Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകൾ വന്തിക എത്തിയില്ല; പുനീത് രാജ്കുമാറിന്റെ സംസ്‌കാരം ഞായറാഴ്ച നടക്കും; കർണാടകത്തിൽ തിങ്കളാഴ്ച വരെ ദുഃഖാചരണം; ബംഗളൂരു നഗരത്തിലും കൺഡീരവ സ്റ്റേഡിയത്തിലും കനത്ത സുരക്ഷ

മകൾ വന്തിക എത്തിയില്ല; പുനീത് രാജ്കുമാറിന്റെ സംസ്‌കാരം ഞായറാഴ്ച നടക്കും; കർണാടകത്തിൽ തിങ്കളാഴ്ച വരെ ദുഃഖാചരണം; ബംഗളൂരു നഗരത്തിലും കൺഡീരവ സ്റ്റേഡിയത്തിലും കനത്ത സുരക്ഷ

ന്യൂസ് ഡെസ്‌ക്‌

ബംഗളൂരു: അന്തരിച്ച കന്നഡ ചലച്ചിത്രതാരം പുനീത് രാജ്കുമാറിന്റെ സംസ്‌കാര ചടങ്ങുകൾ ഞായറാഴ്ച നടക്കും. മകൾ വന്തിക അമേരിക്കയിൽ നിന്നെത്താൻ വൈകുന്നതുകൊണ്ടാണ് സംസ്‌കാര ചടങ്ങുകൾ ഞായറാഴ്ചത്തേക്ക് മാറ്റിയത്. ശനിയാഴ്ച വൈകുന്നേരം സംസ്‌കാരം നടക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. മാതാപിതാക്കളായ ഡോ: രാജ്കുമാറിന്റെയും പർവ്വതമ്മയുടെയുമൊക്കെ ഭൗതികദേഹം അടക്കം ചെയ്ത കണ്ഡീരവ സ്റ്റുഡിയോയിലാണ് ചടങ്ങുകൾ നടക്കുക.

പൊതുദർശനമുള്ള കണ്ഡീരവ സ്റ്റേഡിയത്തിലേക്ക് പതിനായിരങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്. ജൂനിയർ എൻടിആർ, പ്രഭു ദേവ, മഹേഷ് ബാബു, യാഷ് അടക്കം സിനിമാ രാഷ്ട്രീയ രംഗത്തെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.

പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും പുനീതിന്റെ സംസ്‌കാരമെന്ന് മന്ത്രി ആർ.അശോക അറിയിച്ചു.കർണാടകത്തിൽ മറ്റന്നാൾ വരെ ദുഃഖാചരണമാണ്. കനത്ത പൊലീസ് സുരക്ഷാ വലയത്തിലാണ് ബംഗളൂരു നഗരവും കൺഡീരവ സ്റ്റേഡിയവും.

കഴിഞ്ഞ ദിവസമാണ് പുനീത് അന്തരിച്ചത്. സ്വന്തം ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പുനീതിനെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നാലെ വിക്രം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവിൽ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ച കഴിഞ്ഞ് 2.30 നാണ് മരണം സ്ഥിരീകരിച്ചത്. കർണാടക മുഖ്യമന്ത്രി ബസവരാജ് എസ്.ബൊമ്മെ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തിയിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞതു മുതൽ വിക്രം ആശുപത്രിക്കു മുന്നിലേക്ക് ജനപ്രവാഹം ആരംഭിച്ചിരുന്നു. മരണവാർത്ത പുറത്തുവന്നതോടെ ആരാധകരിൽ ചിലർ അക്രമാസക്തരായി. ബസ്സുകൾ തല്ലിത്തകർക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതോടെ പ്രദേശം കനത്ത പൊലീസ് ബന്തവസ്സിലായി.

അനിഷ്ട സംഭവങ്ങൾ തടയുന്നതിനായി 6000 പൊലീസ് ഉദ്യോഗസ്ഥരെയും 40 കെഎസ്ആർപി പ്ലാറ്റൂണുകളെയുമാണ് നിലവിൽ ബംഗളൂരു നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. ഒപ്പം സിറ്റി ആംഡ് റിസർവ്വും ആർഎഎഫുമുണ്ട്

അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. പ്രത്യേകിച്ചും കന്നഡ സിനിമാ മേഖല. താരങ്ങളടക്കം നിരവധി പേരാണ് പ്രിയ സുഹൃത്തിനെ സഹപ്രവർത്തകനെ അവസാനമായി ഒരുനോക്കു കാണാൻ കണ്ഡീരവ സ്റ്റേഡിയത്തിലേക്ക് എത്തുന്നത്. തങ്ങളുടെ സങ്കടം അടക്കാനാകാത്ത അവസ്ഥയിലാണ് പലതാരങ്ങളും പുനീതിനെ കാണാൻ എത്തിയത്.

ജൂനിയർ എൻടിആർ, ബാലകൃഷ്ണ, റാണ ദഗുബാട്ടി, ശരത്കുമാർ, യഷ് തുടങ്ങി സിനിമാരാഷ്ട്രീയ രംഗത്തെ പ്രമുഖർ സ്ഥലത്തെത്തിയിരുന്നു. പുനീതിന്റെ മരണത്തിൽ മനംനൊന്ത് രാഹുൽ എന്ന ആരാധകൻ ആത്മഹത്യ ചെയ്തിരുന്നു. രണ്ട് പേർ ഹൃദയാഘാതം മൂലം മരിച്ചു.

കന്നഡ സിനിമയിലെ എക്കാലത്തെയും വലിയ താരം രാജ്കുമാറിന്റെ മകനായ പുനീത് മുപ്പതോളം സിനിമകളിൽ അഭിനിയിച്ചിട്ടുണ്ട്. 'പവർ സ്റ്റാർ' എന്ന് ആരാധകർ വിളിക്കുന്ന പുനീതിന് 1985 ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

സഹോദരൻ ശിവരാജ് കുമാറും കന്നഡ സിനിമയിലെ സൂപ്പർ താരമാണ്. നിർമ്മാതാവ്, ഗായകൻ, അവതാരകൻ എന്നീ നിലകളിലും പേരെടുത്തു. അമ്മ: പാർവതമ്മ. ഭാര്യ: അശ്വിനി രേവന്ത്. മക്കൾ: ധൃതി, വന്ദിത. രാജ്കുമാറിന്റെയും പാർവതമ്മയുടെയും അഞ്ചാമത്തെ കുട്ടിയായി 1975ൽ ചെന്നൈയിലാണ് ജനനം. ആറുമാസം പ്രായമുള്ളപ്പോൾ പ്രേമദ കനികേ എന്ന സിനിമയിലൂടെ സ്‌ക്രീനിലെത്തിയിരുന്നു. ലോഹിത് എന്ന പേര് സിനിമയിലെത്തിയതോടെയാണ് പുനീത് എന്നു മാറ്റിയത്. ആറു വയസ്സുള്ളപ്പോൾ കുടുംബത്തോടൊപ്പം മൈസൂരുവിലേക്കു താമസം മാറ്റി.

രാജ്കുമാറിനൊപ്പം കുട്ടിക്കാലം മുതൽ സിനിമാ സെറ്റുകളിൽ പോകുമായിരുന്നു. ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ചു. 'ബെട്ടദ ഹൂവു' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 1985 ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. ചലിസുക മൊദഗാലു, ഈറാഡു നക്ഷത്രഗളു എന്നീ ചിത്രങ്ങൾക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചു.

2002 ൽ 'അപ്പു' എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം. അപ്പു എന്നത് പിന്നീട് പുനീതിന്റെ വിളിപ്പേരായി. അഭി, വീര കന്നഡിഗ. റാം, അൻജാനി പുത്ര, പവർ, മൗര്യ, അരസു, വംശി, പൃഥ്വി, ജാക്കി, രാജകുമാര, രണവിക്രമ, നടസാർവഭൗമ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. മോഹൻലാലിനൊപ്പം 'മൈത്രി' എന്ന സിനിമയിലും അഭിനയിച്ചു. കോൻ ബനേഗാ ക്രോർപതിയുടെ കന്നഡ പതിപ്പായ കന്നഡദ കോട്യധിപതി എന്ന ടിവി ഷോ അവതരിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP