Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഏജൻസി ലൂയിബ്ഗർ നടത്തുന്ന സാധ്യതാ പഠനം പൂർത്തിയായാൽ സർവേ ആരംഭിക്കും; സർക്കാരിന് അനുകൂലമായി പാലാ കോടതിയിൽ നിന്ന് വിധി ലഭിച്ചാൽ നഷ്ടപരിഹാരം കൊടുക്കാതെ ഏറ്റെടുക്കും;. ബിലീവേഴ്‌സ് ചർച്ചിന് അനുകൂലമായാൽ വില നൽകും; ശബരിമല വിമാനത്താവളം ചെറുവള്ളിയിൽ തന്നെ

ഏജൻസി ലൂയിബ്ഗർ നടത്തുന്ന സാധ്യതാ പഠനം പൂർത്തിയായാൽ സർവേ ആരംഭിക്കും; സർക്കാരിന് അനുകൂലമായി പാലാ കോടതിയിൽ നിന്ന് വിധി ലഭിച്ചാൽ നഷ്ടപരിഹാരം കൊടുക്കാതെ ഏറ്റെടുക്കും;. ബിലീവേഴ്‌സ് ചർച്ചിന് അനുകൂലമായാൽ വില നൽകും; ശബരിമല വിമാനത്താവളം ചെറുവള്ളിയിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവളവുമായി മുമ്പോട്ട് പോകാൻ സംസ്ഥാന സർക്കാർ. ഇതിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ റവന്യു വകുപ്പ് ആരംഭിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി ചെറുവള്ളി എസ്റ്റേറ്റ് സർവേ നടത്താൻ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. എസ്റ്റേറ്റ് ഉൾപ്പെടുന്ന എരുമേലി തെക്ക് വില്ലേജിലെ സർവേ നമ്പർ 281, 282, 283, മണിമല വില്ലേജിലെ സർവേ നമ്പർ 299 എന്നിവിടങ്ങളിലാണ് സർവേ നടത്തുന്നത്.

സർക്കാർ ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള ആദ്യത്തെ പടിയാണ് സർവേ വിജ്ഞാപനം. സർവേ നടത്തി ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചുമതല കോട്ടയം സ്ഥലമെടുപ്പ് വിഭാഗം സ്‌പെഷൽ തഹസിൽദാർക്കു നൽകി. ബിലീവേഴ്‌സ് ചർച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

കൺസൽറ്റന്റ് ഏജൻസി ലൂയിബ്ഗർ നടത്തുന്ന സാധ്യതാ പഠനം പൂർത്തിയായാൽ സർവേ ആരംഭിക്കും. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കുന്നതിനു വേണ്ടിയാണു സാധ്യതാ പഠന റിപ്പോർട്ട് തയാറാക്കുന്നത്. ബിലീവേഴ്‌സ് ചർച്ചിന്റെ പക്കൽനിന്നു ചെറുവള്ളി എസ്റ്റേറ്റ് തിരിച്ചെടുക്കുന്നതിനായി സർക്കാർ പാലാ സബ് കോടതിയിൽ നൽകിയ കേസിൽ വാദം തുടരുകയാണ്. ഈ കേസ് സ്ഥലമെടുപ്പ് നടപടികളെ ബാധിക്കില്ല.

സർക്കാരിന് അനുകൂലമായി വിധി ലഭിച്ചാൽ നഷ്ടപരിഹാരം കൊടുക്കാതെ ഏറ്റെടുക്കും. വിധി ബിലീവേഴ്‌സ് ചർച്ചിന് അനുകൂലമായാൽ വില നിശ്ചയിച്ച് ഏറ്റെടുക്കാനാണു തീരുമാനം. കേസിൽ സർക്കാർ തോറ്റുകൊടുക്കുമോ എന്ന ആശങ്കയും സജീവമാണ്. ഈ ഭൂമി സർക്കാരിന്റേതാണെന്ന് തെളിയിക്കുന്ന രേഖകൾ എല്ലാം നേരത്തെ പുറത്തു വന്നിരുന്നു.

നേരത്തെ ശബരിമല വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറലും (ഡിജിസിഎ) വ്യോമയാന മന്ത്രാലയവും ഉന്നയിച്ച ചോദ്യങ്ങൾക്ക് കേരളം മറുപടി നൽകിയിരുന്നു. യുഎസ് കൺസൾട്ടൻസി കമ്പനി ലൂയി ബഗ്ർ പുതുക്കിയ റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ്, കേരള വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി) വിശദമായ പരിശോധനകൾക്കുശേഷം കേന്ദ്രത്തിനു മറുപടി നൽകിയത്.

എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം നിർമ്മിച്ചാൽ കോഴിക്കോട് വിമാനത്താവളം പോലെ ടേബിൾടോപ് വേണ്ടിവരില്ലേ എന്ന ആശങ്ക ഡിജിസിഎ പങ്കുവച്ചിരുന്നു. വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലം വലിയ കുന്ന് അല്ലെന്നും ഭൂമി നിരത്തുമ്പോൾ കുഴികൾ ഒഴിവാകുമെന്നും കൃത്യമായ രേഖകൾ സഹിതം കേന്ദ്രത്തിനു മറുപടി നൽകി. രാജ്യാന്തര വിമാനത്താവളത്തിനാവശ്യമായ 3000 മീറ്റർ നീളമുള്ള റൺവേ ചെറുവള്ളി എസ്റ്റേറ്റിൽ സ്ഥാപിക്കാനാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കെഎസ്‌ഐഡിസിയും ലൂയി ബഗ്‌റും റിപ്പോർട്ടിൽ ഒപ്പിട്ടില്ലെന്ന ഡിജിസിഎയുടെ ചോദ്യത്തിനു മറുപടിയായി ഒപ്പിട്ട കോപ്പിയും അയച്ചിട്ടുണ്ട്. കേരളം സമർപ്പിച്ച റിപ്പോർട്ടിൽ വ്യോമയാന മന്ത്രാലയം വിശദീകരണം തേടിയപ്പോഴാണ് വിമാനത്താവളം നിർമ്മിക്കാൻ എസ്റ്റേറ്റ് പറ്റിയതല്ലെന്നു ഡിജിസിഎ മറുപടി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP