Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ സുധാകരൻ വാക്കു പാലിച്ചു; ജംബോ കമ്മിറ്റി ഒഴിവാക്കിയ കെപിസിസി പട്ടികയോടെ പാർട്ടി നേതൃയോഗം ചേരാൻ കല്യാണ ഓഡിറ്റോറിയം ബുക്കു ചെയ്യേണ്ട; 'പാർട്ടിയാണ് വലുതെന്ന് കരുതുന്നവർ തെരുവിലിറങ്ങില്ല' എന്നു പറഞ്ഞു പൊട്ടിത്തെറിക്കാൻ ഒരുങ്ങുന്നവരെയും ഒതുക്കി; പുനഃസംഘടനയിൽ തെളിയുന്നത് ഗ്രൂപ്പു സമ്മർദ്ദങ്ങളെ അതിജീവിച്ച 'കെഎസ് ശൈലി'

കെ സുധാകരൻ വാക്കു പാലിച്ചു; ജംബോ കമ്മിറ്റി ഒഴിവാക്കിയ കെപിസിസി പട്ടികയോടെ പാർട്ടി നേതൃയോഗം ചേരാൻ കല്യാണ ഓഡിറ്റോറിയം ബുക്കു ചെയ്യേണ്ട; 'പാർട്ടിയാണ് വലുതെന്ന് കരുതുന്നവർ തെരുവിലിറങ്ങില്ല' എന്നു പറഞ്ഞു പൊട്ടിത്തെറിക്കാൻ ഒരുങ്ങുന്നവരെയും ഒതുക്കി; പുനഃസംഘടനയിൽ തെളിയുന്നത് ഗ്രൂപ്പു സമ്മർദ്ദങ്ങളെ അതിജീവിച്ച 'കെഎസ് ശൈലി'

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷനായിരിക്കവേ പുറത്തിറക്കിയ കെപിസിസി ഭാരവാഹികളുടെ പട്ടികയുടെ വലിപ്പം കണ്ട് കോൺഗ്രസ് നേതാവ് കൂടിയായ കെ മുരളീധരൻ പരിഹസിച്ചത് യോഗം ചേരാൻ ഇനി കല്യാണ ഓഡിറ്റോറിയം ബുക്കു ചെയ്യേണ്ട അവസ്ഥയാണല്ലോ എന്നായിരുന്നു. അത്രയ്ക്ക് പരിഹാസ്യമായിരുന്നു കോൺഗ്രസ് എന്ന പാർട്ടിയിലെ പുനഃസംഘടനാ കാര്യങ്ങൾ. കെപിസിസി ഭാരവാഹികൾ ആരൊക്കെയാണെന്ന് കെപിസിസി അധ്യക്ഷന് പോലും അറിയാത്ത അവസ്ഥ.

കെ സുധാകരൻ കെപിസിസി അധ്യക്ഷനായി സ്ഥാനമേറ്റതിന് പിന്നാലെ പ്രധാനമായും പ്രഖ്യാപിച്ച തീരുമാനം പാർട്ടിയെ പൊതുസമക്ഷത്തിൽ ഇത്തരത്തിൽ അവഹേളിക്കാൻ അവസരം ഒരുക്കില്ല എന്നതായിരുന്നു. ഇതിന് വേണ്ടി ജംബോ കമ്മിറ്റി പാർട്ടിക്ക് ഉണ്ടാകില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നാടു നീളെ നടന്ന് സുധാകരൻ ആവർത്തിച്ച കാര്യം ഇതായിരുന്നു. എന്തായാലും കെപിസിസി അധ്യക്ഷൻ വാക്കുപാലിച്ചു. പാർട്ടിക്ക് വേണ്ടി അണികൾ ആഗ്രഹിക്കുന്ന ഒരുപറ്റം നേതാക്കളെ കെപിസിസി നേതൃനിരയിലേക്ക് അദ്ദേഹം കൊണ്ടുവന്നു.

56 പേരാണ് കെപിസിസി ഭാരവാഹിപ്പട്ടികയിൽ ഇടംപിടിച്ചത്. വി ടി ബൽറാമിനെ പോലെ സിപിഎമ്മിനോട് നിരന്തരം പടപൊരുതുന്ന പോരാളികൾക്ക് അവസരം ലഭിച്ചു. ഗ്രൂപ്പുകളുടെ സമ്മർദ്ദങ്ങൾക്ക് മുഴുവൻ വഴങ്ങാതെ എന്നാൽ, അവരെ പിണക്കാതെയും പുനഃസംഘടന പൂർത്തിയായിരിക്കുന്നു. സുധാകരൻ ആഗ്രഹിക്കുന്ന ടീം കോൺഗ്രസിന് ലഭിച്ചതോടെ ഇനി എന്തു മാറ്റം പാർട്ടിക്ക് ഉണ്ടാകുമെന്നാണ് കണ്ടറിയേണ്ടത്.

പൊതുവേ കെപിസിസി ഭാരവാഹിത്വം പ്രഖ്യാപിച്ചാൽ കോൺഗ്രസി പൊട്ടിത്തെറി പതാവാണ്. ആ പൊട്ടിത്തെറി പ്രതീക്ഷിക്കുമ്പോൾ തന്നെ അ്അത്തരക്കാരെ പിന്നോട്ടുവലിക്കാനുള്ള തന്ത്രവും സുധാകരൻ പയറ്റിക്കഴിഞ്ഞു. എല്ലാ വിഭാഗത്തിനും മതിയായ പ്രാതിനിധ്യം നൽകിയിട്ടുള്ള കെപിസിസി ഭാരവാഹിപ്പട്ടികയാണ് പുറത്തിറക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. പാർട്ടിക്കകത്ത് അസംതൃപ്തി ഉള്ളവർ ഉണ്ടാകാമെന്ന് പറഞ്ഞുവെച്ച സുധാകരൻ പാർട്ടിയാണ് വലുതെന്ന് കരുതുന്നവർ തെരുവിലിറങ്ങില്ലെന്നും പറഞ്ഞു കൊണ്ടാണ് അദ്ദേഹം സ്ഥാനം ലഭിക്കാത്തവരെ അടക്കി നിർത്തുന്നത്.

മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ചർച്ച നടത്തിയതാണ് പട്ടിക തയ്യാറാക്കിയത്. കെ സി വേണുഗോപാൽ ലിസ്റ്റിൽ ഇടപെട്ടില്ല. ഗ്രൂപ്പിൽ ഉള്ളവർ തന്നെയാണ് പട്ടികയിലുള്ളത്. എന്നാൽ നേതാക്കളെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം കഴിവ് തന്നെയായിരുന്നു. സ്ത്രീ- സാമുദായിക സംവരണവുമടക്കം വിഭാഗത്തിനും മതിയായ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നും നൽകിയ പട്ടികയിൽ ഹൈക്കമാൻഡ് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും പട്ടികയ്ക്ക് എതിരെ എതിർപ്പുകൾ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾ വൈസ് പ്രസിഡന്റുമാരായി വേണമെന്ന് നിർബന്ധമില്ലെന്നും സെക്രട്ടിമാരുടെ പട്ടിക വരുമ്പോൾ കൂടുതൽ സ്ത്രീ പ്രാതിനിധ്യമുണ്ടാകുമെന്നും സുധാകരൻ വിശദീകരിച്ചു. രമണി പി നായരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിലെ ചില കാരണങ്ങൾ രമണിയുടെ പേര് പിൻവലിക്കാൻ കാരണമായി. സുമ ബാലകൃഷ്ണൻ പാർട്ടിയിൽ സജീവമാകാൻ പറ്റുന്ന സാഹചര്യത്തിൽ ഇല്ല. പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും എ വി ഗോപിനാഥ് പാർട്ടിക്കൊപ്പമാണെന്നും സുധാകരൻ അവകാശപ്പെട്ടു.

നാല് വൈസ് പ്രസിഡന്റുമാരാണ് ഉള്ളത്. വി ടി ബൽറാം , എൻ ശക്തൻ, വി.പി സജീന്ദ്രൻ, വി.ജെ പൗലോസ് എന്നിവരാണ് വൈസ് പ്രസിഡന്റുമാരാകുക. വൈസ് പ്രസിഡന്റുമാരിൽ സ്ത്രീ പ്രാതിനിധ്യമില്ല. സെക്രട്ടറിമാരെ പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡന്റുമാരും എംപിമാരും എംഎൽഎമാരും എക്‌സിക്യൂട്ടീവ് പ്രത്യേക ക്ഷണിതാക്കൾ ആകും.

ഡിസിസി അധ്യക്ഷന്മാരെ നിയമിച്ച ശൈലി തന്നെയാണ് ഇവിടെയും വി ഡി സതീശനും കെ സുധാകരനും പിന്തുടർന്നത്. സിപിഎമ്മിനെ നേരിടാൻ സംഘടനാ സംവിധാനം മെച്ചപ്പെടുത്തുക എന്ന പ്രതീക്ഷ വെച്ചുകൊണ്ടാണ് കെപിസിസി നേതൃത്വം മുന്നോട്ടു പോയിരുന്നത്. ഇതിന് വേണ്ടി സെമി കേഡർ ശൈലി ആവിഷ്‌ക്കരിക്കാനാണ് സുധാകരൻ തയ്യാറായത്. ഇതിൽ ഗ്രൂപ്പു സമ്മർദ്ദങ്ങളെ അതിജീവിക്കാൻ സാധിച്ചു എന്നതും സുധാകര ശൈലിയുടെ വിജയമാണ്. മുൻപ് കെപിസിസി അധ്യക്ഷന്മാർ ആയവർക്ക് ഈ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഈ സമ്മർദ്ദങ്ങളെ അതജീവിച്ച സുധാകര ശൈലി തന്നെയാണ് ഇപ്പോൾ കോൺഗ്രസിനെ മുന്നോട്ടു നയിക്കുന്നത്.

ഡിസിസി പ്രസിഡന്റുമാർക്ക് 6 മാസം പ്രബേഷൻ എന്ന നിലയിലാണ് ഇപ്പോൾ കോൺഗ്രസിലെ കാര്യങ്ങൾ. പ്രവർത്തനം ഊർജ്ജിതമാക്കിയില്ലെങ്കിൽ സ്ഥാനനഷ്ടവും ഉണ്ടാകാം എന്നതാണ് സ്ഥിതി. ഡിസിസി യോഗത്തിനെത്താത്തവർക്കു കാരണം കാണിക്കൽ നോട്ടിസ്... പ്രവർത്തകർക്കു പരിചയമില്ലാത്ത അച്ചടക്കത്തിന്റെ പുതുവഴികളിലൂടെ നടക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. പുതിയ നേതൃത്വം അതിനെ സെമി കേഡർ എന്നു വിളിക്കുന്നു. പുതിയ കെപിസിസി നേതൃത്വം സംസ്ഥാനത്ത് 3 സർവേകൾ നടത്തിയ ശേഷമാണ് മാർഗരേഖ തയാറാക്കിയത്.

കഴിഞ്ഞ മാസം നെയ്യാറിൽ നടന്ന ഡിസിസി പ്രസിഡന്റുമാരുടെ ക്യാംപിലാണ് ആറു മാസം പ്രബേഷൻ കാലം സംസ്ഥാന കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. ആറു മാസത്തെ പ്രവർത്തനം വിലയിരുത്തിയാകും പുതിയ ഡിസിസി പ്രസിഡന്റുമാർ തുടരണോ എന്നു പാർട്ടി തീരുമാനിക്കുക. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഡിസിസി നേതൃയോഗത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആ തീരുമാനം പരസ്യമാക്കി. 'മികച്ച പ്രവർത്തനം നടത്താത്ത ഡിസിസി പ്രസിഡന്റുമാരെ ആറു മാസം കഴിഞ്ഞാൽ മാറ്റും. നിഷ്‌ക്രിയനായ ഒരു ഡിസിസി പ്രസിഡന്റ് ആറു മാസത്തിനപ്പുറം ആ സ്ഥാനത്തു തുടരില്ല' എന്നു സുധാകരൻ പ്രഖ്യാപിച്ചു. ഇത് എല്ലാ ഘടകങ്ങളിലും ബാധകമാണ് എന്നും എല്ലാ ഭാരവാഹികളുടെയും പ്രവർത്തനം വിലയിരുത്താൻ സമിതികളുണ്ടാവുമെന്നും സുധാകരൻ പറഞ്ഞു. പണിയെടുക്കാതെ ഭാരവാഹിത്വം അലങ്കാരമായി കൊണ്ടുനടക്കുന്നവർ ഇനി വേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.

കോൺഗ്രസ് യോഗങ്ങളിൽ ഹാജർ നിർബന്ധമാക്കാനും തീരുമാനമെടുത്തു. ഇതിനു പിന്നാലെ കോഴിക്കോട് ചേർന്ന പോഷകസംഘടനാ ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കാത്തവർക്കു ഡിസിസി നേതൃത്വം കാരണം കാണിക്കൽ നോട്ടിസ് അയച്ചു. പാർട്ടിയുടെയും പോഷക സംഘടനകളുടെയും എല്ലാ യോഗങ്ങളിലും ഹാജർ നിർബന്ധമാക്കാനും തുടർച്ചയായി വിട്ടുനിൽക്കുന്നവരെ സ്ഥാനങ്ങളിൽനിന്നു നീക്കാനും നേതൃത്വം കർശന നിർദ്ദേശം നൽകി. പോഷക സംഘടനകളുടെ ഓരോ മാസത്തെയും പ്രവർത്തന റിപ്പോർട്ട് ഡിസിസിക്കു സമർപ്പിക്കണം. ഇതിൽ ഓരോ ഭാരവാഹിയുടെയും പ്രവർത്തനങ്ങൾ സൂചിപ്പിക്കണം.


സദസ്സിലേക്കാൾ ആളുകൾ വേദിയിൽ നിറയുന്ന കോൺഗ്രസ് പരിപാടികൾ ഇനി ഉണ്ടാകരുത് എന്നാണ് സംസ്ഥാന നേതൃത്വം നൽകിയ നിർദ്ദേശം. നേതൃയോഗങ്ങളുടെ സദസ്സിലും ഭാരവാഹികൾ അല്ലാത്തവർ വേണ്ട; ഭാരവാഹികൾ നിർബന്ധമായും ഉണ്ടാവുകയും വേണം. കഴിഞ്ഞ ദിവസം കോഴിക്കോട് കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത ഡിസിസി നേതൃയോഗം ഈ മാറ്റങ്ങൾക്കു തുടക്കമിട്ടു. വേദിയിൽ കെപിസിസി പ്രസിഡന്റ് ഉൾപ്പെടെ 12 പേർ മാത്രം. കെപിസിസി സെക്രട്ടറിമാർക്കു വരെ സദസ്സിലായിരുന്നു സ്ഥാനം. ഇങ്ങനെ നിരവധി മാറ്റങ്ങളിലൂടെ കടന്നു പോകുന്ന കോൺഗ്രസിന്റെ ഭാവി എങ്ങനെയാണ് എന്ന് കണ്ടു തന്നെ അറിയേണ്ട കാര്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP