌ക്കൊപ്പം പാലക്കാട് ജില്ലയിലെ കണ്ണാടി, പൊൽപ്പുള്ളി, മരുതറോഡ് ഏരിയാ കമ്മിറ്റികളും വിഭജിക്കേണ്ടെന്നും ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. വിഭാഗീയതയെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന കമ്മിറ്റിയംഗം കെ വി രാമകൃഷ്ണൻ, ജില്ലാ സെക്രട്ടേറിയേറ്റംഗം ഇ എൻ സുരേഷ് ബാബു എന്നിവരെയാണ് ചുമതലപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP