Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രവാചക നിന്ദ ആരോപിച്ച് ഫ്രഞ്ച് എംബസി അടച്ചുപൂട്ടണം; ഫ്രാൻസുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുക; ഫ്രഞ്ച് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുക തുടങ്ങിയവയും ആവശ്യങ്ങൾ; പാക്കിസ്ഥാന്റെ തെരുവുകളെ കലുഷിതമാക്കി നിരവധി പേരുടെ ജീവനെടുത്ത് രക്തരൂഷിത പ്രക്ഷോഭം; ടിഎൽപി തലവേദനയാകുമ്പോൾ

പ്രവാചക നിന്ദ ആരോപിച്ച് ഫ്രഞ്ച് എംബസി അടച്ചുപൂട്ടണം; ഫ്രാൻസുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുക; ഫ്രഞ്ച് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുക തുടങ്ങിയവയും ആവശ്യങ്ങൾ; പാക്കിസ്ഥാന്റെ തെരുവുകളെ കലുഷിതമാക്കി നിരവധി പേരുടെ ജീവനെടുത്ത് രക്തരൂഷിത പ്രക്ഷോഭം; ടിഎൽപി തലവേദനയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കറാച്ചി: പാക്കിസ്ഥാന്റെ തെരുവുകളെ കലുഷിതമാക്കി നിരവധി പേരുടെ ജീവനെടുത്ത് രക്തരൂഷിതമായ പ്രക്ഷോഭം. പാക്കിസ്ഥാന് നിരോധിത സംഘടനയായ തെഹ്രീകെ ലബൈക് പാക്കിസ്ഥാൻ (ടിഎൽപി) ആണ് തലവേദനയായിരിക്കുന്നത്. ടിഎൽപിയുടെ ആയിരക്കണക്കിന് അനുയായികൾ തലസ്ഥാനനഗരത്തിലേക്കു നടത്തുന്ന പ്രതിഷേധ റാലികൾ ഇമ്രാൻ ഭരണകൂടത്തിന് തലവേദനയാണ്.

ഏതു വിധേന നേരിടണമെന്ന് തലപുകയ്ക്കുകയാണ് ഇമ്രാൻ ഭരണകൂടം. ഒരാഴ്ചയ്ക്കിടെ സംഘർഷത്തിൽ എട്ടു പൊലീസുകാർ ഉൾപ്പെടെ 19 പേരാണു കൊല്ലപ്പെട്ടത്. നൂറുകണക്കിന് ആളുകൾക്കു പരുക്കേറ്റു. പ്രവാചക നിന്ദ ആരോപിച്ച്, ഫ്രഞ്ച് എംബസി അടച്ചുപൂട്ടണമെന്നാണ് സംഘടനയുടെ ആവശ്യം. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് പാക്ക് സർക്കാർ ഉറപ്പിച്ചു പറഞ്ഞുകഴിഞ്ഞു.

ഫ്രാൻസുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുക, ഫ്രഞ്ച് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുക തുടങ്ങിയ ടിഎൽപിയുടെ ആവശ്യങ്ങൾ പരിശോധിക്കുമെന്നും സർക്കാർ ഉറപ്പു നൽകിയിരുന്നുവെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ രാജ്യാന്തര എതിർപ്പ് ഭയന്ന് അത്തരത്തിലൊരു പ്രമേയം അവതരിപ്പിക്കുന്നതിൽനിന്ന് പാക്ക് സർക്കാർ പിന്നാക്കം പോകുകയായിരുന്നു. ഇത് ടിഎൽപിയെ ചൊടിപ്പിച്ചു. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം.

തടവിലുള്ള ടിഎൽപി മേധാവി സാദ് റിസ്വിയെ മോചിപ്പിച്ചില്ലെങ്കിൽ നഗരം സ്തംഭിപ്പിക്കുമെന്നാണു ഭീഷണി. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ലഹോറിനു സമീപം തമ്പടിച്ചിട്ടുള്ള പതിനായിരക്കണക്കിനു പ്രതിഷേധക്കാർ, പാക്കിസ്ഥാനിലെ ഏറ്റവും തിരക്കേറിയ ദേശീയപാതയായ ഗ്രാൻഡ് ട്രങ്ക് റോഡിലൂടെയാണു ഇസ്ലാമാബാദ് ലക്ഷ്യമാക്കി നീങ്ങുന്നത്. ഇസ്ലാമാബാദ് ആകെ സ്തംഭിപ്പിക്കുമെന്നാണ് ടിഎൽപി ഭീഷണി മുഴക്കുന്നത്.

ലാഹോറിൽനിന്ന് 80 കിലോമീറ്റർ അകലെ ഗുജ്രൻവാലയിലാണ് പ്രക്ഷോഭകർ ഇപ്പോഴുള്ളത്. വൻ സുരക്ഷാ സന്നാഹമാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു കാരണവശാലും പ്രക്ഷോഭകരെ ഇസ്ലാമാബാദിലേക്കു കടക്കാൻ അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. ടിഎൽപിയെ ഭീകരസംഘടനയായി കണക്കാക്കി പ്രതികരിക്കാനാണ് മന്ത്രിസഭാ തീരുമാനമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ടിഎൽപി എല്ലാ സീമകളും ലംഘിച്ചുവെന്നും സർക്കാരിന്റെ ക്ഷമയെ പരീക്ഷിക്കുകയാണെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് പറഞ്ഞു. പൊലീസുകാരെ കൊല്ലുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തവരെ ഭീകരരായി കണക്കാക്കി യാതൊരു ദാക്ഷിണ്യവും കൂടാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഒരു നീക്കവും വച്ചുപൊറുപ്പിക്കില്ലെന്നും മൊയീദ് യൂസഫ് ട്വീറ്റ് ചെയ്തു.


തെഹ്രീകെ ലബൈക് യാ റസൂൽ അല്ലാ പാക്കിസ്ഥാൻ എന്ന പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വിഭാഗമാണ് തെഹ്രീകെ ലബൈക് പാക്കിസ്ഥാൻ (ടിഎൽപി). ഇപ്പോഴത്തെ മേധാവി സാദ് റിസ്വിയുടെ പിതാവ് ഖാദിം ഹുസൈൻ റിസ്വിയാണ് പ്രസ്ഥാനം ആരംഭിച്ചത്. ദൈവനിന്ദ ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യൻ വനിത അസിയ ബീബിയെ പിന്തുണച്ച പഞ്ചാബ് പ്രവിശ്യയിലെ ഗവർണർ സൽമാൻ തസീറിനെ 2011 ൽ വെടിവച്ചുകൊന്ന മുംതാസ് ഖ്വാദ്രിയെ 2016 ൽ തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ചാണ് സംഘടനയുടെ നീക്കങ്ങൾ രൂപപ്പെട്ടത്.

2018 ൽ പാക്ക് സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ അസിയ ബീബി ഒരു വർഷത്തിനു ശേഷം രാജ്യംവിട്ടത് ടിഎൽപി പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. പ്രവാചകനിലുള്ള വിശ്വാസം സംബന്ധിച്ച് തിരഞ്ഞെടുപ്പ് അപേക്ഷയിലുണ്ടായിരുന്ന വാക്ക് മാറ്റിയതിനെ ചൊല്ലി 2017 ൽ ടിഎൽപി ശക്തമായ പ്രതിഷേധം നടത്തിയിരുന്നു.

പാക്ക് നിയമമന്ത്രി രാജിവച്ചതോടെയാണ് പ്രതിഷേധം ഒടുങ്ങിയത്. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞില്ലെങ്കിലും നാല് ശതമാനം വോട്ട് നേടി രാജ്യത്തെ വലിയ നാലാമത്തെ കക്ഷിയായി. സിന്ധ് പ്രവിശ്യാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് നേടുകയും ചെയ്തു. പാക്കിസ്ഥാനിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളൊന്നും ടിഎൽപിയെ പിന്തുണയ്ക്കുന്നില്ലെങ്കിലും വലിയ തോതിൽ ജനസമ്മതി നേടാൻ അവർക്കു കഴിഞ്ഞിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

മതവിശ്വാസത്തിലൂന്നിയുള്ള പ്രസ്ഥാനമാണെങ്കിലും രാജ്യത്തു നിലനിൽക്കുന്ന രൂക്ഷമായ സാമ്പത്തിക അസമത്വം യുവാക്കളെ കൂടുതലായി ടിഎൽപിയിലേക്ക് അടുപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്. പ്രവാചകന്റെ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് അംബാസഡറെ രാജ്യത്തുനിന്ന് പുറത്താക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവയ്ക്കുന്നത്.

രക്തരൂഷിതമായ പ്രക്ഷോഭം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സംഘടനാ മേധാവി മേധാവി സാദ് റിസ്വിയെ ഏപ്രിലിൽ അറസ്റ്റ് ചെയ്തത്. റിസ്വിയുടെ മോചനത്തിനായി കൂടുതൽ പേർ തെരുവിലിറങ്ങിയതോടെ ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള സർക്കാർ ടിഎൽപിയെ നിരോധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP