Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സിപിഎമ്മിൽ ന്യായീകരണ തൊഴിലാളിയായിരുന്നു; തന്റെ അധ്വാനത്തിന്റെ മൂലധനം കോൺഗ്രസിലുണ്ട്; തറവാട്ടിൽ തിരിച്ചെത്തിയെന്ന് ചെറിയാൻ ഫിലിപ്; തിരിച്ചുവരവ് കോൺഗ്രസിന് ഗുണംചെയ്യുമെന്ന് എ.കെ ആന്റണി; കൂടിക്കാഴ്ചയിൽ മഞ്ഞുരുകി;കോൺഗ്രസിലേക്ക് മടക്കം 20 വർഷങ്ങൾക്ക് ശേഷം

'സിപിഎമ്മിൽ ന്യായീകരണ തൊഴിലാളിയായിരുന്നു; തന്റെ അധ്വാനത്തിന്റെ മൂലധനം കോൺഗ്രസിലുണ്ട്;  തറവാട്ടിൽ തിരിച്ചെത്തിയെന്ന് ചെറിയാൻ ഫിലിപ്; തിരിച്ചുവരവ് കോൺഗ്രസിന് ഗുണംചെയ്യുമെന്ന് എ.കെ ആന്റണി; കൂടിക്കാഴ്ചയിൽ മഞ്ഞുരുകി;കോൺഗ്രസിലേക്ക് മടക്കം 20 വർഷങ്ങൾക്ക് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നീണ്ട 20 വർഷത്തെ അകൽച്ചയ്ക്കുശേഷം ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ. പാർട്ടിയിലേക്കുള്ള മടക്കം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ചെറിയാൻ ഫിലിപ്പ് നടത്തി. ഇതിനു മുന്നോടിയായി തന്റെ രാഷ്ട്രീയ ഗുരുവായ എ കെ ആന്റണിയെ വീട്ടിലെത്തി കണ്ടിരുന്നു. 20 വർഷം നീണ്ട ഇടതു ബന്ധം അവസാനിപ്പിച്ചാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങി വരുന്നത്.

20 വർഷത്തിനു ശേഷം കോൺഗ്രസ് തറവാട്ടിലേക്കു മടങ്ങുന്നുവെന്ന് ചെറിയാൻ ഫിലിപ് പറഞ്ഞു. തന്റെ അധ്വാനത്തിന്റെ മൂലധനം കോൺഗ്രസിലുണ്ട്. അന്ന് പറഞ്ഞ കാര്യങ്ങൾ ഇന്ന് കോൺഗ്രസ് നടപ്പാക്കിയിരിക്കുന്നു. ഇന്നലെ കെപിസിസി അധ്യക്ഷൻ കോൺഗ്രസിലേക്കു ക്ഷണിച്ചതായും ചെറിയാൻ ഫിലിപ് പ്രതികരിച്ചു.

കോൺഗ്രസിൽ സ്വതന്ത്രമായി അഭിപ്രായം പറയാമെന്നും സി പി എം സഹയാത്രികനായിരുന്നപ്പോൾ ന്യായീകരണ തൊഴിലാളിയായി മാത്രം മാറിയെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. കാൽ നൂറ്റാണ്ടിന്റെ തുടർരചന നടത്താത്തത് സിപിഎമ്മിന് എതിരാകുമെന്ന് തോന്നിയതിനാൽ ആണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

സിപിഎമ്മിനെ കുറിച്ച് എഴുതാൻ കോൺഗ്രസിനേക്കാളുമുണ്ട്. സിപിഎമ്മിലായിരുന്നപ്പോൾ ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചു. സിപിഎമ്മിൽ തനിക്ക് രാഷ്ട്രീയ പ്രസക്തിയുണ്ടായിരുന്നില്ല. രാഷ്ട്രീയ മുഖ്യധാരയിൽ നിൽക്കുന്നത് ഇടത് സഹവാസം പറ്റില്ല. കോൺഗ്രസിൽ രാഷ്ട്രീയ വ്യക്തിത്വമാകാം.കേരളത്തിലെ കോൺഗ്രസ് തിരിച്ച് വരവിന്റെ പാതയിൽ ആണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

സിപിഎമ്മിൽ ആയിരുന്നപ്പോഴും രാഷ്ട്രീയ സത്യസന്ധത പുലർത്തി. രാഷ്ട്രീയ രഹസ്യങ്ങൾ രഹസ്യമായിരിക്കും. വിപുലമായ സൗഹൃദങ്ങൾ കോൺഗ്രസിൽ ഉണ്ട്. തന്റെ വേരുകൾ കോൺഗ്രസിൽ ആണ്. മറ്റൊരു പ്രതലത്തിൽ താൻ വളരില്ല. വേരുകൾ തേടി ഞാൻ മടക്കയാത്ര നടത്തുന്നു. ജനിച്ച് വളർന്ന വീട്ടിൽ കിടന്ന് മരിക്കണമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.താൻ ഒരു സ്ഥാനവും സിപിഎമ്മിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

20 വർഷത്തിന് ശേഷം തറവാട്ടിൽ തിരിച്ചെത്തുന്നതായി ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഇന്ത്യൻ ദേശീയത നിലനിർത്തുന്നത് കോൺഗ്രസ് ആണ്. വർഗീയതയും ഏകാധിപത്യം കൊടികുത്തിവാഴുന്ന കാലത്ത് ജനാധിപത്യ ബദൽ വേണം. അതിന് കോൺഗ്രസിനേ കഴിയൂ. കോൺഗ്രസ് മരിച്ചാൽ ഇന്ത്യ മരിക്കും. രാജ്യസ്‌നേഹമുള്ള വ്യക്തി എന്ന നിലയിൽ ജീവിത സാായഹ്നത്തിൽ താൻ കോൺഗ്രസ് പങ്കാളിയാകുന്നു.

യൗവന ഊർജ്ജം മുഴുവൻ കോൺഗ്രസിന് നൽകി. കേരളത്തിലെ കോൺഗ്രസിൽ അധികാര കുത്തക രൂപപ്പെട്ട് വന്നിരുന്നു.അത് പാടില്ലായെന്ന് താൻ പറഞ്ഞിരുന്നു, അധ്വാനത്തിന്റെ മൂലധനം കോൺഗ്രസിൽ ആണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.വെള്ളിയാഴ്ച രാവിലെ ചെറിയാൻ ഫിലിപ് കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയെ കാണാൻ വീട്ടിലെത്തിയിരുന്നു.

ചെറിയാൻ കോൺഗ്രസിലേക്കു മടങ്ങിയെത്തിയതിൽ സന്തോഷമെന്ന് എ.കെ. ആന്റണി പ്രതികരിച്ചു. 20 വർഷം ഇടതുപക്ഷത്തോടൊപ്പം നിന്നിട്ടും ചെറിയാൻ സിപിഎം അംഗത്വം എടുത്തില്ല. ഒരു കുടുംബമെന്ന തോന്നൽ ഉണ്ടാകാത്തതാണ് അതിനു കാരണം. ആദ്യ കാലത്ത് പിണക്കമുണ്ടായി, പരിഭവങ്ങൾ പിന്നീടു പറഞ്ഞുതീർത്തു.

കിട്ടേണ്ട പരിഗണന പാർട്ടിയിൽ കിട്ടിയില്ല എന്ന മാനസിക പ്രയാസം ചെറിയാനുണ്ടായിരുന്നു. അങ്ങനെ വന്നപ്പോൾ വികാരപരമായി ചെറിയാൻ തീരുമാനമെടുത്തു. പാർട്ടി വിട്ടപ്പോൾ ചെറിയാനോട് പരിഭവം ഉണ്ടായിരുന്നു. ശരിക്കും ഷോക്ക് ആയിരുന്നു. മൂന്നു വർഷത്തോളം അദ്ദേഹത്തോട് സംസാരിച്ചില്ല. ചെറിയാന് അയാളുടേതായ നിലപാടുകളുണ്ടെന്ന് ചിന്തിച്ചപ്പോൾ പിന്നീട് വ്യക്തിബന്ധം സാധാരണ നിലയിലായി. ചെറിയാൻ വീട്ടിൽ വന്നു കാണുമായിരുന്നു. അതിനാൽ മഞ്ഞുരുക്കം 17 വർഷം മുൻപേ കഴിഞ്ഞു.

ചെറിയാൻ ഫിലിപ്പിന്റെ മടങ്ങി വരവ് കോൺഗ്രസിന് ഊർജം പകരുമെന്ന് എ കെ ആന്റണി പറഞ്ഞു. 20 വർഷം സി പി എമ്മിൽ ഉണ്ടായിട്ടും കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം എടുത്തില്ലെന്നത് എടുത്തു പറയേണ്ട കാര്യമാണെന്ന് എ കെ ആന്റണി പ്രതികരിച്ചു. കോൺഗ്രസിലേക്കുവരുമ്പോൾ കുടുംബത്തിലേക്കു വരുന്നതുപോലെയാണ്. സിപിഎമ്മിൽ കുടുംബാന്തരീക്ഷം ഉള്ളതായി തോന്നിയിട്ടില്ല. കോൺഗ്രസ് ശക്തിപ്പെടാതെ ജനങ്ങളെ വിഭജിക്കുന്ന കേന്ദ്രത്തെ താഴെയിറക്കാൻ കഴിയില്ല. കെപിസിസി പ്രസിഡന്റ് ചെറിയാന്റെ പദവി സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും എ.കെ.ആന്റണി പറഞ്ഞു.

കോൺഗ്രസ് ശക്തിപ്പെടേണ്ട സാഹചര്യത്തിൽ ചെറിയാൻ ഫിലിപ്പിനെ പോലുള്ളവരുടെ തിരിച്ചുവരവ് അണികൾക്ക് ആവേശം പകരും. ചെറിയാനെ എല്ലാ കോൺഗ്രസ് നേതാക്കളും സ്വാഗതം ചെയ്തിട്ടുണ്ട് . തനിക്ക് പകരം ചെറിയാൻ ഫിലിപ്പ് രാജ്യസഭയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ലെന്നും അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നും എ കെ ആന്റണി പ്രതികരിച്ചു.

ഇടതുപക്ഷത്തേക്ക് ചേക്കേറിയ ശേഷം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നിരവധി തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. എന്നാൽ ഇടതുപാളയത്തിൽ കെഡിടിസി ചെയർമാൻ, നവകേരള മിഷൻ കോർഡിനേറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇത്തവണ ഖാദി ബോർഡ് ഉപാധ്യക്ഷ സ്ഥാനം നൽകിയെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ തയ്യറായിരുന്നില്ല.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെറിയാൻ ഫിലിപ്പിനെ സിപിഎം പരിഗണിച്ചിരുന്നില്ല. രാജ്യസഭാ തിരഞ്ഞെടുപ്പിലും തഴഞ്ഞതോടെയാണ് അദ്ദേഹം ഇടതുപക്ഷവുമായി അകലാൻ തുടങ്ങിയത്. രണ്ടാം പിണറായി സർക്കാർ മുന്നോട്ട് വെച്ച് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാതെ ഭിന്നത പരസ്യമാക്കി മെല്ലെ പഴയ തട്ടകത്തിലേക്ക് മടങ്ങാൻ തയ്യാറെടുത്തു. മുഖ്യമന്ത്രിയുടെ നെതർലാൻഡ് സന്ദർശനത്തെ അടക്കം കുറ്റപ്പെടുത്തി സംസ്ഥാനത്തെ ദുരന്തനിവാരണത്തെ വിമർശിച്ച് ഫേസ്‌ബുക്ക് പോസ്റ്റ് കൂടെ ചെയ്തതോടെ അനുനയത്തിനുള്ള ശ്രമങ്ങൾ ഇടത് മുന്നണി അവസാനിപ്പിച്ചു.

എ കെ ആന്റണി അടക്കമുള്ള മുതിർന്ന നേതാക്കൾ തന്നെയാണ് ചെറിയാൻ ഫിലിപ്പിനെ തിരികെയെത്തിക്കാൻ മുൻകൈയെടുത്തത്. തിരിച്ചു വരുന്ന മുതിർന്ന നേതാവിന് എന്ത് പദവി നൽകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. ജയസാധ്യതയില്ലാത്ത സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് 2001ലാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് പാർട്ടി വിട്ട് ഇടത് പാളയത്തിലെത്തുന്നത്. പലരും പാർട്ടി വിടുമ്പോഴുള്ള ചെറിയാന്റെ മടക്കം കോൺഗ്രസ്സിന് രാഷ്ട്രീയനേട്ടം തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP