Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിൽവർ ലൈന് കുരുക്ക്; കടബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ; രാജ്യാന്തര ഏജൻസികളുടെ വായ്പയിൽ വ്യക്തത വരുത്തണം; മുഖ്യമന്ത്രിയെ നിലപാടറിയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി; അന്തിമ അനുമതി വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി

സിൽവർ ലൈന് കുരുക്ക്; കടബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ; രാജ്യാന്തര ഏജൻസികളുടെ വായ്പയിൽ വ്യക്തത വരുത്തണം; മുഖ്യമന്ത്രിയെ നിലപാടറിയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി; അന്തിമ അനുമതി വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയുടെ വിദേശ വായ്പ ബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ. രാജ്യാന്തര ഏജൻസികളുടെ വായ്പ ബാധ്യത സംബന്ധിച്ച് വ്യക്തത വരുത്താനും കേന്ദ്രസർക്കാർ നിർദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷണവാണ് നിലപാട് വ്യക്തമാക്കിയത്.

കടബാധ്യത ഏറ്റെടുക്കാൻ സംസ്ഥാനത്തിനാകുമോയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി മുഖ്യമന്ത്രിയോട് ആരാഞ്ഞു. ഇക്കാര്യം പരിശോധിക്കാമെന്ന് കേരളം ചർച്ചയിൽ വ്യക്തമാക്കി. 33,700 കോടി രൂപ എഡിബി അടക്കമുള്ള വിദേശ ഏജൻസികളിൽ വായ്പ എടുക്കാനാണ് ശുപാർശ.

63,941 കോടിയാണ് സെമി ഹൈ സ്പീഡ് റെയിൽ ലൈൻ പദ്ധതിയുടെ ആകെ ചെലവായി പ്രതീക്ഷിക്കുന്നത്. അതേസമയം, പദ്ധതിയുടെ അന്തിമ അനുമതി വേഗത്തിലാക്കണമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പദ്ധതിക്കായി ഏറ്റെടുക്കേണ്ട 1383 ഹെക്ടർ ഭൂമിയിൽ 1198 ഹെക്ടറും സ്വകാര്യ വ്യക്തികളുടേതാണ്. സ്ഥലം ഏറ്റെടുക്കാനും പുനരധിവാസത്തിനുമായി 11837 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.

33,700 കോടി രൂപ കേന്ദ്ര സാമ്പത്തികകാര്യ വകുപ്പു മുഖാന്തിരം ജി.ഐ.സി.എ, എഡിബി, എഐ ഐ ബി, കെ.എഫ്.ഡബൽൂ എന്നീ ഏജൻസികളിൽ നിന്ന് ലോണായി കണ്ടെത്താനാണ് പ്രൊപ്പോസൽ. പ്രോജക്ടിനെ കൂടുതൽ പ്രായോഗികമാക്കാനുള്ള മാർഗ്ഗങ്ങളാണ് കേന്ദ്ര റെയിൽ മന്ത്രാലയം ആലോചിക്കുന്നതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. കടബാധ്യത റെയിൽവേയ്ക്ക് ഏറ്റെടുക്കാൻ കഴിയാത്തതിനാൽ ഇത് സംബന്ധിച്ച് വ്യക്തത വരുത്താൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തുടർ ചർച്ചകൾ നടക്കും.

അതേ സമയം കേന്ദ്രമന്ത്രിയെ കണ്ട് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നാലു മണിക്കൂർ കൊണ്ട് എത്തിച്ചേരാൻ കഴിയുന്ന സെമി ഹൈസ്പീഡ് റെയിൽ ലൈൻ പ്രോജക്ടായ സിൽവർ ലൈനിനുള്ള അന്തിമ അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിനായി അന്താരാഷ്ട്ര ഏജൻസികൾ മുഖേന എടുക്കുന്ന ലോണുകളുടെ കടബാധ്യത ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തി. ഇത് സംസ്ഥാനത്തിന് ഏറ്റെടുക്കാനാകുമോ എന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

63,941 കോടി രൂപയുടെ പ്രോജക്ടാണ് സിൽവർ ലൈൻ. ഇതിൽ 2150 കോടി രൂപയാണ് കേന്ദ്ര വിഹിതം. 975 കോടി മതിപ്പുവിലയുള്ള 185 ഹെക്ടർ ഭൂമിയും റെയിൽവേയുടേതാണ്. ബാക്കി തുക സംസ്ഥാന സർക്കാർ കണ്ടെത്തേണ്ടതുണ്ട്. 13,362 കോടി ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി വരും. ഇത് ഹഡ്കോയും കിഫ്ബിയും സംസ്ഥാന സർക്കാരും ചേർന്ന് വഹിക്കും. ബാക്കിയുള്ള തുക റെയിൽവേ, സംസ്ഥാന സർക്കാർ, പബ്ലിക് എന്നിങ്ങനെ ഇക്വിറ്റി വഴി കണ്ടെത്തും.

പ്രോജക്ടിന് റെയിൽവേ മന്ത്രാലയം പ്രാഥമിക അംഗീകാരം നൽകുകയും അന്തിമ അനുമതിക്കായി ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് കേരള സർക്കാർ റെയിൽവേ ബോർഡിന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ കേന്ദ്ര ധനമന്ത്രാലയം ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകാൻ അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ മണിക്കൂറിൽ 200 , വേഗത്തിൽ യാത്രാ ട്രെയിൻ ഓടിക്കാൻ വിഭാവനം ചെയ്ത അർദ്ധാതിവേഗ ട്രയിൻ പദ്ധതിയാണിത്. റയിൽവേ ബോർഡും കേരള സർക്കാരും സംയുക്തമായി ചേർന്ന് രൂപം നൽകിയ കേരളാ റയിൽ ഡവലപ്മെന്റ് കോർപ്പറേഷനാണിതിന്റെ നിർമ്മാണ ചുമതല.

അതേസമയം ശബരി റെയിൽ പാത കെ റെയിൽ ഏറ്റെടുത്ത് നടത്താമെന്ന നിവേദനം സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറി. മഴ മാറിയാൽ ശബരി റെയിൽ പാതയുമായി ബന്ധപ്പെട്ട സർവേ നടപടികൾ ആരംഭിക്കാനുള്ള നീക്കത്തിലാണ് കെ റെയിൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP