Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനം പരിഭ്രാന്തിയിൽ; മുല്ലപ്പെരിയാർ ജലനിരപ്പ് 139 അടിക്ക് താഴെ ആക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ; എതിർപ്പുമായി തമിഴ്‌നാടും; ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയത്തെ രാഷ്ട്രീയമായി മാത്രം കാണരുതെന്ന് കോടതിയും; ജലനിരപ്പ് എത്രവരെ ആകാമെന്ന അറിയിക്കാൻ ജല കമ്മീഷന് നിർദ്ദേശം

ജനം പരിഭ്രാന്തിയിൽ; മുല്ലപ്പെരിയാർ ജലനിരപ്പ് 139 അടിക്ക് താഴെ ആക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ; എതിർപ്പുമായി തമിഴ്‌നാടും; ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയത്തെ രാഷ്ട്രീയമായി മാത്രം കാണരുതെന്ന് കോടതിയും; ജലനിരപ്പ് എത്രവരെ ആകാമെന്ന അറിയിക്കാൻ ജല കമ്മീഷന് നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 139 അടിക്ക് താഴെയാക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഇല്ലെങ്കിൽ ഡാമിന് സമീപം താമസിക്കുന്നവരുടെ ജീവൻ അപകടത്തിലാവുമെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. ജനം പരിഭ്രാന്തിയിലാണെന്നും ഉടൻ ഇടപെടണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനത്തിന്റെ വാദത്തെ തമിഴ്‌നാട് എതിർത്തു. വിഷയത്തിൽ എത്രയും പെട്ടെന്ന് തീരുമാനമെടുക്കാൻ മുല്ലപ്പെരിയാർ മേൽനോട്ടസമിതിയോട് കോടതി നിർദ്ദേശിച്ചു. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയമാണിതെന്നു വിലയിരുത്തിയ കോടതി പറഞ്ഞു, വിഷയത്തെ വെറും രാഷ്ട്രീയമായി മാത്രം കാണരുതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കേസ് മറ്റന്നാൾ പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.

കേരളത്തിൽ പ്രളയം ഉണ്ടായ 2018-ൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി സുപ്രീം കോടതി നിജപ്പെടുത്തിയിരുന്നു. നിലവിൽ പ്രളയ സാഹചര്യം ഉള്ളതിനാൽ 2018-ന് സമാനമായ രീതിയിൽ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്ന് കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. അടുത്ത ദിവസങ്ങളിൽ അണക്കെട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കനത്തമഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമെന്നും കേരളം കോടതിയിൽ ചൂണ്ടിക്കാട്ടി.

എന്നാൽ കേരളത്തിന്റെ ആവശ്യത്തെ തമിഴ്‌നാട് എതിർത്തു. 2018-ൽ ജലനിരപ്പ് 139 അടി കടന്നിരുന്നു. അക്കാലത്ത് ഇടുക്കിയിൽ കനത്തമഴയും ഉണ്ടായിരുന്നു. എന്നാൽ നിലവിൽ അത്തരം ഭീഷണി ഇല്ലെന്നും തമിഴ്‌നാട് വാദിച്ചു. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് മേൽനോട്ട സമിതിയാണ് തീരുമാനം എടുക്കേണ്ടതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പരമാവധി ജലനിരപ്പ് എത്ര ആയിരിക്കണമെന്ന് അറിയിക്കാൻ സമിതിയോട് സുപ്രീം കോടതി നിർദ്ദേശിച്ചു.

ഇന്ന് രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 137.2 അടി ആണെന്ന് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കോടതി കേസ് പരിഗണിക്കുന്നത് വരെ ജലനിരപ്പ് 137 അടിയിൽ നിർത്താൻ തമിഴ്‌നാടിനോട് നിർദ്ദേശിക്കണം എന്ന കേരളത്തിന്റെ ആവശ്യമാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. ഉദ്യോഗസ്ഥതലത്തിൽ വീഴ്ച ഉണ്ടാക്കുന്നതുകൊണ്ടാണ് ഇത്തരം വിഷയങ്ങളിൽ കോടതിക്ക് ഇടപെടേണ്ടി വരുന്നത് എന്നും കോടതി ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാർ അണക്കെട്ടിൽ വർഷത്തിൽ രണ്ട് തവണ ജലനിരപ്പ് 142 അടിയായി ഉയർത്താമെന്ന് വ്യക്തമാക്കി കഴിഞ്ഞ ആഴ്ച കേന്ദ്ര ജലകമ്മിഷൻ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന് മറുപടി നൽകാൻ കേരളം ഒരു മാസത്തെ സാവകാശം തേടിയിട്ടുണ്ട്. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിൽനിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.

അതേസമയം വിഷയത്തിൽ സഭയില് മുല്ലപ്പെരിയാർ അണക്കെട്ടിൽ പ്രശ്നങ്ങൾ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ചിലർ സാമൂഹിക മാധ്യമങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുകയാണ്. ഇത്തരത്തിൽ ഭീതി പരത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന് തന്നെയാണ് സർക്കാരിന്റെ നിലപാട്. വിഷയത്തിൽ തമിഴ്‌നാടുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് ചർച്ചകളിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. മുല്ലപ്പെരിയാർ ഡാം ഡീകമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രമുഖ താരങ്ങൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. ഉണ്ണിമുകുന്ദൻ, പൃഥിരാജ് തുടങ്ങിയവരാണ് പോസ്റ്റിട്ടത്. ഡീകമ്മിഷൻ മുല്ലപ്പെരിയാർ ഡാം എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP