Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുല്ലപ്പെരിയാറിൽ ആശങ്ക; അണക്കെട്ട് ഡീ കമ്മിഷൻ ക്യാംപെയിനുമായി പ്രമുഖർ; ചർച്ചയിൽ പുതിയ അണക്കെട്ടും; പിണറായി - സ്റ്റാലിൻ ചർച്ച ഡിസംബറിൽ; കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാറിൽ ആശങ്ക; അണക്കെട്ട് ഡീ കമ്മിഷൻ ക്യാംപെയിനുമായി പ്രമുഖർ; ചർച്ചയിൽ പുതിയ അണക്കെട്ടും; പിണറായി  - സ്റ്റാലിൻ ചർച്ച ഡിസംബറിൽ; കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഴ ശക്തമായി മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ചർച്ചകൾ സജീവമാണ്. ആശങ്കകൾ പങ്കുവച്ചും അണക്കെട്ട് ഡീ കമ്മിഷൻ ചെയ്യണമെന്ന ആവശ്യമുന്നയിച്ചും നടക്കുന്ന ക്യാംപെയിനിൽ സിനിമാ താരങ്ങൾ അടക്കം അണിചേർന്നിരുന്നു.

തുലാവർഷം പെയ്തു നിറയുമ്പോൾ സുർക്കി മിശ്രിതം കൊണ്ട് നിർമ്മിച്ച ലോകത്തിൽ നിലവിലുള്ള ഏക അണക്കെട്ടായ മുല്ലപ്പെരിയാറിന്റെ സുരക്ഷയാണ് ചർച്ചകളിൽ നിറയുന്നത്. #Decommission MullaperiyarDam എന്ന ഹാഷ്ടാഗ് ഇതിനിടെ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നു

ഇതിനിടെയാണ് ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പഠന റിപ്പോർട്ട് കൂടി പുറത്തുവന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയിൽ താഴെയാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ വീണ്ടും സമീപിക്കുകയും ചെയ്തു.

കേരളവും തമിഴ്‌നാടും മുല്ലപ്പെരിയാർ വിഷയത്തിൽ വീണ്ടും കോടതിയിൽ എത്തുമ്പോൾ ദശാബ്ദങ്ങൾ നീണ്ട പ്രശ്‌നത്തിന് എന്താണ് പരിഹാരമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തമിഴ്‌നാടിനു വെള്ളവും കേരളത്തിലെ ജനങ്ങൾക്കു പുതിയ അണക്കെട്ടിലൂടെ സുരക്ഷയും എന്നതാണ് കേരളം മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം.

കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ മുല്ലപ്പെരിയാർ വിഷയത്തിൽ എല്ലാ നടപടികളും സ്വീകരിക്കുമെന്നാണ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ വിഷയത്തിൽ പ്രതികരിക്കുന്നത്. തമിഴ്‌നാടുമായി ഒത്തുചേർന്ന് മാത്രം പരിഹരിക്കാൻ കഴിയുന്ന തർക്കത്തിൽ പുതിയ അണക്കെട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഡിസംബറിൽ ചേരുന്ന തമിഴ്‌നാട് കേരള മുഖ്യമന്ത്രിമാരുടെ ചർച്ചയിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ ധാരണയുണ്ടാക്കുകയും പുതിയ അണക്കെട്ട് നിർമ്മിക്കാൻ വേണ്ട നടപടി സ്വീകരിക്കുകയും ചെയ്യുമെന്നാണ് മന്ത്രി പറയുന്നത്.

നിലവിൽ തമിഴ്‌നാടുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. തമിഴ്‌നാടിനോട് കൂടുതൽ വെള്ളം കൊണ്ടുപോകാനും കൂടാതെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി അധികജലം പുറത്തേക്ക് ഒഴുക്കേണ്ട സാഹചര്യമുണ്ടായാൽ 24 മണിക്കൂർ മുൻപ് തന്നെ അറിയിപ്പ് ലഭ്യമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് 2,200 ക്യുസെക്‌സ് ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.

23ന് ജലനിരപ്പ് 136 അടി എത്തിയപ്പോൾ തമിഴ്‌നാട് ഒന്നാം മുന്നറിയിപ്പ് സന്ദേശം ലഭ്യമാക്കി. സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നടന്ന കേസിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 139.99 അടിയിലേക്കു ക്രമീകരിക്കാൻ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചത്തെ മേൽനോട്ട സമിതി യോഗത്തിൽ ബന്ധപ്പെട്ട തീരുമാനം എടുക്കും.

കേന്ദ്രജലകമ്മിഷന്റെ റിപ്പോർട്ടിൽ 200 മില്യൻ ക്യുബിക് മീറ്റർ ശേഷിയുള്ള അണക്കെട്ടിൽ റൂൾ കർവ് വേണമെന്ന് നിർദ്ദേശിച്ചിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രവർത്തനവും പരിപാലനവും തമിഴ്‌നാടാണ് നിർവഹിക്കുന്നത്. 2014 ജൂലെ 17ന് നടന്ന മേൽനോട്ട സമിതിയുടെ രണ്ടാമത്തെ യോഗം മുതൽ കേരളം തമിഴ്‌നാടിനോട് റൂൾ കർവ് തയാറാക്കാൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കൂടാതെ സർക്കാർ തലത്തിൽ നിരവധി തവണ തമിഴ്‌നാട് സർക്കാരിനോടും മേൽനോട്ട സമിതി ചെയർമാനോടും ആവർത്തിച്ചു ആവശ്യപ്പെട്ടു.

എന്നാൽ, സുപ്രീംകോടതിയിൽ ഡോ.ജോ ജോസഫ് ഫയൽ ചെയ്ത റിട്ട് പെറ്റീഷനിൽ സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ച് തമിഴ്‌നാട് തയാറാക്കിയ റൂൾ കർവും ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂളും 2021 മാർച്ചിൽ കേരളത്തിനു നൽകി. തമിഴ്‌നാട് നൽകിയ റൂൾ കർവ് സ്വീകാര്യമല്ലാത്തതിനാൽ കേന്ദ്രജലകമ്മിഷന്റെ നിർദ്ദേശപ്രകാരം കേരളം റൂൾ കർവ് തയാറാക്കുകയും കേന്ദ്രജലകമ്മിഷനും മേൽനോട്ടസമിതിക്കും നൽകുകയും ചെയ്തു. കേന്ദ്രജല കമ്മിഷൻ ഇത് സുപ്രീംകോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്.

മോൽനോട്ട സമിതിക്കു കുമളിയിൽ വാടക ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. മേൽനോട്ട സമിതി അണക്കെട്ടിൽ പരിശോധന നടത്തിയശേഷം യോഗങ്ങൾ കൂടാറുണ്ട്. ഈ യോഗങ്ങളുടെ മിനിട്‌സ് കേരളത്തിനും തമിഴ്‌നാടിനും നൽകാറുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ച് തമിഴ്‌നാടിനു പരമാവധി 142 അടി വെള്ളം നിലനിർത്താം. എന്നാൽ, പ്രളയമുണ്ടായ സാഹചര്യത്തിൽ ജലനിരപ്പ് 139.99 അടിയിൽ നിർത്തണമെന്ന് സുപ്രീംകോടതി തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്ന് വരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ അതീവ ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം. സ്പിൽവേ തുറന്നാൽ സ്വീകരിക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇടുക്കി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നിരുന്നു. ഇടുക്കി കളക്ടർ ഷീബാ ജോർജിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. നിലവിൽ 137.6 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.

പീരുമേട് താലൂക്കിലെ 4 വില്ലേജുകളായ ഏലപ്പാറ,ഉപ്പുതറ, പെരിയാർ, മഞ്ചുമല എന്നിവിടങ്ങളിൽ നിന്നും ഇടുക്കി താലൂക്കിലെ അയ്യപ്പൻ കോവിൽ, കാഞ്ചിയാർ വില്ലേജുകൾ, ഉടുമ്പഞ്ചോല താലൂക്കിലെ ആനവിലാസം എന്നീ വില്ലേജുകളിൽ നിന്നും 3220 പേരെ മുൻകരുതൽ നടപടിയുടെ ഭാഗമായി മാറ്റി പാർപ്പിക്കാനാണ് തീരുമാനം. മൂന്നു താലൂക്കുകളിലായി ആകെ 883 കുടുംബങ്ങളെ മാറ്റേണ്ടി വരും എന്നാണ് കണക്കാക്കുന്നത്. 2018-ൽ സ്പിൽവേ തുറന്നപ്പോൾ ഉണ്ടായ ജലനിരപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക് എങ്കിലും നിലവിൽ അത്രയും വേണ്ടി വരില്ലെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP