Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയചന്ദ്രൻ ഔട്ട് കംപ്ലീറ്റ്‌ലി! വീണാ നായർ അഴിക്കുള്ളിലും; ചോരക്കുഞ്ഞിനെ തട്ടിയെടുത്ത് മുങ്ങിയെടുത്തവനെ വെറുതെ വിട്ട് നീതിക്ക് വേണ്ടി സമരം നടത്തുന്നവരെ ജയിലിൽ അടച്ച് കേരളാ പൊലീസിന്റെ 'നീതി നടപ്പാക്കൽ'; വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്കൊപ്പം കുട്ടിക്ക് മുലപ്പാൽ നൽകേണ്ട അമ്മയും ജയലിൽ; ഇത് ജാമ്യം നൽകാത്ത പ്രതികാരക്കഥ

ജയചന്ദ്രൻ ഔട്ട് കംപ്ലീറ്റ്‌ലി! വീണാ നായർ അഴിക്കുള്ളിലും; ചോരക്കുഞ്ഞിനെ തട്ടിയെടുത്ത് മുങ്ങിയെടുത്തവനെ വെറുതെ വിട്ട് നീതിക്ക് വേണ്ടി സമരം നടത്തുന്നവരെ ജയിലിൽ അടച്ച് കേരളാ പൊലീസിന്റെ 'നീതി നടപ്പാക്കൽ'; വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്കൊപ്പം കുട്ടിക്ക് മുലപ്പാൽ നൽകേണ്ട അമ്മയും ജയലിൽ; ഇത് ജാമ്യം നൽകാത്ത പ്രതികാരക്കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദത്ത് കേസിൽ സിപിഎം പേരൂർക്കട ലോക്കൽ കമ്മറ്റി അംഗം ജയചന്ദ്രന്റെ അറസ്റ്റും അമ്മയ്ക്ക് നീതിയും കിട്ടാൻ സമരം ചെയ്തതാണ് വീണാ നായർ. ജയചന്ദ്രനെ അറസ്റ്റ് ചെയ്യാതെ ലോക്കൽ കമ്മറ്റിയിൽ എത്താൻ അനുവദിക്കുന്ന പൊലീസിന് വീണയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഇഷ്ടപ്പെട്ടില്ല. വട്ടിയൂർക്കാവിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച വീണ മൂന്ന് ദിവസമായി ജയിലിനുള്ളിലാണ്. വീണയ്‌ക്കൊപ്പം യൂത്ത് കോൺഗ്രസിന്റെ അഞ്ചു നേതാക്കളും അഴിക്കുള്ളിലാണ്. സ്വന്തം കുട്ടിക്ക് മുലപാൽ നൽകിക്കൊണ്ടിരുന്ന അമ്മ വരെ ഇങ്ങനെ അഴിക്കുള്ളിലാണ്. സമരത്തിന് അപ്പുറമുള്ള വകുപ്പുകൾ ചേർത്താണ് ഈ അകത്താക്കൽ.

അതായത് ജയചന്ദ്രന് നൽകുന്ന പരിഗണന പോലും സർക്കാരിനെതിരെ സമരം ചെയ്യുന്നവർക്കില്ല. എന്നാൽ ഇതേ വിഷയത്തിൽ ശിശുക്ഷേമ സമിതിയിലേക്ക് സമരം ചെയ്ത യുവമോർച്ചാ-മഹിളാ മോർച്ചാ പ്രവർത്തകരെ പോലും റിമാൻഡ് ചെയ്യാതെ വിട്ടിലേക്ക് പിണറായി വിജയൻ വിട്ടുവെന്നതാണ് വസ്തുത. ജയചന്ദ്രന്റെ മകൾ അനുമപയുടെ കുട്ടിയെ കാണാതായ കേസ് കോൺഗ്രസുകാരിൽ ആദ്യം ഏറ്റെടുത്തത് വീണയായിരുന്നു. ഈ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി. കെകെ രമ എംഎൽഎയെ ഇതിന്റെ വശങ്ങൾ ബോധ്യപ്പെടുത്തി. രമ അങ്ങനെ അനുപമയെ കാണാനെത്തി. ഇതിനെല്ലാം പിന്നിൽ വീണയാണെന്ന് തിരിച്ചറിഞ്ഞുള്ള പ്രതികാരമാണേ്രത ജയിലിൽ അടയ്ക്കൽ.

അനുപമയുടെ കുട്ടിയുടെ ദത്ത് വിഷയത്തിൽ പൊലീസ് ജുവനൈൽ ജസറ്റീസിലെ വകുപ്പുകൾ പോലും ചുമത്തിയിട്ടില്ല. ജയചന്ദ്രൻ കഴിഞ്ഞ ദിവസം സിപിഎം ഏര്യാകമ്മറ്റി യോഗത്തിലും പങ്കെടുത്തു. പക്ഷേ സമരം ചെയ്തവർ ഇതിലും വലിയ കുറ്റവാളികളാണെന്ന് പൊലീസ് കരുതുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അതിന് ശേഷം പുലർച്ച നാലുമണിക്കാണ് റിമാൻഡ് ചെയ്തത്. വിട്ടയയ്ക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച പൊലീസിന് മുകളിൽ നിന്ന് ഇവരെ ജയിലിൽ അടയ്ക്കാൻ നിർദ്ദേശം കിട്ടുകയായിരുന്നു. ഇതോടെ കടുകട്ടി വകുപ്പുകൾ ചുമത്തി ജയിലിലേക്ക് മാറ്റി. കോടതിയിൽ നിന്ന് ജാമ്യം പ്രതീക്ഷിച്ചെങ്കിലും പൊലീസ് വിശദ റിപ്പോർട്ട് നൽകാത്തതാണ് ജാമ്യം നിഷേധിക്കാൻ കാരണമെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

പ്രതിഷേധിക്കുന്ന വീണാ നായരുടെ ദേഹത്തേക്ക് പൊലീസുകാരി വീഴുന്ന ചിത്രം മനോരമ അടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊലീസുകാരിയുടെ വീഴ്ചയിൽ വീണയ്ക്ക് പരിക്കും പറ്റി. വട്ടിയൂർക്കാവ് മണ്ഡലത്തിലെ എസ് എഫ് ഐക്കാരിയുടെ വിഷയത്തിൽ ഇടപെടാത്ത സ്ഥലം എംഎൽഎ പ്രശാന്തിനെതിരെ അതിന് മുമ്പ് വീണ പോസ്റ്റും ഇട്ടിരുന്നു. കടുത്ത വിമർശനമാണ് ഇതിൽ ഉയർത്തിയത്. അടുത്ത ദിവസങ്ങളിലായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ സമരം. ഇതിന്റെ മുൻനിരയിൽ വീണയും എത്തി. ഇതിനിടെയാണ് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു മാറ്റിയത്. പിന്നെ ജയിലിൽ അടയ്ക്കലും.

പേരൂർക്കട ദമ്പതികളുടെ കുഞ്ഞിനെ തട്ടിയെടുക്കുവാൻ കൂട്ട് നിന്ന സർക്കാർ സംവിധാനങ്ങളുടെ നടപടിക്കെതിരെ ധീരമായി സമരം ചെയ്തതിന്റെ പേരിൽ ജാമ്യം നിഷേധിച്ച് അകത്തായരവരെ ജയിലിലടക്കപ്പെട്ട സമര പോരാളികൾ എന്നാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞത്. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ചിത്രാ ദാസ് , വീണാ എസ് നായർ , യൂത്ത് കോൺഗ്രസ്സ് തിരുവനന്തപുരം ജില്ലാ ഭാരവാഹികളായ അഖില,സജ്‌ന ബി സാജൻ, സുബിജ,അനുഷ്മാ ബഷീർ , ബ്ലോക്ക് ജനറൽ സെക്രട്ടറി ഷാനി എന്നിവരാണ് അഴിക്കുള്ളിലായത്. ഇതിനെതിരെ യൂത്ത് കോൺഗ്രസ് പോലും ശക്തമായ പ്രതിഷേധം ഉയർത്തുന്നില്ല.

ശിശുക്ഷേമ സമിതിയിലെ കുട്ടിയെ ദത്തെടുക്കൽ വിവാദവുമായി ബന്ധപ്പെട്ടു മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർ നിയമസഭ വളപ്പിനുള്ളിൽ കടന്ന് പ്രതിഷേധിച്ചത്. കുട്ടികളുടെ ദത്തെടുക്കൽ വിവാദവുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെയായിരുന്നു പ്രതിഷേധം. ഉച്ചയ്ക്ക് ഒന്നോടെ പ്രധാന കവാടത്തിന് മുന്നിൽ നിലയുറപ്പിച്ച പൊലീസിനെ വെട്ടിച്ച് രണ്ടാം ഗേറ്റ് വഴിയാണ് വനിതകൾ നിയമസഭ വളപ്പിനുള്ളിൽ കടന്നത്.

പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാന സെക്രട്ടറി ചിത്രാദാസ്, വീണാ എസ്. നായർ, ജില്ലാ ഭാരവാഹികളായ അഖില, സജന, സുബിജ, അനുഷ്മ, ഷാനി, എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നിയമ വിരുദ്ധമായി കുഞ്ഞിനെ തട്ടിയെടുക്കാൻ കൂട്ടു നിന്ന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മും സർക്കാരും സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് സമരം നടത്തിയത്.

മാതാപിതാക്കൾ തന്നിൽ നിന്നും അകറ്റിയ കുഞ്ഞിനെ തിരിച്ചു കിട്ടാനായി സെക്രട്ടറിയേറ്റ് നടയിൽ സമരമിരിക്കുകയാണ് മുൻ എസ്.എഫ്.ഐ നേതാവായ അനുപമ ചന്ദ്രൻ. അനുപമയുടെ മണ്ഡലമായ വട്ടിയൂർക്കാവിലെ എംഎൽഎയായ വി.കെ പ്രശാന്ത് ഈ വിഷയത്തിൽ പരസ്യമായി ഇടപെടാത്തതിനെ ചോദ്യം ചെയ്ത് ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. വീണാ എസ്.നായർ.വിഷയം അറിഞ്ഞിട്ടും പ്രശാന്ത് മൗനം പാലിക്കുന്നത് ആരെ പേടിച്ചിട്ടാണെന്ന് വീണ ചോദിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു എംഎൽഎയുടെ കുറ്റകരമായ മൗനത്തിൽ നിന്നും എന്താണ് മനസിലാക്കേണ്ടതെന്ന് ചോദിക്കുന്ന വീണ മനസാക്ഷിയുണ്ടെങ്കിൽ വിഷയം പരിഹരിക്കാൻ വി.കെ പ്രശാന്ത് മുന്നിട്ടിറങ്ങണമെന്നും ഫേസ്‌ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.

വീണാ എസ്.നായരുടെ ഫേസ്‌ബുക്ക് കുറിപ്പ് പൂർണരൂപം :

വട്ടിയൂർക്കാവ് എംഎ‍ൽഎ പ്രശാന്ത്, താങ്കൾ എവിടെയാണ്?
താങ്കളുടെ മണ്ഡലത്തിലെ അനുപമ എന്ന സ്ത്രീ ഇന്ന് സെക്രട്ടേറിയേറിനു മുന്നിൽ നിരാഹാര സമരം ഇരിക്കുന്ന കാര്യം അങ്ങ് അറിഞ്ഞു കാണുമോ ആവോ.
അനുപമ തന്റെ കുഞ്ഞിനെ തിരിച്ചു കിട്ടണം എന്നാവശ്യപ്പെട്ട് അങ്ങയുടെ പാർട്ടിയിലെ പല പ്രമുഖരെയും സമീപിച്ചിട്ടുള്ള കാര്യം അങ്ങേക്ക് അറിവുള്ളതാണോ ?
ഈ വിഷയം അറിഞ്ഞിട്ട് അങ്ങ് പുലർത്തുന്ന മൗനം എന്തുകൊണ്ടാണ് ?
ആരെയാണ് അങ്ങ് പേടിക്കുന്നത്.
പൊലീസ് ഈ വിഷയത്തിൽ കേസെടുക്കാത്തതിനു പിന്നിൽ അങ്ങയുടെ കരങ്ങൾ പ്രവർത്തിച്ചിട്ടുണ്ടോ ?
നിങ്ങൾ പുലർത്തുന്ന കുറ്റകരമായ മൗനത്തിൽ നിന്ന് എന്താണ് ഞങ്ങൾ മനസിലാക്കേണ്ടത് ?
മനസാക്ഷി മരവിച്ചിട്ടില്ലങ്കിൽ മിസ്റ്റർ പ്രശാന്ത്, താങ്കൾ പോകണം അനുപമയുടെ അടുത്തേക്ക് , നിരാഹാരം ഇരിക്കുന്ന സെക്രട്ടേറിയേറ്റ് നടയിൽ ചെല്ലണം.
ആ കുട്ടിയുടെ വിഷയം പരിഹരിക്കാൻ മുന്നിട്ടിറങ്ങണം. അതിന് നട്ടെല്ലുണ്ടോ സഖാവ് പ്രശാന്തിന്? 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP