Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഹിന്ദുക്കളുടെ മുന്നിൽ റിസ്വാന്റെ പ്രാർത്ഥന'; വിവാദ പരാമർശത്തിൽ മാപ്പ് ചോദിച്ച് വഖാർ യൂനിസ്; പറഞ്ഞത് തെറ്റായിപ്പോയെന്ന് മുൻ പാക് ക്രിക്കറ്റ് താരം; ക്ഷമാപണം, മുൻ താരങ്ങളടക്കം നിരവധി പേർ വിമർശിച്ച പശ്ചാത്തലത്തിൽ

'ഹിന്ദുക്കളുടെ മുന്നിൽ റിസ്വാന്റെ പ്രാർത്ഥന'; വിവാദ പരാമർശത്തിൽ മാപ്പ് ചോദിച്ച് വഖാർ യൂനിസ്; പറഞ്ഞത് തെറ്റായിപ്പോയെന്ന് മുൻ പാക് ക്രിക്കറ്റ് താരം; ക്ഷമാപണം, മുൻ താരങ്ങളടക്കം നിരവധി പേർ വിമർശിച്ച പശ്ചാത്തലത്തിൽ

സ്പോർട്സ് ഡെസ്ക്

ദുബായ്: ട്വന്റി20 ലോകകപ്പിലെ ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിനിടെ പാക് ഓപ്പണർ മുഹമ്മദ് റിസ്വാന്റെ നമസ്‌കാരവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ മാപ്പ് ചോദിച്ച് മുൻ ക്യാപ്റ്റനും പരിശീലകനുമായിരുന്ന വഖാർ യൂനിസ്.

മുഹമ്മദ് റിസ്വാൻ ഗ്രൗണ്ടിൽവച്ച് പ്രാർത്ഥിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മത്സരത്തിനിടെ സംഭവിച്ച ഏറ്റവും നല്ല കാര്യം, മുഹമ്മദ് റിസ്വാൻ ഒട്ടേറെ ഹിന്ദുക്കളുടെ മുന്നിൽവച്ച് പ്രാർത്ഥിച്ചതാണെന്നായിരുന്നു വഖാർ യൂനിസിന്റെ വിവാദ പരാമർശം. മത്സരശേഷം ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് വഖാർ യൂനിസ് ഈ പരാമർശം നടത്തിയത്.

'മത്സരത്തിനിടെ മുഹമ്മദ് റിസ്വാൻ ഒട്ടേറെ ഹിന്ദുക്കളുടെ നടുവിൽവച്ച് പ്രാർത്ഥിച്ച കാഴ്ചയാണ് എനിക്ക് ഏറ്റവും ശ്രദ്ധേയമായി തോന്നിയത്' ഇതായിരുന്നു വഖാറിന്റെ പരാമർശം.

വഖാറിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങളും കമന്റേറ്റർ ഹർഷ ഭോഗ്‌ലെയും ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വഖാർ ക്ഷമാപണം നടത്തിയത്.

 

'ആ നിമിഷത്തെ ആവേശത്തിൽ മനസ്സിൽ പോലും ഉദ്ദേശിക്കാത്ത കാര്യമാണ് ഞാൻ പറഞ്ഞത്. അത് ഒട്ടേറെപ്പേരെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു. ഞാൻ മനഃപൂർവം പറഞ്ഞ വാക്കുകളല്ല അത്. അതൊരു പിഴവു സംഭവിച്ചതാണ്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. മതത്തിനും വംശത്തിനും നിറത്തിനും അതീതമായി ആളുകളെ ഒന്നിപ്പിക്കുന്നതാണ് സ്പോർട്സ്' 'ക്ഷമാപണം' എന്ന ഹാഷ്ടാഗ് സഹിതം വഖാർ ട്വിറ്ററിൽ കുറിച്ചു.

നേരത്തെ, വഖാർ യൂനിസിന്റെ പരാമർശം പുറത്തുവന്നതിനു പിന്നാലെ അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹർഷ ഭോഗ്‌ലെ രംഗത്തെത്തിയിരുന്നു. തുടർച്ചയായ ട്വീറ്റുകളിലൂടെയാണ് വഖാറിനെതിരെ ഭോഗ്‌ലെ ആഞ്ഞടിച്ചത്.

'ഹിന്ദുക്കൾക്കു മുന്നിൽവച്ച് മുഹമ്മദ് റിസ്വാൻ പ്രാർത്ഥിച്ചതാണ് താൻ കണ്ട ഏറ്റവും നല്ല കാര്യമെന്ന് വഖാർ യൂനിസിനേപ്പോലൊരു വ്യക്തി പറഞ്ഞത് തീർത്തും നിരാശപ്പെടുത്തി. ഇത്തരം കാര്യങ്ങളൊക്കെ മാറ്റിവച്ച് സ്‌പോർട്‌സിന്റെ ഉന്നമനത്തിനായി ശ്രമിക്കുന്നവരാണ് നാമെല്ലാം. ഈ പരാമർശം തീർത്തും നിരാശപ്പെടുത്തി' ഭോഗ്‌ലെ കുറിച്ചു.

'വഖാർ യൂനിസിന്റെ പരാമർശത്തിലെ അപകടം മനസ്സിലാക്കി പാക്കിസ്ഥാനിലെ നല്ലവരായ കായിക പ്രേമികൾ എന്റെ നിരാശയിൽ പങ്കുചേരുമെന്നാണ് പ്രതീക്ഷ. ഇതു വെറും കളി മാത്രമാണെന്ന് ആളുകളെ പറഞ്ഞു മനസ്സിലാക്കാൻ നമ്മളേപ്പോലുള്ള കായികപ്രേമികൾ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്.'

'ക്രിക്കറ്റ് കളിയുടെ അംബാസഡർമാരായ താരങ്ങളും മുൻ താരങ്ങളും കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം. വഖാർ ഇക്കാര്യത്തിൽ ക്ഷമാപണം നടത്തുമെന്നാണ് പ്രതീക്ഷ. നമുക്ക് ക്രിക്കറ്റിലൂടെ ലോകത്തെ ഒന്നിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ മതം പറഞ്ഞ് ഭിന്നിപ്പിക്കുകയല്ല' മറ്റൊരു ട്വീറ്റിൽ ഭോഗ്‌ലെ കുറിച്ചു.

മുൻ താരങ്ങളായ വെങ്കടേഷ് പ്രസാദ്, ആകാശ് ചോപ്ര എന്നിവരും വഖാറിനെ വിമർശിച്ചു രംഗത്തുവന്നിരുന്നു. പാക്കിസ്ഥാൻ എന്നത് ഒരു മനോരോഗമാണെന്നായിരുന്നു കോൺഗ്രസ് നേതാവ് സിങ്വിയുടെ ട്വീറ്റ്.

 

ടി-20 ലോകകപ്പുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ ദേശീയ ചാനൽ പി.ടിവി നടത്തിയ ചർച്ചയിൽ നിന്ന് മുൻ താരം ഷുഹൈബ് അക്തർ ഇറങ്ങിപ്പോയി. അവതാരകനിൽ നിന്നുണ്ടായ മോശം പരാമർശത്തെ തുടർന്നാണ് അക്തർ ഗെയിം ഓൺ ഹൈ എന്ന ലൈവ് ഷോയിൽ നിന്ന് ഇറങ്ങിപ്പോയത്. വിവിയൻ റിച്ചാർഡ്സ്, ഡേവിഡ് ഗോവർ തുടങ്ങിയ മുൻനിര അതിഥികൾ ചർച്ചയിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP