Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഴിമതി, വർഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിർഭയം പോരാടും! പുതിയ പോസ്റ്റിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ലക്ഷ്യം പിണറായി തന്നെ; യുട്യൂബ് ചാനൽ തുടങ്ങുമെന്ന് ചെറിയാൻ ഫിലിപ്പ്; കോൺഗ്രസിലേക്ക് വരുന്നതിൽ എല്ലാവർക്കും സന്തോഷമെന്ന് മുരളീധരൻ; വീണ്ടും ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചു തുടങ്ങുമ്പോൾ

അഴിമതി, വർഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിർഭയം പോരാടും! പുതിയ പോസ്റ്റിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ലക്ഷ്യം പിണറായി തന്നെ; യുട്യൂബ് ചാനൽ തുടങ്ങുമെന്ന് ചെറിയാൻ ഫിലിപ്പ്; കോൺഗ്രസിലേക്ക് വരുന്നതിൽ എല്ലാവർക്കും സന്തോഷമെന്ന് മുരളീധരൻ; വീണ്ടും ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചു തുടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഴിമതിക്കെതിരെ 'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന പേരിൽ യൂട്യൂബ് ചാനൽ ആരംഭിക്കുമെന്ന് ചെറിയാൻ ഫിലിപ്പ് . ജനുവരി ഒന്നിനായിരിക്കും യൂട്യൂബ് ചാനൽ ആരംഭിക്കുക. രാഷ്ട്രീയനിലപാട് പ്രശ്‌നാധിഷ്ഠിതമായിരിക്കുമെന്നും അദ്ദേഹം കുറിച്ചു. ഇതോടെ ചെറിയാൻ ഫിലിപ്പ് ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമാകില്ലെന്ന് വ്യക്തമായി.

കഴിഞ്ഞ 20 വർഷം ഇടതുപക്ഷ സഹയാത്രികനായിരുന്നു അദ്ദേഹം. എന്നാൽ ഇനിയും പാർട്ടിയെ പിന്തുടരുന്നില്ല എന്നതിന്റെ വ്യക്തമായ സൂചന നൽകിക്കൊണ്ടാണ് ഫേസ്‌ബുക്കിലൂടെ പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്. ജനകീയ പ്രശ്‌നങ്ങളിൽ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല, രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫലത്തിൽ പിണറായി സർക്കാരിനെതിരെ പ്രതികരിക്കുകയാകും ചെറിയാൻ പിലിപ്പ് ചെയ്യുക.

യൂ ട്യൂബ് ചാനൽ നയം തികച്ചും സ്വതന്ത്രമായിരിക്കും. രാഷ്ട്രീയ നിലപാട് പ്രശ്‌നാധിഷ്ഠിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടും. അഴിമതി, വർഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിർഭയം പോരാടും. ജനകീയ പ്രശ്‌നങ്ങളിൽ നിരന്തരം ഇടപെടുമെന്നും അദ്ദേഹം കുറിച്ചു. കഴിഞ്ഞ ദിവസം ചെറിയാനെ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി തള്ളി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചെറിയാന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. അഴിമതിക്കും ഏകാധിപത്യത്തിനുമെതിരെ പോരാടുമെന്ന ചെറിയാന്റെ വിശദീകരണം പിണറായിയെ ലക്ഷ്യമിട്ടാണെന്നും വിലയിരുത്തലുണ്ട്.

സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ. മുരളീധരൻ എംപിയും രംഗത്തു വന്നു. ചെറിയാൻ വരുന്നത് കോൺഗ്രസിന് കരുത്താകുമെന്നാണ് മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞത്. ചെറിയാൻ ഫിലിപ്പ് നിലപാട് പ്രഖ്യാപിച്ചാൽ കൂടുതൽ അഭിപ്രായം അപ്പോൾ പറയും. അദ്ദേഹം കോൺഗ്രസിലേക്ക് വരുന്നതിൽ എല്ലാവർക്കും സന്തോഷമാണുള്ളത്. തീരുമാനം എടുക്കേണ്ടത് അദ്ദേഹമാണെന്നും മുരളീധരൻ വ്യക്തമാക്കി.

ഇടതു സഹയാത്രികൻ എന്നാണ് ചെറിയാൻ ഫിലിപ്പ് 19 കൊല്ലം കൊണ്ട് അറിയപ്പെട്ടിരുന്നത്. ഇനി ആ പദവി ചെറിയാൻ ഫിലിപ്പിനില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ചെറിയാനെ തള്ളി പറഞ്ഞതോടെ വ്യക്തമായത്. ഇനി സിപിഎമ്മും എകെജി സെന്ററിലേക്ക് ചെറിയാനെ കയറ്റില്ല. രാജ്യസഭാ സീറ്റ് നിഷേധത്തിൽ തുടങ്ങിയ ചെറിയാന്റെ പ്രതിഷേധം പുതിയ തലത്തിലേക്ക് എത്തുകയാണ്. പല ചോദ്യങ്ങളുണ്ട്. പക്ഷേ എഴുത്തിൽ ശ്രദ്ധിക്കാനാണ് ഈ പഴയ കോൺഗ്രസുകാരന്റെ തീരുമാനം. ഇതിനൊപ്പം യൂട്യൂബ് ചാനലും.

20 വർഷങ്ങൾക്കുശേഷം ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്കു മടങ്ങുമോ സിപിഎമ്മിലും കോൺഗ്രസിലും ചർച്ചകൾ സജീവമാണ്. നേരിട്ടൊരു ഉത്തരം നൽകുന്നില്ലെങ്കിലും മാതൃസംഘടനയിലേക്കു ചെറിയാൻ ഉടൻ ഉണ്ടാകില്ല. കേരള സഹൃദയവേദിയുടെ അവുക്കാദർകുട്ടി നഹ പുരസ്‌കാരം തിങ്കളാഴ്ച ചെറിയാന് സമ്മാനിക്കുന്നത് ഉമ്മൻ ചാണ്ടിയാണെന്ന പ്രഖ്യാപനം ബുധനാഴ്ച പുറത്തുവന്നു. കോൺഗ്രസ് വിട്ടശേഷം ഇരുവരും പല വേദികളിലും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും ചെറിയാന് അവാർഡ് നൽകി ആദരിക്കുന്ന റോളിൽ ഉമ്മൻ ചാണ്ടി എത്തുന്നത് ആദ്യം. അതുകൊണ്ട് തന്നെ പലവിധ ചർച്ചകൾ സജീവമാണ്.

വി.ഡി. സതീശനുമായി ചെറിയാൻ ഏറെനാളായി അടുപ്പത്തിലാണ്. നിയമസഭ, രാജ്യസഭ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടാതെ ചെറിയാൻ സിപിഎമ്മിൽ തഴയപ്പെട്ടപ്പോൾത്തന്നെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ചെറിയാനെ പഴയ തട്ടകത്തിലെത്തിക്കാനുള്ള ആലോചനകളിലേക്കു കടന്നിരുന്നു. എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ. സുധാകരനും അടക്കമുള്ള നേതാക്കളൊക്കെ ചെറിയാനെ മടക്കിക്കൊണ്ടുവരണമെന്ന താത്പര്യക്കാരാണ്. എന്നാൽ മടങ്ങി എത്തിയാൽ ചെറിയാൻ നൽകാൻ കോൺഗ്രസിൽ പദവികളില്ല. കേരളരാഷ്ട്രീയ ചരിത്രമെഴുതുന്ന തിരക്കിലാണ് ചെറിയാൻ. തന്നെക്കുറിച്ചുയരുന്ന ചർച്ചകളെക്കുറിച്ച് അദ്ദേഹം പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, സാധ്യതകൾ തള്ളുന്നുമില്ല.

രാജ്യസഭാ എംപി സ്ഥാനം ചെറിയാൻ ഫിലിപ്പ് ആഗ്രഹിച്ചിരുന്നു. ഇക്കാര്യം സിപിഎം നേതാക്കൾക്കും അറിയാവുന്നതുമായിരുന്നു. പക്ഷേ ആ സീറ്റ് കൊടുത്തത് ജോൺ ബ്രിട്ടാസിനാണ്. ഇതോടെ ചെറിയാൻ ഫിലിപ്പ് പൊട്ടിത്തെറിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടു. ചരിത്ര പുസ്തക രചനയെ കുറിച്ചു പറഞ്ഞു. അടുപ്പിച്ചു നിർത്താൻ തുടർഭരണത്തിലും പിണറായി വിജയൻ ശ്രമിച്ചു. ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനമാണ് നൽകിയത്. എന്നാൽ അതു വേണ്ടെന്ന് പറഞ്ഞ് മാറി നിന്ന ചെറിയാൻ കൂടുതൽ പ്രശ്‌നക്കാരനായിരിക്കുന്നു. പ്രളയമൊഴിവാക്കാനുള്ള നെതർലൻഡ്സ് മോഡൽ എവിടെയെന്ന് ചെറിയാൻ ഫിലിപ്പ് ചോദിക്കുമ്പോൾ കൊള്ളുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

ചെറിയാൻ ഫിലിപ്പിനെ പാർട്ടിയോട് അടുപ്പിക്കാൻ വേണ്ടി കൂടിയാണ് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം നൽകിയത്. അവിടേയും ചെറിയാൻ സ്നേഹ പൂർവ്വം പ്രതിഷേധിച്ചു. കേരള രാഷ്ട്രീയത്തിലെ പോരാളിയാണ് ചെറിയാൻ ഫിലിപ്പ്. ഒരു കാലത്ത് കോൺഗ്രസിന്റെ എ ഗ്രൂപ്പിലെ പ്രധാനി. എകെ ആന്റണിയുടെ അതിവിശ്വസ്തൻ. ഗ്രൂപ്പിന്റെ നേതൃത്വം ഉമ്മൻ ചാണ്ടിക്കായപ്പോൾ പാർട്ടിയിലെ കറിവേപ്പിലയായി. തിരുവനന്തപുരം വെസ്റ്റ് സീറ്റിൽ മത്സരിക്കണമെന്ന ആഗ്രഹം പാർലമെന്ററീ മോഹങ്ങൾ ഒരിക്കലും കാട്ടത്ത ചെറിയാൻ ഫിലിപ്പ് മുമ്പോട്ടു വച്ചപ്പോൾ ആ സീറ്റ് എംവി രാഘവന് കൊടുക്കുകയായിരുന്നു ഉമ്മൻ ചാണ്ടി ചെയ്തത്.

അന്ന് പാർട്ടിയിൽ ഒറ്റപ്പെട്ടപ്പോൾ ആശ്വസിപ്പിക്കാനുണ്ടായിരുന്നത് ലീഡർ കെ കരുണാകരൻ മാത്രമായിരുന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ രക്തസാക്ഷി പരിവേഷവുമായി ചെറിയാൻ ഫിലിപ്പ് സിപിഎം സഹയാത്രികനായി. മൂന്ന് തവണ നിയമസഭയിലേക്ക് മത്സരിച്ചു. അതും ഉറപ്പില്ലാത്ത സീറ്റുകളിൽ. ചറിയാൻ ഫിലിപ്പിന്റെ രാഷ്ട്രീയ മികവിന് അംഗീകാരമായി സിപിഎം രാജ്യസഭാ സീറ്റ് നൽകുമെന്ന് ഏവരും കരുതി. എന്നാൽ ചെറിയാനെ സ്‌നേഹിക്കുന്നവർക്ക് നിരാശയായിരുന്നു ഫലം. ഇത്തവണയും ചെറിയാൻ ഫിലിപ്പിനെ സിപിഎം കണ്ടില്ലെന്ന് നടിച്ചു. അപ്പോഴും നിരാശ പുറത്തു കാട്ടാതെ പോരാളിയുടെ മുഖഭാവത്തിൽ ചിരിച്ചു. ആ ചിരിയാണ് നെതർലണ്ട് വിമർശനത്തിൽ പുതുഭാവം എടുക്കുന്നത്.

കോൺഗ്രസ് നേത്വനിരയിൽ മുന്നിൽനിന്ന് പ്രവർത്തിച്ചിരുന്ന കാലത്താണ് 2001ൽ ചെറിയാൻഫിലിപ്പ് ഇടുതുപക്ഷത്തേക്ക് തിരിഞ്ഞത്. ഒരുകാലത്ത് എ.കെ.ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും മനസാക്ഷിസൂക്ഷിപ്പുകാരനായി അറിയപ്പെട്ടിരുന്ന ചെറിയാൻ പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായി. മൂന്ന് തവണ സിപിഎം. നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകിയെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല. തീർത്തും ജയസാധ്യതയില്ലാത്ത പുതുപ്പള്ളിയിലും കല്ലൂപ്പാറയിലും വട്ടിയൂർക്കാവിലുമായിരുന്നു ആ മത്സരങ്ങൾ. തോൽക്കുന്ന സീറ്റിൽ പരാതി കൂടാതെ മത്സരിച്ച ചെറിയാൻ ഫിലിപ്പിന് ഇത്തവണ രാജ്യസഭാ സീറ്റ് ഏവരും പ്രതീക്ഷിച്ചു. അതും കിട്ടിയില്ല. ഇതോടെയാണ് സിപിഎമ്മുമായി അകൽച്ച തുടരുന്നത്.

1972-ലെ യൂണിവേഴ്‌സിറ്റി കോളെജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിയായ ചെറിയാൻ ഫിലിപ്പ് വിജയിച്ച വാർത്ത പുറത്തുവന്ന അതേ ദിവസം യൂണിവേഴ്‌സിറ്റി കോളേജിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റിൽ കെഎസ് യു നേതാവ് ചെറിയാൻ ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ട ചൊരുക്കാണ് എസ്എഫ്ഐ ഗുണ്ടകൾ ചെറിയാന്റെ ശരീരത്തിൽ തീർത്തത്. രണ്ടാം നിലയിൽ നിന്ന് താഴേക്കുള്ള വലിച്ചെറിയലിൽ ചെറിയാന്റെ കാലൊടിഞ്ഞു. നട്ടെല്ലിന് ഗുരുതര ക്ഷതമേൽക്കുകയും ചെയ്തു. നട്ടെല്ലിന് ഏറ്റ ശക്തമായ ക്ഷതത്തിൽ ചെറിയാൻ ഫിലിപ്പിന് ജീവിതം തന്നെ നഷ്ടമായി. ഇവിടെ നിന്ന് എസ് എഫ് ഐ കോളേജിൽ കാലുറപ്പിക്കാനും തുടങ്ങി. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഇന്നും ചെറിയാൻ ഫിലിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP