Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുമ്മനം രാജശേഖരൻ എന്താണ് ചെയ്തത്? അന്നു സുരേന്ദ്രനും മുരളിയും അല്ലല്ലോ...; കുമ്മനം അപമാനിച്ചു... സുരേന്ദ്രനെ വിലക്കി; താൻ ചവിട്ടിയിലെ 'യൂസ് മി' പോലെ; സംഘത്തിന്റെ പ്രതിജ്ഞയാണ് എനിക്ക് പ്രധാനം; പരിവാറിൽ നിന്ന് മാറാനില്ലെന്ന് പിപി മുകുന്ദൻ; പറയുന്നത് ബിജെപിയോടുള്ള അതൃപ്തിയും

കുമ്മനം രാജശേഖരൻ എന്താണ് ചെയ്തത്? അന്നു സുരേന്ദ്രനും മുരളിയും അല്ലല്ലോ...; കുമ്മനം അപമാനിച്ചു... സുരേന്ദ്രനെ വിലക്കി; താൻ ചവിട്ടിയിലെ 'യൂസ് മി' പോലെ; സംഘത്തിന്റെ പ്രതിജ്ഞയാണ് എനിക്ക് പ്രധാനം; പരിവാറിൽ നിന്ന് മാറാനില്ലെന്ന് പിപി മുകുന്ദൻ; പറയുന്നത് ബിജെപിയോടുള്ള അതൃപ്തിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപിയുടെ ഇപ്പോഴത്തെ നേതൃത്വത്തിനോടുള്ള അതൃപ്തി വ്യക്തമാക്കി മുതിർന്ന നേതാവ് പിപി മുകുന്ദൻ. മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ തന്നെ കുമ്മനം രാജശേഖരൻ അപമാനിച്ചുവെന്ന് പിപി മുകുന്ദൻ പറയുന്നു. സംഘപരിവാർ വിട്ട് മറ്റൊരു പാർട്ടിയിലും താൻ പോകില്ലെന്നും ഈ അഭിമുഖത്തിൽ മുകുന്ദൻ വിശദീകരിക്കുന്നു.

അതിനു മുൻപ് കുമ്മനം രാജശേഖരൻ എന്താണ് ചെയ്തത്? അന്നു സുരേന്ദ്രനും മുരളിയും അല്ലല്ലോ. തിരുവനന്തപുരത്ത് എത്തണമെന്ന് കുമ്മനം പറഞ്ഞ പ്രകാരം ഞാൻ ചെന്നു. ഓഫിസിൽ എത്തിയപ്പോൾ അവിടെയുള്ള എല്ലാവരും സ്ഥലം വിട്ടു. അത് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്. വിളിച്ചു വരുത്തി അപമാനിക്കലായിരുന്നു. തിരഞ്ഞെടുപ്പായതുകൊണ്ട് കുമ്മനം പ്രചാരണത്തിനു പോയി എന്നു വിചാരിക്കുക. അതുകൊണ്ട് ഓഫിസിലുള്ള മറ്റുള്ളവരെയും മാറ്റിക്കളയുമോ? സ്റ്റാഫിലെ രണ്ടു പേരാണ് ആകെ ഉണ്ടായത്. അതുകൊണ്ട് ഞാൻ അപമാനിക്കപ്പെട്ടില്ല. ചെയ്തവരാണ് സ്വയം വിലയിരുത്തേണ്ടത്. തറവാട്ടിലേക്ക് വരാൻ എനിക്കെന്തിനാണ് വേറെ അവിടെ ആള് എന്നു ഞാൻ പത്രക്കാര് ചോദിച്ചപ്പോൾ പറഞ്ഞു. ഞങ്ങളെല്ലാവരും ചേർന്ന് ഉണ്ടാക്കിയതാണ് 'മാരാർജി ഭവൻ' എന്ന ആ കെട്ടിടം. ആ നല്ല സ്ഥലത്തു തിരിച്ചെത്തിയപ്പോൾ ആത്മനിർവൃതി തോന്നി.

താങ്കൾക്ക് മിസ്ഡ് കോൾ അംഗത്വം എടുക്കാമെന്ന് അതിനിടയിൽ വി.മുരളീധരൻ പറഞ്ഞതു കേട്ടപ്പോൾ എന്തു തോന്നിയെന്ന ചോദ്യത്തിനും പിപി മുകുന്ദൻ മറുപടി നൽകുന്നുണ്ട്. കുട്ടികൾ എന്തെങ്കിലും അബദ്ധം കാണിക്കുന്നതിനെ അങ്ങനെ കണ്ടാൽ മതി. പത്രത്തിൽ ഒരു വാർത്ത വന്നിട്ടുണ്ടാകും. അതിനപ്പുറം ആരും കണ്ടില്ല. ഞാൻ അപ്പോൾതന്നെ ബിജെപി അംഗമാണ്. പിന്നെ എന്തിനു മിസ്ഡ് കാൾ അടിച്ച് അംഗമാകണം. എനിക്ക് ചിലതെല്ലാം പറ്റുന്നില്ല. എന്നാൽ പിന്നെ സാധിക്കുന്നവർക്ക് മിസ്ഡ് കാൾ എന്നാണ്-ഇതാണ് ആ മറുപടി.

ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എന്ന നിലയിൽ അതിശക്തനായിരുന്ന താങ്കൾ എന്തുകൊണ്ടാണ് പ്രസ്ഥാനത്തിന് അനഭിമിതനായത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാത്ത ചോദ്യമാണ് അത് എന്നാണ് മറുപടി. ഞാൻ വേണ്ടെന്ന് ബിജെപിയിൽ ആരും എന്നോട് പറഞ്ഞില്ല. ഒഴിവാക്കപ്പെട്ടപ്പോൾ രാജ്‌നാഥ് സിങ്ങായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ. 'എന്തു പറ്റി മുകുന്ദൻജി' എന്നാണ് അദ്ദേഹം ചോദിച്ചത്. ബിജെപിയുടെ ദേശീയ നേതൃത്വത്തിന് ഇക്കാര്യം അറിയില്ലായിരുന്നു. മാറ്റുന്നതു സംബന്ധിച്ച് വ്യക്തിപരമായി സംസാരിച്ചിരുന്നുവെങ്കിൽ എനിക്കു വിഷമം ഉണ്ടാകില്ലായിരുന്നു. ഇന്നുവരെ തിരിച്ചു വിളിക്കണമെന്ന് ആരോടും അഭ്യർത്ഥിച്ചിട്ടില്ല. തിരിച്ചു കൊണ്ടുവരുമെന്ന് പിന്നീടുള്ള പ്രസിഡന്റുമാരെല്ലാം പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. തീരുമാനിക്കേണ്ടത് ബിജെപിയാണ് എന്നാണ് ആർഎസ്എസും ചൂണ്ടിക്കാട്ടിയത്.

ദാവൂദ് ഇബ്രാഹിമുമായി വരെ താങ്കൾക്കു ബന്ധമുണ്ടെന്ന തരത്തിൽ അടുത്ത സഹപ്രവർത്തകനായിരുന്ന ഒ.രാജഗോപാൽ ആരോപിച്ചത് വേദനിപ്പിച്ചോ എന്ന ചോദ്യത്തിനുമുണ്ട് മറുപടി. ആ അഭിമുഖം നടത്തിയ പത്രപ്രവർത്തകനോട് ഞാൻ ചോദിച്ചു. ഞാനായിട്ട് അങ്ങോട്ട് ചോദിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ അന്വേഷിച്ചില്ല. അദ്വാനിയുടെ ശ്രദ്ധയിൽപ്പെടുത്തി. അദ്വാനി രാജഗോപാലിനോട് സംസാരിച്ചിട്ടുണ്ടാകും. എന്തായാലും രാജഗോപാൽ ഖേദം പ്രകടിപ്പിച്ചു പ്രസ്താവന ഇറക്കി. ഒരാളെ കളയാൻ എളുപ്പമാണ്. മുകളിൽ കയറുമ്പോൾ ഒന്നു തട്ടിയാൽ മതി. പക്ഷേ കയറി വരാൻ വലിയ പ്രയാസമാണ്.

സംഘം ഒരു അഭിപ്രായ വ്യത്യാസവും എന്നോട് പറഞ്ഞിട്ടില്ല. അവർക്ക് എന്നെ ഉപയോഗപ്പെടുത്തണമെങ്കിൽ അതു ചെയ്യാം. നമ്മൾ വീട്ടിലേക്കു കയറുമ്പോൾ പുറത്ത് ഒരു ചവിട്ടി കാണുമല്ലോ. ആ ചവിട്ടിയിൽ 'യൂസ് മി' എന്ന് എഴുതിയിട്ടുണ്ടാകും. അതു പോലെ എന്റെ പുറത്ത് 'യൂസ് മി' എന്ന് ഉണ്ട്. ഉപയോഗപ്പെടുത്തണോ എന്ന് അവരാണ് ആലോചിക്കേണ്ടത്.

എബിവിപിയിലും യുവമോർച്ചയിലും സുരേന്ദ്രനെ നേതൃതലത്തിലേക്ക് ഉയർത്തിയതിൽ താങ്കൾക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിന് അയാളെ കൊണ്ടുവന്നത് പി.കെ.കൃഷ്ണദാസാണ്. അദ്ധ്യാപകനായിരുന്ന കൃഷ്ണദാസ് അവധിയെടുത്താണ് അന്ന് സംഘടനയിൽ വന്നത്. ദാസ് മുഖേനയാണ് സുരേന്ദ്രൻ എന്റെ അടുക്കൽ എത്തുന്നത്. മോന്തായം വളഞ്ഞാൽ സർവതും വളയും എന്നേ ഇപ്പോൾ പറയാനുള്ളൂ-പിപി മുകുന്ദൻ പറയുന്നു.

കുഴൽപ്പണക്കേസ് പ്രതിയോഗികൾക്ക് അത് ഒരു ആയുധമായി മാറി. എന്താണ് സത്യം എന്നത് സംശയത്തിൽ നിൽക്കുകയാണ്. പ്രധാന കണ്ണിയായ ധർമരാജൻ തന്നെ നാലു തവണ മാറ്റിപ്പറഞ്ഞു. ഒരു സംഘടനയെ കൊണ്ടു നടക്കുക എളുപ്പമല്ല. മീൻ പിടിക്കാൻ പോകുന്ന ആൾക്കു മീൻ കിട്ടണം. അതിനായി ആദ്യം അയാൾ ചെയ്യുന്നത് വലയുടെ കണ്ണികൾ മുറുക്കുകയാണ്. പഴയ ആളുകളെയും പുതിയ ആളുകളെയും കൂട്ടിയിണക്കുകയായിരുന്നു സുരേന്ദ്രൻ ആദ്യം ചെയ്യേണ്ടിയിരുന്നത്. സുരേന്ദ്രൻ സ്ഥാനമേറ്റ് വൈകാതെ തിരഞ്ഞെടുപ്പുകൾ വന്നു, പിന്നാലെ കോവിഡായി. അതിന്റെയെല്ലാം ചില പരിമിതികൾ ഉണ്ടായി. പക്ഷേ ഞാൻ ഞാൻ തന്നെ ആണെന്നു കരുതി നീങ്ങണം.

രാഷ്ട്രീയത്തിന് അതീതമായും ബന്ധം പുലർത്താൻ കഴിയണം. കെ.കരുണാകരൻ മുതൽ പന്ന്യൻ രവീന്ദ്രനും ചെറിയാൻ ഫിലിപ്പും വരെ ഉള്ളവരുമായി എനിക്ക് നല്ല സൗഹൃദമുണ്ടായി. മറ്റു പാർട്ടികളിൽ പെട്ടവർ നമ്മുടെ ശത്രുക്കളല്ല, രാഷ്ട്രീയ പ്രതിയോഗികളാണ്. ഇന്നത്തെ കമ്യൂണിസ്റ്റുകാരൻ നാളത്തെ ബിജെപിക്കാരനാകും എന്ന മനസ്സോടെയാണ് അവരെയും സമീപിക്കേണ്ടത്. അഭിപ്രായ ഐക്യം ഇല്ലായ്മയുണ്ട്. അതിനെ എന്തു വിളിച്ചാലും തരക്കേടില്ല. പല കാര്യങ്ങളിലും ഏകാഭിപ്രായമില്ല. വൈസ് പ്രസിഡന്റ് സ്ഥാനം പോരാ, ദേശീയ നിർവാഹകസമിതി അംഗത്വം നഷ്ടപ്പെടുത്തി എന്നെല്ലാം ശോഭാ സുരേന്ദ്രനു തോന്നിയില്ലേ? അങ്ങനെ തോന്നാൻ പാടില്ല എന്നത് ഒരു കാര്യം. തോന്നിക്കാൻ പാടില്ല എന്നതു മറു വശം.

തന്ത്രങ്ങളുടെ ആശാനായ പി.പി.മുകുന്ദൻ എന്നെങ്കിലും ബിജെപിയിലേക്ക് തിരിച്ചുവന്ന് സജീവമാകുമെന്ന് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനും മറുപടിയുണ്ട്. എല്ലാ ജില്ലകളിലും പഴയ കാല പ്രവർത്തകർ തഴയപ്പെടുന്നു. അവരെ കൂട്ടിയോജിപ്പിക്കാൻ സാധിക്കണം. അതിനു ഞാൻ വേണമെന്നില്ല. 'ഞാനെന്ന ഭാവമിഹ തോന്നായ്ക വേണമിഹ' എന്നാണല്ലോ. പാർട്ടിയിൽനിന്ന് ആരെങ്കിലുമെല്ലാം പോയിട്ടുണ്ടെങ്കിൽ അത് ആശയപരമായ ഭിന്നത കൊണ്ടല്ല. കൊണ്ടു നടക്കുന്നതിലെ അപാകത മൂലമാണ്. സി.കെ.പത്മനാഭൻ പ്രസിഡന്റായിരുന്നപ്പോൾ പ്രധാന പ്രതിപക്ഷമാണ് ബിജെപി എന്നു വരെ ചിലരെല്ലാം വിശേഷിപ്പിച്ചിരുന്നു. അതുപോലെ പല ആൾക്കാരുമില്ലേ. സംഘടന ദുർബലമാണെന്നു പറയുമ്പോൾ മുഖം തിരിച്ചിട്ടു കാര്യമില്ല.

ഇക്കാലത്തിനിടെ മറ്റു പാർട്ടികളിൽനിന്ന് എനിക്കു ക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട്. ഏതു പാർട്ടി എന്നു പറയില്ല. പക്ഷേ സംഘത്തിന്റെ പ്രതിജ്ഞയാണ് എനിക്ക് പ്രധാനം. 'ഈ വ്രതം ഞാൻ ആജന്മം പാലിക്കും' എന്നുള്ളതാണ് അത്. ഈ വ്രതം ഞാൻ പാലിക്കുക തന്നെ ചെയ്യും.-മുകുന്ദൻ പറയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP