Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫയലുകൾക്കിടയിൽ ചടഞ്ഞു കൂടാനുള്ളതോ സർക്കാർ ഉദ്യോഗം? വേറിട്ട വഴിയിലൂടെ കാർഷിക വിപ്ലവത്തിന് സമൂഹത്തെ സജ്ജമാക്കിയ റെജിയെ പരിചയപ്പെടാം; കഞ്ഞിക്കുഴിയിലെ കൃഷി ഓഫീസറുടെ പ്രവർത്തനം നമുക്കും മാതൃകയാക്കാം

ഫയലുകൾക്കിടയിൽ ചടഞ്ഞു കൂടാനുള്ളതോ സർക്കാർ ഉദ്യോഗം? വേറിട്ട വഴിയിലൂടെ കാർഷിക വിപ്ലവത്തിന് സമൂഹത്തെ സജ്ജമാക്കിയ റെജിയെ പരിചയപ്പെടാം; കഞ്ഞിക്കുഴിയിലെ കൃഷി ഓഫീസറുടെ പ്രവർത്തനം നമുക്കും മാതൃകയാക്കാം

തിരുവനന്തപുരം: വെറുതെ ഫയലുകൾക്കിടയിൽ ചടഞ്ഞു കൂടി സർക്കാർ ഉദ്യോഗസ്ഥരെന്നു ഗമ പറഞ്ഞു നടക്കുന്നവരിൽ നിന്നും വ്യത്യസ്തമായി ജനങ്ങളോടൊപ്പം നിന്ന് അവരെ സേവിക്കുന്ന ചില ഉദ്യോഗസ്ഥരെങ്കിലും നമ്മുടെ നാട്ടിലുണ്ട്. അവർക്ക് കൂടി മാതൃകയാണ് ജി.വി.റെജി എന്ന കൃഷി ഓഫീസർ. കഞ്ഞിക്കുഴി പഞ്ചായത്തിലെ കൃഷി ഓഫീസറായ ഉദ്യോഗസ്ഥ, സംസ്ഥാനത്തെ തന്നെ മികച്ച മാതൃകാ കർഷക കൂടിയാണെന്നുള്ളതാണ് യാഥാർഥ്യം. യുവതലമുറ മറന്നുപോയ കൃഷിയിലേക്ക് ഒരു പഞ്ചായത്തിലെ മുഴുവൻ ജനങ്ങളെയും സംഘടിപ്പിച്ച് കൃഷിയെ അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയതിൽ ഈ കൃഷി ഓഫീസറുടെ പങ്ക് ചെറുതല്ല.

കൃഷിക്കാർക്ക് വിത്തും വളവും നൽകുകയും, സബ്‌സിഡി നൽകുകയും ചെയ്തു കഴിഞ്ഞാൽ തങ്ങളുടെ ജോലി കഴിഞ്ഞെന്നു ചിന്തിക്കുന്നവരാണ് സംസ്ഥാനത്തെ ഭൂരിപക്ഷം കൃഷി വകുപ്പ് ഉദ്യോഗസ്ഥരും. എന്നാൽ കൃഷിക്കുള്ള ഭൂമി ഒരുക്കൽ തുടങ്ങി, മികച്ച വിത്തും വളങ്ങളും കാർഷകരിലേക്ക് എത്തിക്കുന്നതു കൂടാതെ വിളവെടുപ്പ് വരെയുള്ള ഘട്ടങ്ങളിൽ കർഷകർക്കൊപ്പം നിന്ന് പ്രവർത്തിക്കുമ്പോഴാണ് കൃഷി ഓഫീസർ എന്ന പദവിയിലുള്ള തന്റെ ജോലി പൂർത്തിയാവുകയുള്ളൂ എന്ന വിശ്വാസമാണ് ഈ മികച്ച ഉദ്യോഗസ്ഥയ്ക്കുള്ളത്. ആ വിശ്വാസമാണ് ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്തിലെ ജനങ്ങൾക്ക് ജി.വി.റെജിയെ കൃഷി ഓഫീസർ എന്നതിലുപരി ഒരു കർഷകസുഹൃത്തായി കാണാൻ ആഗ്രഹിക്കുന്നത്.

'ജോലിക്ക് കയറിയപ്പോൾ കൃഷിയോട് താൽപര്യമുള്ള ജനങ്ങൾ വളരെ കുറവായിരുന്നു. തരിശുകിടക്കുന്ന പാടങ്ങളും കാടുകയറിയ കൃഷിഭൂമികളുമായിരുന്ന കാണാൻ പറ്റിയിരുന്നത്. തമിഴ്‌നാട്ടിൽ നിന്നടക്കം വരുന്ന പച്ചക്കറികളിൽ കാൻസർ പോലെയുള്ള മാരകരോഗങ്ങൾക്ക് കാരണമാകുന്ന കൊടിയ കീടനാശിനികൾ പ്രയോഗിക്കുന്നുവെന്ന് ജനങ്ങൾക്ക് ഇപ്പോൾ ബോധ്യമുണ്ട്. എന്നാലും വിത്തും വളവും കൊടുത്തു കഴിഞ്ഞാലും കൃഷിയിൽ തുടക്കക്കാർക്ക് വലിയ പ്രയാസമുണ്ടായിരിക്കും. അതു കൊണ്ട് അവരോടൊപ്പം നിന്നാണ് കൃഷി, അങ്ങനെ ചെയ്യുന്നതു കൊണ്ട് അവരുടെ ആത്മവിശ്വാസം വർധിക്കുമെന്ന് മാത്രമല്ല, കൃഷിയോട് വളരെയധികം താൽപര്യം ഉണ്ടാകുകയും ചെയ്യും '

കഞ്ഞിക്കുഴി പഞ്ചായത്തിലെ തൊഴിലുറപ്പ്, കുടുംബശ്രീ യൂണിറ്റുകളിൽ ഉൾപ്പെട്ട വനിതകളെ ഏറ്റവും മികച്ച കർഷകരാക്കി മാറ്റിയതിൽ ജി.വി.റെജിയുടെ പങ്ക് വളരെ വലുതാണ്. ഇവരുടെ ഇടയിൽ തന്നെ കാർഷിക ഗ്രൂപ്പുകൾ ഉണ്ടാക്കുകയും അവരെ കൊണ്ട് തരിശുകിടന്ന ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തതിലൂടെ നൂറ് മേനി കൊയ്താണ് കഞ്ഞിക്കുഴിയിൽ കാർഷിക വിപ്ലവം സൃഷ്ടിച്ചത്.

' കുടുംബശ്രീ യൂണിറ്റുകൾ കൃഷിയിൽ സജീവമായതോടെ കൃഷിപ്പണികൾക്ക് ആളെക്കിട്ടാതെ വന്ന സാഹചര്യം വലിയ വെല്ലുവിളി ആയിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാൻ ഹരിത കർമസേന എന്ന ആശയം നടപ്പിലാക്കിയാണ് പ്രശ്‌നം പരിഹരിച്ചത്. കൃഷിപ്പണിക്ക് പോകുന്നവരെ കൃഷി ടെക്‌നീഷ്യന്മാരെന്ന് വിളിക്കാനാണ് എനിക്കിഷ്ടം' കൃഷിപ്പണി സമൂഹത്തിൽ മോശം ജോലിയാണെന്ന് ഒരിക്കൽ ചിന്തിച്ചവർ ഇന്ന്, ഈ കൃഷി ഓഫീസറുടെ ശിഷ്യരാണ്. ജി.വി.റെജിയുടെ ശിഷ്യർക്കെല്ലാം കൃഷി നൂറിൽ നൂറ് മാർക്കാണ്. അതു തന്നെയാണ് ഈ കൃഷി ഓഫീസർക്ക് ഏറ്റവും സന്തോഷം നൽകുന്ന സംഗതി.

'യുവതീ-യുവാക്കൾ കൃഷിയിലേക്ക് കടന്നു വരുന്നത് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്. ഓപ്പൺ ഫാമിങും പോളിഹൗസ് കൃഷി രീതികളെ കുറിച്ചും അന്വേഷിച്ച് നിരവധി പേർ വിളിക്കാറുണ്ട്. ദിവസത്തിൽ കുറച്ച് സമയം മാറ്റി വച്ചാൽ ഒരു വീട്ടിലേക്ക് വേണ്ട എല്ലാ പച്ചക്കറികളും വീട്ടിൽ തന്നെ ഉൽപാദിപ്പിക്കാം. പണം കൊടുത്ത് രോഗം വാങ്ങുന്നതെന്തിന് ? '

2012-13ൽ സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച കൃഷി ഓഫീസർ സ്ഥാനത്ത് നിന്ന് 2014-15 ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച കൃഷി ഓഫീസർ എന്ന തലത്തിലേക്ക് എത്തിയ ജി.വി.റെജി, തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ നിന്ന് കൃഷി ശാസ്ത്രത്തിൽ ബിരുദവും , കീട ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയാണ് ഒരു കാർഷിക വിപ്ലവം ലക്ഷ്യമിട്ട് സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത്. 2003ൽ തൃശൂർ മുള്ളൂർക്കര പഞ്ചായത്തിലെ കൃഷി ഓഫീസർ ആയിട്ടാണ് ആദ്യം ജോലിക്ക് കയറിയത്. ഒരു കൃഷി ഓഫീസർ എന്ന നിലയിൽ ജി.വി.റെജിയുടെ നേട്ടങ്ങൾ കേരളത്തിന് പുതിയ തിരിച്ചറിവ് നൽകിയെന്നതിൽ യാതൊരു സംശയവുമില്ല.

മുള്ളൂർക്കര പഞ്ചായത്തിലെ മഴവെള്ള സംഭരണ പദ്ധതി, തരിശുപാടങ്ങളിലെ കൃഷി, ആലപ്പുഴ പെരുമ്പളം പഞ്ചായത്തിലെ മുല്ലപ്പൂ കൃഷി, കഞ്ഞിക്കുഴി പഞ്ചായത്തിലെ ജൈവ പച്ചക്കറി കൃഷി ഇവയൊക്കെ ഇന്ന് കാർഷിക കേരളത്തിലെ മികച്ച മാതൃകകളാണ്. കഞ്ഞിക്കുഴിയിൽ ഡിസംബർ മുതൽ ഏപ്രിൽ വരെയായിരുന്ന കൃഷി ചെയ്തിരുന്നെങ്കിൽ റെജിയുടെ മേൽനോട്ടത്തിൽ ഇപ്പോൾ വർഷം മുഴുവനുമാണ്. കഞ്ഞിക്കുഴി പഞ്ചായത്തിനെ കാർഷിക കേരളത്തിന്റെ മുൻനിരയിലേക്ക് എത്തിച്ച ജി.വി.റെജിയുടെ ഒരു സ്വപ്‌നം ഇതാണ്. ' കാർഷിക വിളകളാൽ സ്വയംപര്യാപ്തമായ കേരളം '.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP