Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരയ്ക്കാർ തീയറ്ററിൽ തന്നെയെത്തുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് ലിബർട്ടി ബഷീർ; തീയറ്റർ നിറയ്ക്കാൻ സർക്കാരിൽ സമ്മർദ്ദം തുടരും; മോഹൻലാലിനേയും ആന്റണി പെരുമ്പാവൂരിനേയും തള്ളിപ്പറയാതെ തിയേറ്റർ ഉടമ; പരസ്പരം ചെളി വാരി എറിയരുതെന്ന് നിർദ്ദേശിച്ച് ഫിലം ചേംബറും

മരയ്ക്കാർ തീയറ്ററിൽ തന്നെയെത്തുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് ലിബർട്ടി ബഷീർ; തീയറ്റർ നിറയ്ക്കാൻ സർക്കാരിൽ സമ്മർദ്ദം തുടരും; മോഹൻലാലിനേയും ആന്റണി പെരുമ്പാവൂരിനേയും തള്ളിപ്പറയാതെ തിയേറ്റർ ഉടമ; പരസ്പരം ചെളി വാരി എറിയരുതെന്ന് നിർദ്ദേശിച്ച് ഫിലം ചേംബറും

വിഷ്ണു ജെജെ നായർ

തിരുവനന്തപുരം: മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രം തീയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിൽ നിർമ്മാതാവും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റുമായ ലിബർട്ടി ബഷീർ. അതിന് വേണ്ടി ഫിലിം ചേംബർ സമ്മർദ്ദം ചെലുത്തും. മോഹൻലാലിന്റെ എലോൺ, ട്വൽത്ത് മാൻ, ബ്രോ ഡാഡി എന്നീ സിനിമകൾ ഒടിടി പ്ലാറ്റ്ഫോമിന് നൽകാൻ ലോക്ക്ഡൗൺ കാലത്ത് തന്നെ അവർ കരാർ ഒപ്പിട്ടതാണ്. ആ സിനിമകൾ നിർമ്മിച്ചിരിക്കുന്നതും ആ ഫോർമാറ്റിലാണ്. അതിനാൽ അവ തീയറ്ററുകളിൽ റിലീസ് ചെയ്യണമെന്ന് പറയാൻ ഞങ്ങൾക്ക് കഴിയില്ല. എന്നാൽ മരയ്ക്കാർ തീയറ്ററിൽ റിലീസ് നടത്തുമെന്നാണ് ആന്റണി നേരത്തെ പറഞ്ഞിരുന്നത്. അവർ ഇപ്പോൾ വാക്ക് മാറ്റിയിട്ടുണ്ട്. എങ്കിലും അവർ ഇപ്പോഴത്തെ തീരുമാനത്തിൽ മാറ്റം വരുത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ലിബർട്ടി ബഷീർ മറുനാടനോട് പറഞ്ഞു.

മരയ്ക്കാർ പോലുള്ള സിനിമകൾ തീയറ്ററിൽ റിലീസ് ചെയ്ത് ലാഭമുണ്ടാക്കണമെങ്കിൽ തീയറ്റർ പ്രവേശനം അമ്പത് ശതമാനം എന്നത് മാറ്റി നൂറുശതമാനമാക്കി മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. അല്ലെങ്കിൽ ബിഗ് ബജറ്റ് സിനിമകൾക്ക് ഒരിക്കലും ലാഭമുണ്ടാക്കാൻ സാധിക്കില്ല. ആദ്യആഴ്‌ച്ചയിൽ തന്നെ ഇൻഷ്യൽ കിട്ടേണ്ട ചിത്രം പകുതി കാഴ്‌ച്ചക്കാർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ഒരിക്കലും സാധിക്കില്ല. താനായിരുന്നു പ്രൊഡ്യൂസറെങ്കിൽ അതിന് ഒരിക്കലും സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദീപാവലി റിലീസുകൾ വന്നപ്പോൾ തമിഴ്‌നാട്ടിലെ തീയറ്ററുകളിൽ അമ്പത് ശതമാനമെന്നത് നൂറ് ശതമാനമാക്കി മാറ്റിയിട്ടുണ്ട്. കേരള സർക്കാരും അത് മാതൃകയാക്കാൻ തയ്യാറാകണം. എങ്കിൽ മാത്രമേ ചലച്ചിത്രവ്യവസായം പഴയട്രാക്കിലേയ്ക്ക് തിരിച്ചെത്തു എന്നും അദ്ദേഹം പറഞ്ഞു. ഒടിടി റിലീസുകൾക്കെതിരെ ശക്തമായ നിലപാടുകളെടുത്തിരുന്ന ലിബർട്ടി ബഷീർ ഇപ്പോൾ നിലപാട് മയപ്പെടുത്തിയത് ശ്രദ്ധേയമാണ്. ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന നാല് ചിത്രങ്ങളിൽ മൂന്ന് സിനിമകളും ഒടിടിയിൽ റിലീസ് ചെയ്യുന്നതിൽ ലിബർട്ടി ബഷീറിനും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും എതിർപ്പില്ല. മരയ്ക്കാർ തീയറ്ററിൽ റിലീസ് ചെയ്യണമെന്ന് മാത്രമാണ് അവരുടെ ആവശ്യം.

ഇതിനിടെ മരയ്ക്കാറുടെ പേരിൽ പരസ്യമായ ചേരിപ്പോര് ഫിലിം ചേംബർ വിലക്കിയിട്ടുണ്ടെന്നാണ് സൂചനകൾ. വിഷയം രമ്യമായി പരിഹരിക്കാൻ ചേംബർ മുൻകൈ എടുക്കും. മോഹൻലാലുമായും ആന്റണി പെരുമ്പാവൂരുമായും ചേംബർ ഭാരവാഹികൾ ചർച്ച നടത്തും. അതിന് ശേഷം മാത്രമേ മരയ്ക്കാറിന്റെ റിലീസിങ് സംബന്ധിച്ച് അന്തിമതീരുമാനത്തിലെത്തുകയുള്ളു.

മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ ചേമ്പറിനെ ഞെട്ടിച്ചിരുന്നു റിലീസുമായി ബന്ധപ്പെട്ട് ആമസോൺ പ്രൈമുമായി അണിയറ പ്രവർത്തകർ ചർച്ചനടത്തുകയും അന്തിമ ധാരണയിൽ എത്തുകയും ചെയ്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് മരയ്ക്കാറെ തിരികെ പിടിക്കാനുള്ള നീക്കം. ക്രിസ്മസിന് മുമ്പ് തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ആളുകളെ കയറ്റാനാകുമെന്ന നിലപാടിലാണ് ചേമ്പർ. ഇതിന് സർക്കാർ അനുമതി നേടിയെടുക്കാൻ ശ്രമിക്കും. ക്രിസ്മസിനാണ് മരയ്ക്കാർ റിലീസ് ആമസോണിലും ആന്റണി പെരുമ്പാവൂർ പ്ലാൻ ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം ചേമ്പർ നടത്തുന്നത്.

മോഹൻലാലിന്റെ ബ്രോ ഡാഡിയും ട്വൽത്ത് മാനും എലോണും ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. ചെറിയ ബജറ്റിൽ എടുത്ത ചിത്രങ്ങളാണ് ഇതെല്ലാം. ഇതിനെ ഫിലിം ചേമ്പർ എതിർക്കില്ല. എന്നാൽ തിയേറ്റർ റിലീസിന് വേണ്ടിയൊരുക്കിയ മരയ്ക്കാർ തിയേറ്ററിൽ തന്നെ കാണിക്കണമെന്നാണ് ആവശ്യം. ഇത് അംഗീകരിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് ആന്റണി പെരുമ്പാവൂരും അറിയിച്ചിട്ടുണ്ട്. അമ്പത് ശതമാനം പേരെ മാത്രം തിയേറ്ററിൽ കയറ്റുമ്പോൾ മരയ്ക്കാറിന് നേട്ടമുണ്ടാക്കാനാകില്ലെന്നത് വസ്തുതയാണ്. ഇത് ഫിലിം ചേമ്പറും സമ്മതിക്കുന്നു. അതുകൊണ്ടു തന്നെ ഏറ്റുമുട്ടലിന്റെ പാതിയിലേക്ക് കാര്യങ്ങൾ കൈവിടാതെ ചേമ്പർ പ്രത്യേകം ശ്രദ്ധിക്കും.

നിലവിലെ സർക്കാർ നിർദ്ദേശം അനുസരിച്ച് 50 ശതമാനം ആളുകളെ മാത്രമാണ് തിയേറ്ററുകളിൽ പ്രവേശിപ്പിക്കാൻ കഴിയുന്നത്. ഈ സാഹചര്യത്തിൽ മരയ്ക്കാർ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ലന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.ഇനിയും കാത്തിരിക്കാൻ സാധിക്കില്ലെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. മരയ്ക്കാറിന് മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിയേറ്റർ അല്ലെങ്കിൽ ഒടിടി. ഇനിയും കാത്തിരിക്കാനാകില്ല. അനുകൂല സാഹചര്യമൊരുക്കിയാൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും അന്ന് പറഞ്ഞിരുന്നു.

മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് തിയേറ്ററുടമകളും പറയുന്നു. ചിത്രത്തിന്റെ തിയേറ്റർ റിലീസ് സംബന്ധിച്ച് തങ്ങൾക്ക് ഉറപ്പുലഭിച്ചിട്ടുണ്ടെന്ന് അവർ നേരത്തെ വ്യക്തമാക്കിയിരുന്നു. 2020 ഏപ്രിൽ മാസത്തിൽ റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് മരയ്ക്കാർ. കോവിഡ് പ്രതിസന്ധിമൂലം ചിത്രത്തിന്റെ റിലീസ് നീണ്ടുപോവുകയായിരുന്നു. ഒടിടി പ്ലാറ്റ്ഫോമുകളിൽ ചിത്രങ്ങൾ തുടർച്ചയായി റിലീസ് ചെയ്യുന്നതിലെ ആശങ്ക നിർമ്മാതാക്കളോടും താരങ്ങളോടും പങ്കുവച്ചിട്ടുണ്ടെന്നും തിയേറ്റർ ഉടമകൾ പറഞ്ഞു.

ഷാജി കൈലാസിന്റെ മോഹൻലാൽ ചിത്രമാണ് എലോൺ. ബിഗ് ക്യാൻവാസിൽ ചിത്രമെടുത്ത സൂപ്പർ സംവധായകൻ. ആറാതമ്പുരാനും നരസിംഹം തുടങ്ങിയ ബിഗ് ഹിറ്റുകൾ മോഹൻലാലിനെ വച്ചെടുത്ത സംവിധായകൻ. ഈ സംവിധായകന്റെ പുതിയ ചിത്രം 17 ദിവസം കൊണ്ട് പൂർത്തിയായി. മലയാള ഇൻഡസ്ട്രിയെ പോലും ഈ വേഗത ഞെട്ടിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എലോണിൽ മോഹൻലാൽ ഏകനായി അഭിനയിച്ചുവെന്ന സൂചന പുറത്തായത്. തീരെ ചെലവു കുറച്ചെടുത്ത ചിത്രം.

മരയ്ക്കാറെ പാക്കേജിലാക്കി ഒടിടിക്ക് കൈമാറുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് ഇന്ന് സിനിമാക്കാർ തിരിച്ചറിയുന്നുണ്ട്. പൃഥ്വിരാജാണ് ബ്രോ ഡാഡിയുടെ സംവിധായകൻ. അതിവേഗമാണ് തെലുങ്കാനയിൽ ചിത്രം പൂർത്തിയാക്കിയത്. പരമാവധി ചെലവു ചുരുക്കി. ദൃശ്യം രണ്ടിന്റെ പെരുമയിൽ നിൽക്കുന്ന ജിത്തു ജോസഫിന്റെ ട്വൽത്ത് മാന്റെ കഥ 24 മണിക്കൂറിലേക്ക് ചുരുങ്ങുന്നതാണ്. അതും അതിവേഗം ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാക്കി. ഇതെല്ലാം ഒടിടിയിലേക്ക് എല്ലാ സിനിമകളും കൂടി കൈമാറാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് തിയേറ്ററുകാർ കരുതുന്നു.

തിയേറ്റർ സംഘടനയുടെ തലപ്പത്തുള്ള ആന്റണി പെരുമ്പാവൂരിൽ നിന്ന് ഈ ചതി ആരും പ്രതീക്ഷിച്ചതുമല്ലെന്നതാണ് വസ്തുത. എങ്കിലും പ്രകോപനങ്ങൾക്ക് തൽകാലം സംഘടന പോകില്ല. ചേമ്പറിലൂടെ മരയ്ക്കാറെ എങ്കിലും തിയേറ്ററിൽ എത്തിക്കാനാണ് ഫിംലിം ചേംബറും എക്സിബിറ്റേഴ്സ് ഫെഡറേഷനും അടക്കമുള്ള സംഘടനകൾ ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP