Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരുഭൂമിയിലെ ആഡംബര ഗ്ലാംപിങ് - അതിഥികളെ സ്വാഗതം ചെയ്ത് 'മിസ്‌ക് മൂൺ റിട്രീറ്റ്'

മരുഭൂമിയിലെ ആഡംബര ഗ്ലാംപിങ് - അതിഥികളെ സ്വാഗതം ചെയ്ത് 'മിസ്‌ക് മൂൺ റിട്രീറ്റ്'

സ്വന്തം ലേഖകൻ

യുഎഇയുടെ വിനോദസഞ്ചാര വിശേഷങ്ങളിൽ പുതിയൊരേട് കൂട്ടിച്ചേർത്ത് ഷാർജ നിക്ഷേപ വികസന അഥോറിറ്റി (ഷുറൂഖ്). ക്യാംപിങ് അനുഭവങ്ങളും ആഡംബര ആതിഥേയത്വവും ഒരുപോലെ സമ്മേളിക്കുന്ന?'ഗ്ലാംപിങ്' കേന്ദ്രം 'മിസ്‌ക് മൂൺ റിട്രീറ്റ്' അതിഥികൾക്കായി വാതിൽ തുറന്നു. എമിറേറ്റിലെ ഇത്തരത്തിലുള്ള ആദ്യത്തെ വിനോദകേന്ദ്രമാണിത്. വേറിട്ട മരുഭൂ കാഴ്ചകളാൽ സമ്പന്നമായ ഷാർജ മെലീഹയിലാണ് പുതിയ വിശ്രമകേന്ദ്രം സ്ഥിതി ചെയ്യുന്നത്.

ഹോട്ടൽ എന്ന വിശേഷണത്തെക്കാൾ പ്രകൃതിയോടിണങ്ങിയ ആധുനിക ആഡംബര ക്യാംപിങ് (?ഗ്ലാംപിങ്) സൗകര്യമെന്ന വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യമാണ് മൂൺ റിട്രീറ്റിന്റെ കാഴ്ചകളും വിശേഷങ്ങളും. ഇതുതന്നെയാണ് മറ്റുവിനോദ കേന്ദ്രങ്ങളിൽ നിന്നും ഇതിനെ വേറിട്ടു നിർത്തുന്നതും. മരുഭൂമിയിലെ സാഹസിക വിനോദങ്ങളും രാത്രിയിലെ വാനനിരീക്ഷണവും പുലർകാല ട്രക്കിങ്ങുകളും തനത് പാരമ്പര്യരുചികളുമെല്ലാം ലോകോത്തര ആതിഥേയസൗകര്യങ്ങളോട് ചേരുമ്പോൾ, മൂൺ റിട്രീറ്റ് അതിഥികൾക്ക് ഒരിക്കലും മറക്കാനാവാത്ത സഞ്ചാരാനുഭവമായി മാറും.

പേര് സൂചിപ്പിക്കുന്ന പോലെ തന്നെ, ചന്ദ്രനെ അനുസ്മരിപ്പിക്കും വിധത്തിൽ അർധവൃത്താകൃതിയിലാണ് താമസയിടങ്ങൾ. മരുഭൂമിയിൽ പ്രത്യേകം തയാറാക്കിയ പ്രതലത്തിൽ ഒരു ബെഡ് സൗകര്യത്തോടെയുള്ള പത്ത് താഴികക്കുടങ്ങൾ (ഡോം), കുടുംബങ്ങൾക്ക് താമസിക്കാൻ പാകത്തിലുള്ള നാല് ടെന്റുകൾ, ഒരു ബെഡ് സൗകര്യമുള്ള രണ്ട് ടെന്റുകൾ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ താമസയിടത്തോടും ചേർന്ന് സ്വകാര്യ സ്വിമ്മിങ് പൂളുകളും ലോബിയും ബാർബക്യൂ ഇടവുമുണ്ട്.

പ്രകൃതി സൗഹൃദപരമായ വികസന സങ്കൽപ്പങ്ങളിൽ മികച്ച മാതൃകയാവാനുള്ള ഷാർജയുടെ തുടർശ്രമങ്ങളുടെ ഭാഗമാണ് പുതിയ പദ്ധതിയെന്ന് ഷുറൂഖ് എക്‌സിക്യുട്ടീവ് ചെയർമാൻ മർവാൻ ബിൻ ജാസിം അൽ സർക്കാൽ പറഞ്ഞു. 'വേറിട്ട വാസ്തുശൈലിയും പരിസ്ഥിതസൗഹൃദ നിർമ്മാണ രീതികളും പിന്തുടർന്ന് നിർമ്മിച്ച മൂൺ റിട്രീറ്റ്, പ്രായഭേദമന്യേ എല്ലാവർക്കും ആസ്വാദ്യകരമാവും. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി, വെളിച്ച-ശബ്?ദമലിനീകരണങ്ങളൊന്നുമില്ലാതെ മെലീഹ മരുഭൂമിയുടെ സൗന്ദര്യം ആവോളമാസ്വദിച്ച് വിനോദങ്ങളിലേർപ്പെടാനും വിശ്രമിക്കാനുമുള്ള ഒരു മനോഹരകേന്ദ്രമാണിത്' - അദ്ദേഹം പറഞ്ഞു.

സ്വകാര്യതയുറപ്പു വരുത്തി, കുടുംബസഞ്ചാരികൾക്കും സാഹസികത തേടുന്നവർക്കുമെല്ലാം അനുയോജ്യമായ വിധത്തിലാണ് മൂൺ റിട്രീറ്റിലെ സൗകര്യങ്ങളുടെയും ക്രമീകരണം. 'മിസ്‌ക് ബൈ ഷസ'യുമായി ചേർന്ന ഷുറൂഖ് രൂപം കൊടുത്ത 'ഷാർജ കലക്ഷൻ' എന്ന ആതിഥേയ കേന്ദ്രങ്ങളിലെ ഏറ്റവും പുതിയ വിശേഷമാണ് മൂൺ റിട്രീറ്റ്.

വരുന്നൂ ഖോർഫക്കാനിലെ ആദ്യത്തെ വാട്ടർപാർക്ക് - പുതിയ പദ്ധതികൾ പ്രഖാപിച്ച് ഷുറൂഖ്

വിനോദസഞ്ചാര മേഖലയിൽ കൂടുതൽ നിക്ഷേപം നടത്താൻ ഷാർജ. ഖോർഫക്കാൻ തീരത്ത് പുതിയ വാട്ടർപാർക്കടക്കം എമിറേറ്റിന്റെ മധ്യ-കിഴക്കൻ മേഖലകളിലായി പുതിയതായി നാല് പദ്ധതികളാണ് ഷാർജ നിക്ഷേപ വികസന അഥോറിറ്റി (ഷുറൂഖ്) പ്രഖ്യാപിച്ചത്. മേഖലയിലെ വിനോദസഞ്ചാര മേഖലക്ക് കൂടുതൽ ഉണർവ് പകരുന്ന പ്രഖ്യാപനങ്ങൾ കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മലയാളികൾക്ക് പ്രിയപ്പെട്ട ഖോർഫക്കാനിലെ കടലിന് ആമുഖമായി നിൽക്കുന്ന മലനിരകളിലൊരുങ്ങുന്ന 'അൽ ജബൽ റിസോർട്ട്', ഖോർഫക്കാൻ തുറമുഖത്തിനടുത്തായി വാട്ടർപാർക്കും പഞ്ചനക്ഷത്ര ഹോട്ടലും, കൽബയിൽ പുതിയ പഞ്ചനക്ഷത്ര ഹോട്ടൽ, പരിസ്ഥിതി സംരക്ഷണ അഥോറിറ്റി ദെയ്ദ് പ്രദേശത്ത് ഒരുക്കുന്ന ഷാർജ സഫാരി പാർക്കിന്റെ ഭാഗമായുള്ള 'അൽ ബ്രിദി റിസോർട്ടും' കുട്ടികൾക്കും കുടുബങ്ങൾക്കുമായി ദെയ്ദിൽ തന്നെയുള്ള 'പെറ്റിങ് സൂ'വുമാണ് പുതുതായി വരാൻ പോകുന്ന പദ്ധതികൾ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കും വിധമാണ് പദ്ധതികളൊരുങ്ങുന്നത്.

'പാരമ്പര്യത്തെ ചേർത്തുപിടിച്ച്, എല്ലാവർക്കും മാതൃകയാക്കാവുന്ന സുസ്ഥിരവികസന മൂല്യങ്ങളിലൂന്നിയാണ് ഷുറൂഖിന്റെ ഓരോ പദ്ധതികളും ഒരുങ്ങുന്നത്. കുടുംബങ്ങൾക്കും കുട്ടികൾക്കും സാഹസികസഞ്ചാരികൾക്കുമെല്ലാം ഇടമുള്ള, സുരക്ഷയും അത്യാധുനികസൗകര്യങ്ങളുമുള്ള കേന്ദ്രങ്ങളായിരിക്കും ഓരോന്നും. യുഎഇയുടെ കിഴക്കൻ തീരത്തെ ആദ്യത്തെ വാട്ടർപാർക്കും പരിസ്ഥിതി സംരക്ഷണ അഥോറിറ്റിയൊരുക്കുന്ന (ഇപിഎഎ) ഷാർജ സഫാരിയോട് ചേർന്നൊരുക്കുന്ന അൽബ്രിദി റിസോർട്ടുമെല്ലാം തന്നെ ഭാവിയിലൂന്നിയുള്ള ഷുറൂഖിന്റെ വികസനകാഴ്ചപ്പാടിന്റെ കൂടി ഭാഗമാണ്' - ഷുറൂഖ് എക്‌സിക്യുട്ടിവ് ചെയർമാൻ മർവാൻ ബിൻ ജാസിം അൽ സർക്കാൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP