Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമ്മത്തൊട്ടിലിൽ നിന്ന് കുഞ്ഞിനെ ലഭിച്ചുവെന്ന് പറയുന്നത് കള്ളം; കുഞ്ഞിനെ ലഭിച്ചത് അനുപമയുടെ മതാപിതാക്കളിൽ നിന്ന്; അച്ചടക്ക നടപടി ഭയന്ന് ശിശുക്ഷേമ സമിതിയിൽ നിന്നും പേരില്ലാത്ത കത്ത് മുഖ്യമന്ത്രിക്ക്

അമ്മത്തൊട്ടിലിൽ നിന്ന് കുഞ്ഞിനെ ലഭിച്ചുവെന്ന് പറയുന്നത് കള്ളം;  കുഞ്ഞിനെ ലഭിച്ചത് അനുപമയുടെ മതാപിതാക്കളിൽ നിന്ന്; അച്ചടക്ക നടപടി ഭയന്ന് ശിശുക്ഷേമ സമിതിയിൽ നിന്നും പേരില്ലാത്ത കത്ത് മുഖ്യമന്ത്രിക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ നിന്ന് കൃത്യമായ വിവരങ്ങൾ ലഭിക്കാതെ അന്വേഷണത്തിൽ പ്രസിസന്ധി നേരിട്ട പൊലീസിന് ആശ്വാസമായി ശിശുക്ഷേമ സമിതിയിൽ നിന്നും പേര് വെളിപ്പെടുത്താത്ത കത്ത്.മുഖ്യമന്ത്രിക്കാണ് പേര് വെളിപ്പെടുത്താത്ത ശിശുക്ഷേമ സമിതിയിലെ തന്നെ ജീവനക്കാർ കത്ത് നൽകിയത്.കുഞ്ഞിനെ കൈമാറ്റം ചെയ്ത ദിവസം അമ്മത്തൊട്ടിൽ പ്രവർത്തിച്ചില്ലെന്നും അനുപമയുടെ മാതാപിതാക്കൾ നേരിട്ടാണ് കുഞ്ഞിനെ കൈമാറിയതെന്നടക്കമുള്ള നിർണ്ണായക വിവരങ്ങളാണ് കത്തിലുള്ളത്.

അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഭയന്ന് പേരുവിവരം വെളിപ്പെടുത്താതെയാണ് എഴുതുന്നതെന്നും ജീവനക്കാർ കത്തിൽ വ്യക്തമാക്കുന്നു. ഇതോടെ, ഇക്കാര്യങ്ങളടക്കം പൊലീസ് അന്വേഷണത്തിന്റെ ഭാഗമാകും. ശിശുക്ഷേമ സമിതിയിൽനിന്ന് വിവരങ്ങൾ ലഭിക്കാത്തതിനാൽ അന്വേഷണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നതു സംബന്ധിച്ചു പൊലീസ് നിയമോപദേശം തേടി.

അമ്മത്തൊട്ടിലിൽനിന്ന് കുഞ്ഞിനെ ലഭിച്ചു എന്നു പറയുന്നത് കള്ളമാണെന്നു കത്തിൽ പറയുന്നു.2020 ഒക്ടോബർ 22ന് രാത്രി 12.30നാണ് ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനെ ലഭിക്കുന്നത്. സംഭവം നടന്ന ദിവസം അമ്മത്തൊട്ടിൽ പൂർണമായി പ്രവർത്തിച്ചിരുന്നില്ല. അമ്മത്തൊട്ടിൽ 2002ൽ സ്ഥാപിച്ചിരുന്ന സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാൽ അവിടെനിന്നും പൊളിച്ചുമാറ്റി സമിതിയുടെ പഴയ കെട്ടിടത്തോട് ചേർന്ന് സ്ഥാപിച്ചിരുന്നു. അതിന്റെ സാങ്കേതിക ജോലികൾ നടക്കുന്നതിനാൽ അമ്മത്തൊട്ടിൽ പ്രവർത്തന രഹിതമായിരുന്നു. അതിനാലാണ് ഒക്ടോബർ ആദ്യവാരം ലഭിച്ച കുഞ്ഞിനെ തൊട്ടിലിന്റെ പുറത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ മുൻകൂർ ഉറപ്പ് കൊടുത്തത് അനുസരിച്ച് അനുപമയുടെ മാതാപിതാക്കളും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവും ഒക്ടോബർ 22ന് രാത്രി ആൺകുട്ടിയെ ശിശുക്ഷേമ സമിതിയിൽ കൊണ്ടുവരികയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സാണ് കുഞ്ഞിനെ വാങ്ങി ദത്തെടുക്കൽ കേന്ദ്രത്തിൽ കൊണ്ടുപോയത്. തുടർന്ന്, തൈക്കാട് ആശുപത്രിയിൽ കൊണ്ടുപോയ ആൺകുഞ്ഞിനെ പെൺകുഞ്ഞാക്കി രജിസ്റ്ററിൽ എഴുതിച്ചു. മലാല എന്നു പേരിട്ടു മാധ്യമങ്ങളിൽ വാർത്തയും നൽകി.

23ന് മറ്റൊരു കുട്ടിയെയും അമ്മത്തൊട്ടിലിന്റെ മുൻവശത്ത് കിടത്തിപോയ നിലയിൽ കിട്ടി. ഇതെല്ലാം ഷിജുഖാന്റെ അനുയായിയായ സൂപ്രണ്ടിന് അറിയാമെന്നും കത്തിൽ പറയുന്നു. എംഎസ്ഡബ്ല്യു വിദ്യാഭ്യാസ യോഗ്യത വേണ്ട ദത്തെടുക്കൽ കേന്ദ്രത്തിലെ അഡോപ്ഷൻ ഓഫിസറുടെ ചുമതലയും ബിരുദം മാത്രമുള്ള സൂപ്രണ്ടിനാണ് നൽകിയിരിക്കുന്നത്. ആൺകുട്ടിയെ പെൺകുട്ടിയാക്കി മാറ്റിയത് വിവാദമായപ്പോൾ സൂപ്രണ്ടാണ് തൈക്കാട് ആശുപത്രിയിൽപോയി രജിസ്റ്ററിൽ പെൺകുട്ടി എന്നത് ആൺകുട്ടിയായി മാറ്റി എഴുതിച്ച് മറ്റൊരു ഒപി ടിക്കറ്റ് വാങ്ങിയത്

തന്റെ മകളുടെ സമ്മതമില്ലാതെ കുട്ടിയെ ഉപേക്ഷിക്കാൻ ജയചന്ദ്രൻ എത്തിയപ്പോൾ ഭാവിയിൽ വിവാദം ഉണ്ടാകുമെന്ന് അറിയിച്ച് ഷിജുഖാൻ പിന്തിരിപ്പിക്കേണ്ടതായിരുന്നു. എന്നാൽ, മാതാപിതാക്കളെ പ്രോത്സാഹിപ്പിച്ച് വിവാദമാക്കി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ് ചെയ്തത്. അനുപമ കുഞ്ഞിനെ ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതിയിലെത്തിയിട്ടും ആന്ധ്രയിലെ ദമ്പതികൾക്ക് എന്തിനു കുട്ടിയെ നൽകി എന്ന് അന്വേഷിക്കണം.

മുതിർന്ന ജീവനക്കാർ ഇക്കാര്യം ഷിജുഖാനെ അറിയിച്ചെങ്കിലും അവരെ സ്ഥാനത്തുനിന്ന് മാറ്റി. അനുപമ കുഞ്ഞിന്റെ ഡിഎൻഎ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടപ്പോൾ 2020 ഒക്ടോബർ 23ന് ലഭിച്ച പെലെ എഡിസൺ എന്ന കുട്ടിയുടെ ഡിഎൻഎ നൽകി അമ്മയെ കബളിപ്പിച്ചത് അന്വേഷിക്കണം. ഈ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായും പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP