Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സന്തോഷത്തോടെ മകനെ സ്വീകരിച്ച അച്ഛൻ; ഒരു കൊല്ലത്തെ കാത്തിരിപ്പിനൊടുവിൽ ഇളയ പുത്രനെ കണ്ട സന്തോഷത്തിൽ കോടിയേരി; ഇനി പാർട്ടി സെക്രട്ടറി സ്ഥാനവും ഏറ്റെടുക്കും; അടുത്ത സംസ്ഥാന സമ്മേളനത്തിൽ എകെജി സെന്ററിലെ ഒന്നാമന്റെ കസേരയിൽ കോടിയേരി വീണ്ടുമെത്തും; പിണറായിയും തിരിച്ചുവരവിന് അനുകൂലം

സന്തോഷത്തോടെ മകനെ സ്വീകരിച്ച അച്ഛൻ; ഒരു കൊല്ലത്തെ കാത്തിരിപ്പിനൊടുവിൽ ഇളയ പുത്രനെ കണ്ട സന്തോഷത്തിൽ കോടിയേരി; ഇനി പാർട്ടി സെക്രട്ടറി സ്ഥാനവും ഏറ്റെടുക്കും; അടുത്ത സംസ്ഥാന സമ്മേളനത്തിൽ എകെജി സെന്ററിലെ ഒന്നാമന്റെ കസേരയിൽ കോടിയേരി വീണ്ടുമെത്തും; പിണറായിയും തിരിച്ചുവരവിന് അനുകൂലം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി തിരുവനന്തപുരത്ത് എത്തിയപ്പോൾ ആശ്വാസം അച്ഛൻ കോടിയേരി ബാലകൃഷ്ണനും സിപിഎമ്മിനും. പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ഇന്നലെ ബിനീഷ് ജയിൽമോചിതനായിരുന്നു. ഭീഷണികൾക്ക് വഴങ്ങിക്കൊടുക്കാത്തതിന്റെ പേരിലുണ്ടായ കേസാണെന്നും ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും എല്ലാം മാധ്യമങ്ങളോട് നേരിൽ പറയാമെന്നും ബിനീഷ് പ്രതികരിച്ചു. എന്നാൽ തൽകാലം ബിനീഷ് മൗനം പാലിക്കും.

സത്യത്തെ കള്ളമാക്കാൻ പറ്റും പക്ഷേ കാലം എന്നൊന്ന് ഉണ്ടല്ലോ. അത് സത്യത്തോട് ചേർന്ന് നിൽക്കും. നീതി പുലർത്തുകയും ചെയ്യും- ബിനീഷ് പറഞ്ഞു. ഒരു വർഷത്തിന് ശേഷമാണ് താൻ പുറത്തിറങ്ങുന്നത്. ആദ്യം അച്ഛനെയും അമ്മയേയും ഭാര്യയേയും മക്കളേയും കാണണം. അതിനുശേഷം മറ്റ് കാര്യങ്ങൾ പറയാമെന്നും ബിനീഷ് പറഞ്ഞിരുന്നു. വീട്ടിലെത്തിയ ബിനീഷിനെ സ്വീകരിക്കാനായി മാതാപിതാക്കളും ബന്ധുക്കളും കാത്തുനിൽക്കുന്നുണ്ടായിരുന്നു. കെട്ടിപ്പിടിച്ച് കരഞ്ഞാണ് അമ്മ വിനോദിനി മകൻ ബിനീഷിനെ സ്വീകരിച്ചത്. ഒരു വർഷത്തിന് ശേഷം മകനെ കണ്ടതിൽ സന്തോഷമുണ്ടെന്ന് പിതാവ് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു.

ഒരുകൊല്ലമായി ബിനീഷിനെ കണ്ടിരുന്നില്ല. ജയിലിൽ പോയി കാണാൻ സാധിച്ചിരുന്നില്ല. ഒരു കൊല്ലത്തിന് ശേഷം കാണാൻ സാധിച്ചതിൽ ആശ്വാസമുണ്ട്. കേസ് കോടതിയിൽ നിൽക്കുന്നതിനാൽ കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ കാര്യങ്ങൾ ഇപ്പോൾ സംസാരിക്കുന്നില്ല. സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുമോ എന്നതൊന്നും ധൃതി പിടിച്ച് തീരുമാനം എടുക്കേണ്ട കാര്യമല്ല. പാർട്ടി തീരുമാനിക്കേണ്ട കാര്യങ്ങളാണ് ഇതൊക്കെ. എൻഫോഴ്സ്മെന്റുമായി ബന്ധപ്പെട്ട് നേരത്തെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളൊക്കെ ശരിവക്കുന്ന കാര്യങ്ങളാണ് പിന്നീട് ഉണ്ടായത്. വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന കാര്യങ്ങളും അതാണ് സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ബിനീഷ് കോടിയേരി തിരിച്ചു വന്ന സാഹചര്യത്തിൽ ഈ ആഴ്ച തന്നെ സിപിഎം സെക്രട്ടറി സ്ഥാനത്ത് കോടിയേരി തിരിച്ചെത്തും. അടുത്ത സംസ്ഥാന സമിതി യോഗത്തിലാകും ചുമതല ഏൽക്കൽ. മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെ അനുകൂലിക്കുന്നുണ്ട്. അടുത്ത പാർട്ടി സമ്മേളനത്തിൽ സെക്രട്ടറിയായി കോടിയേരിയുണ്ടാകും. വീണ്ടും സംസ്ഥാന സെക്രട്ടറിയാവുകയും ചെയ്യും. നിലവിൽ ദേശാഭിമാനിയുടെ എഡിറ്ററാണ് കോടിയേരി. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കുമ്പോഴും കോടിയേരി തന്നെയാണ് ഇപ്പോഴും എകെജി സെന്ററിലെ പ്രധാനി.

ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ബിനീഷ് പുറത്തിറങ്ങിയത്. അറസ്റ്റിലായി ഒരുവർഷത്തിന് ശേഷമാണ് ബിനീഷിന്റെ ജയിൽ മോചനം. സഹോദരൻ ബിനോയ് കോടിയേരി, സുഹൃത്തുക്കൾ എന്നിവർ ബിനീഷിനെ സ്വീകരിക്കാൻ എത്തിയിരുന്നു. സത്യം ജയിക്കുമെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുമല്ലായിരുന്നു ഇ.ഡി ഉദ്യോഗസ്ഥർക്ക് അറിയേണ്ടത്. കേരളത്തിൽ നടന്ന കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളും പേരുകളും അവർ പറയുന്നതുപോലെ പറയാൻ തയ്യാറാകാത്തതാണ് തന്നെ കേസിൽ പെടുത്താൻ കാരണമെന്നും ബിനീഷ് ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞുതന്ന കാര്യങ്ങൾ അതുപോലെ പറഞ്ഞിരുന്നെങ്കിൽ 10 ദിവസത്തിനകം തന്നെ തനിക്ക് പുറത്തിറങ്ങാമായിരുന്നുവെന്നും ബിനീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിനീഷിന്റെ സഹോദരൻ ബിനോയിയും അടുത്ത സുഹൃത്തുക്കളും ഇന്നലെ പരപ്പന അഗ്രഹാര ജയിലിലേക്ക് ബിനീഷിനെ സ്വീകരിക്കാനെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP