Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വന്തം കുഞ്ഞിനായി സെക്രട്ടേറിയറ്റ് പടിക്കൽ അമ്മയുടെ നിരാഹാര സമരം; പാർട്ടിയുടെ മുഖം രക്ഷിക്കാൻ ഇടപെട്ട് ഇടത് സർക്കാർ; കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അനുപമ; നസിയയുടെ ആരോപണത്തിന് പിന്നിൽ സിപിഎമ്മെന്നും പ്രതികരണം

സ്വന്തം കുഞ്ഞിനായി സെക്രട്ടേറിയറ്റ് പടിക്കൽ അമ്മയുടെ നിരാഹാര സമരം; പാർട്ടിയുടെ മുഖം രക്ഷിക്കാൻ ഇടപെട്ട് ഇടത് സർക്കാർ; കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അനുപമ;  നസിയയുടെ ആരോപണത്തിന് പിന്നിൽ സിപിഎമ്മെന്നും പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നൊന്തു പെറ്റ കുഞ്ഞിനെ വീണ്ടെടുക്കാൻ സെക്രട്ടേറിയറ്റ് നടയിൽ അമ്മ അനുപമ നിരാഹാര സമരം ഇരുന്നതോടെ നിയമക്കുരുക്ക് അഴിച്ച് കുഞ്ഞിനെ തിരികെയേൽപ്പിച്ച് വിവാദത്തിൽ നിന്നും തലയൂരാൻ അതിവേഗ നടപടികളുമായി സംസ്ഥാന സർക്കാർ. പിന്തുണയ്‌ക്കേണ്ട സമയത്ത് വിശ്വസിച്ച് പ്രവർത്തിച്ച പാർട്ടിയും പൊലീസും നിസംഗരായി നിന്നതോടെയാണ് നീതി നേടി സമര പോരാട്ടത്തിന് ആ അമ്മ തെരുവിൽ ഇറങ്ങിയത്.

പ്രസവിച്ച് മൂന്നാം നാൾ നഷ്ടപ്പെട്ട തന്റെ കുട്ടിയെ തിരിച്ച് കിട്ടണമെന്നും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് മുൻ എസ്.എഫ്.ഐ പ്രവർത്തക അനുപമ എസ്. ചന്ദ്രൻ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരമിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികളും പൊതുസമൂഹവും അനുപമയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുണ്ട്.

വിവാഹിതനായ ഒരാളുമായി പ്രണയത്തിലാവുകയും പിന്നീട് ഗർഭിണിയാകുകയും ചെയ്തു എന്നതാണ് കുട്ടിയെ തന്നിൽ നിന്ന് മാറ്റാനുള്ള കാരണമെന്നും അജിത്തിന്റെ സാമുദായിക പശ്ചാത്തലവും തന്റെ മാതാപിതാക്കൾക്ക് പ്രശ്നമായിരുന്നുവെന്നും അനുപമ പറയുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ 22നാണ് പ്രസവിച്ച് മൂന്നാം ദിവസം കുഞ്ഞിനെ അനുപമയിൽ നിന്ന് അകറ്റിയത്. കൃത്യം ഒരു വർഷം പൂർത്തിയാകുമ്പോൾ അനുപമ അസാധാരണ സമരത്തിനിറങ്ങിയിരിക്കുന്നു. തന്റെ കുഞ്ഞെവിടെയെന്ന ചോദ്യമുയർത്തി. കേരളമേ ലജ്ജിക്കൂ എന്ന പോസ്റ്ററാണ് കൈയിൽ. ലജ്ജാകരമാണ് കാര്യങ്ങളെന്ന് ഇപ്പോൾ മാത്രം ബോധമുദിച്ച സർക്കാർ സംവിധാനങ്ങൾ ഉണർന്നു തുടങ്ങി. അനുപമയ്‌ക്കൊപ്പമാണെന്ന സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവനയോട് പിന്തുണയ്‌ക്കേണ്ട സമയത്ത് ലഭിച്ചില്ലല്ലോയെന്നായിരുന്നു മറുപടി.

പാർട്ടിക്കെതിരെയല്ല സമരമെന്നു പറയുമ്പോഴും ഒരു വർഷം പാർട്ടി ഓഫീസുകളിലും നേതാക്കളുടെ മുമ്പിലും കയറിയിറങ്ങിയിട്ടും അനുകൂല നടപടിയുണ്ടായില്ലെന്ന ധ്വനിയും അനുപമയുടെ വാക്കുകളിലുണ്ട്. സമരമാരംഭിക്കുന്നതിനു മുമ്പ് മന്ത്രി വീണാ ജോർജ് അനുപമയെ ഫോണിൽ വിളിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണം നടത്തുന്നതായി അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടിയെടുക്കുമെന്നും ഉറപ്പു നല്കി.

ദത്തെടുക്കൽ വിവാദം ഉയരുകയും നീതിക്ക് വേണ്ടിയുള്ള അനുപമയുടെ പോരാട്ടം പൊതുജന മധ്യത്തിൽ മാധ്യമങ്ങൾ എത്തിക്കുകയും ചെയ്തതോടെയാണ് മുഖം രക്ഷിക്കൽ നടപടികളുമായി സർക്കാർ രംഗത്തെത്തിയത്. അനുപമയുടെ കുഞ്ഞിന്റെ വിഷയം ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കുന്നതിന് മുമ്പ് കോടതിയെ അറിയിക്കാൻ മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകി. തിരുവനന്തപുരം വഞ്ചിയൂർ കുടുംബ കോടതിയെ സർക്കാർ സമീപിക്കും. ദത്തു നൽകിയ കുഞ്ഞിൽ അനുപമ ഉന്നയിക്കുന്ന അവകാശവാദം സർക്കാർ കോടതിയെ അറിയിക്കാനാണ് തീരുമാനം.

കോടതിയെ സമീപിക്കാനുള്ള നിർദ്ദേശം മന്ത്രി വീണ ജോർജ് വകുപ്പ് സെക്രട്ടറിക്കാണ് നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഗവൺമെന്റ് പ്ലീഡർക്ക് കോടതിയെ ഇത് ബോധ്യപ്പെടുത്താനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. ഗവൺമെന്റ് പ്ലീഡർ ഇക്കാര്യം അറിയിക്കും. അനുപമയുടെ കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികൾക്ക് ദത്ത് നൽകിയതായി ഏകദേശം ഉറപ്പായി കഴിഞ്ഞതോടെയാണ് അതിവേഗ നടപടി. ഇപ്പോൾ താൽക്കാലികമായാണ് ദത്ത് നൽകിയിരിക്കുന്നത്. ഇതിന്റെ നടപടികൾ കോടതിയിൽ പൂർത്തിയാവുകയാണ്. അടുത്ത ആഴ്ച ഇതിന്റെ അന്തിമ വിധി കോടതി പുറപ്പെടുവിക്കാനിരിക്കെയാണ് സർക്കാർ ഇടപെടൽ.

ആന്ധ്രയിൽ ദത്തു നൽകിയ കുഞ്ഞ് തന്റേതാണെന്ന അവകാശവാദം അനുപമ പലതവണ ഉയർത്തിക്കഴിഞ്ഞു. ഈ കുഞ്ഞിന്റെ ഡി.എൻ.എ പരിശോധന നടത്തണമെന്നും അനുപമ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് നിവേദനം നൽകാനിരിക്കെയാണ് സർക്കാർ ഇടപെടൽ നടത്തിയിരിക്കുന്നത്.

ഈ കുഞ്ഞിനെ ഏറ്റെടുത്തതും ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതിക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന അന്വേഷണവും സർക്കാർ നടത്തും. ഇതുമായി ബന്ധപ്പെട്ട ഉത്തരവും സർക്കാർ കോടതിയിൽ ഹാജരാക്കും. കുഞ്ഞിന്റെ കാര്യത്തിൽ അന്തിമ വിധി വരുന്നതിന് മുൻപ് ഇക്കാര്യങ്ങൾ കോടതിയെ അറിയക്കാനാണ് സർക്കാർ നീക്കം. പൊലീസുൾപ്പെടെ പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ സർക്കാരിനേറ്റ പരുക്ക് കുറയ്ക്കാനുള്ള നീക്കമായി മന്ത്രിയുടെ ഇടപെടലിനെ കാണാം.

കോടതിയിൽ ദത്ത് നടപടി തൽക്കാലം നിർത്തിവെക്കാൻ ആവശ്യപ്പെടുമെന്ന സർക്കാർ നിലപാടിൽ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തന്റെ അനുഭവം മറ്റാർക്കും ഉണ്ടാകരുതെന്നും അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിയിൽ നിന്നും സിഡബ്ല്യുസിയിൽ നിന്നും തനിക്കുണ്ടായ അനുഭവം മറ്റാർക്കും ഉണ്ടാകരുത്. സിഡബ്ല്യുസിക്ക് എതിരെയും ശിശുക്ഷേമ സമിതിക്ക് എതിരെയും നടപടി എടുക്കണമെന്നും അനുപമ പഞ്ഞു. സമരം തുടരുന്നത് സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും അനുപമ പറഞ്ഞു.

അതേ സമയം കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ആരോപണവുമായെത്തിയ മുൻഭാര്യ നസിയയ്ക്കെതിരെ അജിത്തും അനുപമയും രംഗത്തെത്തി. നസിയയുടെ ആരോപണങ്ങൾക്ക് പിന്നിൽ സിപിഎം ആണെന്ന് അനുപമ ആരോപിച്ചു. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് തന്റെ പിതാവ് ജയചന്ദ്രനും പാർട്ടി നേതാക്കളും ആണെന്നും കുഞ്ഞിനെ ദത്ത് നൽകിയ വിഷയം വഴിതിരിച്ചു വിടാനുള്ള നീക്കമാണ് നടക്കുന്നതെന്നും അനുപമ പറഞ്ഞു. അനുപമയുടെ സമ്മത പ്രകാരമാണ് കുഞ്ഞിനെ ദത്തുകൊടുത്തതെന്ന ആരോപണത്തിന് മറുപടി നൽകവെയായിരുന്നു ഇരുവരുടെയും പ്രതികരണം.

'നസിയയുടെ ആരോപണങ്ങൾക്ക് പിന്നിൽ സിപിഎം ആണ്. ഇതിന് മുമ്പും തങ്ങൾക്കെതിരെ നസിയ ആരോപണം ഉയർത്തിയിട്ടുണ്ട്. അവർ ഫ്രോഡാണ്. അജിത്തിന് വിവാഹമോചനം നൽകരുതെന്ന് നസിയയോട് തന്റെ പിതാവ് ജയചന്ദ്രന് ആവശ്യപ്പെട്ടിരുന്നു. അജിത്തും നസിയയും നിയമപരമായി വിവാഹമോചനം നേടിയവരാണ്. അടഞ്ഞ അധ്യായമായതുകൊണ്ട് ഇക്കാര്യങ്ങൾ താൻ ഇത്രയും കാലം പറയാതിരുന്നത്. ഇതൊന്നും തന്റെ കുഞ്ഞുമായി ബന്ധപ്പെട്ട കാര്യമല്ല.', അനുപമ പറഞ്ഞു.

വിഷയം മാധ്യമങ്ങളിൽ വന്നത് മുതൽ കുഞ്ഞിനെ ദത്ത് നൽകാനുള്ള സമ്മതപത്രം താൻ നൽകിയെന്നാണ് തന്റെ പിതാവ് പ്രചരിപ്പിക്കുന്നതെന്നും ഇക്കാര്യം നസിയയോട് പറഞ്ഞതും അച്ഛൻ തന്നെയായിരിക്കുമെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു. ജയചന്ദ്രനെ സഹായിക്കാൻ വേണ്ടിയാണ് നസിയയുടെ നീക്കമെന്ന് അജിത്തും കൂട്ടിച്ചേർത്തു.

അനുപമയുടെ സമ്മതപ്രകാരമാണ് കുഞ്ഞിനെ ദത്തു നൽകിയതെന്നായിരുന്നു നസിയയുടെ ആരോപണം. ദത്തു നൽകുന്നതിനുള്ള സമ്മതപത്രം താൻ കണ്ടിരുന്നെന്നും അബോധാവസ്ഥയിലാണ് അനുപമ കുഞ്ഞിനെ വിട്ടുനൽകിയതെന്ന് കരുതുന്നില്ലെന്നും നസിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്റെ വിവാഹമോചനത്തിന് പിന്നിൽ അനുപമയാണെന്നും നസിയ ആരോപിച്ചു. ഡിവോഴ്‌സ് ചെയ്യില്ലെന്ന് പറയാൻ അനുപമയെ കണ്ടിരുന്നു. അനുപമയ്ക്ക് കുട്ടിയുണ്ടായ ശേഷമാണ് താനുമായുള്ള വിവാഹബന്ധം അജിത്ത് വേർപെടുത്തിയത്.

അജിത്തുമായി വിവാഹ ബന്ധം വേർപ്പെടുത്തണമെന്ന് തന്നോട് അനുപമ ആവശ്യപ്പെട്ടിരുന്നു. ഡിവോഴ്‌സ് ചെയ്തത് അജിത്തിന്റെ സമ്മർദ്ദം മൂലമാണ്. ഇതിനായി അജിത്ത് മാനസികമായി വളരെ പീഡിപ്പിച്ചു. അനുപമയുമായുള്ള ബന്ധത്തെ താൻ ചോദ്യം ചെയ്തിരുന്നു. പാർട്ടി യോഗങ്ങളിൽ ഇരിക്കുമ്പോൾ രണ്ടു പേരും ചേർന്നിരിക്കാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയിരിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ട്. അന്നെല്ലാം സഹോദരിയെപ്പോലെയെന്ന ന്യായീകരണമാണ് അജിത്ത് നൽകിയതെന്നുമായിരുന്നു നസിയ മാധ്യമങ്ങൾക്ക് മുമ്പാകെ വെളിപ്പെടുത്തിയത്.

ഇതിനിടെ ദത്തിന്റെ വിശദാംശങ്ങൾ തേടി സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്‌സ് ഏജൻസിക്ക് പൊലീസ് കത്ത് നൽകി. വേഗത്തിൽ മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ പ്രതികളായ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ഉൾപ്പെടെയുള്ള ആറു പേരെ രണ്ട് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിനായി ഉടൻ നോട്ടീസ് നൽകും.

അതേസമയം, സംഭവത്തിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. ശിശുക്ഷേമ സമിതിക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ കണ്ടെത്താൻ ചൈൽഡ് വെൽഫയർ കമ്മിറ്റി നടപടി എടുത്തില്ല. മുഴുവൻ ജീവനക്കാരിൽ നിന്നും മൊഴിയെടുത്ത ശേഷമാകും അധിമ നിഗമനത്തിലെത്തുക. ആൺകുഞ്ഞിനെ രജിസ്റ്ററിൽ പെൺകുഞ്ഞാക്കിയതിന് പിന്നിൽ ദുരൂഹതയുണ്ടോയെന്നും സംശയമുണ്ട്.

പാർട്ടി പ്രവർത്തനത്തിനിടെ പ്രണയം, എതിർപ്പ്
എസ്.എഫ്.ഐ. ജില്ലാ ഭാരവാഹിയും ഡിവൈഎഫ്ഐ. പ്രവർത്തകയുമായിരുന്നു അനുപമ. ഡിവൈഎഫ്ഐ. പേരൂർക്കട മേഖല കമ്മിറ്റി സെക്രട്ടറിയായിരുന്നു അജിത്. വിവാഹിതനനായ അജിത്തുമായി അനുപമ പ്രണയത്തിലാകുകയായിരുന്നു. 2011-ൽ അജിത്ത് വിവാഹിതനായിരുന്നു. അതിനിടെയാണ് അനുപമയുമായി പ്രണയത്തിലാകുന്നതും പിന്നീട് ഗർഭിണിയായതും. ഗർഭിണിയാണെന്ന വിവരം അറിഞ്ഞപ്പോൾ മുതൽ വീട്ടുകാരുടെ എതിർപ്പ് തുടങ്ങി. എന്നാൽ അജിത്തിനൊപ്പം ജീവിക്കനാണ് താത്പര്യമെന്ന് അനുപമ വീട്ടുകാരോട് പറഞ്ഞു.

ഗർഭം അലസിപ്പിക്കുമെന്നും അല്ലെങ്കിൽ ഭ്രാന്താശുപത്രിയിൽ കൊണ്ട് പോയി ഇടുമെന്നും വീട്ടുകാർ അനുപമയെ ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. എന്നാൽ കുഞ്ഞിനെ തനിക്ക് വേണമെന്നും പ്രസവിക്കുമെന്നും അനുപമ നിലപാട് എടുത്തു. പാർട്ടി കമ്മിറ്റികളിൽ നേതാവുമായുള്ള അടുപ്പം പ്രണയത്തിലേക്ക് എത്തിയതിനെ അനുപമയുടെ വീട്ടുകാർ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല, അജിത്ത് വിവാഹിതനാണെന്നതാണ് ഇതിന് കാരണമായി അവർ പറഞ്ഞത്. എന്നാൽ അജിത്ത് ദളിതനായതാണ് വീട്ടുകാരുടെ പ്രശ്നമെന്നാണ് അനുപമ ആരോപിക്കുന്നത്.

കുട്ടിക്ക് ജന്മം നൽകുമെന്നും അജിത്തിനൊപ്പം ജീവിക്കുമെന്നും അനുപമ തീരുമാനിച്ചതോടെ വീട്ടുകാർക്ക് താത്പര്യമില്ലായിരുന്നെങ്കിലും അനുപമയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വഴങ്ങേണ്ടി വന്നു. അപ്പോഴും കുട്ടിയെ അനുപമയിൽനിന്ന് മാറ്റാനുള്ള ശ്രമങ്ങൾ ഒരുവശത്ത് തുടർന്നുകൊണ്ടിരുന്നു. 2020 ഒക്ടോബർ 20-ന് അനുപമ ആൺകുഞ്ഞിന് ജന്മം നൽകി. കൃത്യം മൂന്നാം ദിവസം ഈ കുട്ടിയെ അനുപമയുടെ മാതാപിതാക്കൾ മാറ്റിയതായാണ് ആരോപണം. ശിശുക്ഷേമ സമിതി വഴി കുട്ടിയെ ആന്ധ്രയിലുള്ള ദമ്പതികൾക്ക് ദത്ത് നൽകിയെന്നാണ് ഇപ്പോൾ ഉയർന്നിട്ടുള്ള വിവാദം. കുട്ടിയെ വിട്ടു നൽകാൻ എന്തുകൊണ്ട് അനുപമ അനുമതിപത്രത്തിൽ ഒപ്പിട്ടു നൽകി എന്ന ചോദ്യവും നിലനിൽക്കുന്നു.

അനുപമയുടെ ചേച്ചിയുടെ വിവാഹം തീരുമാനിച്ചിരുന്നു. ഈ വിവാഹം കഴിയുന്നതുവരെ കാത്തിരിക്കണമെന്നും അതിന് ശേഷം കുട്ടിയെ അനുപമയ്ക്ക് നൽകാമെന്നും അതുവരെ മറ്റൊരിടത്ത് കുട്ടി സുരക്ഷിതമായിരിക്കുമെന്നുമാണ് മാതാപിതാക്കൾ അനുപമയോട് പറഞ്ഞത്. ചേച്ചിയുടെ വിവാഹത്തിന് ശേഷം കുട്ടിക്കും അജിത്തിനുമൊപ്പം ജീവിക്കാൻ അനുവദിക്കാമെന്നും അപ്പോഴേക്കും അജിത്ത് ആദ്യ ഭാര്യയിൽനിന്ന് വിവാഹമോചനം നേടുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.

എല്ലാത്തിനും പിന്നിൽ പാർട്ടി സ്വാധീനം
തന്റെ കുഞ്ഞിനെ വീട്ടുകാർ തട്ടിക്കൊണ്ട് പോയെന്ന് കാണിച്ച് അനുപമ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും ഫലമുണ്ടായില്ല. കുട്ടിയെ തന്നിൽനിന്ന് എന്നെന്നേക്കുമായി അകറ്റാൻ വീട്ടുകാർ വലിയ പദ്ധതി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് അനുപമ ആരോപിക്കുന്നത്. ഉന്നത പാർട്ടി കുടുംബമായതിനാൽ തന്നെ ജില്ലാ നേതാക്കൾ ഉൾപ്പെടെ ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നും അനുപമയും അജിത്തും ആരോപിക്കുന്നു.

അനുപമയുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിലും തിരിമറി നടന്നു. കുട്ടിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അജിത്തിന് പകരം ജയകുമാർ എന്ന വ്യക്തിയുടെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ അനുപമ പ്രസവിക്കുന്ന സമയത്ത് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനന സർട്ടിഫിക്കറ്റ് നൽകിയത്.

അനുപമയ്ക്ക് അർഹമായ നീതി രാഷ്ട്രീയ സ്വാധീനത്തിന്റെ പേരിൽ അട്ടിമറിക്കപ്പെട്ടുവെന്നതിന്റെ കൂടുതൽ തെളിവുകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. മറ്റെന്തൊക്കെ മറുവാദങ്ങളുണ്ടെങ്കിലും കുട്ടി അമ്മയുടെ അവകാശമാണ്. താല്ക്കാലിക ദത്ത് നല്കൽ നടപടിക്രമങ്ങൾ റദ്ദാക്കാനാകുമെന്നും കോടതി വഴി നീതി കിട്ടുമെന്നുമാണ് അനുപമ പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP