Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് സുരക്ഷിത യാത്ര ഒരുക്കും; യാത്രാ പ്രശ്‌നം പരിഹരിക്കാൻ 650 കെഎസ്ആർടിസി ബസുകൾ കൂടി; സ്‌കൂൾ വാഹനങ്ങളുടെ നികുതി രണ്ട് വർഷത്തേക്ക് ഒഴിവാക്കുമെന്നും ഗതാഗത മന്ത്രി

സ്‌കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് സുരക്ഷിത യാത്ര ഒരുക്കും; യാത്രാ പ്രശ്‌നം പരിഹരിക്കാൻ 650 കെഎസ്ആർടിസി ബസുകൾ കൂടി; സ്‌കൂൾ വാഹനങ്ങളുടെ നികുതി രണ്ട് വർഷത്തേക്ക് ഒഴിവാക്കുമെന്നും ഗതാഗത മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും ഗതാഗത വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു. വിദ്യാർത്ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ 650 കെഎസ്ആർടിസി ബസുകൾ കൂടി ഇറക്കുമെന്നും മന്ത്രി അറിയിച്ചു. സ്‌കൂൾ വാഹനങ്ങളുടെ നികുതി അടയ്ക്കുന്നത് രണ്ടുവർഷത്തേക്ക് ഒഴിവാക്കുമെന്നും ഇത് സംബന്ധിച്ച ഉത്തരവ് രണ്ടു ദിവസത്തിനകം ഇറക്കുമെന്നും മന്ത്രി പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 30 വരെയുള്ള നികുതി പൂർണമായി ഒഴിവാക്കിയിരുന്നു.

ദീർഘകാലമായി ഉപയോഗിക്കാതെ കിടക്കുന്ന സ്‌കൂൾ ബസുകൾ റിപ്പയർ ചെയ്ത് ഫിറ്റ്നസ് പരിശോധനയും ട്രയൽ റണ്ണും സമയബന്ധിതമായി പൂർത്തിയാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഡ്രൈവർമാർക്കും അറ്റൻഡർമാർക്കും നേരിട്ടും ഓൺലൈനായും പരിശീലനം നൽകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ റിപ്പയർ ചെയ്യുന്നതിന് കെഎസ്ആർടിസി വർക്ക്ഷോപ്പുകളുടെ സൗകര്യം ഉപയോഗിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ആരംഭിച്ച ബോണ്ട് സർവ്വീസുകൾ ആവശ്യപ്പെടുന്ന സ്‌കൂളുകൾക്ക് നൽകും. ദൂരവും ട്രിപ്പുകളും പരിഗണിച്ച് പ്രത്യേക നിരക്കിലായിരിക്കും സർവ്വീസ് നടത്തുക. സ്‌കൂൾ ബസുകളേക്കാൾ കുറഞ്ഞ നിരക്കായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത മാസത്തോടെ കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ ആരംഭിക്കുമെന്നും വിദ്യാർത്ഥികൾക്ക് നിലവിലുള്ള എല്ലാ ആനുകൂല്യങ്ങളും തുടർന്നും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ കെഎസ്ആർടിസി ആരംഭിക്കുന്ന ഗ്രാമവണ്ടി ഓടിത്തുടങ്ങുന്നതോടെ സംസ്ഥാനത്തെ ഉൾപ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളെ കയറ്റുവാൻ മടി കാണിക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റിയും മോട്ടോർ വാഹന വകുപ്പും കർശനമായി ഇടപെടുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ അധികൃതരും, ബസ് ജീവനക്കാരും, കുട്ടികളും പാലിക്കേണ്ട പെരുമാറ്റ രീതികളെക്കുറിച്ച് ഇന്ത്യയിൽ ആദ്യമായി സ്റ്റുഡന്റ്സ് ട്രാൻസ്പോർട്ട് പ്രോട്ടോക്കോൾ സംസ്ഥാന ഗതാഗത വകുപ്പ് തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP