Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗായത്രിയുണ്ടാക്കിയ അപകടത്തേക്കാൾ പ്രശ്നമാണ് അവരുടെ ന്യായീകരണം; അവരുടെ പ്രതികരണം കേട്ടപ്പോൾ കിലുക്കം സിനിമയിലെ രേവതിയെ ഓർമ്മവന്നു: ഗായത്രി സുരേഷിനെ വിമർശിച്ച് നടൻ മനോജ്

ഗായത്രിയുണ്ടാക്കിയ അപകടത്തേക്കാൾ പ്രശ്നമാണ് അവരുടെ ന്യായീകരണം; അവരുടെ പ്രതികരണം കേട്ടപ്പോൾ കിലുക്കം സിനിമയിലെ രേവതിയെ ഓർമ്മവന്നു: ഗായത്രി സുരേഷിനെ വിമർശിച്ച് നടൻ മനോജ്

സ്വന്തം ലേഖകൻ

ടി ഗായത്രി സുരേഷ് സഞ്ചരിച്ച വാഹനം അപകടം ഉണ്ടാക്കിയതും നാട്ടുകാർ ചെയ്‌സ് ചെയ്ത് വാഹനം പിടിച്ചതുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തെറ്റ് പറ്റിയെന്ന് സമ്മതിച്ച ഗായത്രി അതിനെ ന്യായീകരിച്ച് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ പ്രതികരണത്തെ വിമർശിച്ചെത്തിയിരിക്കുകയാണ് നടൻ മനോജ്. വാഹനാപകടവുമായി ബന്ധപ്പെട്ട ഗായത്രി സുരേഷിന്റെ പ്രതികരണം കേട്ടപ്പോൾ കിലുക്കം സിനിമയിലെ രേവതിയെ ഓർമ വന്നുവെന്ന് മനോജ് കുമാർ പറയുന്നു. 'ഗായത്രിയുണ്ടാക്കിയ അപകടത്തേക്കാൾ പ്രശ്നമാണ് അവരുടെ ന്യായീകരണം. അത് അംഗീകരിക്കാൻ പറ്റാത്തതാണ്. നമ്മൾക്ക് ഒരു തെറ്റുപറ്റിയാൽ അത് ഏറ്റുപറയുകയാണ് വേണ്ടത്. എല്ലാവരും ക്ഷമിക്കണമെന്ന് പറഞ്ഞ് അവസാനിപ്പിക്കാവുന്ന വിഷയമായിരുന്നു. എന്നാൽ ഗായത്രി അതുവേറെ വഴിക്കാക്കി.' മനോജ് പറയുന്നു.

മനോജ് കുമാറിന്റെ വാക്കുകൾ:
'അത് ചെയ്തപ്പോ, ഞാൻ അയാളെ ഒന്ന് തല്ലി, കുട എടുത്ത് അടിച്ചു, മൊട്ടത്തലയന്റെ തലയിൽ ചട്ടിയെടുത്ത് അടിച്ചു, അതുമാത്രമേ ഞാൻ ചെയ്തുള്ളൂ, അതിനാണ് ഇവന്മാർ ഇതൊക്കെ എന്നൊക്കെ പറഞ്ഞത്' എന്നതു പോലെയാണ് ഗായത്രി സുരേഷിന്റെ ന്യായീകരണം കേട്ടപ്പോൾ തോന്നിയത്. എനിക്ക് മാത്രമല്ല പലർക്കും ഇത് തോന്നിയിട്ടുണ്ടാവും. പറഞ്ഞുവരുന്നത് ഗായത്രിയുടെ അപകട വിഡിയോയെക്കുറിച്ചാണ്.

അവർക്ക് അപകടം പറ്റിയ വിഡിയോ ഞാനും കണ്ടിരുന്നു. ആരാണ് വണ്ടിയിലുള്ളതെന്നും സീരിയൽ നടനല്ലേ, നടിയല്ലേ എന്നുമൊക്കെ നാട്ടുകാർ ചോദിക്കുന്നതും കണ്ടിരുന്നു. ഗായത്രി അവരോട് സോറി പറയുന്നതും കേൾക്കാം. പക്ഷേ ആ വിഡിയോയിൽ നടന്ന സംഭവങ്ങൾ ഒട്ടും വ്യക്തമല്ലായിരുന്നു. ആളുകൾ എന്താണ് ഇങ്ങനെ പെരുമാറുന്നതെന്ന് അപ്പോൾ ഞാൻ ചിന്തിച്ചിരുന്നു. പിന്നീടാണ് ഇവരുടെ വണ്ടി മുട്ടിയ കാര്യം അറിയുന്നത്. വണ്ടി ഇടിച്ചിട്ടും നിർത്താതെ പോയതു കൊണ്ടാണ് ആളുകൾ പ്രശ്നമുണ്ടാക്കിയതെന്ന് മനസ്സിലായി. നാട്ടുകാരുടെ ആ രോഷം സ്വാഭാവികമാണ്. ആർക്കായാലും ദേഷ്യം വരും. ഒരാളുടെ വണ്ടിയിലിടിച്ച്, അയാളുടെ ഗ്ലാസുകളും തകർത്ത് ഒന്നും മിണ്ടാതെ പോകുമ്പോൾ ആർക്കായാലും ദേഷ്യം വരുമെന്ന് ഉറപ്പാണ്. ചേസ് ചെയ്ത് പിടിക്കാനൊക്കെയാണ് എല്ലാവരും നോക്കുക. കാര്യങ്ങളൊക്കെ പരിശോധിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. ഗായത്രി സുരേഷിന്റെ ഭാഗത്തു തന്നെയാണ് തെറ്റ്. പക്ഷേ പിന്നീട് അവർ പറയുന്ന ന്യായീകരണം അതിലേറെ പ്രശ്നങ്ങളുള്ളതാണ്.

ഗായത്രി പറയുന്ന എക്സ്‌ക്യൂസ്, അവരൊരു സെലിബ്രിറ്റിയായതുകൊണ്ടാണ് നിർത്താതെ പോയതെന്നാണ്. പെട്ടെന്ന് ആളുകളുടെ മുന്നിലിറങ്ങാനുള്ള പേടി കൊണ്ടാണെന്നും അവർ പറയുന്നു. യഥാർഥത്തിൽ അവരങ്ങനെ പേടിക്കേണ്ടതില്ല എന്നാണ് എനിക്കു പറയാനുള്ളത്. അങ്ങനെയാരും നമ്മളെ പിടിച്ച് വിഴുങ്ങുകയൊന്നുമില്ല. എന്റെ വണ്ടിയും ഇതേപോലെ ഇടിച്ചിരുന്നു. കടവന്ത്രയിൽ വച്ചായിരുന്നു അപകടം. എന്റെ ഭാര്യയാണ് വണ്ടി ഓടിച്ചത്. ഞങ്ങൾ അവരോട് സോറിയൊക്കെ പറഞ്ഞു. എന്താണു െചയ്തു തരേണ്ടതെന്ന് ചോദിച്ചു. എന്റെ ഭാര്യയെ കണ്ടപ്പോൾ അവർക്ക് ആളെയും മനസ്സിലായി. ബീനയോട് അവർ നല്ല രീതിയിലാണ് സംസാരിച്ചത്. കാറിന്റെ തകരാർ പരിഹരിക്കാനുള്ള ചെലവു തരാമെന്നു പറഞ്ഞ് ഞങ്ങളുടെ നമ്പറും അവർക്ക് കൊടുത്തു. എന്നാൽ അവർ ഇതുവരെ വിളിച്ചില്ല. നമ്മൾ മര്യാദ കാണിച്ചപ്പോൾ അവർ തിരിച്ചും മര്യാദ കാണിച്ചു എന്നതാണ് എന്റെ അനുഭവം.

അതുകൊണ്ട് ഗായത്രി ഇക്കാര്യത്തിൽ ഭയപ്പെടേണ്ടതില്ലായിരുന്നു. നമ്മൾ അവരോട് നല്ല രീതിയിൽ പെരുമാറിയാൽ തിരിച്ച് ഇങ്ങോട്ടും നല്ല രീതിയിൽത്തന്നെ പെരുമാറും. നിർത്താതെ പോയതാണ് പ്രശ്നം. ആരായാലും വാഹനം നിർത്താതെ പോകരുത്. ആരു വണ്ടിയിടിച്ചാലും വാഹനത്തിൽനിന്ന് ഇറങ്ങി പരിഹാരം കാണുകയാണ് വേണ്ടത്. ആ ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടരുത്. വണ്ടിയോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യമുണ്ട്. നമ്മളുടെ മാത്രം പ്രശ്നം കൊണ്ടല്ല അപകടങ്ങൾ സംഭവിക്കുന്നത്. അമിത വേഗത, അമിത ആവേശം, ആരെയെങ്കിലും വെട്ടിക്കുക തുടങ്ങിയ കാര്യങ്ങൾ കൊണ്ടാണ് കേരളത്തിലെ അപകടങ്ങൾ കൂടുതലും ഉണ്ടാവുന്നത്. വിലപ്പെട്ട ജീവനാണ് വണ്ടിക്ക് അകത്തും പുറത്തും ഇരിക്കുന്നത്.

വണ്ടിയോടിക്കുന്നവർ അപ്പുറത്തുള്ളവരെ കൂടി ചിന്തിക്കണം. കാരണം നിങ്ങളുടെ അശ്രദ്ധയിൽ ഒരു കുടുംബത്തിന്റെ ആശ്രയമായിരിക്കും നഷ്ടമാകുന്നത്. അമിത വേഗതയിൽ ഞാനൊരിക്കലും വണ്ടിയോടിക്കാറില്ല. ഇത്രയും കാലം ദൈവം സഹായിച്ച് ഒരപകടവും ഉണ്ടായിട്ടില്ല. ഗായത്രിയുടെ അമിത വേഗവും അശ്രദ്ധയുമാണ് ഈ അപകടമുണ്ടാക്കിയത്. അപകടം ആർക്കും സംഭവിക്കാം. പക്ഷേ ഇതിനു ശേഷമുള്ള ഗായത്രിയുടെ ന്യായീകരണമാണ് ശരിക്കും എനിക്ക് സങ്കടം തോന്നിയത്. വണ്ടി നിർത്താതെ പോയി എന്ന തെറ്റ് മാത്രമേ ഞങ്ങള് ചെയ്തിട്ടുള്ളൂ എന്നാണ് അവർ പറയുന്നത്. ശരിക്കും എനിക്ക് ചിരി വന്നുപോയി. അതെന്താ, അവർ ചെയ്തത് തെറ്റല്ലേ. വണ്ടിയോടിച്ച് അപകടമുണ്ടാകുമ്പോൾ നിർത്താതെ പോകുക എന്നതാണ് അതിലെ ഏറ്റവും വലിയ തെറ്റ്.

ഗായത്രിയുണ്ടാക്കിയ അപകടത്തേക്കാൾ പ്രശ്നമാണ് അവരുടെ ന്യായീകരണം. അത് അംഗീകരിക്കാൻ പറ്റാത്തതാണ്. നമ്മൾക്ക് ഒരു തെറ്റുപറ്റിയാൽ അത് ഏറ്റുപറയുകയാണ് വേണ്ടത്. എല്ലാവരും ക്ഷമിക്കണമെന്ന് പറഞ്ഞ് അവസാനിപ്പിക്കാവുന്ന വിഷയമായിരുന്നു. എന്നാൽ ഗായത്രി അതുവേറേ വഴിക്കാക്കി. കിലുക്കത്തിലെ രേവതി ചേച്ചി പറഞ്ഞത് പോലെ തന്നെയായിരുന്നു ഈ ന്യായീകരണം. പിന്നീട് ഇവരുടെ തന്നെ മറ്റൊരു വിഡിയോ കണ്ടപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിപ്പോയത്. അതിൽ പറയുന്നത് നേരത്തേ പറഞ്ഞതിൽ നിന്ന് മാറ്റിയുള്ള കാര്യമാണ്. ഞങ്ങൾ പതിയെ പോകുമ്പോൾ പിന്നാലെ അവർ ചേസ് ചെയ്ത് പിടിച്ചു എന്നൊക്കെയാണ് ഗായത്രി പറയുന്നത്.

ഒരു കാര്യം തന്നെ മാറ്റി മറിച്ച് പറയല്ലേ ഗായത്രി, അത് ശരിയല്ല. ഗായത്രിയും ഞാനും ചെയ്യുന്നത് ഒരേ തൊഴിലാണ്, അഭിനയം. ഗായത്രി ബിഗ് സ്‌ക്രീനിലും ഞാൻ മിനിസ്‌ക്രീനിലും അഭിനയിക്കുന്നു എന്നു മാത്രം. പബ്ലിക്കിൽ നമ്മളെല്ലാം അറിയപ്പെടുന്നവരാണ്. ഒന്നാമത് ആർട്ടിസ്റ്റുകളുടെ വായിൽനിന്ന് എന്തെങ്കിലും അബദ്ധം വീണ് കഴിഞ്ഞാൽ, പിന്നെ ട്രോളുകളുടെ മഹോത്സവമാണ്. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് മാത്രമേ നമ്മളുടെ വായിൽനിന്ന് എന്തെങ്കിലും വീഴാവൂ. ഗായത്രിയുടെ പുതിയ വിഡിയോയിൽ കണ്ടത് അങ്ങനൊരു സംഭവമേ നടന്നിട്ടില്ല എന്നാണ്. ഇടയ്ക്കിടെ ഇങ്ങനെ മാറ്റിമറിച്ച് പറയുന്നതുകൊണ്ടാണ് ഈ ആളുകളുടെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരുന്നത്.

സെലിബ്രിറ്റികളുടെ കാര്യത്തിൽ പൂമാലയും കല്ലേറും ചെരിപ്പേറുമെല്ലാം കിട്ടുമെന്നതാണ് പ്രത്യേകത. അത് മനസ്സിലാക്കി മുന്നോട്ട് പോകണം. ഈ കല്ലേറിനും ചെരിപ്പേറിനുമുള്ള അവസരം നമ്മളായിട്ട് ഉണ്ടാക്കരുത് എന്നാണ് ഗായത്രിയോട് പറയാനുള്ളത്. ചട്ടിയും കലവുമാകുമ്പോൾ അങ്ങനെ അല്ലറ ചില്ലറ അപകടമൊക്കെ ഉണ്ടാവും. എന്നാലും ശ്രദ്ധിക്കുക. അപകടം പറ്റിയശേഷം ന്യായീകരിക്കരുത്. അത് തെറ്റാണ്. അപകടത്തിനുശേഷം ആ ഡ്രൈവർ ജിഷിൻ പുറത്തിറങ്ങിയതു പോലുമില്ല. അതിനിടെ, സീരിയലിൽ അഭിനയിക്കുന്ന ജിഷിൻ മോഹനാണ് ഈ സംഭവുമായി ബന്ധപ്പെട്ട് ഫോൺകോളുകൾ വന്നത്.

വിമർശനാത്മകമായി പറഞ്ഞതല്ല, ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞതാണ്. അറിയപ്പെടുന്നവർ റോൾ മോഡലാവാനാണ് ശ്രമിക്കേണ്ടത്. നിയമം എല്ലാവർക്കും തുല്യരാണ്. അതുകൊണ്ട് നാട്ടുകാരും ആർട്ടിസ്റ്റുകളോട് അനുഭാവപൂർവം പെരുമാറുക. ആർട്ടിസ്റ്റുകൾക്കും അബദ്ധം പറ്റും. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്. ആര്യൻ ഖാന്റെ അവസ്ഥ തന്നെ നോക്കൂ. ഇന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരത്തിന്റെ മകനാണ്. എന്നിട്ട് എന്തുണ്ടായെന്ന് നിങ്ങളെല്ലാം കണ്ടില്ലേ. എന്തായാലും വണ്ടിയിൽ പോകുമ്പോൾ എല്ലാവരും ശ്രദ്ധിക്കുക. അമിത വേഗത, അശ്രദ്ധ ജീവിതത്തിൽ കനത്ത നഷ്ടങ്ങൾ ഉണ്ടാക്കും.'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP