Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡിൽ ജീവിതം വഴിമുട്ടിയവർക്ക് സഹായവുമായി മറുനാടൻ കുടുംബം; ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴി രണ്ട് ഘട്ടങ്ങളിലായി വിതരണം ചെയ്തത് 37 ലക്ഷം രൂപ; ചാരിറ്റി ഫൗണ്ടേഷൻ വഴി ഇതിനോടകം വിതരണം ചെയ്തത് പത്തു കോടിയിൽ അധികം രൂപ

കോവിഡിൽ ജീവിതം വഴിമുട്ടിയവർക്ക് സഹായവുമായി മറുനാടൻ കുടുംബം; ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴി രണ്ട് ഘട്ടങ്ങളിലായി വിതരണം ചെയ്തത് 37 ലക്ഷം രൂപ; ചാരിറ്റി ഫൗണ്ടേഷൻ വഴി ഇതിനോടകം വിതരണം ചെയ്തത് പത്തു കോടിയിൽ അധികം രൂപ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കോവിഡ് മഹാമാരി ലോകത്തിന്റെ സാമ്പത്തിക ക്രമത്തെ തന്നെ അടിമുടി തകിടം മറിച്ചിരുന്നു. നമുക്ക് ചുറ്റും നിരവധി ജീവനുകൾ ഷ്ടമായപ്പോൾ അവരെ ആശ്രയിച്ചു ജീവിനം നയിച്ചിരുന്നവരുടെയും ജീവിതം താളം തെറ്റി. നിരവധി കുട്ടികൾക്ക് മാതാപിതാക്കളെ നഷ്ടമായി. ഇങ്ങനെ ദുരിതം എല്ലാ മേഖലയിലും പിടിമുറുക്കിയപ്പോൾ തങ്ങളുടെ ജീവിതത്തിൽ മിച്ചംപിടിച്ച തുക കൊണ്ട് ആളുകളെ സഹായിക്കാനും സമനസ്സുകൾ ഉണ്ടായി. ഇത്തരം സുമനസുകൾക്കൊപ്പം ചേർന്ന് മറുനാടൻ കുടുംബവും കോവിഡ് ദുരിതബാധികർക്ക് സഹായം എത്തിച്ചു.

മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായി ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിൽ തുടങ്ങിയ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴിയാണ് കോവിഡ് ദുരിത ബാധിതർക്ക് സഹായം എത്തിച്ചത്. രണ്ട് ഘട്ടങ്ങളിലായി നടത്തിയ ധരസമാഹരണത്തിൽ 37 ലക്ഷം രൂപയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വിതരണം ചെയ്തത്.

കോവിഡ് കേരളത്തിൽ സംഹാര താണ്ഡവമാടിയപ്പോൾ, അനേകം കുഞ്ഞുങ്ങൾക്ക് അച്ഛനെയും അമ്മയെയും നഷ്ടമായപ്പോൾ, അനേകം അമ്മമാർ വാടക വീടുകളിൽ നിന്നും ബന്ധുക്കളുടെ കാരുണ്യത്തിനു കനിവ് കാക്കേണ്ടി വന്നപ്പോൾ അവർക്ക് സഹായവുമായി എത്തുകയാിരുന്നു ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ. കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന ചടങ്ങിൽ എംപി ടിഎൻ പ്രതാപൻ 40 ഓളം കുടുംബങ്ങൾക്കായി 20 ലക്ഷം രൂപ കൂടി നൽകിയതോടെയാണ് മെയ് മാസത്തിൽ ആരംഭിച്ച അപ്പീൽ പൂർത്തിയാകുന്നത്.

നേരത്തെ ആഗസ്തിൽ 34 കുടുംബങ്ങൾക്ക് 17 ലക്ഷത്തിലധികം തുക നൽകി ഒന്നാം ഘട്ടവും സമാപനത്തിൽ എത്തിയിരുന്നു. കോട്ടയത്ത് അയർക്കുന്നത് വച്ച് പാലാ എംഎൽഎ മാണി സി കാപ്പനാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ടവർക്കായി 17 ലക്ഷം രൂപ നൽകിയത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി ബ്രിട്ടീഷ് വംശജരായ ആളുകൾ കൂടി പങ്കെടുത്ത ജനകീയ അപ്പീലിനാണ് സമാപനമായത്.

ഓക്‌സ്‌ഫോർഡ്ഷെയറിലെ ബാൻബറിയിൽ ജൂലി റിച്ചാർഡ്‌സൺ നഴ്സിങ് ഹോം നടത്തിയ വാക്കിങ് ചലഞ്ചിലും ബെൽഫാസ്റ്റിൽ ബിജിമോൾ തോമസ് ഏറ്റെടുത്ത ബ്ലാക് മൗണ്ടൈൻ ചലഞ്ചിലുമാണ് ബ്രിട്ടീഷ് വംശജരായ ആളുകളും കേരളത്തിലെ കോവിഡ് ദുരിതബാധിതർക്കായി കൈകോർത്തത്. കാര്യമായ പ്രതീക്ഷകൾ ഇല്ലാതെ രംഗത്തിറങ്ങിയിട്ടും 75 കുടുംബങ്ങളിൽ ഈ പ്രയാസകാലത്തു പ്രതീക്ഷയായി തങ്ങളും കാരണമായല്ലോ എന്നതാണ് കോവിഡ് അപ്പീലിനെ ചടുലമാക്കാൻ കോവിഡ് പോരാളികളായി സധൈര്യം മുന്നിട്ടിറങ്ങിയ ഓരോ പ്രവർത്തകരും ഇപ്പോൾ അഭിമാനിക്കുന്നതായി അപ്പീൽ ചെയർമാനായി പ്രവർത്തിച്ചിരുന്ന ഫ്രാൻസിസ് ആന്റണിയും അപ്പീൽ സെക്രട്ടറി ആയിരുന്ന അജിമോൻ എടക്കരയും പറഞ്ഞു.

തൃശൂരിൽ കോ ഓപ്പറേറ്റീവ് കോളേജ് ഹാളിൽ നടന്ന ധനസഹായ വിതരണത്തിൽ എംപി ടിഎൻ പ്രതാപൻ മുഴുവൻ യുകെ മലയാളികൾക്കും തൃശൂരിന്റെ വന്ദനം അറിയിച്ചാണ് സദസിനെ അഭിസംബോധന ചെയ്തത്. ഒല്ലൂരിലെ ഔഷധി ചെയർമാൻ ഡോ. കെ എസ് രഞ്ജിതൻ ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുക്കുകയും ചെയ്തു. ബ്രിട്ടീഷ് മലയാളി കോവിഡ് അപ്പീൽ വൈസ് ചെയർമാൻ സോണി ചാക്കോയാണ് ചടങ്ങിന് നേതൃത്വം നൽകിയതും അധ്യക്ഷനായതും.

വിദേശ മണ്ണിൽ കോവിഡിന്റെ സകല പ്രയാസങ്ങളും അനുഭവിച്ച ഒരു ജനത പിറന്ന നാടിനോട് കാണിച്ചു കൊണ്ടിരിക്കുന്ന സ്‌നേഹവും കടപ്പാടും ഓരോ മലയാളിയും ഹൃദയം കൊണ്ട് ചേർത്ത് പിടിക്കേണ്ടതാണെന്നു പ്രതാപൻ സൂചിപ്പിച്ചു. ഓരോ ജില്ലയിൽ നിന്നുള്ള കുടുംബത്തെയും ഈ അപ്പീലിലേക്കു കണ്ടെത്താൻ കഴിഞ്ഞ ബ്രിട്ടീഷ് മലയാളായി ചാരിറ്റി ഫൗണ്ടേഷന്റെ സുതാര്യമായ പ്രവർത്തനത്തെയും പ്രതാപൻ പ്രകീർത്തിച്ചു. ഓരോ ജില്ലയിൽ നിന്നും സഹായം തേടി എത്തിയവരെ ജില്ലാ തിരിച്ചു വിളിച്ചാണ് അദ്ദേഹം അഭിസംബോധന ചെയ്തത്.

ഭൂരിഭാഗം ജില്ലകളിൽ നിന്നും മഴക്കെടുതികൾ കണക്കാക്കാതെയും അപേക്ഷകർ പണം വാങ്ങാനെത്തി. കൂടുതൽ പേർക്കും 60000 രൂപ വീതം ലഭിച്ചപ്പോൾ മുൻഗണന പട്ടികയിൽ പിന്നോക്കം പോയ ഏതാനും കുടുംബങ്ങൾക്ക് 25000 രൂപ വീതമാണ് ലഭിച്ചത്. വിശക്കുന്നവർക്കും അനാഥർക്കും ആശ്രയമായ കൊട്ടാരക്കര ആശ്രയ ചാരിറ്റബിൾ സൊസൈറ്റിക്ക് കോവിഡ് അപ്പീലിന്റെ ഭാഗമായി ഒരു ലക്ഷം രൂപ ലഭിച്ചു. ഇതോടെ പത്തു പൗണ്ട് പോലും മാറ്റിവയ്ക്കാതെ വായനക്കാർ മനസറിഞ്ഞു നൽകിയ മുഴുവൻ പണവും അർഹതയുള്ളവരെ തേടി എത്തുക ആയിരുന്നു.

ചാരിറ്റി ഫൗണ്ടേഷന്റെ പ്രവർത്തനത്തിൽ ആദ്യമായി വളണ്ടിയർ സേന രംഗത്തിറങ്ങിയാണ് പണം കണ്ടെത്തിയത്. കോവിഡ് പോരാളികൾ എന്ന് പേരിൽ അറിയപ്പെട്ട ഇവരിലൂടെ പതിനേഴോളം ചലഞ്ചുകൾ പൂർത്തിയാക്കിയാണ് 37 ലക്ഷം രൂപ അപ്പീലിൽ എത്തിച്ചത്. തുടക്കത്തിൽ ഫുഡ് ചലഞ്ച് എന്ന ആശയത്തിൽ രൂപം കൊണ്ട അപ്പീലിലേക്കു പിന്നീട് ബിരിയാണി മേളയും പൊതിച്ചോറും മലകയറ്റവും പിറന്നാൾ ഉപേക്ഷിക്കലും ഒക്കെയായി അനേകം ചലഞ്ചുകളാണ് യുകെ മലയാളികൾ സ്വമേധയാ ഏറ്റെടുത്തത്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഭാഗമായി അപ്പീൽ സെക്രട്ടറി അജിമോൻ എടക്കര, ട്രസ്റ്റികളായ റോയ് സ്റ്റീഫൻ - സ്വിണ്ടൻ, രശ്മി പ്രകാശ് - ലണ്ടൻ, സോണി ചാക്കോ - മാഞ്ചസ്റ്റർ, സൈമി ജോർജ് - ക്രോയ്‌ഡോൺ, ഷൈനു ക്ലെയർ - ബോൾട്ടൻ, നോയൽ - പ്രെസ്റ്റൻ എന്നിവരൊക്കെ അണിനിരന്നപ്പോൾ പ്രസ്ഥാനം എന്ന പേരിട്ടെത്തിയത് കവൻട്രി കേരള സ്‌കൂളായിരുന്നു. ട്രസ്റ്റിന്റെ ഭാഗം അല്ലാതിരുന്നിട്ടും ബെൽഫാസ്റ്റിൽ നിന്നും ബിജിമോളും ലീഡ്സിൽ നിന്നും ഷീല സന്തോഷ്‌കുമാറും, ബാസിൽഡണിൽ നിന്നും ജോമോൻ കുര്യാക്കോസും ബാൻബറിയിൽ നിന്നും ജൂലി റിച്ചാർഡ്സ് നഴ്സിങ് ഹോമും ഒക്കെയെത്തിയത് അപ്പീലിന്റെ ജനപങ്കാളിത്തം നൽകിയ ആവേശം തന്നെയായിരുന്നു. കൂടെ രണ്ടു ഫുഡ് ചലഞ്ചിലേക്കായി ആയിരത്തിലേറെ പൗണ്ടിന്റെ ഭക്ഷണ സാധനം നൽകി വൂസ്റ്ററിലെ മലയാളികട ഫ്രണ്ട്‌സ് ഏഷ്യൻ സൂപ്പർമാർക്കറ്റിലെ ഡെന്നിസും ഡേവിസും മഹത്തായ മാതൃകകളായി.

കോവിഡ് മരണം നടന്ന കുടുംബങ്ങളെ സഹായിക്കാൻ വേണ്ടി ആസൂത്രണം ചെയ്ത അപ്പീലിലേക്കു മരണം നടന്ന കുടുംബങ്ങളിൽ നിന്നല്ലാതെ കോവിഡ് രോഗികൾ ആക്കിയവരുടെയും കോവിഡ് മൂലം ജീവിതം വഴി മുട്ടി പോയവരുടെയും ഉന്നത പഠനം മുടങ്ങിയവരുടെയും ഒക്കെയായി അനേകം അപേക്ഷകളാണ് എത്തിയത്. ഇവരിൽ ഏറ്റവും അടിയന്തിരമായി സഹായിക്കേണ്ടവർ എന്ന നിലയിലാണ് അവസാനം 75 പേരുടെ പട്ടികയിലേക്ക് എത്തുന്നത്. ഇതിൽ മരണം നടന്ന കുടുംബങ്ങൾക്ക് അറുപതിനായിരം രൂപ വീതം ലഭിക്കുമ്പോൾ 36 കുടുംബങ്ങളാണ് കണ്ണീർ തുടച്ചു ജീവിതത്തെ നോക്കി വീണ്ടും ചെറുതായി എങ്കിലും പുഞ്ചിരിക്കാൻ ശ്രമിക്കുന്നത്.

ഇതിനായി 21600 പൗണ്ടാണ് മാറ്റിവച്ചത്. ഇതോടൊപ്പം ജീവിക്കാൻ ഒരു വഴിയും ഇല്ലെന്നു വ്യക്തമാക്കി എത്തിയ കോവിഡ് രോഗികളുടെ അപേക്ഷയിലും 36 കുടുംബങ്ങൾക്ക് സഹായം എത്തും. ഇവർക്ക് 40000 രൂപ വീതം ലഭിക്കാനായി 14400 പൗണ്ടാണ് മാറ്റിവച്ചത്. ശേഷിച്ച രണ്ടു കുടുംബങ്ങളിൽ 25000 രൂപ വീതം നൽകാൻ 500 പൗണ്ട് ഉപയോഗിക്കും. ഇതിനൊപ്പം വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്ന ആശ്രയ ചാരിറ്റബിൾ സൊസൈറ്റിക്കും ആയിരം പൗണ്ട് നൽകാനും തീരുമാനം ആയിട്ടുണ്ട്. കോവിഡ് അപ്പീലിൽ ആകെ ലഭിച്ച 37234 പൗണ്ട് 21 പെൻസിനൊപ്പം ചാരിറ്റി ഫൗണ്ടേഷൻ അക്കൗണ്ടിൽ നിന്നും ചെറിയൊരു തുക എടുത്താണ് ഇത്രയും പേർക്കും സഹായം എത്തിക്കുന്നത്

സാധാരണയായി ബ്രിട്ടീഷ് മലയാളി വായനക്കാർ മനസ് നിറഞ്ഞു നൽകുന്ന പണം മാത്രം ആശ്രയിക്കാതെ കോവിഡ് പോരാളികളെ തന്നെ രംഗത്തിറക്കിയാണ് ബിഎംസിഎഫ് പ്രവർത്തകർ മാതൃക ആയത്. മുൻപ് കേരളം കണ്ട മഹാപ്രളയത്തിൽ മാത്രമാണ് മുൻപ് ഇത്രയും ആവേശത്തോടെയും മനക്കരുത്തോടെയും യുകെ മലയാളികൾ നാടിന് വേണ്ടി ജീവകാരുണ്യ പ്രവർത്തനത്തിനു ഇറങ്ങിയിട്ടുള്ളത്. കേരളത്തിലേതിനേക്കാൾ ഭയാനകമായി കോവിഡ് ബ്രിട്ടനെ ബാധിച്ചതിനാൽ വലിയ ആശങ്കയോടെയാണ് കോവിഡ് അപ്പീലിനായ് പോരാളികൾ രംഗത്ത് വന്നത്.

അമ്മമാരുടെ സങ്കടമാണ് കോവിഡ് അപ്പീലിൽ എത്തിയ മുഴുവൻ സഹായ അഭ്യർത്ഥനയിലും നിറഞ്ഞത് എന്ന സത്യം ബ്രിട്ടീഷ് മലയാളിയിലൂടെ പലവട്ടം വെളിപ്പെടുത്തിയപ്പോൾ സ്വാഭാവികമായും ഈ അപ്പീലിന്റെ ഭാഗമായി പാതിയോളം തുകയും കണ്ടെത്താൻ നാലു വനിതകൾ രംഗത്തെത്തി എന്നത് മറ്റൊരു പ്രത്യേകതയായി. വാർത്തകളിലൂടെ അപ്പീലിലേക്കു നടന്നെത്തിയ ബെൽഫാസ്റ്റിൽ നിന്നും നഴ്‌സായ ബിജിയും ലീഡ്സിൽ നിന്നും കുട്ടികളുടെ നഴ്‌സായ ഷീലയും മാഞ്ചസ്റ്ററിൽ നിന്നും നഴ്സിങ് ഹോം ഉടമ ഷൈനു ക്ലെയറും ബാൻബറിയിൽ നിന്നും മാനേജരായ ജയന്തി ആന്റണിയും സട്ടനിലെ രശ്മി പ്രകാശും ചേർന്ന് ഏകദേശം 16000 പൗണ്ടാണ് വിവിധ അപ്പീലുകളിലൂടെ സമാഹരിച്ച്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴി ഇതിനോടകം നൂറ് കണക്കിന് ആളുകൾ സഹായം എത്തിയിട്ടുണ്ട്. നഴ്‌സിങ് സ്‌കോളർഷിപ്പ് അടക്ക പല വിധത്തിലുള്ള സഹായങ്ങളായിരുന്നു ലഭ്യമാക്കാകിയത്. ഇതിനോടകം പത്ത് കോടിയിലേറെ രൂപ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴി വിതരണം ചെയ്യാൻ സാധിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP