Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

2006ൽ രാജ്കുമാർ മരിച്ചപ്പോൾ നടുങ്ങിയ കന്നഡ ജനത; 46-ാം വയസ്സിലെ മകന്റെ വിയോഗം ഉൾക്കൊള്ളനാകാതെ പൊട്ടിക്കരയുന്നു; കർണ്ണാടക നിശ്ചലം; താരത്തെ സമാധാനപൂർവ്വം യാത്രയാക്കാൻ അഭ്യർത്ഥന; പുനീത് രാജ്കുമാർ യാത്രയാകുമ്പോൾ

2006ൽ രാജ്കുമാർ മരിച്ചപ്പോൾ നടുങ്ങിയ കന്നഡ ജനത; 46-ാം വയസ്സിലെ മകന്റെ വിയോഗം ഉൾക്കൊള്ളനാകാതെ പൊട്ടിക്കരയുന്നു; കർണ്ണാടക നിശ്ചലം; താരത്തെ സമാധാനപൂർവ്വം യാത്രയാക്കാൻ അഭ്യർത്ഥന; പുനീത് രാജ്കുമാർ യാത്രയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളുരു : കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി കർണ്ണാടക. നടന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന റിപ്പോർട്ട് അറിഞ്ഞ ഉടൻ തന്നെ ആരാധകർ ആശുപത്രിക്കു മുന്നിൽ എത്തിച്ചേർന്നിരുന്നു. മരണം സ്ഥിരീകരിച്ച ശേഷം ആരാധകരുടെ ഒഴുക്ക് കൂടി. ബെംഗളുരു നഗരം പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്. അനിഷ്ട സംഭവങ്ങൾ ആരാധകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ പൊലീസ് എടുക്കുന്നുണ്ട്. ഇന്നാണ് സംസ്‌കാരം.

മൃതദേഹം വിലാപയാത്രയായി കണ്ഠീരവ സ്റ്റേഡിയത്തിൽ എത്തിച്ചു. താരത്തെ അവസാനമായി ഒരു നോക്കുകാണാൻ റോഡിനിരുവശവും ആരാധകർ നിറഞ്ഞു. മൃതദേഹം പൊതുദർശനത്തിന് വെക്കുന്ന കണ്ഠീരവ സ്റ്റേഡിയത്തിലേക്കും ആരാധകർ ഒഴുകി എത്തി. ചുറ്റും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കന്നഡ സിനിമാലോകവും സങ്കടക്കടലായി മാറിയിരിക്കുകയാണ്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ബെംഗളുരുവിലെ വിക്രം ആശുപത്രിയിൽ നെഞ്ചുവേദനയെ തുടർന്ന് പുനീതിനെ പ്രവേശിപ്പിച്ചത്. പുനീത് ഗുരുതരാവസ്ഥയിലാണെന്ന വാർത്ത പ്രചരിച്ചതോടെ ആശുപത്രിക്ക് മുന്നിലും പുനീതിന്റെ വസതിക്കുമുന്നിലും ആരാധകർ തടിച്ചുകൂടി. ആശുപത്രിയുടെ കവാടത്തിനുമുന്നിൽ കയർ കെട്ടിയാണ് ആരാധകർ ആശുപത്രിയിൽ കയറുന്നത് പൊലീസ് തടഞ്ഞത്.

താരം ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ബംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യാതൊരുവിധത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങളും പുനീത് രാജുമാറിന് നേരത്തെ ഉണ്ടായിരുന്നില്ല. പൂർണ ആരോഗ്യവാനായിരുന്ന പുനീത് ഫിറ്റ്നസ്റ്റ് ഫ്രീക്കുമായിരുന്നു. പെട്ടന്നുള്ള വാർത്തയുടെ നടുക്കത്തിലാണ് ആരാധകരും വേണ്ടപ്പെട്ടവരും. കന്നഡയിലെ പ്രശസ്ത രാജ്കുമാർ കുടുംബത്തിലെ അംഗമാണ് പുനീത് രാജ്കുമാർ. അച്ഛൻ രാജ്കുമാറിന്റെ പാരമ്പര്യം പിൻതുടർന്ന് ബാലതാര വേഷങ്ങളിലൂടെയാണ് സിനിമയിൽ എത്തിയത്. മൂന്ന് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഉൾപ്പടെ നിരവധി ഫിലിം ഫെയർ പുരസ്‌കാരവും പുനീത് നേടിയിട്ടുണ്ട്. 'യുവരത്‌ന'യാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മോഹൻലാൽ പ്രധാനവേഷത്തിലെത്തിയ കന്നഡ ചിത്രമായ 'മൈത്രി'യിൽ അതിഥി താരമായി അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

2006ഏപ്രിൽ 12നു കന്നഡ സിനിമയിലെ ഇതിഹാസതാരം ഡോ.രാജ്കുമാർ അന്തരിച്ചപ്പോൾ നടുങ്ങിയ കന്നഡ ജനത ഏറെക്കുറെ സമാനമായ അവസ്ഥയിലാണിന്നും. ഡോ.രാജ് എന്ന് അവർ സ്‌നേഹാദരപൂർവം വിളിച്ച ഡോ.രാജ്കുമാർ. ഡോ.രാജിന്റെ ഇളയ മകൻ കന്നഡ സിനിമയിലെ യുവ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ വിയോഗവാർത്ത കേട്ട ഞെട്ടലിൽ നിശ്ചലമാണു കർണാടക. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും മുതിർന്ന നേതാക്കളും പുനീതിന്റെ ജ്യേഷ്ഠ സഹോദരങ്ങളായ സൂപ്പർ താരം ശിവരാജ് കുമാറും നടൻ രാഘവേന്ദ്ര രാജ്കുമാറുമെല്ലാം ജനങ്ങളോടും പുനീതിന്റെ ആരാധകരോടും ആവർത്തിച്ച് അഭ്യർത്ഥിക്കുകയാണ് പുനീതിനെ സമാധാനപൂർവം യാത്രയയയ്ക്കണമെന്ന്.

2006 ഏപ്രിലിൽ ഡോ.രാജ്കുമാറിന്റെ ഭൗതിക ശരീരം ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ചപ്പോഴുണ്ടായ അക്രമസംഭവങ്ങളാകാം അവരുടെ മനസ്സിൽ. അന്നു ബെംഗളൂരു നഗരമാകെ അക്രമപരമ്പരകൾ അരങ്ങേറിയിരുന്നു. ബന്ദായിരുന്നു ആ ദിവസങ്ങളിൽ കർണാടകയിൽ. ഇതരഭാഷാ ചാനലുകളടക്കം എല്ലാ ചാനലുകളിലും ദുഃഖഗീതം. കാവേരി വിഷയത്തിലും വീരപ്പൻ ഡോ.രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയപ്പോഴും മാത്രമാണു കർണാടക അതിനു മുൻപ് അങ്ങനെ നിശ്ചലമായത്.

ഡോ.രാജ്കുമാറിന്റെ തനിപ്പകർപ്പെന്ന ഖ്യാതിയായിരുന്നു പുനീത് രാജ്കുമാറിന്. മൂത്ത മകൻ ശിവരാജ് കുമാർ എന്ന 'ശിവണ്ണയും' രണ്ടാമത്തെ മകൻ രാഘവേന്ദ്രയുമെല്ലാം നടന്മാർതന്നെയെങ്കിലും കുടുംബത്തിന്റെ ഓമന എന്നും ഇളയ മകനായിരുന്നു. 2006 ഏപ്രിലിൽ ഡോ.രാജ്കുമാറിന്റെ ഭൗതികശരീരം പൊതുദർശനത്തിനുവച്ച അതേ കണ്ഠീരവ സ്റ്റേഡിയത്തിലാണ് ഇപ്പോൾ 15 വർഷത്തിനിപ്പുറം പുനീത് രാജ്കുമാറെന്ന നാൽപ്പത്തിയാറുകാരന്റ ഭൗതികശരീരവും പൊതുദർശനത്തിനു വച്ചത്.

ആറു മാസം മാത്രം പ്രായമുള്ളപ്പോൾ സിനിമയിൽ മുഖം കാണിച്ചുതുടങ്ങിയ താരമാണു പുനീത്. അച്ഛൻ സിനിമാത്തിരക്കിൽ മദ്രാസിലായിരുന്ന കാലത്തു പുനീതിന്റെ ജനനവും അവിടെയായിരുന്നു. 1975 മാർച്ച് 17ന്. 1985ൽ പുനീതിനെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം തേടിയെത്തി. 'ബെട്ടദ ഹൂവു' എന്ന ചിത്രത്തിനായിരുന്നു അത്. 'ചാലിസുവ മോദഗളു', 'എരഡു നക്ഷത്രഗളു' എന്നീ ചിത്രങ്ങൾക്കു മികച്ച ബാലതാരത്തിനുള്ള കർണാടക സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. 2002ൽ അപ്പു എന്ന ചിത്രത്തിലാണ് ആദ്യമായി നായകനായത്. അതോടെ കന്നഡ ജനതയ്ക്കു പുനീത് പ്രിയപ്പെട്ട അപ്പുവുമായി.

വി.സോമശേഖറിന്റെ 'പ്രേമദ കാണിക്കെ' എന്ന ചിത്രത്തിലാണ് 1976ൽ വെറും 6 മാസം പ്രായമുള്ളപ്പോൾ പുനീത് അഭിനയിച്ചത്. ഒന്നാം വയസ്സിൽ 'ആരതി', 'സാനദി അപ്പണ്ണ' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. പിന്നെയും ഒട്ടേറെ ബാലതാരവേഷങ്ങൾ. 89ൽ 'പരശുറാം' എന്ന ചിത്രത്തിലാണ് അവസാനമായി ബാലതാരമായി അഭിനയിച്ചത്. ബാലതാരമായി പതിനഞ്ചോളം ചിത്രങ്ങൾ. 2002 മുതൽ നായകനടനായി മാറി.

കെജിഎഫ് ചാപ്റ്റർ 1 എന്ന ചിത്രം 2018ൽ പുറത്തിറങ്ങുംവരെ പുനീതിനെ നായകനാക്കി സന്തോഷ് ആനന്ദ്‌റാം തയാറാക്കിയ 'രാജകുമാര' ആയിരുന്നു കന്നഡയിൽ റെക്കോർഡ് സാമ്പത്തിക ലാഭമുണ്ടാക്കിയ ചിത്രം. വാണിജ്യ വിജയങ്ങളായ ഒട്ടേറെ ചിത്രങ്ങളിലെ നായകനായിരുന്നു പുനീത്. മോഹൻലാലിന്റെ കടുത്ത ആരാധകനായിരുന്നു പുനീത്. ഇത് പലപ്പോഴും തുറന്നുപറഞ്ഞിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP