Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷംസീറിനെതിരായ വിമർശനങ്ങൾ ചോർന്നതിൽ കോടിയേരിക്കും അതൃപ്തി; എംഎൽഎമാർ മാത്രം പങ്കെടുത്ത യോഗ വിവരങ്ങൾ പുറത്തു പറയുന്നത് സംഘടനാ രീതിയല്ലെന്ന് നേതാവ്; ഷംസീറിനെ ഗോഡ്ഫാദറായ കോടിയേരി കൈവിടുമ്പോൾ; റിയാസ് വിവാദം പുകയുമ്പോൾ

ഷംസീറിനെതിരായ വിമർശനങ്ങൾ ചോർന്നതിൽ കോടിയേരിക്കും അതൃപ്തി; എംഎൽഎമാർ മാത്രം പങ്കെടുത്ത യോഗ വിവരങ്ങൾ പുറത്തു പറയുന്നത് സംഘടനാ രീതിയല്ലെന്ന് നേതാവ്; ഷംസീറിനെ ഗോഡ്ഫാദറായ കോടിയേരി കൈവിടുമ്പോൾ; റിയാസ് വിവാദം പുകയുമ്പോൾ

അനീഷ് കുമാർ

തലശേരി: മുഖ്യമന്ത്രിയുടെ മരുമകനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ മുഹമ്മദ് റിയാസിനെ വിമർശിച്ച സംഭവത്തിൽ തലശേരി എംഎ‍ൽഎയായ എ.എൻ ഷംസീറിനെ ഗോഡ്ഫാദറായ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൈവിട്ടു ഇതോടെ പാർട്ടിക്കുള്ളിൽ തലശേരി എംഎ‍ൽഎ കുടിയായ ഷംസീർ കുടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്.

നിയമസഭാകക്ഷി യോഗത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഉയർന്ന വിമർശനങ്ങൾ ചോർന്നതിൽ സിപിഎം നേതൃത്വം ഷംസീറടക്കമുള്ള യുവ എംഎ‍ൽഎമാരെ പേരെടുത്തു കുറ്റപ്പെടുത്തിയില്ലെങ്കിലും അതൃപ്തി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിൽ ചേർന്ന നിയമസഭാകക്ഷി യോഗത്തിൽ കോടിയേരി ബാലകൃഷ്ണനാണ് എംഎ‍ൽഎമാരെ അതൃപ്തി അറിയിച്ചത്. പാർട്ടി എംഎ‍ൽഎമാർ മാത്രം പങ്കെടുത്ത യോഗത്തിലെ ചർച്ചകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നത് സംഘടനാ രീതിയല്ലെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്നും കോടിയേരി താക്കീത് നൽകി.

കരാറുകാരേയും കൂട്ടി എംഎ‍ൽഎമാർ മന്ത്രിക്കു മുന്നിലേക്കു വരരുതെന്നായിരുന്നു ഏഴാം തീയതി ചോദ്യോത്തരവേളയിൽ മുഹമ്മദ് റിയാസ് പറഞ്ഞത്. ഇതിനെതിരേയായിരുന്നു സിപിഎം നിയമസഭാകക്ഷി യോഗത്തിൽ എംഎ‍ൽഎമാരുടെ വിമർശനം. തലശ്ശേരി എംഎ‍ൽഎ എ.എൻ ഷംസീറായിരുന്നു വിമർശനത്തിന് തുടക്കമിട്ടത്. ഇതിനുപിന്നാലെ വാർത്തകൾ നിഷേധിച്ച് റിയാസ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ മുഹമ്മദ് റിയാസ് പങ്കെടുത്തിരുന്നില്ല.

എന്നാൽ കോടിയേരിയുടെ വിമർശനം അദ്ദേഹത്തിന്റെ വിശ്വസ്ത ശിഷ്യനായ എ.എൻ ഷംസീർ അടക്കമുള്ള മറ്റ് എംഎ‍ൽഎമാരെ ഞെട്ടിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ വിഷയം വഷളാകാതിരിക്കാൻ ഇതുമായി ബന്ധപ്പെട്ട് വിശദീകരണത്തിനോ ചർച്ചകൾക്കോ ഷംസീർ തയാറായതുമില്ല. റിയാസ് പറഞ്ഞത് പാർട്ടി നിലപാടാണെന്നു പറഞ്ഞ് മുഖ്യമന്ത്രിയും പാർട്ടി ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനും റിയാസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

സിപിഎമ്മിന്റെ പുതുതലമുറ നേതാക്കൾക്കിടയിലുള്ള അഭിപ്രായ ഭിന്നതയാണ് നിയമസഭാകക്ഷി യോഗത്തിലെ പരസ്യ വിമർശനത്തിനും അത് വിവാദമായി മാറിയതിനും കാരണം. ഇത് ഗൗരവത്തോടെയാണ് പാർട്ടി നേതൃത്വം കാണുന്നത്. എന്നാൽ ഷംസീറിന്റെ വിമർശനത്തിൽ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുള്ളതായും സൂചനയുണ്ട്. ഇതാണ് പാർട്ടി നിലപാട് കടുപ്പിക്കാൻ കാരണമായത്.

മുസ്‌ലിം സമുദായത്തിനു നിർണായക സ്വാധീനമുള്ള മലബാറിൽ ഒരുകാലത്തു പാലോളി മുഹമ്മദ് കുട്ടിയും എളമരം കരീമുമായിരുന്നു സിപിഎമ്മിന് ഈ സമുദായത്തിൽനിന്നുള്ള മുഖങ്ങൾ. വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലത്തു വി എസ്.അച്യുതാനന്ദനെ വെട്ടാൻ പാലോളി മുഹമ്മദ് കുട്ടിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വരെ ഉയർത്തിക്കാട്ടാൻ പിണറായി പക്ഷം തയാറായി. ഈ ഒഴിവുകളിലേക്കു സിപിഎം വളർത്തിക്കൊണ്ടുവന്ന യുവാക്കളാണ് എ.എൻ.ഷംസീറും പി.എ.മുഹമ്മദ് റിയാസും. ഷംസീറിന്റെ രക്ഷകർതൃത്വം കോടിയേരി ബാലകൃഷ്ണനും റിയാസിന്റേതു പിണറായി വിജയനുമാണ് ഏറ്റെടുത്തിരുന്നത്.

എന്നാൽ, ഷംസീറും മന്ത്രി മുഹമ്മദ് റിയാസും ഒരുമിച്ചുണ്ടായിരുന്ന ഡിവൈഎഫ്‌ഐ കാലം അറിയാവുന്നവർക്ക് ഇതു വലിയ അദ്ഭുതമുണ്ടാക്കുന്നില്ല. തനിക്കു കിട്ടേണ്ടിയിരുന്ന മന്ത്രിസ്ഥാനം പോയതിന്റെ പേരിൽ മാത്രമല്ല, സംഘടനയിൽ തനിക്കൊപ്പം നിന്ന പലരെയും വെട്ടിനിരത്തിയതിന്റെ പേരിൽ കൂടിയാണു ഷംസീർ ഇടഞ്ഞതെന്നു കരുതുന്നവരാണ് ഇക്കൂട്ടത്തിലുള്ളത്. കരാറുകാരും എംഎൽഎമാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നിയമസഭയിൽ മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പരാമർശം മാത്രമല്ല ഷംസീറിനെ പ്രകോപിതനാക്കിയതെന്നർഥം.

കോടിയേരിയിൽ ജനിച്ച ഷംസീറിനു രാഷ്ട്രീയത്തിൽ 'ഗോഡ്ഫാദർ' സ്വാഭാവികമായും കോടിയേരി ബാലകൃഷ്ണൻ തന്നെയാണ്. സംഘടനയിലും പാർട്ടിയിലും പാർലമെന്ററി രംഗത്തും ഷംസീറിന്റെ കയറ്റങ്ങൾക്കു പിന്നിൽ ദൃശ്യവും അദൃശ്യവുമായി കോടിയേരിയുണ്ടായിരുന്നു. വടകര ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചു പരാജയപ്പെട്ടശേഷവും ഷംസീറിനെ പാർലമെന്ററി രാഷ്ട്രീയത്തിലും സംഘടനയിലും ഒരുപോലെ ഉറപ്പിച്ചു നിർത്താൻ കോടിയേരി ശ്രമിച്ചു. കോടിയേരി പ്രതിനിധീകരിച്ചിരുന്ന തലശ്ശേരി മണ്ഡലത്തിൽ 2016ലെ തിരഞ്ഞെടുപ്പിൽ ഷംസീർ അദ്ദേഹത്തിനു പകരക്കാരനായി. എന്നാൽ റിയാസിനെ ഷംസീർ വിമർശിച്ചതോടെ കോടിയേരിക്കും തുണയ്ക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP