Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒടുവിൽ അനുപമയ്ക്ക് നീതി ലഭിക്കുന്നു; അനുപമയുടെ കുട്ടിയുടെ ദത്തു നടപടികൾക്ക് താൽക്കാലിക സ്റ്റേ; നവംബർ ഒന്നിന് വിശദമായ വാദം കേൾക്കും; നിർണായക ഉത്തരവ് പുറപ്പെടുവിച്ചത് തിരുവനന്തപുരം കുടുംബ കോടതി; ഒപ്പം നിന്നവർക്ക് നന്ദി, പിതാവിനെതിരെ അടക്കം നിയമ പോരാട്ടം തുടരുമെന്ന് അനുപമ

ഒടുവിൽ അനുപമയ്ക്ക് നീതി ലഭിക്കുന്നു; അനുപമയുടെ കുട്ടിയുടെ ദത്തു നടപടികൾക്ക് താൽക്കാലിക സ്റ്റേ; നവംബർ ഒന്നിന് വിശദമായ വാദം കേൾക്കും; നിർണായക ഉത്തരവ് പുറപ്പെടുവിച്ചത് തിരുവനന്തപുരം കുടുംബ കോടതി; ഒപ്പം നിന്നവർക്ക് നന്ദി, പിതാവിനെതിരെ അടക്കം നിയമ പോരാട്ടം തുടരുമെന്ന് അനുപമ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുഞ്ഞിനെ നഷ്ടപ്പെട്ട മാതാവിനെ തേടി ഒടുവിൽ നീതി എത്തുന്നു. അനുപമയുടെ കുട്ടിയുടെ ദത്തു നടപടികൾ പൂർത്തീകരിക്കുന്നത് സ്റ്റേ. തിരുവനന്തപുരം കുടുംബകോടതിയാണ് സ്‌റ്റേ അനുവദിച്ച്. നവംബർ ഒന്നിന് വിശദമായ വാദം കേൾക്കുന്നതു വരെയാണ് ദത്തെടുക്കൽ നടപടികൾക്ക് സ്റ്റേ അനുവദിച്ചത്.

കോടതി സ്റ്റേ അനുവദിച്ചതിൽ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. കൂടെ നിന്നവർക്ക് അനുപമ നന്ദി പറഞ്ഞു. പിതാവിനെതിരെ അടക്കം താൻ നിയമപോരാട്ടം തുടരുമെന്നും യുവതി പ്രതികരിച്ചു. തന്റെ കുഞ്ഞ് സുരക്ഷിതനായിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷമെന്ന് കോടതി വാദം കേൾക്കുന്നതിന് മുമ്പ് അനുപമ പറഞ്ഞിരുന്നു. എന്നാൽ സ്വന്തം കുഞ്ഞാണ് എന്നറിഞ്ഞിട്ടും കാണാൻ സാധിക്കുന്നില്ലാല്ലോ എന്നതിൽ സങ്കടമുണ്ട്. ദത്തെടുത്തവരുടെ കാര്യം ഓർത്താൽ കഷ്ടമാണെന്നും അനുപമ രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

കുഞ്ഞിന്റെ അമ്മ ജീവിച്ചിരിക്കുന്ന വിവരം സർക്കാരിനുവേണ്ടി ഗവ.പ്ലീഡർ കോടതിയെ അറിയിച്ചിരുന്നു. കുഞ്ഞിനെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യവും വിഷയത്തിൽ സർക്കാർ നടത്തുന്ന അന്വേഷണത്തെക്കുറിച്ചും അറിയിച്ചു. അന്വേഷണം പൂർത്തിയാകുംവരെ ദത്തെടുക്കൽ നടപടികൾ നിർത്തിവയ്ക്കണമെന്ന സർക്കാർ ആവശ്യം കൂടി പരിഗണിച്ചാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. അതിനിടെ, ദത്ത് നടപടികളിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് അനുപമ കുടുംബ കോടതിയിൽ ഹർജി നൽകിയിരുന്നു.

കോടതിയുടെ തീരുമാനം അനുപമയ്ക്ക് അനുകൂലമായാലും ദത്തെടുത്ത ദമ്പതികൾക്കോ സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അഥോറിറ്റിക്കോ (കാര) മേൽക്കോടതിയിൽ എതിർപ്പ് ഉന്നയിക്കാം. കേന്ദ്ര വനിതാശിശുവികസന മന്ത്രാലയത്തിനു കീഴിലുള്ള 'കാര'യാണ് ഇന്ത്യയിലെ ദത്തു നൽകൽ നോഡൽ ഏജൻസി. ശിശുക്ഷേമസമിതി ലഭ്യമാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയതു 'കാര'യുടെ മേൽനോട്ടത്തിലാണ്.

ഓഗസ്റ്റ് ഏഴിനാണു കുഞ്ഞിനെ താൽക്കാലികമായി ആന്ധ്ര സ്വദേശികളായ ദമ്പതികൾക്കു ദത്തു നൽകിയത്. ശിശുക്ഷേമസമിതി ഉൾപ്പെടെ കേസിലെ കക്ഷികളെല്ലാം ദത്തെടുക്കലിന് അനുകൂലമായി നിലപാട് അറിയിച്ചതിനാൽ തെളിവെടുക്കൽ അവസാനിപ്പിച്ചു വിധിക്കായി കേസ് മാറ്റുകയായിരുന്നു. എന്നാൽ രക്തബന്ധുക്കൾ അവകാശവാദമുന്നയിച്ച സാഹചര്യം ബോധ്യപ്പെടുത്തുകയും ദത്തു നൽകിയ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്നു സർക്കാർ തന്നെ കോടതിയെ അറിയിക്കുകയും ചെയ്താൽ സ്വാഭാവികമായും കോടതി അനുകൂല നിലപാടെടുക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതനുസരിച്ചാണ് കോടതി ഇപ്പോൾ നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതും.

എന്നാൽ ദത്തെടുത്ത ദമ്പതികളുടെയും കാരയുടെയും എതിർപ്പുണ്ടായാൽ അതിനെ നിയമപരമായി മറികടന്നശേഷമേ അനുപമയ്ക്കു കുഞ്ഞിനെ തിരികെ ലഭിക്കുകയുള്ളൂ. ഡിഎൻഎ പരിശോധനയും വേണ്ടിവരും. പ്രസവിച്ചു മൂന്നാംനാൾ കുഞ്ഞിനെ തട്ടിയെടുത്ത് അനധികൃതമായി ദത്തു നൽകിയെന്ന അനുപമയുടെ പരാതിയിൽ മാതാപിതാക്കൾക്കളും സഹോദരിയും ഉൾപ്പെടെ ആറുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാകോടതി 28ന് പരിഗണിക്കും. സംഭവത്തെക്കുറിച്ച് വനിതാശിശുക്ഷേമ ഡയറക്ടറുടെ അന്വേഷണം പുരോഗമിക്കുകയാണ്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ.എസ്.ഷിജുഖാനിൽനിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

2020 ഒക്ടോബറിൽ കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ വച്ചാണ് അനുപമ കുഞ്ഞിന് ജന്മം നൽകിയത്. നിയമപരമായ വിവാഹത്തിലൂടെയല്ലാതെ ജനിച്ച കുഞ്ഞായതിനാൽ കുടുംബത്തിന് അപകീർത്തിയുണ്ടാവുമെന്ന് കരുതി മാതാപിതാക്കൾ ജനന സർട്ടിഫിക്കറ്റിലടക്കം തിരിമറി നടത്തി ശിശുക്ഷേമ സമിതിയിലെ രേഖകളിലും വ്യാജ കാരണങ്ങൾ എഴുതിച്ചേർത്ത് കുഞ്ഞിനെ ആന്ധ്ര സ്വദേശികൾക്ക് ദത്തു നൽകുകയായിരുന്നു. ജനന സർട്ടിഫിക്കറ്റിൽ കുഞ്ഞിന്റെ പിതാവായ ജയച്ചന്ദ്രന്റെ പേരാണ് എഴുതി ചേർത്തത്.

പ്രസവിക്കും മുമ്പേ മുദ്രപ്പത്രത്തിൽ അനുപമയെക്കൊണ്ട് ഒപ്പിട്ടു വാങ്ങി. ആ മുദ്രപ്പത്രത്തിൽ പ്രസവശേഷം കുഞ്ഞിനെ നോക്കാൻ തനിക്ക് ത്രാണിയില്ലാത്തതിനാൽ ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കുന്നതായി അനുപമ അറിയാതെ നോട്ടറി അറ്റസ്റ്റഡ് വ്യാജ രേഖയുണ്ടാക്കി. കുട്ടി ജനിച്ച് മൂന്നാം നാളായ ഒക്ടോബർ 22 ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാന് കൈമാറി. തുടർന്ന് ശിശുക്ഷേമ സമിതി അധികൃതരുടെ ഒത്താശയോടെ അമ്മത്തൊട്ടിലിൽ കുഞ്ഞിനെ കൊണ്ടു വന്ന് ഇട്ടതായി വ്യാജ രേഖയുണ്ടാക്കുകയായിരുന്നു. തെളിവു നശിപ്പിക്കാനായി ശിശുക്ഷേമ സമിതിയിലും ആദ്യം പെൺകുട്ടിയെന്ന് രേഖപ്പെടുത്തി. തുടർന്ന് ആൺ കുഞ്ഞാക്കി മാറ്റി.

തൈക്കാട് ആശുപത്രിയിലും തെളിവു നശിപ്പിക്കാനായി ആദ്യം ഡോക്ടറെക്കൊണ്ട് പെൺകുഞ്ഞെന്ന് എഴുതിച്ചു. ലഭിച്ചത് ആൺ കുഞ്ഞാണെങ്കിലും പെൺകുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ചെന്നും മലാല എന്ന് പേരിട്ടെന്നു കാണിച്ച് അടുത്ത ദിവസം സമിതി ദത്ത് നോട്ടീസ് പത്രപ്പരസ്യം നൽകി. തുടർന്നു ആൺ കുഞ്ഞെന്ന് തിരുത്തി സിദ്ധാർത്ഥൻ എന്ന് കുഞ്ഞിന്റെ പേര് മാറ്റി. കുഞ്ഞിനെ അന്വേഷിച്ച് മാതാപിതാക്കൾ നടക്കുകയാണെന്നറിഞ്ഞിട്ടും ദത്ത് നൽകാൻ നവംബർ 4 ന് പത്രപ്പരസ്യം നൽകി. ജൂലൈയിൽ ദത്തു നൽകാനായി സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അഥോറിറ്റിയുടെ വെബ്‌സൈറ്റിൽ കുഞ്ഞിന്റെ വിവരം അപ് ലോഡ് ചെയ്തു.

ദത്തു നൽകൽ കമ്മിറ്റിയിൽ ഷിജുഖാനും ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സൺ സുനന്ദയും ഉണ്ടായിരുന്നു. മാതാപിതാക്കളുടെ പരാതികൾ മറച്ചു വച്ച് ഓഗസ്റ്റ് 7 ന് ആന്ധ്രാ സ്വദേശികൾക്ക് കുഞ്ഞിനെ ദത്തു നൽകി. ഇതിന്റെ രണ്ടു ദിവസം കഴിഞ്ഞാണ് കുഞ്ഞിനെ നൽകിയത് ശിശുക്ഷേമ സമിതിയിലാണെന്ന് പൊലീസ് അനുപമയെ അറിയിക്കുന്നത്. ഓഗസ്റ്റ് 11 ന് കുഞ്ഞിനെ അന്വേഷിച്ച് അനുപമ പൂജപ്പുര സി. ഡബ്ലു. സി. യിലും ശിശുക്ഷേമ സമിതിയിലും എത്തി ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു.

സെപ്റ്റംബർ 30 ന് മറ്റൊരു കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിന്റെയും രക്തമെടുത്ത് ഡിഎൻഎ പരിശോധന നടത്തി കുഞ്ഞിഞിന്റെ ബയോളജിക്കൽ അമ്മ അനുപമയല്ലെന്ന ഡിഎൻഎ പരിശോധന ഫലമ ങ്ങെിയ റിപ്പോർട്ട് നൽകി അനുപമയെ തിരിച്ചയച്ചു. ഒക്ടോബർ 13 ന് ആന്ധ്രാക്കാർക്ക് നൽകിയ അനുപമയുടെ കുഞ്ഞിന്റെ താൽക്കാലിക ദത്ത് നടപടികൾ സ്ഥിരപ്പെടുത്താനായി തിരുവനന്തപുരം കുടുംബക്കോടതിയിൽ ഷിജുഖാൻ സത്യവാങ്മൂലവും ഹർജിയും സമർപ്പിച്ചു. ദത്തു കേന്ദ്രത്തിലുണ്ടായിരുന്ന കുട്ടികളുടെ സീനിയോരിറ്റി മറി കടന്നാണ് അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയത്.

അനുപമ - അജിത് ബന്ധത്തിൽ പിറന്ന ആൺകുഞ്ഞിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് പേരൂർക്കട പൊലീസിൽ ഏപ്രിൽ 19 നാണ് അനുപമ പരാതി നൽകിയത്. ഇതിനിടെ അജിത് ആദ്യ ഭാര്യയായ നസിയയിൽ നിന്ന് വിവാഹമോചനം നേടി. ദിവസങ്ങളോളം അജിത്തിനെയും അനുപമയേയും സ്റ്റേഷനിൽ വിളിച്ചു വരുത്തിയതല്ലാതെ കേസെടുത്തില്ല. ഏപ്രിൽ 29 ന് അന്നത്തെ ഡി ജി പി ലോകനാഥ് ബെഹ്‌റക്ക് പരാതി നൽകി. മെയ് മാസത്തിൽ പേരൂർക്കട പൊലീസ് അനുപമയുടെയുടെ മൊഴിയെടുത്തെങ്കിലും എഫ്.ഐ.ആർ ഇട്ടില്ല. നിയമോപദേശത്തിന് വേണ്ടി കാക്കുകയാണെന്ന വിവരമാണ് അനുപമയ്ക്ക് പിന്നീട് പൊലീസ് നൽകിയത്.

കുഞ്ഞ് ദത്ത് പോയ ശേഷം ഓഗസ്റ്റ് 10 നാണ് കന്റോൺമെന്റ് അസി.കമ്മീഷണർ കുഞ്ഞിനെ അനുപമയുടെ മാതാപിതാക്കൾ ശിശുക്ഷേമ സമിതിക്ക് നൽകിയ കാര്യം അറിയിക്കുന്നത്. സംഭവങ്ങൾ മാധ്യമ വാർത്തകളിലൂടെ വിവാദമായതോടെ പരാതി ലഭിച്ച് 7 മാസങ്ങൾക്ക് ശേഷം ഒക്ടോബർ 19 ന് പേരൂർക്കട പൊലീസ് കുട്ടിക്കടത്തു കേസ് രജിസ്റ്റർ ചെയ്ത് മുഖം രക്ഷിക്കുകയായിരുന്നു. അതേ സമയം കൃത്യത്തിലുൾപ്പെട്ട തൈക്കാട് ശിശുക്ഷേമ സമിതി , പൂജപ്പുര ചൈൽഡ് വെൽഫയർ കമ്മിറ്റി അധികൃതർ എന്നിവരെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP