Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആഭ്യന്തര യുദ്ധത്തിൽ മരിക്കാതെ ഓടിരക്ഷപ്പെട്ട് ബ്രിട്ടനിൽ എത്തിയത് 14 വയസ്സുള്ളപ്പോൾ; നാല് വർഷം മുൻപ് നഴ്സായിട്ടും നേട്ടങ്ങൾ ഒരുപിടി; ബ്രിട്ടണിലെ നഴ്സിങ് ഹീറോയായ എരിത്രിയക്കാരിയുടെ കഥ

ആഭ്യന്തര യുദ്ധത്തിൽ മരിക്കാതെ ഓടിരക്ഷപ്പെട്ട് ബ്രിട്ടനിൽ എത്തിയത് 14 വയസ്സുള്ളപ്പോൾ; നാല് വർഷം മുൻപ് നഴ്സായിട്ടും നേട്ടങ്ങൾ ഒരുപിടി; ബ്രിട്ടണിലെ നഴ്സിങ് ഹീറോയായ എരിത്രിയക്കാരിയുടെ കഥ

സ്വന്തം ലേഖകൻ

നേരാംവണ്ണം ഇംഗ്ലീഷ് സംസാരിക്കാൻ പോലുമറിയാതെ 14 വയസ്സുള്ളപ്പോൾ, യുദ്ധക്കെടുതിയിലകപ്പെട്ട എരിത്രിയയിൽ നിന്നും ബ്രിട്ടനിലെത്തിയതാണ് മേബ്രാക് ഘെബ്രെഹിവെറ്റ്. പലപ്പോഴും സമൂഹത്തിൽ ഒറ്റപ്പെടുന്നു എന്ന ചിന്തയും പേറി ജീവിച്ച അവർ നാലു വർഷങ്ങൾക്ക് മുൻപാണ് നഴ്സായി ജോലി ആരംഭിക്കുന്നത്. ഭക്ഷണവൈകല്യമുള്ള രോഗികളെ പരിപാലിക്കുന്നതിൽ അവർ കാണിച്ച മികവ് ഇന്ന് അവരെ നഴ്സിങ് ഹീറോയായി തെരഞ്ഞെടുക്കപ്പെടുന്നതിൽ എത്തിച്ചിരിക്കുനു. ഡെയ്ലി മെയിൽ ഏർപ്പെടുത്തിയ ഹെൽത്റ്റ്ഭ് ഹീറോ അവാർഡ് ഇന്നലെയാണ് ഈ 45 കാരിക്ക് സമ്മാനിച്ചത്.

കോവിഡ് പ്രതിസന്ധികാലത്ത് രോഗികൾക്ക് അനന്യസാധാരണമായ രീതിയിൽ ചികിത്സ നൽകുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്ത ആരോഗ്യ പ്രവർത്തകരെ തെരഞ്ഞെടുക്കാൻ മെയിൽ വായനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. അതിൽ നിന്നും ഏഴ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തു. ഏഴുപേരിൽ നിന്നായിരുന്നു എരിത്രിയക്കാരിയായ മേബ്രാക്കിനെ ഈ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ഇന്നലെ ഡൗണിങ് സ്ട്രീറ്റിൽ നടന്ന ചടങ്ങിൽ വെച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അവർഡ് നൽകുകയുണ്ടായി.

കഴിഞ്ഞ വർഷം കോവിഡ് ബധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബോറിസ് ജോൺസൺ അക്കാര്യം ഓർമ്മപ്പെടുത്തിക്കൊണ്ട് നിങ്ങളൊക്കെയാണ് എന്റെ ജീവൻ രക്ഷിച്ചത് എന്നുപറഞ്ഞുകൊണ്ടായിരുന്നു പുരസ്‌കാരം നൽകിയത്. കഴിഞ്ഞ 18 മാസക്കാലം രാജ്യത്തിന് കടുത്ത പരീക്ഷണങ്ങളുടെ കാലമായിരുന്നു എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അത്തരം സാഹചര്യത്തിലും രാജ്യത്തിനും ജനങ്ങൾക്കും സേവനം ഉറപ്പുവരുത്താൻ അക്ഷീണം പ്രയത്നിച്ച എല്ലാ ആരോഗ്യപ്രവർത്തകർക്കും സർക്കാരിന്റെ പേരിൽ അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

ഇത്തരത്തിലുള്ള ഹീറോകളാണ് മറ്റുള്ളവർക്കൊപ്പം ചേർന്ന് തന്റെ ജീവൻ രക്ഷിച്ചതെന്ന് ബോറിസ് പറഞ്ഞു. പലരും സ്വന്തം ജീവിതം വരെ പണയപ്പെടുത്തിയാണ് സേവനത്തിൽ ഏർപ്പെട്ടിരുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ ബേയുമായി ചേർന്ന് 2013 ലാണ് ആദ്യമായി ഹെൽത്ത് ഹീറോ അവാർഡ് ഡെയ്ലി മെയിൽ ഏർപ്പെടുത്തുന്നത്. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന, അധികമാരും അറിയാത്തവർക്ക് അർഹമായ അംഗീകാരം നൽകുക എന്നതാണ് ഈ പുരസ്‌കാരം കൊണ്ട് ഉദ്ദേശിക്കുന്നത്.

എത്യോപ്യയിൽ നിന്നും സ്വാതന്ത്ര്യം നേടുന്നതിനായി പതിറ്റാണ്ടുകളായി പോരാടുന്ന എരിത്രിയയിൽ നിന്നുമാണ് പുരസ്‌കാര ജേതാവായ ഘെബ്രെഹിവിറ്റ് ബ്രിട്ടനിൽ എത്തിയത്. തനിക്ക് ലഭിച്ച പുരസ്‌കാരം മെന്റൽ ഹെൽത്ത് വാർഡുകളിൽ ജോലി ചെയ്യുന്നവർക്ക് ഒരു പ്രോത്സാഹനവും ഉത്തേജനവും ആകുമെന്ന് അവർ പറയുന്നു. ഇംഗ്ലീഷ് സംസാരിക്കാൻ പോലുമറിയാതെ ബ്രിട്ടനിൽ എത്തിച്ചേർന്ന തനിക്ക് പലപ്പോഴും സമൂഹത്തിൽ തീർത്തും ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ സംജാതമായെന്നും അതാണ് മാനസികാരോഗ്യത്തെ കുറിച്ച് ചിന്തിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും പുരസ്‌കാരം സ്വീകരിച്ചതിനുശേഷം അവർ പറഞ്ഞു.

വടക്കൻ ലണ്ടനിലെ ടോട്ടെൻഹാമിലുള്ള സെയിന്റ് ആൻസ് ആശുപത്രിയിൽ ഭക്ഷണവൈകല്യം (ഈറ്റിങ് ഡിസോർഡർ) ഉള്ള രോഗികളെ ചികിത്സിക്കുന്ന വാർഡിലാണ് ഇവർ ജോലി ചെയ്യുന്നത്. ജീവനക്കാരുടെ കാര്യത്തിൽ ക്ഷാമമുണ്ടായിട്ടുപോലും കോവിഡ് പ്രതിസന്ധിഘട്ടത്തിൽ മുഴുവൻ ഈ വാർഡ് പ്രവർത്തന സജ്ജമാക്കി വെച്ചിരുന്നു. ഇത്തരത്തിലുള്ള രോഗികളെ ബലം പ്രയോഗിച്ച് ഭക്ഷണം കഴിപ്പിക്കുന്നത് പരമാവധി കുറച്ചുകൊണ്ടുള്ള ഇടപെടലുകൾക്കാണ് ഇവർക്ക് ഈ പുരസ്‌കാരം ലഭിച്ചത്.

സാധാരണയായി കുഴൽ ഉപയോഗിച്ച് മൂക്കിലൂടെയാണ് ഇത്തരക്കാർക്ക് ഭക്ഷണം നൽകുന്നത്. അതീവ വേദനാജനകമായ ഒരു അനുഭവമാണത്. അത് പരമാവധി ഒഴിവാക്കുവാനുള്ള ശ്രമങ്ങളായിരുന്നു ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായത്. വളരെ നേരത്തേ മെനു തയ്യാറാക്കി ഭക്ഷണത്തെ കുറിച്ചുള്ള ഉത്കണ്ഠ അകറ്റുക തുടങ്ങിയ നടപടികളിലൂടെ ബലം പ്രയോഗിച്ച് ഭക്ഷണം കഴിപ്പിക്കുന്നത് വലിയൊരു പരിധിവരെ ഒഴിവാക്കാനായി.അവർ രോഗികളോട് കാണിക്കുന്ന സഹാനുഭൂതിയും കാരുണ്യവും എടുത്തുപറഞ്ഞായിരുന്നു പല രോഗികളുടേയും കുടുംബാംഗങ്ങൾ ഘെബ്രെഹിവിറ്റിന്റെ പേര് നാമനിർദ്ദേശം ചെയ്തത്. 5000 പൗണ്ടിന്റെ ലക്ഷ്വറി ഹോളിഡേയാണ് ഇവർക്ക് പുർസ്‌കാരമായി ലഭിക്കുക. തന്റെ മകനോടൊപ്പം പെറു സന്ദർശിക്കുവാനാണ് ഇവർ ആഗ്രഹിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP