Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പിണറായി പരസ്യമായി തള്ളിയതോടെ ഇനി ഇടതു സഹയാത്രികനായി തുടരാൻ പ്രയാസം; ഒളിയമ്പുകൾക്ക് അപ്പുറം സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാൻ മടി; എത്തിയാൽ പദവി കൊടുക്കാൻ ഇല്ലാതെ കോൺഗ്രസ്; ചെറിയാന്റെ ഭാവിയെ കുറിച്ച് കഥകൾ എറെ; എഴുത്തിൽ ശ്രദ്ധിച്ച് വിവാദങ്ങളിലൂടെ മുമ്പോട്ട്

പിണറായി പരസ്യമായി തള്ളിയതോടെ ഇനി ഇടതു സഹയാത്രികനായി തുടരാൻ പ്രയാസം; ഒളിയമ്പുകൾക്ക് അപ്പുറം സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാൻ മടി; എത്തിയാൽ പദവി കൊടുക്കാൻ ഇല്ലാതെ കോൺഗ്രസ്; ചെറിയാന്റെ ഭാവിയെ കുറിച്ച് കഥകൾ എറെ; എഴുത്തിൽ ശ്രദ്ധിച്ച് വിവാദങ്ങളിലൂടെ മുമ്പോട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതു സഹയാത്രികൻ എന്നാണ് ചെറിയാൻ ഫിലിപ്പ് 19 കൊല്ലം കൊണ്ട് അറിയപ്പെട്ടിരുന്നത്. ഇനി ആ പദവി ചെറിയാൻ ഫിലിപ്പിനില്ല. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ചെറിയാനെ തള്ളി പറഞ്ഞു. ഇനി സിപിഎമ്മും എകെജി സെന്ററിലേക്ക് ചെറിയാനെ കയറ്റില്ല. രാജ്യസഭാ സീറ്റ് നിഷേധത്തിൽ തുടങ്ങിയ ചെറിയാന്റെ പ്രതിഷേധം പുതിയ തലത്തിലേക്ക് എത്തുകയാണ്. പല ചോദ്യങ്ങളുണ്ട്. പക്ഷേ എഴുത്തിൽ ശ്രദ്ധിക്കാനാണ് ഈ പഴയ കോൺഗ്രസുകാരന്റെ തീരുമാനം.

20 വർഷങ്ങൾക്കുശേഷം ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്കു മടങ്ങുമോ? സിപിഎമ്മിലും കോൺഗ്രസിലും ചർച്ചകൾ സജീവമാണ്. നേരിട്ടൊരു ഉത്തരം നൽകുന്നില്ലെങ്കിലും മാതൃസംഘടനയിലേക്കു ചെറിയാൻ ഉടൻ ഉണ്ടാകില്ല. കേരള സഹൃദയവേദിയുടെ അവുക്കാദർകുട്ടി നഹ പുരസ്‌കാരം തിങ്കളാഴ്ച ചെറിയാന് സമ്മാനിക്കുന്നത് ഉമ്മൻ ചാണ്ടിയാണെന്ന പ്രഖ്യാപനം ബുധനാഴ്ച പുറത്തുവന്നു. കോൺഗ്രസ് വിട്ടശേഷം ഇരുവരും പല വേദികളിലും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും ചെറിയാന് അവാർഡ് നൽകി ആദരിക്കുന്ന റോളിൽ ഉമ്മൻ ചാണ്ടി എത്തുന്നത് ആദ്യം. അതുകൊണ്ട് തന്നെ പലവിധ ചർച്ചകൾ സജീവമാണ്.

വി.ഡി. സതീശനുമായി ചെറിയാൻ ഏറെനാളായി അടുപ്പത്തിലാണ്. നിയമസഭ, രാജ്യസഭ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടാതെ ചെറിയാൻ സിപിഎമ്മിൽ തഴയപ്പെട്ടപ്പോൾത്തന്നെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ചെറിയാനെ പഴയ തട്ടകത്തിലെത്തിക്കാനുള്ള ആലോചനകളിലേക്കു കടന്നിരുന്നു. എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ. സുധാകരനും അടക്കമുള്ള നേതാക്കളൊക്കെ ചെറിയാനെ മടക്കിക്കൊണ്ടുവരണമെന്ന താത്പര്യക്കാരാണ്. എന്നാൽ മടങ്ങി എത്തിയാൽ ചെറിയാൻ നൽകാൻ കോൺഗ്രസിൽ പദവികളില്ല. കേരളരാഷ്ട്രീയ ചരിത്രമെഴുതുന്ന തിരക്കിലാണ് ചെറിയാൻ. തന്നെക്കുറിച്ചുയരുന്ന ചർച്ചകളെക്കുറിച്ച് അദ്ദേഹം പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, സാധ്യതകൾ തള്ളുന്നുമില്ല.

സർക്കാരിനെതിരേ ഒളിയമ്പുമായി ചെറിയാൻ നടത്തിയ വിമർശനത്തിന്, അദ്ദേഹത്തിന് നിലപാട് മാറ്റമുണ്ടായതിൽ സംശയം പ്രകടിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോൺഗ്രസ് വിട്ട് സിപിഎമ്മിനൊപ്പം നിലനിന്ന ചെറിയാൻ, പിണറായി വിജയന്റെ വിശ്വസ്തരിൽ ഒരാളായാണ് അറിയപ്പെട്ടത്. ആ വിശ്വാസം വേണ്ടെന്നും ഭംഗ്യന്തരേണ മുഖ്യമന്ത്രി സൂചിപ്പിച്ചു. താൻ ആരുടെയും രക്ഷകർത്താവല്ലെന്ന് എല്ലാവർക്കും അറിയാമല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരുകാലത്ത് കോൺഗ്രസ് വിട്ട് ഇടതുപക്ഷവുമായി സഹകരിക്കാൻ തയ്യാറായ ആളാണ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തെ നല്ലരീതിയിൽ ഞങ്ങൾ സഹകരിപ്പിച്ചിട്ടുമുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് മറ്റെന്തെങ്കിലും നിലപാടുണ്ടോയെന്ന് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രളയം നേരിടുന്നതിലുള്ള കേരളത്തിന്റെ പ്രവർത്തനങ്ങളെ ചെറിയാൻ ഫിലിപ്പ് വിമർശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു പ്രതികരണം. സംസ്ഥാനത്ത് ദുരന്തങ്ങൾ ആവർത്തിക്കുന്നത് തടയാൻ സ്വീകരിക്കുന്ന നടപടികൾ ഒരുദിവസംകൊണ്ടോ ഒരുവർഷംകൊണ്ടോ തീരുന്നതല്ല. നല്ലരീതിയിൽ അവ നടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങൾ എന്തുകൊണ്ടാണെന്ന് അറിയില്ല-മുഖ്യമന്ത്രി പറഞ്ഞു.

രാജ്യസഭാ എംപി സ്ഥാനം ചെറിയാൻ ഫിലിപ്പ് ആഗ്രഹിച്ചിരുന്നു. ഇക്കാര്യം സിപിഎം നേതാക്കൾക്കും അറിയാവുന്നതുമായിരുന്നു. പക്ഷേ ആ സീറ്റ് കൊടുത്തത് ജോൺ ബ്രിട്ടാസിനാണ്. ഇതോടെ ചെറിയാൻ ഫിലിപ്പ് പൊട്ടിത്തെറിച്ച് ഫെയ്സ് ബുക്ക് പോസ്റ്റിട്ടു. ചരിത്ര പുസ്തക രചനയെ കുറിച്ചു പറഞ്ഞു. അടുപ്പിച്ചു നിർത്താൻ തുടർഭരണത്തിലും പിണറായി വിജയൻ ശ്രമിച്ചു. ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനമാണ് നൽകിയത്. എന്നാൽ അതു വേണ്ടെന്ന് പറഞ്ഞ് മാറി നിന്ന ചെറിയാൻ കൂടുതൽ പ്രശ്നക്കാരനായിരിക്കുന്നു. പ്രളയമൊഴിവാക്കാനുള്ള നെതർലൻഡ്‌സ് മോഡൽ എവിടെയെന്ന് ചെറിയാൻ ഫിലിപ്പ് ചോദിക്കുമ്പോൾ കൊള്ളുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതുകൊണ്ട് തന്നെ ചെറിയാന് ഇനി സിപിഎമ്മിൽ പരിഗണനകൾ കിട്ടില്ല.

ചെറിയാൻ ഫിലിപ്പിനെ പാർട്ടി പരിപാടികളിൽ നിന്നും മാറ്റി നിർത്താൻ സിപിഎം തീരുമാനിച്ചതായാണ് സൂചന. തുടർച്ചയായി പാർട്ടിയെ ചൊറിയുന്ന ചെറിയാനെ ചുമക്കേണ്ട കാര്യമില്ലെന്നാണ് പാർട്ടി നിലപാട്. പ്രളയമൊഴിവാക്കാൻ നെതർലൻഡ്‌സിൽപ്പോയി പഠിച്ച പദ്ധതി എവിടെയെന്ന വിമർശനവുമായി ഇടത് സഹയാത്രികൻ എന്ന പേരിൽ ചെറിയാൻ ഫിലിപ്പ് വാർത്തകളിൽ നിറയുന്നതാണ് പാർട്ടിക്ക് പാരയാകുന്നത്. ഫേസ്‌ബുക്ക് പേജിലാണ് അദ്ദേഹം സർക്കാരിനെതിരേ കുറിപ്പിട്ടത്. ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനുശേഷം ദുരിതാശ്വാസക്യാമ്പിൽ കണ്ണീർപൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്ന് അദ്ദേഹം പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് പ്രളയമൊഴിവാക്കാനുള്ള നെതർലൻഡ്‌സ് മോഡൽ അവിടെപ്പോയി പഠിച്ചത്. ഈ പഠനത്തെക്കുറിച്ച് പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ വിമർശനമുയർത്തുന്ന വേളയിലാണ് ചെറിയാൻ ഫിലിപ്പും രംഗത്തുവന്നത്. ഇതിലൂടെ താൻ ഇടതുപക്ഷം വിടുകയാണെന്ന സന്ദേശമാണ് ചെറിയാനും നൽകുന്നത്. ഈ സാഹചര്യത്തിലാണ് ഇനി ചെറിയാനുമായി അടുപ്പം വേണ്ടതില്ലെന്ന സിപിഎം തീരുമാനം. ശോഭനാ ജോർജിനെ മാറ്റി ഖാദി ബോർഡിൽ പിണറായി വിജയൻ സ്ഥാനമുണ്ടാക്കിയത് ചെറിയാൻ ഫിലിപ്പിന് വേണ്ടിയായിരുന്നു. എന്നാൽ അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്നായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ വിശദീകരണം.

ചെറിയാൻ ഫിലിപ്പിനെ പാർട്ടിയോട് അടുപ്പിക്കാൻ വേണ്ടി കൂടിയാണ് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം നൽകിയത്. അവിടേയും ചെറിയാൻ സ്‌നേഹ പൂർവ്വം പ്രതിഷേധിച്ചു. കേരള രാഷ്ട്രീയത്തിലെ പോരാളിയാണ് ചെറിയാൻ ഫിലിപ്പ്. ഒരു കാലത്ത് കോൺഗ്രസിന്റെ എ ഗ്രൂപ്പിലെ പ്രധാനി. എകെ ആന്റണിയുടെ അതിവിശ്വസ്തൻ. ഗ്രൂപ്പിന്റെ നേതൃത്വം ഉമ്മൻ ചാണ്ടിക്കായപ്പോൾ പാർട്ടിയിലെ കറിവേപ്പിലയായി. തിരുവനന്തപുരം വെസ്റ്റ് സീറ്റിൽ മത്സരിക്കണമെന്ന ആഗ്രഹം പാർലമെന്ററീ മോഹങ്ങൾ ഒരിക്കലും കാട്ടത്ത ചെറിയാൻ ഫിലിപ്പ് മുമ്പോട്ടു വച്ചപ്പോൾ ആ സീറ്റ് എംവി രാഘവന് കൊടുക്കുകയായിരുന്നു ഉമ്മൻ ചാണ്ടി ചെയ്തത്.

അന്ന് പാർട്ടിയിൽ ഒറ്റപ്പെട്ടപ്പോൾ ആശ്വസിപ്പിക്കാനുണ്ടായിരുന്നത് ലീഡർ കെ കരുണാകരൻ മാത്രമായിരുന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ രക്തസാക്ഷി പരിവേഷവുമായി ചെറിയാൻ ഫിലിപ്പ് സിപിഎം സഹയാത്രികനായി. മൂന്ന് തവണ നിയമസഭയിലേക്ക് മത്സരിച്ചു. അതും ഉറപ്പില്ലാത്ത സീറ്റുകളിൽ. ചറിയാൻ ഫിലിപ്പിന്റെ രാഷ്ട്രീയ മികവിന് അംഗീകാരമായി സിപിഎം രാജ്യസഭാ സീറ്റ് നൽകുമെന്ന് ഏവരും കരുതി. എന്നാൽ ചെറിയാനെ സ്നേഹിക്കുന്നവർക്ക് നിരാശയായിരുന്നു ഫലം. ഇത്തവണയും ചെറിയാൻ ഫിലിപ്പിനെ സിപിഎം കണ്ടില്ലെന്ന് നടിച്ചു. അപ്പോഴും നിരാശ പുറത്തു കാട്ടാതെ പോരാളിയുടെ മുഖഭാവത്തിൽ ചിരിച്ചു. ആ ചിരിയാണ് നെതർലണ്ട് വിമർശനത്തിൽ പുതുഭാവം എടുക്കുന്നത്.

കോൺഗ്രസ് നേത്വനിരയിൽ മുന്നിൽനിന്ന് പ്രവർത്തിച്ചിരുന്ന കാലത്താണ് 2001ൽ ചെറിയാൻഫിലിപ്പ് ഇടുതുപക്ഷത്തേക്ക് തിരിഞ്ഞത്. ഒരുകാലത്ത് എ.കെ.ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും മനസാക്ഷിസൂക്ഷിപ്പുകാരനായി അറിയപ്പെട്ടിരുന്ന ചെറിയാൻ പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായി. മൂന്ന് തവണ സിപിഎം. നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകിയെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല. തീർത്തും ജയസാധ്യതയില്ലാത്ത പുതുപ്പള്ളിയിലും കല്ലൂപ്പാറയിലും വട്ടിയൂർക്കാവിലുമായിരുന്നു ആ മത്സരങ്ങൾ. തോൽക്കുന്ന സീറ്റിൽ പരാതി കൂടാതെ മത്സരിച്ച ചെറിയാൻ ഫിലിപ്പിന് ഇത്തവണ രാജ്യസഭാ സീറ്റ് ഏവരും പ്രതീക്ഷിച്ചു. അതും കിട്ടിയില്ല. ഇതോടെയാണ് സിപിഎമ്മുമായി അകൽച്ച തുടരുന്നത്.

1972-ലെ യൂണിവേഴ്സിറ്റി കോളെജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിയായ ചെറിയാൻ ഫിലിപ്പ് വിജയിച്ച വാർത്ത പുറത്തുവന്ന അതേ ദിവസം യൂണിവേഴ്സിറ്റി കോളേജിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റിൽ കെഎസ് യു നേതാവ് ചെറിയാൻ ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ട ചൊരുക്കാണ് എസ്എഫ്‌ഐ ഗുണ്ടകൾ ചെറിയാന്റെ ശരീരത്തിൽ തീർത്തത്. രണ്ടാം നിലയിൽ നിന്ന് താഴേക്കുള്ള വലിച്ചെറിയലിൽ ചെറിയാന്റെ കാലൊടിഞ്ഞു. നട്ടെല്ലിന് ഗുരുതര ക്ഷതമേൽക്കുകയും ചെയ്തു. നട്ടെല്ലിന് ഏറ്റ ശക്തമായ ക്ഷതത്തിൽ ചെറിയാൻ ഫിലിപ്പിന് ജീവിതം തന്നെ നഷ്ടമായി. ഇവിടെ നിന്ന് എസ് എഫ് ഐ കോളേജിൽ കാലുറപ്പിക്കാനും തുടങ്ങി. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഇന്നും ചെറിയാൻ ഫിലിപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP