Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുരന്ത നിവാരണത്തിലെ 'വീഴ്ചയും വിലാപകാവ്യം' മർമ്മത്തുകൊണ്ടു; വിമർശനത്തിന്റെ ചൂടാറും മുമ്പെ ചെറിയാൻ ഫിലിപ്പിന്റെ നിയമനം റദ്ദാക്കി ഖാദി ബോർഡ്; ഇടതുസഹായാത്ര വിട്ട് പഴയ തട്ടകത്തിലേക്ക് മടങ്ങിയേക്കും; കോൺഗ്രസുമായി അടുക്കുന്നു

ദുരന്ത നിവാരണത്തിലെ 'വീഴ്ചയും വിലാപകാവ്യം' മർമ്മത്തുകൊണ്ടു; വിമർശനത്തിന്റെ ചൂടാറും മുമ്പെ ചെറിയാൻ ഫിലിപ്പിന്റെ നിയമനം റദ്ദാക്കി ഖാദി ബോർഡ്; ഇടതുസഹായാത്ര വിട്ട് പഴയ തട്ടകത്തിലേക്ക് മടങ്ങിയേക്കും; കോൺഗ്രസുമായി അടുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ദുരന്ത നിവാരണ നടപടികളിലെ വീഴ്ചകൾ തുറന്നുകാട്ടിയും ദുരിതാശ്വാസ ക്യാമ്പിലെത്തിയുള്ള ഭരണകർത്താക്കളുടെ കണ്ണീർ പൊഴിക്കലിന്റെ ജനവഞ്ചന തുറന്നുകാട്ടിയുമുള്ള വിമർശനത്തിന് പിന്നാലെ ചെറിയാൻ ഫിലിപ്പിനെ കൈവിട്ട് പിണറായി സർക്കാർ. ഇടതുസഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിനെ ഖാദി ബോർഡ് വൈസ് ചെയർമാനായി നിയമിച്ചുള്ള ഉത്തരവ് സർക്കാർ റദ്ദാക്കി.

ദുരന്തനിവാരണത്തിലെ വീഴ്ചയിൽ മുഖ്യമന്ത്രിയെ വിമർശിച്ചതാണ് നിയമനം റദ്ദാക്കിയുള്ള ഉത്തരവിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്ന ശേഷം ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്ന് അദ്ദേഹം വിമർശിച്ചിരുന്നു.

2018,19 എന്നീ വർഷങ്ങളിലെ പ്രളയത്തിൽ നിന്നും ഒട്ടേറെ പാഠങ്ങൾ നാം പഠിച്ചതാണ്. നെതർലൻഡ് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചു. തുടർ നടപടിയെക്കുറിച്ച് ഇപ്പോഴും ആർക്കുമറിയില്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പരിഹസിച്ചിരുന്നു.

നെതർലൻഡ്സ് മാതൃക അവിടെ പോയി മനസ്സിലാക്കിയ ശേഷം പിന്നീടെന്ത് സംഭവിച്ചുവെന്ന് ആർക്കുമറിയില്ലെന്നായിരുന്നു ഇടത് സഹയാത്രികനായ ചെറിയാൻ ഫിലിപ്പിന്റെ വിമർശനം. എന്നാൽ സംസ്ഥാനത്ത് ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്.

ചെറിയാൻ ഫിലിപ്പിന് ഇടത്പക്ഷവുമായി എന്തെങ്കിലും അകൽച്ചയുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. മുൻപ് കോൺഗ്രസുമായി സഹകരിച്ചിരുന്ന ചെറിയാൻ ഫിലിപ്പ് ഇടത്പക്ഷവുമായി ചേർന്ന് സഹകരിക്കുന്നു. പൊതു രംഗത്ത് നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഒരാളാണ് അദ്ദേഹം.

കോൺഗ്രസുമായി സഹകരിക്കേണ്ടെന്നും ഇടതുപക്ഷവുമായി സഹകരിക്കേണ്ടതാണെന്നും തോന്നിയ അദ്ദേഹം നല്ല രീതിയിലാണ് സഹകരിച്ചത്. തിരിച്ചും നല്ല രീതിയിൽ മാന്യമായിട്ടാണ് ചെറിയാൻ ഫിലിപ്പിനോട് സഹകരിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ നിലയിൽ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറിയാൻ ഫിലിപ്പിന്റെ രക്ഷകർതൃ സ്ഥാനത്ത് നിന്നുകൊണ്ട് കൊണ്ടുനടന്നു എന്ന് പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെയാണ് വൈസ് ചെയർമാൻ സ്ഥാനത്ത് നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ റദ്ദാക്കിയത്.

പദവി ഏറ്റെടുക്കില്ലെന്ന് ചെറിയാൻ ഫിലിപ്പ് നേരത്തെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നുവെങ്കിലും വിമർശനവും വിവാദവും ഉയരുന്നതിന് മുമ്പെ യാതൊരു പ്രതികരണവും ഇടതുമുന്നണിയോ അധികൃതരോ നടത്തിയിരുന്നില്ല.

പുസ്തക രചനയുടെ തിരക്കിലാണെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ പിന്മാറൽ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാൻ ഫിലിപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ഖാദി വിൽപനയും ചരിത്ര രചനയും ഒരുമിച്ച് നടത്താൻ പ്രയാസമാണെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

അതേ സമയം സിപിഎമ്മുമായി അകലുന്ന ചെറിയാൻ ഫിലിപ്പ് കോൺഗ്രസുമായി അടുക്കുന്നതായാണ് സൂചനകൾ. കെപിസിസി ഭാരവാഹി പട്ടിക പുറത്തുവരുന്നതിന് പിന്നാലെ ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലെത്തുമെന്നാണ് സൂചന. സ്ഥാനമാനങ്ങൾ ലക്ഷ്യംവച്ച് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് തിരിച്ചെത്തിയെന്ന ആക്ഷേപം ഒഴിവാക്കുന്നതിനാണിത്.

സിപിഎമ്മിൽ നിന്ന് തുടർച്ചയായി അവഗണന നേരിടുന്നെന്ന വികാരത്തിലാണ് ചെറിയാൻ ഫിലിപ്പ്. നവകേരളമിഷന്റെ കോർഡിനേറ്റർ സ്ഥാനമായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ചെറിയാൻ ഫിലിപ്പിന്. ഇതിനിടെ പ്രതീക്ഷ നൽകി രണ്ട് രാജ്യസഭാ സീറ്റുകൾ വന്നെങ്കിലും സിപിഎം പരിഗണിച്ചില്ല. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ സീറ്റും കിട്ടില്ല. കഴിഞ്ഞദിവസം ഖാദി ബോർഡിലെ സ്ഥാനം നൽകിയെങ്കിലും ഖാദിവിൽപനയും ചരിത്രരചനയും ഒന്നിച്ചു നടക്കില്ലെന്ന് പരിഹസിച്ച് ചെറിയാൻ ഫിലിപ്പ് പരസ്യമായി നിരസിച്ചു.

പിന്നാലെ സിപിഎം പി.ബി.അംഗം കോടിയേരി ബാലകൃഷ്ണൻ ചെറിയാൻ ഫിലിപ്പിനെ ഫോൺ വിളിച്ചു. ഖാദി ബോർഡ് വിഷയത്തിൽ സിപിഎമ്മിനുണ്ടായ വിഷമങ്ങൾ പങ്കുവച്ച കോടിയേരി മറ്റൊന്നും പറഞ്ഞതുമില്ല. സിപിഎമ്മിന് തന്നെ വേണമെങ്കിൽ പറയണമെന്ന നിലപാടലാണിപ്പോൾ ചെറിയാൻ ഫിലിപ്പ്. കോൺഗ്രസിൽ നിന്ന് ഇറങ്ങിയിട്ട് രണ്ടുപതിറ്റാണ്ടായെങ്കിലും എ.കെ.ആന്റണി ഉൾപ്പടെ പല മുതിർന്ന നേതാക്കളുമായും ചെറിയാൻ ഫിലിപ്പിന് ഊഷ്മള ബന്ധമുണ്ട്. ചെറിയാൻ ഫിലിപ്പിനെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്ന നിലപാടാണ് കെ.സുധാകരനും വി.ഡി.സതീശനുമുള്ളത്. എന്നാൽ കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ച ശേഷംമതി പരസ്യനീക്കങ്ങളെന്നാണ് ധാരണ.

ലീഗ് നേതാവായിരുന്ന അവുക്കാദർകുട്ടിനഹയുടെ പേരിലുള്ള പുരസ്‌കാരം തിങ്കളാഴ്ച ചെറിയാൻ ഫിലിപ്പിന് നൽകുന്ന ചടങ്ങിൽ ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടകൻ. ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ടശേഷം ഇരുവരും ഒരുമിച്ച് വേദി പങ്കിടുന്നത് ഇതാദ്യമാകും. പുതുപ്പള്ളി മണ്ഡലത്തിൽ ഇരുവരും നേർക്കുനേർ മത്സര രംഗത്ത് വന്ന കാലത്തും ബന്ധങ്ങൾ നിലനിർത്താൻ നേതാക്കൾ സൂക്ഷിച്ചിരുന്നു.

പാർട്ടിവിട്ട് സിപിഎമ്മിലേക്ക് പോയവരുടെ മുൻഗാമിയായ ചെറിയാൻ ഫിലിപ്പ് മടങ്ങിയെത്തുന്നത് നല്ല രാഷ്ട്രീയസന്ദേശമാകുമെന്നും കോൺഗ്രസ് കരുതുന്നു. കോൺഗ്രസിൽ നിന്നെത്തുന്നവരെ തൽക്കാലിക രാഷ്ട്രീയനേട്ടത്തിന് സിപിഎം സ്വീകരിക്കുമെങ്കിലും പിന്നീടുള്ള അനുഭവം മോശമായിരിക്കുമെന്ന് പ്രചരിപ്പിക്കാൻ അവസരമൊരുങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP