Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിസിസിഐയുടെ പണക്കിലുക്കത്തിൽ മോഹിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡും? ഐപിഎൽ ടീം സ്വന്തമാക്കാൻ ഗ്ലേസർ ഫാമിലി; ടെൻഡർ ഡോക്യുമെന്റ് വാങ്ങിയതായി റിപ്പോർട്ട്; സിവിസി പാർട്ണേഴ്സും രംഗത്ത്

ബിസിസിഐയുടെ പണക്കിലുക്കത്തിൽ മോഹിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡും? ഐപിഎൽ ടീം സ്വന്തമാക്കാൻ ഗ്ലേസർ ഫാമിലി; ടെൻഡർ ഡോക്യുമെന്റ് വാങ്ങിയതായി റിപ്പോർട്ട്; സിവിസി പാർട്ണേഴ്സും രംഗത്ത്

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് അല്ല, ഇന്ത്യൻ പ്രീമിയർ ലീഗാണ്, ഇവിടെ കളിക്കുന്നത് ക്ലബ്ബ് ഫുട്‌ബോളല്ല, ട്വന്റി 20 ക്രിക്കറ്റാണ്, ഇവിടെ എന്താണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് കാര്യം എന്നൊന്നും ചോദിക്കരുത്. കോടികൾ എറിഞ്ഞ് കോടികൾ കൊയ്യുന്ന ഇന്ത്യയുടെ ക്രിക്കറ്റ് പൂരത്തിൽ ഒരു കൈ നോക്കാനാണ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഉടമസ്ഥരായ ഗ്ലേസർ ഫാമിലിയുടെ തീരുമാനം.

അടുത്ത സീസണിൽ ഐപിഎലിൽ രണ്ടു ടീമുകളെക്കൂടി ഉൾപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചിരുന്നു. ഈ രണ്ടു ടീമുകളിലൊന്നിനെ സ്വന്തമാക്കാനാണ് യുണൈറ്റഡ് അധികൃതർ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

യുഎസ് ആസ്ഥാനമായുള്ള ഗ്ലേസിയർ കുടുംബമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥർ. മാഞ്ചസ്റ്റർ യുണൈറ്റഡിനെ കൂടാതെ അമേരിക്കൻ നാഷനൽ ഫുട്‌ബോൾ ലീഗിലെ ടാംബ ബേ ബുക്കാനിയേഴ്‌സും ഗ്ലേസിയർ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇതിനു പിന്നാലെയാണ് ഇന്ത്യൻ പ്രിമിയർ ലീഗിൽ ഒരു ടീമിനെക്കൂടി സ്വന്തമാക്കാനുള്ള നീക്കം.

പുതിയ രണ്ടു ടീമുകളെ വാങ്ങുന്നതിനായി ബിസിസിഐ ടെൻഡർ ക്ഷണിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തിരക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതർ ബിസിസിഐയെ സമീപിച്ചതായി 'ടൈംസ് ഓഫ് ഇന്ത്യ'യാണ് റിപ്പോർട്ട് ചെയ്തത്. ഐപിഎലുമായി ബന്ധപ്പെട്ട ചലനങ്ങൾ ഇവർ ശ്രദ്ധാപൂർവം വീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ടീം സ്വന്തമാക്കാൻ ശ്രമിക്കുന്ന കമ്പനികൾക്ക് കുറഞ്ഞത് 3,000 കോടി രൂപയുടെ വിറ്റുവരവു വേണം. വ്യക്തികളാണെങ്കിൽ 2,500 കോടി രൂപയുടെ ആസ്തിയും വേണം.

വിദേശ ഗ്രൂപ്പുകൾക്ക് ഐപിഎൽ ടീമിനെ സ്വന്തമാക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ അവർക്ക് ഇന്ത്യയിൽ ഒരു കമ്പനി സ്വന്തമായി ഉണ്ടായിരിക്കണം. ടെൻഡർ ഡോക്യുമെന്റ് വാങ്ങിയതുകൊണ്ടുമാത്രം അത് ഫ്രാഞ്ചൈസി വാങ്ങാനാണ് എന്ന് പറയാനാവില്ലെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്.

ഗ്ലേസർ ഫാമിലിക്ക് പുറമെ, മുൻ ഫോർമുല 1 ഉടമസ്ഥരായിരുന്ന സിവിസി പാർട്ണേഴ്സ് എന്നിവരാണ് ടെൻഡർ ഡോക്കുമെന്റുകൾ വാങ്ങിയവരിലെ പ്രമുഖ വിദേശ ഗ്രൂപ്പുകൾ.

അദാനി ഗ്രൂപ്പ്, ടോറന്റ് ഫാർമ, ഔരബിന്ദോ ഫാർമ, ആർപി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, ഹിന്ദുസ്ഥാൻ ടൈംസ് മീഡിയ, ജിൻഡാൽ സ്റ്റീൽ (നവീൻ ജിൻഡാൽ), സംരംഭകനായ റോണി സ്‌ക്ര്യൂവാല തുടങ്ങിയവരും പുതിയ ടീമിനായി രംഗത്തുണ്ട്.

ഐടിടി ടെൻഡർ വാങ്ങുന്നതിനുള്ള അവസാന തിയതി ഒക്ടോബർ 20 ആയിരുന്നു. അഹമ്മദാബാദ്, ലക്‌നൗ, ഗുവാഹട്ടി, കട്ടക്ക്, ഇൻഡോർ, ധരംശാല എന്നീ നഗരങ്ങളുടെ പേരാണ് പുതിയ ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട് ഉയരുന്നത്. 10 ടീമുകളാണ് ഐപിഎൽ പതിനഞ്ചാം സീസണിൽ ഉണ്ടാവുക.

ഈ മാസം 25 നോ അതിനടുത്തുള്ള ഏതെങ്കിലും ദിവസമോ പുതിയ രണ്ട് ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് വേണ്ടിയുള്ള ലേലം നടക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐയിൽ നിന്ന് ഇനിയും ഔദ്യോഗിക പ്രഖ്യാപനം വരേണ്ടതുണ്ട്. പുതിയ ടീമുകളുടെ വില ലേലത്തിൽ 3000-3500 കോടി രൂപ വരെ ഉയരുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP