Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡീ കോക്ക് പിന്മാറിയിട്ടും തല ഉയർത്തി ദക്ഷിണാഫ്രിക്ക; വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് കീഴടക്കി 'തിരിച്ചുവരവ്'; 144 റൺസ് വിജയലക്ഷ്യം മറികടന്നത് ഏയ്ഡൻ മാർക്രത്തിന്റെ അർധ സെഞ്ചുറി കരുത്തിൽ; രണ്ടാം തോൽവിയോടെ വിൻഡീസിന്റെ പ്രതീക്ഷ തുലാസിൽ

ഡീ കോക്ക് പിന്മാറിയിട്ടും തല ഉയർത്തി ദക്ഷിണാഫ്രിക്ക; വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് കീഴടക്കി 'തിരിച്ചുവരവ്'; 144 റൺസ് വിജയലക്ഷ്യം മറികടന്നത് ഏയ്ഡൻ മാർക്രത്തിന്റെ അർധ സെഞ്ചുറി കരുത്തിൽ; രണ്ടാം തോൽവിയോടെ വിൻഡീസിന്റെ പ്രതീക്ഷ തുലാസിൽ

സ്പോർട്സ് ഡെസ്ക്

ദുബായ്: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് കീഴടക്കി സെമി പ്രതീക്ഷ നിലനിർത്തി ദക്ഷിണാഫ്രിക്ക. 144 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 10 പന്ത് ബാക്കി നിർത്തി ദക്ഷിണാഫ്രിക്ക മറികടന്നു. തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയ വിൻഡീസിന്റെ സെമി സാധ്യതകളും തുലാസിലായി. സ്‌കോർ: വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ എട്ടിന് 143, ദക്ഷിണാഫ്രിക്ക 18.2 ഓവറിൽ രണ്ടിന് 144

പന്തുകൊണ്ടും ബാറ്റുകൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത പ്രോട്ടീസ് സൂപ്പർ 12 ലെ ആദ്യ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ടീം ഓസ്ട്രേലിയയോട് പരാജയപ്പെടുത്തി. അർധസെഞ്ചുറി നേടിയ എയ്ഡൻ മാർക്രമാണ് ടീമിന് വിജയം സമ്മാനിച്ചത്.

26 പന്തിൽ 51 റൺസെടുത്ത മാർക്രം പുറത്താകാതെ നിന്നപ്പോൾ 51 പന്തിൽ 43 റൺസെടുത്ത റാസി വാൻഡർ ദസ്സനും വിജയത്തിൽ കൂട്ടായി. റീസ ഹെൻഡ്രിക്സും മികച്ച പ്രകടനം പുറത്തെടുത്തു. വിൻഡീസ് ബൗളർമാർ പരാജയമായി. മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും ആധിപത്യം പുലർത്താൻ പൊള്ളാർഡിനും സംഘത്തിനും സാധിച്ചില്ല. സൂപ്പർ 12 റൗണ്ടിലെ വിൻഡീസിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ ടീം ഇംഗ്ലണ്ടിനോട് നാണംകെട്ട തോൽവി വഴങ്ങിയിരുന്നു.

വർണവിവേചനത്തിനെതിരായ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കി ക്വിന്റൺ ഡീ കോക്ക് അവസാന നിമിഷം പിന്മാറിയതോടെ തുടക്കത്തിലെ ദക്ഷിണാഫ്രിക്ക പ്രതിസന്ധിയിലായി. ഓപ്പണിങ് വിക്കറ്റിൽ വിൻഡീസ് ഓപ്പണർമാർ മികച്ച തുടക്കമിട്ടെങ്കിലും കൃത്യതയാർന്ന ബൗളിംഗിലൂടെയും ഫീൽഡിംഗിലൂടെയും വിൻഡീസ് കരുത്തിനെ 143 റൺസിലൊതുക്കി.

144 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ തിരിച്ചടിയേറ്റു. നാലു റൺസ് മാത്രമെടുക്ക ക്യാപ്റ്റൻ തെംബാ ബാവുമ ആന്ദ്രെ റസലിന്റെ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടായി. അനാവശ്യ റണ്ണിന് ശ്രമിച്ച താരത്തെ ആന്ദ്രെ റസ്സൽ റൺ ഔട്ടാക്കി. വെറും രണ്ട് റൺസ് മാത്രമാണ് താരത്തിന് നേടാനായത്.

ബാവുമയ്ക്ക് പകരം റാസ്സി വാൻ ഡെർ ഡ്യൂസനാണ് ക്രീസിലെത്തിയത്. ഡ്യൂസനും മറ്റൊരു ഓപ്പണറായ റീസ ഹെൻഡ്രിക്സും ചേർന്ന് ദക്ഷിണാഫ്രിക്കയെ കരകയറ്റി. 7.3 ഓവറിൽ ഇരുവരും ചേർന്ന് ടീം സ്‌കോർ 50 കടത്തി. വൈകാതെ ഡ്യൂസനും ഹെൻഡ്രിക്സും അർധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി.

എന്നാൽ മികച്ച രീതിയിൽ മുന്നോട്ടുപോയ ഈ കൂട്ടുകെട്ട് അകിയൽ ഹൊസെയ്ൻ പൊളിച്ചു. 30 പന്തുകളിൽ നിന്ന് 39 റൺസെടുത്ത റീസ ഹെൻഡ്രിക്സിനെ ഷിംറോൺ ഹെറ്റ്മെയറുടെ കൈയിലെത്തിച്ച് ഹൊസെയ്ൻ വിക്കറ്റ് നേട്ടം ആഘോഷിച്ചു. തകർപ്പൻ ക്യാച്ചാണ് ഹെറ്റ്മെയർ ഗ്രൗണ്ടിൽ പുറത്തെടുത്തത്.

ഹെൻഡ്രിക്സിന് പകരം എയ്ഡൻ മാർക്രമാണ് ക്രീസിലെത്തിയത്. മാർക്രം അടിച്ചുതകർത്തതോടെ ദക്ഷിണാഫ്രിക്ക സ്‌കോർ ഉയരാൻ തുടങ്ങി. 14 ഓവറിൽ ടീം സ്‌കോർ 100 കടന്നു. ഡ്യൂസൻ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ മാർക്രം അനായാസം ബാറ്റ് ചലിപ്പിച്ചു.

ഡ്യൂസനും ഫോം കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്ക വിജയമുറപ്പിച്ചു. പിന്നാലെ മാർക്രം അർധസെഞ്ചുറി നേടി. തൊട്ടടുത്ത പന്തിൽ സിംഗിളും നേടി താരം ടീമിന് വിജയം നേടിക്കൊണ്ടുത്തു. മാർക്രം വെറും 26 പന്തുകളിൽ നിന്ന് നാല് സിക്സിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെ 51 റൺസെടുത്തും ഡ്യൂസൻ 51 പന്തുകളിൽ നിന്ന് 43 റൺസ് നേടിയും പുറത്താവാതെ നിന്നു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഓപ്പണർ എവിൻ ലൂയിസിന്റെ അർധസെഞ്ചുറി മികവിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 35 പന്തിൽ 56 റൺസെടുത്ത ലൂയിസാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. വമ്പനടിക്കാരെല്ലാം നിരാശപ്പെടുത്തിയപ്പോൾ വിൻഡീസിനെ എവിൻ ലൂയിസ് ഒറ്റക്ക് ചൂമലിലേറ്റുകയായിരുന്നു. പവർ പ്ലേ ഓവറുകളിലടക്കം തപ്പിത്തടഞ്ഞ ലെൻഡൽ സിമൺസ് ടെസ്റ്റ് ബാറ്റിംഗുമായി ആരാധകരെ അമ്പരപ്പിച്ചപ്പോൾ ഓപ്പണിങ് വിക്കറ്റിൽ ലൂയിസിന്റെ ബാറ്റിങ് മികവിൽ വിൻഡീസ് 10.3 ഓവറിൽ 73 റൺസടിച്ചു. സിമൺസ് പുറത്തായശേഷം എത്തിയ നിക്കോളാസ് പുരാനും(7 പന്തിൽ 12) ക്രീസിൽ അധികനേരം നിന്നില്ല. പുരാന് പിന്നാലെ 35 പന്തിൽ 16 റൺസെടുത്ത ടെസ്റ്റ് ലെൻഡൽ സിമൺസിന്റെ ടെസ്റ്റ് ഇന്നിങ്‌സ് റബാദ അവസാനിപ്പിച്ചു.

സിമൺസും പുരാനും പുറത്തായശേഷം ക്രീസിലെത്തിയ ക്രിസ് ഗെയ്ൽ പ്രതീക്ഷ നൽകിയെങ്കിലും കാര്യമായൊന്നും ചെയ്യാതെ മടങ്ങി. 12 പന്തിൽ ഒരു സിക്‌സ് മാത്രം പറത്തിയ ഗെയ്ൽ നേടിത് 12 റൺസ്. മധ്യനിരയിൽ ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് നടത്തിയ ചെറുത്തുനിൽപ്പാണ് വിൻഡീസിനെ 100 കടത്തിയത്. 20 പന്തിൽ 26 റൺസെടുത്ത പൊള്ളാർഡ് അവസാന ഓവറിൽ പുറത്തായത് വിൻഡീസിന് തിരിച്ചടിയായി.

വമ്പനടിക്കാരായ പൊള്ളാർഡും റസലുമെല്ലാം ക്രീസിലുണ്ടായിട്ടും അവസാന മൂന്നോവറിൽ വിൻഡീസിന് നേടാനായത് 22 റൺസ് മാത്രം. പ്രിട്ടോറിയസ് എറിഞ്ഞ അവസാന ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടമായ വിൻഡീസ് ഏഴ് റൺസ് മാത്രമാണ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡ്വെയ്ൻ പ്രിട്ടോറിയസ് മൂന്നുവിക്കറ്റ് സ്വന്തമാക്കി. കേശവ് മഹാരാജ് രണ്ടുവിക്കറ്റ് വീഴ്‌ത്തിയപ്പോൾ കഗിസോ റബാദ, ആന്റിച്ച് നോർക്യെ എന്നിവർ ഒരോ വിക്കറ്റ് നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP