Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താൻ ആരുടെയും രക്ഷാകർത്താവ് അല്ല; ചെറിയാൻ ഫിലിപ്പിനെ ഇടതുപക്ഷവുമായി മാന്യമായ രീതിയിൽ സഹകരിപ്പിച്ചു; ഇപ്പോൾ മറ്റ് എന്തെങ്കിലും നിലയുണ്ടോയെന്നും തനിക്കറിയില്ല; പ്രളയക്കെടുതിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച ചെറിയാൻ ഫിലിപ്പിന് മുഖ്യമന്ത്രിയുടെ മറുപടി

താൻ ആരുടെയും രക്ഷാകർത്താവ് അല്ല; ചെറിയാൻ ഫിലിപ്പിനെ ഇടതുപക്ഷവുമായി മാന്യമായ രീതിയിൽ സഹകരിപ്പിച്ചു; ഇപ്പോൾ മറ്റ് എന്തെങ്കിലും നിലയുണ്ടോയെന്നും തനിക്കറിയില്ല; പ്രളയക്കെടുതിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച ചെറിയാൻ ഫിലിപ്പിന് മുഖ്യമന്ത്രിയുടെ മറുപടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ സംസ്ഥാന സർക്കാറിനെതിരെ വിമർശനം ഉന്നയിച്ച ചെറിയാൻ ഫിലിപ്പിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ ആരുടെയും രക്ഷാകർത്താവ് അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെറിയാൻ ഫിലിപ്പ് പൊതുരംഗത്ത് നല്ല രീതിയിൽ പ്രവർത്തിച്ച ഒരാളാണ്. അദ്ദേഹം ഒരുഘട്ടത്തിൽ കോൺഗ്രസിനൊപ്പം നിൽക്കേണ്ടതല്ല, ഇടതുപക്ഷത്തിനൊപ്പം സഹകരിക്കേണ്ടതാണെന്ന് തോന്നി. അങ്ങനെ ഞങ്ങളുമായി സഹകരിച്ചെന്നത് ശരിയാണ്. മാന്യമായ രീതിയിൽ ഞങ്ങൾ സഹകരിപ്പിക്കാൻ തയ്യാറായി എന്നതും വസ്തുതയാണ്. ഇപ്പോ മറ്റ് എന്തെങ്കിലും നിലയുണ്ടോയെന്നും തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രളയക്കെടുതിയിൽ പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഇടതു സഹയാത്രികനായ ചെറിയാൻ ഫിലിപ്പ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി. ഭരണാധികാരികൾ ദുരന്തനിവാരണത്തിൽ വേണ്ടത്ര ശ്രദ്ധിക്കാതെ, ദുരന്തം വന്ന ശേഷം ദുരിതാശ്വാസ ക്യാംപിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജന വഞ്ചനയാണെന്നായിരുന്നു ചെറിയാന്റെ വിമർശനം. നെതർലൻഡ്സ് മാതൃകയെക്കുറിച്ച് അവിടെപ്പോയി പഠിച്ചശേഷം തുടർ നടപടിയെക്കുറിച്ച് ആർക്കുമറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ലാക്കാക്കിയുള്ള വിമർശനവും ഉയർത്തി. കഴിഞ്ഞ പിണറായി സർക്കാരിൽ നവകേരള മിഷൻ കോഓർഡിനേറ്റർ കൂടിയായിരുന്നു ചെറിയാൻ.

അറബിക്കടലിലെ ന്യൂനമർദം കുറയുകയും മഴ ശമിക്കുകയും ചെയ്യാതിരുന്നെങ്കിൽ പെരുമഴയോടൊപ്പം ഡാമുകൾ കൂടി തുറന്നു വിടുമ്പോൾ പല ജില്ലകളും വെള്ളത്തിലാകുമായിരുന്നു, മഹാഭാഗ്യം എന്നു പറഞ്ഞാൽ മതിയെന്നും ചെറിയാൻ കുറിപ്പിൽ പറയുന്നു.

മുഖ്യമന്ത്രിയെ ഉന്നം വെച്ചുള്ള വിവാദ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ആഘാതം എന്നിവ മൂലം കേരളത്തിൽ എപ്പോൾ വേണമെങ്കിലും പ്രളയവും വരൾച്ചയും പ്രതീക്ഷിക്കാം.
ഭൂമിയിൽ മഴവെള്ളം കെട്ടിക്കിടക്കാൻ ഇടമുണ്ടായാൽ മാത്രമേ പ്രളയത്തേയും വരൾച്ചയേയും പ്രതിരോധിക്കാനാവൂ. രണ്ടിനേയും നേരിടാൻ ദീർഘകാല പദ്ധതികൾ സർക്കാർ ആവിഷ്‌ക്കരിക്കണം.

വെള്ളം കെട്ടിക്കിടക്കാൻ ചതുപ്പുനിലങ്ങളോ വയലുകളോ ഇല്ലെങ്കിൽ മഴവെള്ളം കരഭൂമിയിലേക്ക് പ്രവേശിക്കും. നദികളിൽ മണ്ണ് നിറഞ്ഞ് ആഴമില്ലാതായതോടെയാണ് കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയത്. മഴവെള്ളം ഭൂഗർഭത്തിലേക്ക് കിനിഞ്ഞിറങ്ങിയാൽ മാത്രമേ കിണറുകളിലെയും കുളങ്ങളിലേയും വെള്ളം വറ്റാതിരിക്കൂ. ഭൂഗർഭ ജലമില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകും. സ്ഥല- ജല മാനേജ്‌മെന്റിലൂടെ മാത്രമേ രണ്ടു വിപത്തുകളെയും നേരിടാനാവൂ.

ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണ്. 2018, 19 എന്നീ വർഷങ്ങളിലെ പ്രളയത്തിൽ നിന്നും ഒട്ടേറെ പാഠങ്ങൾ നാം പഠിച്ചതാണ്. നെതർലണ്ട് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചു. തുടർ നടപടിയെക്കുറിച്ച് ഇപ്പോഴും ആർക്കുമറിയില്ല.

അറബിക്കടലിലെ ന്യൂനമർദ്ദം കുറയുകയും മഴ ശമിക്കുകയും ചെയ്യാതിരുന്നെങ്കിൽ പെരുമഴയോടൊപ്പം എല്ലാ ഡാമുകളും തുറന്നു വിടുന്ന സാഹചര്യത്തിൽ കേരളത്തിലെ പല ജില്ലകളും വെള്ളത്തിനടിയിൽ ആകുമായിരുന്നു. മഹാഭാഗ്യം എന്നു പറഞ്ഞാൽ മതി. പശ്ചിമഘട്ട നിരയിലെ മനുഷ്യന്റെ ബലാൽക്കാരവും ചൂഷണവും അവസാനിപ്പിച്ചില്ലെങ്കിൽ മഴയോടൊപ്പം ഉരുൾപൊട്ടലും ഒരു സ്ഥിരം പ്രതിഭാസമായി തീരും. പ്രകൃതിയെയും പരിസ്ഥിതിയേയും കൊല്ലുന്നവർ മനുഷ്യക്കുരുതിക്കും വഴി തുറക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP