Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'പ്രദീപിനെ ഭീഷണിപ്പെടുത്തിയ ആൾ കരമന സ്റ്റേഷനിൽ മാപ്പു പറയാനെത്തിയത് 24 ന്യൂസിന്റെ വാഹനത്തിൽ; പ്രതിയായ ഫസലിനൊപ്പം വന്നത് ശ്രീകണ്ഠൻ നായരുടെ മകനും'! സിജിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ചിലത് തുറന്നു പറഞ്ഞ് കൃഷ്ണരാജ് വക്കീലും; എസ് വി പ്രദീപിന്റെ അപകടം ദുരൂഹമോ?

'പ്രദീപിനെ ഭീഷണിപ്പെടുത്തിയ ആൾ കരമന സ്റ്റേഷനിൽ മാപ്പു പറയാനെത്തിയത് 24 ന്യൂസിന്റെ വാഹനത്തിൽ; പ്രതിയായ ഫസലിനൊപ്പം വന്നത് ശ്രീകണ്ഠൻ നായരുടെ മകനും'! സിജിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ചിലത് തുറന്നു പറഞ്ഞ് കൃഷ്ണരാജ് വക്കീലും; എസ് വി പ്രദീപിന്റെ അപകടം ദുരൂഹമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിന്റെ അപകടമരണം വീണ്ടും ചർച്ചയാകുന്നു. കേരള കൗമുദി മുൻ അസിസ്റ്റന്റ് എഡിറ്റർ എസ്. ജഗദീഷ് ബാബു എഴുതിയ വാർത്തയാണ് എസ്.വി. പ്രദീപിന്റെ അപകടമരണത്തിനു പിന്നിലെ കറുത്തകരങ്ങളെക്കുറിച്ച് സൂചന നൽകുന്നത്. ഇതിന് പിന്നാലെ അഭിഭാഷകനായ കൃഷ്ണരാജും വെളിപ്പെടുത്തലുമായി രംഗത്തു വന്നു.

24 ന്യൂസ് ചാനലിൽ ജോലി ചെയ്യുന്ന സി. ഉണ്ണികൃഷ്ണന്റെ ഭാര്യ സിജി ഉണ്ണികൃഷ്ണനാണ് പ്രദീപിന്റെ മരണം വീണ്ടും ചർച്ചയാക്കുന്ന വിധത്തിൽ പോസ്റ്റിട്ടത്. ശ്രീകണ്ഠൻ നായരുടെ മകൻ ശ്രീരാജും ഉണ്ണികൃഷ്ണനും തന്നെ ഭീഷണിപ്പെടുത്തുന്നതായി എസ്.വി. പ്രദീപ് തന്നോടു ഫോണിൽ പരാതിപ്പെട്ടിരുന്നതായി സിജി വെളിപ്പെടുത്തി. 24 ന്യൂസ് സംഘടിപ്പിച്ച എ.ആർ. റഹ്മാൻ ഷോയുമായി ബന്ധപ്പെട്ട് എസ്.വി. പ്രദീപ് ഓൺലൈൻ ചാനലിൽ കൊടുത്ത ചില വാർത്തകളെ തുടർന്നായിരുന്നു ഭീഷണി. ഇതിന് പിന്നാലെയാണ് ചർച്ചകൾ സജീവമായത്. ഇതിനിടെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഡ്വക്കേറ്റ് കൃഷ്ണരാജ് എത്തിയത്. തന്റെ ഫെയ്‌സ് ബുക്കിലാണ് കൃഷ്ണരാജ് കാര്യങ്ങൾ വിശദീകരിച്ചത്. പ്രദീപിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. പ്രദീപിന്റെ അമ്മയും ഭാര്യയും നൽകിയ ഈ ഹർജിയിൽ കോടതിയിൽ ഹാജരാകുന്നതും കൃഷ്ണരാജാണ്.

2020 ഡിസംബർ 14നാണ് പ്രദീപ് മരിക്കുന്നത്. അന്ന് രാത്രിയിൽ തന്റെ മകനെ കൊലപ്പെടുത്തിയതാണെന്നും നിരവധി ഭീഷണികളുണ്ടെന്നും കാട്ടി പൊലീസിന് അമ്മ മൊഴി നൽകി. ഇതോടെ കൊലപാതക കുറ്റത്തിന് എഫ് ഐ ആർ വന്നു. അടുത്ത ദിവസം ഉച്ചയോടെ ലോറിയുടെ ഡ്രൈവറും ഉടമയും അറസ്റ്റിലായി. മൂന്ന് മണിയോടെ കൊലപാതകമല്ലെന്നും മനപ്പൂർവ്വമല്ലാത്ത നരഹത്യ മാത്രമാണ് സംഭവിച്ചതെന്നും കാട്ടി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. അടുത്ത ദിവസമാണ് പ്രതികളുടെ ഫോൺ ഡീറ്റയിൽസിലോട്ടു പോലും അന്വേഷണം പോകുന്നത്-കൃഷ്ണരാജ് പറയുന്നു.

പ്രദീപിന്റെ അപകടം സിസിടിവിയിൽ ഉണ്ടായിരുന്നു. അപകടം നടന്നതിന് എതിർവശത്തെ സിസിടിവി ദൃശ്യം മാത്രമാണ് പൊലീസ് ശേഖരിച്ചത്. അപകടം നടന്ന ഭാഗത്തെ സിസിടിവി കണ്ടില്ലെന്ന് നടിച്ചു. അവിടെ ഉണ്ടായിരുന്ന പച്ചക്കറിക്കട ഒരു മാസത്തിനുള്ളിൽ അടച്ചു പോയി. ഇതെല്ലാം സംശയിക്കത്തക്ക സാഹചര്യമാണെന്ന് കൃഷ്ണരാജ് പറയുന്നു. സിജി ഉണ്ണി കൃഷ്ണന്റെ പോസ്റ്റും ഗൗരവത്തോടെ എടുക്കണമെന്ന് കൃഷ്ണരാജ് വിശദീകരിക്കുന്നുണ്ട്. ഈ വിഷയവും ഹൈക്കോടതിയുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരുമെന്നാണ് കൃഷ്ണരാജ് ഫെയ്‌സ് ബുക്ക് ലൈവിലൂടെ അറിയിക്കുന്നത്. അതിനുള്ള കാരണവും കൃഷ്ണരാജ് തന്നെ വിശദീകരിക്കുന്നുണ്ട്.

എആർ റഹ്മാൻ ഷോയുമായി ബന്ധപ്പെട്ട് പ്രദീപ് വാർത്ത നൽകി. ഇതിന് പിന്നാലെ ഫോണിൽ ഭീഷണി സന്ദേശം എത്തി. ഫസൽ ഉൾ അബീദ് ആണ് 2019 ഡിസംബർ 18ന് പ്രദീപിനെ ഭീഷണിപ്പെടുത്തിയത്. ഫോൺ നമ്പർ സഹിതം കരമന പൊലീസിൽ പ്രദീപ് പരാതി നൽകി. ഇതോടെ സ്‌റ്റേഷനിലെത്തിയ ഫസൽ മാപ്പ് എഴുതി നൽകി. 24 ന്യൂസിന്റെ ഔദ്യോഗിക വാഹനത്തിലാണ് കരമന പൊലീസ് സ്‌റ്റേഷനിൽ ഫസൽ എത്തിയതെന്ന് കൃഷ്ണരാജ് പറയുന്നു. കൂടെ ശ്രീകണ്ഠൻ നായരുടെ മകൻ ശീരാജും ഉണ്ടായിരുന്നുവെന്നാണ് അഭിഭാഷകന്റെ വെളിപ്പെടുത്തൽ. അതുകൊണ്ട് തന്നെ സിജിയുടെ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് കൃഷ്ണരാജ് പറയുന്നു.

ഉണ്ണികൃഷ്ണന്റെ ഭാര്യ എന്ന നിലയിൽ മാത്രമല്ല തന്റെ അസ്തിത്വമെന്നും മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമെന്ന നിലയിൽ എസ്.വി. പ്രദീപിന്റെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരാൻ അവസാന ശ്വാസം വരെ പോരാടുമെന്നും സിജി പറയുന്നു. എത്ര ഭീഷണിയും പീഡനവുമുണ്ടായാലും പിന്മാറില്ലെന്നും സിജി വ്യക്തമാക്കിയതായി ജഗദീഷ് ബാബു എഴുതിയ വാർത്തയിൽ പറയുന്നു. ഈ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിനുശേഷം അധികം താമസിയാതെ സിജി പോസ്റ്റ് പിൻവലിക്കകുയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡിസംബർ 14ന് തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തുണ്ടായ വാഹനാപകടത്തിലാണു പ്രദീപ് മരിച്ചത്. പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറിനെ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ജയ്ഹിന്ദ്, മനോരമ ന്യൂസ്, മീഡിയ വൺ, ന്യൂസ് 18, കൈരളി, മംഗളം ചാനലുകളിൽ പ്രദീപ് പ്രവർത്തിച്ചിട്ടുണ്ട്. ഓൺലൈൻ മാധ്യമത്തിൽ പ്രവർത്തിച്ചുവരുമ്പോഴാണ് പ്രദീപിന്റെ കൊലപാതകം നടന്നത്. സിജി തന്റെ പോസ്റ്റ് ആരംഭിക്കുന്നത് തന്നെ ഒരു ചോദ്യത്തോടെയാണ്.

പ്രദീപേട്ടന്റെ കൊലപാതകത്തിനു പിന്നിൽ ആരൊക്കെയാണ്? 24 മണിക്കൂറും ഒരു ന്യൂസ് ചാനലിൽ One Man Show ചെയ്യുന്ന മാധ്യമരാജാവും കൂട്ടാളികളും ചേർന്ന് പ്രദീപേട്ടനെ ഭീഷണിപ്പെടുത്തിയത് എന്തിനുവേണ്ടി? 24 News ന്റെ MD ശ്രീകണ്ഠൻ നായർ എന്തിനുവേണ്ടിയാണ് 24 News ന്റെ Chief ആയ C. ഉണ്ണികൃഷ്ണനെ പ്രശസ്ത മാധ്യമപ്രവർത്തകൻ S.V. പ്രദീപിനെ ഭീഷണിപ്പെടുത്താനായി ഉപയോഗിച്ചത്? മാധ്യമ സിംഹം ശ്രീകണ്ഠൻ നായരുടെ മകനായ ശ്രീക്കുട്ടനെ (ശ്രീരാജ്) നെ നേരിട്ട് വിട്ട് S.V. പ്രദീപിനെ ഭീഷണിപ്പെടുത്തുമ്പോൾ നിങ്ങളിലെ മൂല്യബോധമുള്ള പിതാവിന് എന്തുസംഭവിച്ചു?

സിജി പി ചന്ദ്രൻ എന്ന ഞാൻ സി. ഉണ്ണികൃഷ്ണന്റെ ഭാര്യ മാത്രമല്ല 2004 മുതൽ മാധ്യമരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഒരു മാധ്യമപ്രവർത്തകയും എഴുത്തുകാരിയും സോഷ്യൽ ആക്റ്റിവിസ്റ്റുമാണ്. അതുകൊണ്ടുതന്നെ സത്യം പുറത്തു കൊണ്ടുവരാൻ ഞാൻ അവസാന ശ്വാസം വരെ പോരാടും. നിങ്ങൾക്കെന്നെ കൊല്ലാം. പക്ഷേ എന്നെ നിങ്ങൾക്ക് നിശബ്ദയാക്കാനാവില്ല......

എന്തായാലും സിജിയുടെ ചോദ്യങ്ങൾ ശ്രീകണ്ഠൻ നായരെ മുൾമുനയിൽ നിർത്തുന്നവയാണ്. ബിജെപി നേതാവ് സന്ദീപ് വാചസ്പതി എക്സ്‌ക്ലൂസിവ് ഡെയ്ലിയുടെ വാർത്തയെ അവിശ്വസിക്കേണ്ട കാര്യമില്ല എന്ന് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിട്ടുണ്ട്. പ്രദീപിനെ ശ്രീകണ്ഠൻ നായരുടെ ചാനൽ ജീവനക്കാരൻ ഭീഷണിപ്പെടുത്തിയതിന് കരമന പൊലീസ് സ്റ്റേഷനിൽ കേസ് ഉണ്ടായിരുന്നു. ഇയാൾ മാപ്പ് എഴുതി നൽകി കേസ് അവസാനിപ്പിക്കുകയാണ് ചെയ്തതെന്നും സന്ദീപ് വാചസ്പതി പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.

കേരളത്തിലെ മാധ്യമപ്രവർത്തകരെ യഥാർഥ വാർത്തകൾ ചെയ്യുന്നതിൽ നിന്നും പിന്മാറാൻ പ്രേരിപ്പിക്കുന്ന വിധമാണ് ഇപ്പോൾ എസ്.വി. പ്രദീപിന്റെ മരണം ചർച്ചയായിരിക്കുന്നത്. ശ്രീകണ്ഠൻ നായർക്കെതിരെ വിരൽ ചൂണ്ടുന്നവരെ ഇല്ലാതാക്കുമെന്ന ഭീഷണി പോലെയാണ് ഈ കുറിപ്പുകൾ സാധാരണക്കാരൻ വായിക്കുമ്പോൾ മനസിലാക്കിയെടുക്കുന്നത്. മുതിർന്ന മാധ്യമപ്രവർത്തകന്റെ സ്വാധീനങ്ങൾ മറ്റുള്ളവരെ ഇല്ലാതാക്കാൻ കഴിവുള്ളതാണെന്ന സൂചനയും ഇതിലൂടെ ലഭിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP