Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'മോൻസൻ തട്ടിപ്പുകാരനെന്നറിഞ്ഞത് തെറ്റിയ ശേഷം'; മോൻസന്റെ സാമ്പത്തിക തട്ടിപ്പിൽ അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി; ബെഹ്‌റയോട് മ്യൂസിയം സന്ദർശിക്കാൻ അഭ്യർത്ഥിച്ചു; തട്ടിപ്പിനെ കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നെന്നും അനിത; ക്രൈംബ്രാഞ്ചിന്റെ നടപടി മോൻസന്റെ പല ഇടപാടും അനിത അറിഞ്ഞുകൊണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ

'മോൻസൻ തട്ടിപ്പുകാരനെന്നറിഞ്ഞത് തെറ്റിയ ശേഷം'; മോൻസന്റെ സാമ്പത്തിക തട്ടിപ്പിൽ അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി; ബെഹ്‌റയോട് മ്യൂസിയം സന്ദർശിക്കാൻ അഭ്യർത്ഥിച്ചു; തട്ടിപ്പിനെ കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നെന്നും അനിത; ക്രൈംബ്രാഞ്ചിന്റെ നടപടി മോൻസന്റെ പല ഇടപാടും അനിത അറിഞ്ഞുകൊണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വ്യാജ പുരാവസ്തുസാമ്പത്തിക തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കലിന്റെ മുൻ കൂട്ടാളി അനിത പുല്ലയിലിന്റെ മൊഴിയെടുത്തു. വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്. മോൻസന്റെ തട്ടിപ്പുകളെക്കുറിച്ച് ആദ്യം അറിഞ്ഞില്ലെന്ന് മൊഴി നൽകിയ അനിത, തെറ്റിപ്പിരിഞ്ഞ ശേഷമാണ് മോൻസൻ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞതെന്നും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

മോൻസൺന്റെ വീട്ടിൽ താമസിച്ചിട്ടുണ്ടെന്നും തട്ടിപ്പിനെക്കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നെന്നുമാണ് അനിത നൽകിയ മൊഴി.പ്രവാസി സംഘടനയുടെ രക്ഷാധികാരി എന്ന നിലയിലാണ് മോൻസനെ പരിചയപ്പെട്ടതെന്നും ആ ഘട്ടത്തിൽ അദ്ദേഹത്തിനെതിരേ സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പിന്നീട് അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളിൽ സംശയം തോന്നുകയായിരുന്നുവെന്നും അനിത ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ഇതോടെ മോൻസൺ മാവുങ്കലുമായി അകന്നുവെന്നും മൊഴിയിൽ പറയുന്നു.

പ്രവാസി സംഘടനയുടെ പരിപാടികളുമായി ബന്ധപ്പെട്ട് മോൺസൺന്റെ കരൂരിലെ വീട്ടിൽ താമസിച്ചിട്ടുണ്ട്. അന്നത്തെ ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയോടെ മോൻസൺന്റെ മ്യൂസിയം സന്ദർശിക്കാൻ അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെഹ്‌റ മ്യൂസിയത്തിൽ എത്തുന്നതും പുരാവസ്തുക്കൾ കാണുന്നതുമെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.

അതേസമയം കൊച്ചിയിലെ ഗ്രാന്റ് ഹയാത്തിൽ നടന്ന കേരളാ പൊലീസിന്റെ കൊക്കൂൺ കോൺഫറൻസുമായി ബന്ധപ്പെട്ട ദിവസങ്ങളിൽ അനിത പുല്ലയിൽ ഗ്രാന്റ് ഹയാത്തിൽ താമസിച്ചിട്ടുണ്ട് എന്ന് സമ്മതിച്ചിട്ടുണ്ട്. ഇവിടെ നിന്ന് പ്രധാന വ്യക്തികളുമായി ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു.എന്തിനായിരുന്നു പൊലീസിന്റെ വേദിയിൽ എത്തിയത് എന്ന ചോദ്യത്തിന്, ഹോട്ടലിൽ നിന്ന് ഒരു സെലിബ്രിറ്റിയെ ഇരിങ്ങാലക്കുടയിലെ ഒരു കോളേജിലെ പരിപാടിയിലേക്ക് ക്ഷണിക്കാൻ വേണ്ടിയിട്ടായിരുന്നു എന്നായിരുന്നു അനിതയുടെ മറുപടി. എന്നാൽ അന്നത്തെ ദിവസം പോകാൻ സാധിച്ചില്ലെന്നും ഹോട്ടലിൽ താമസിച്ച് പിറ്റേ ദിവസം മടങ്ങുകയായിരുന്നു എന്നും മൊഴിയിൽ പറയുന്നു.

മോൻസൺ മാവുങ്കലുമായി ഏത് തരത്തിലുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നത്? സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞത്. കൂടുതൽ വിവരങ്ങൾ ആവശ്യമായി വരികയാണെങ്കിൽ അനിതയെ നോട്ടീസയച്ച് വിളിപ്പിക്കുന്നതടക്കം ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. തുടർന്നുള്ള അന്വേഷണത്തിന് ശേഷമായിരിക്കും ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുക.

പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ടാണ് കേസിൽ അനിതയുടെ പേര് ആദ്യം ഉയർന്നത്. മോൻസനുമായി ഇവർക്ക് സാമ്പത്തിക ഇടപാടുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. തട്ടിപ്പുകാരനാണെന്ന് അറിയാതെയാണു മോൻസൻ മാവുങ്കലുമായി സൗഹൃദമുണ്ടായതെന്നും തട്ടിപ്പു പുറത്തുവരാൻ കാരണക്കാരി താൻ കൂടിയാണെന്നും ഇറ്റലിയിൽ താമസിക്കുന്ന അനിത പുല്ലയിൽ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

അനിതയുടെ സാമ്പത്തിക ഇടപാടുകളും ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോൻസന്റെ പല ഇടപാടും അനിത അറിഞ്ഞുകൊണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. മോൻസൻ മാവുങ്കലിനെ മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലയിൽ നേരത്തെ വെളിപ്പെടുത്തിയിരുന്നു

മോൻസന്റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് സുഹൃത്തായ അനിത പുല്ലയിലിന് എല്ലാമറിയാമായിരുന്നുവെന്ന് മുൻ ഡ്രൈവർ അജി വെളിപ്പെടുത്തിയിരുന്നു. മോൻസന്റെ മ്യൂസിയം അനിത ഓഫീസ് ആയി ഉപയോഗിച്ചതായും വിദേശമലയാളികളായ ഉന്നതരെ മോൻസന് പരിചയപ്പെടുത്തിയത് അനിതയാണെന്നും അജി മൊഴി നൽകിയിരുന്നു. 2019 മെയ്മാസം അനിത പ്രവാസിമലയാളി ഫെഡറേഷൻ ഭാരവാഹികൾക്കൊപ്പം മോൻസന്റെ വീട്ടിൽ എത്തിയിരുന്നു. ഒരാഴ്ച കലൂരിലെ വീട്ടിൽ താമസിച്ച അനിതയോട് അന്നത്തെ മാനേജർ തട്ടിപ്പിനെക്കുറിച്ച് എല്ലാം പറഞ്ഞതായാണ് അജി വെളിപ്പെടുത്തുന്നത്.

എന്നാൽ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിട്ടും അനിത പുല്ലയിൽ ഇതുവരെ എവിടെയും പരാതി നൽകിയിട്ടില്ല. മോൻസന്റെ തട്ടിപ്പ് മനസ്സിലായിട്ടും അനിത സൗഹൃദം തുടർന്നിരുന്നു. ഈ കാലയളവിലാണ് അനിത മുൻ ഡിജിപിയെ മ്യൂസിയത്തിന്റെ പൊലിമ വിവരിച്ച് കലൂരിലെ സന്ദർശനത്തിന് ക്ഷണിച്ചത്. ഇടുക്കിയിലെ രാജകുമാരി എസ്റ്റേറ്റിൽ മോൻസന്റെ പിറന്നാൾ ആഘോഷത്തിൽ അനിത സജീവമായിരുന്നു. മോൻസനുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷം മോൻസന്റെ അടുത്ത സുഹൃത്തായ ഐജി ലക്ഷണണയുമായി അനിത നടത്തിയ ചാറ്റും പുറത്ത് വന്നിരുന്നു. മോൻസനെ സൂക്ഷിക്കണമെന്ന് ലോക്‌നാഥ് ബഹ്‌റ തന്നോട് പറഞ്ഞിരുന്നതായും അനിത പുല്ലയിൽ ഐജി ലക്ഷമണയോട് സംസാരിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP