Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രസവിച്ചു മൂന്നാം ദിവസം കുഞ്ഞിനെ തന്നിൽ നിന്നും മാറ്റി; ഭ്രാന്താശുപത്രിയിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി; കുഞ്ഞ് എവിടെയെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; പൊലീസിന് മുന്നിൽ മൊഴി നൽകി അനുപമ; പരാതിക്കാരിയുടെ മൊഴിയെടുത്തത് മുഖ്യമന്ത്രിക്ക് പരാതി നൽകി ആറ് മാസം കഴിഞ്ഞപ്പോൾ

പ്രസവിച്ചു മൂന്നാം ദിവസം കുഞ്ഞിനെ തന്നിൽ നിന്നും മാറ്റി; ഭ്രാന്താശുപത്രിയിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി; കുഞ്ഞ് എവിടെയെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; പൊലീസിന് മുന്നിൽ മൊഴി നൽകി അനുപമ; പരാതിക്കാരിയുടെ മൊഴിയെടുത്തത് മുഖ്യമന്ത്രിക്ക് പരാതി നൽകി ആറ് മാസം കഴിഞ്ഞപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാമുകനിൽ പിറന്ന കുഞ്ഞിനെ തട്ടിയെടുത്ത പിതാവിനെതിരെ പൊലീസിൽ മൊഴി നൽകി അനുപമ. പേരൂർക്കടയിലെ സിപിഎം പ്രാദേശിക നേതാവായ ജയചന്ദ്രനെതിരെയാണ് മകൾ അനുപമ പൊലീസിൽ മൊഴി നൽകിയത്. ഭരണ സ്വാധീനത്താൽ ഇതുവരെ പൊലീസ് അനങ്ങാതിരുന്ന കേസ് മാധ്യമവാർത്തകളിൽ നിറഞ്ഞതോടെ ഒടുവിലാണ് പൊലീസ് ഇടപെടാൻ തയ്യാറായത്. അനുപമയുടെ മൊഴി പേരൂർക്കട പൊലീസ് രേഖപ്പെടുത്തി.

പ്രസവിച്ച് മൂന്നാം ദിവസം കുട്ടിയെ മാതാപിതാക്കൾ തന്നിൽ നിന്ന് മാറ്റിയെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. അന്ന് മുതൽ പൊലീസ് സ്റ്റേഷൻ, ഡിജിപി, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും പേരൂർക്കട സ്വദേശി അനുപമ നേരത്തെ ആരോപിച്ചിരുന്നു. ഈ വർഷം ഏപ്രിൽ 19 നാണ് കുഞ്ഞിനെ അച്ഛനും അമ്മയും എടുത്തു കൊണ്ടുപോയെന്ന് കാണിച്ച് അനുപമ പൊലീസിൽ പരാതി നൽകിയത്.

പ്രസവിച്ച് മൂന്നാം ദിവസം രക്ഷിതാക്കൾ കൊണ്ടുപോയ കുഞ്ഞ് എവിടെയാണെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും ആറുമാസത്തിന് ശേഷമാണ് പൊലീസ് തങ്ങളിൽ നിന്ന് മൊഴി രേഖപ്പെടുത്താൻ തയ്യാറായതെന്ന് അവർ പറഞ്ഞു. ദുരഭിമാനത്തെ തുടർന്നാണ് രക്ഷിതാക്കൾ കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് അനുപമയുടെ ആരോപണം.

തന്റെ പരാതി പൊലീസും വനിതാ കമ്മീഷനും തള്ളിയാൽ കോടതിവഴി മുന്നോട്ടുപോകുമെന്നാണ് യുവതിയും ഭർത്താവ് അജിത്തും പറയുന്നത്. സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേൽപിക്കാം എന്ന് പറഞ്ഞ് അച്ഛനും അമ്മയും കൊണ്ടുപോവുകയായിരുന്നുവെന്നാണ് അനുപമയുടെ പരാതി. എന്നാൽ കുട്ടിയെ കിട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ കുട്ടിയുടെ അച്ഛനായ അജിത്തിനൊപ്പം താമസം തുടങ്ങിയെന്നും അനുപമ പറയുന്നു.

ആദ്യ വിവാഹം ഒഴിയാതിരിക്കാൻ അനുപമയുടെ അച്ഛൻ ഇടപെട്ടിരുന്നതായി കുട്ടിയുടെ അച്ഛൻ അജിത് പറയുന്നു. പാർട്ടിയിലെ ചില നേതാക്കളും അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചനയാണ് തങ്ങൾക്കെതിരെ നടന്നിരിക്കുന്നത്. ഇപ്പോൾ പോലും മണിക്കൂറുകൾ നീണ്ട സമയമെടുത്ത് മൊഴി രേഖപ്പെടുത്തിയെങ്കിലും അത് ഞങ്ങളെ വായിച്ച് കേൾപ്പിച്ച് ഒപ്പിട്ട് വാങ്ങിയിട്ടില്ല. അതിനാൽ തന്നെ തുടർനടപടി ഇനിയും വൈകുമെന്നാണ് ആശങ്കയെന്ന് ഇവർ പറയുന്നു.

ഒരു നിയമപ്രാബല്യവുമില്ലാത്ത രേഖകളുണ്ടാക്കി കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയെന്ന് അനുപമയുടെ അച്ഛൻ പരസ്യമായി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. കുഞ്ഞെവിടെയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല. കുട്ടിയെ തിരികെ കിട്ടാൻ ഏതറ്റം വരെയും പോകുമെന്ന് അനുപമയും അജിത്തും പറയുന്നു. പരാതി നൽകിയിട്ടും പൊലീസ് എഫ്‌ഐആർ ഇടാൻ പോലും തയ്യാറായില്ല.

തന്നെ തെറ്റിധരിപ്പിച്ച് ചേച്ചിയുടെ വിവാഹാവശ്യത്തിനുള്ള വസ്തു ഇടപാടിന്റേതെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തി രേഖയുണ്ടാക്കി കുഞ്ഞിനെ അമ്മ തൊട്ടിലിന് കൈമാറിയത്. കുട്ടിയെ ശിശുക്ഷേമസമിതിക്ക് കൈമാറിയത് അനുപമയുടെ അനുമതിയോടെയാണെന്ന് കാണിക്കാൻ ആ പേപ്പറുകളാണ് ജയചന്ദ്രൻ ഹാജരാക്കുന്നതെന്ന് അജിത്ത് ആരോപിക്കുന്നു. കുഞ്ഞിനെ കൊടുത്തുവെന്ന് പറയുന്ന തീയതിയിൽ അമ്മതൊട്ടിലിൽ എത്തിച്ച കുട്ടികളിലൊന്നിനെ ദത്ത് നൽകുകയുണ്ടായിട്ടുണ്ട്.

ഗർഭം അലസിപ്പിച്ച് കളയാൻ ഒരുപാട് സമ്മർദ്ദങ്ങളുണ്ടായി. ഒന്നുകിൽ ആത്മഹത്യ ചെയ്യാം അല്ലെങ്കിൽ ഞങ്ങൾ ഭ്രാന്താശുപത്രിയിൽ അടയ്ക്കും എന്നാണ് സ്വന്തം മാതാപിതാക്കൾ പറഞ്ഞത്. കുട്ടി ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും എനിക്കറിയില്ല. ഇനി കോടതിയുടെ സഹായം തേടാനാണ് തീരുമാനം- അനുപമ പറയുന്നു.

ഡിവൈഎഫ്ഐ നേതാവായ അജിത്തുമായി പ്രണയത്തിലായ ശേഷം വിവാഹത്തിന് മുൻപ് അയാളിൽ നിന്ന് ഗർഭിണിയായതാണ് അനുപമയുടെ വീട്ടുകാരുടെ എതിർപ്പിന് കാരണം. കുട്ടിയെ മാറ്റിയെങ്കിലും ചേച്ചിയുടെ വിവാഹത്തിന് ശേഷം അജിത്തിനും കുട്ടിക്കുമൊപ്പം ജീവിക്കാൻ അനുവദിക്കാമെന്ന് മാതാപിതാക്കൾ സമ്മതിച്ചിരുന്നുവെന്നും അനുപമ പറയുന്നു. ആശുപത്രിയിലേക്ക് പോകുന്ന വഴി പോലും കുട്ടിയെ തട്ടിക്കൊണ്ട് പോകാതിരിക്കാൻ പരമാവധി എതിർത്തെങ്കിലും ഫലമുണ്ടായില്ലെന്നും അനുപമ നേരത്തെ പറഞ്ഞിരുന്നു.

വിവാദ നായകനായി വിപ്ലവ നേതാവിന്റെ മകൻ

കമ്മ്യൂണിസ്റ്റ് വളർച്ചയ്ക്ക് ഏറെ സംഭാവനകൾ നൽകിയ വിപ്ലവ നേതാവിന്റെ മകനാണ് വിവാദത്തിലെ കേന്ദ്ര കഥാപാത്രമായ ജയചന്ദ്രൻ. സിപിഎമ്മിന്റെ സംസ്ഥാന സമിതിയിൽ വരെ എത്തിയ സിഐടിയു നേതാവായിരുന്നു പേരൂർക്കട സദാശിവൻ. വി എസ് അച്യുതാനന്ദന്റെ അതിവിശ്വസ്തൻ. ഈ കമ്മ്യൂണിസ്റ്റ് സിംഹത്തിന്റെ മകനാണ് ജയചന്ദ്രൻ. എൺപതുകളുടെ തുടക്കത്തിൽ തലസ്ഥാനത്തെ എസ്എഫ്‌ഐയുടെ പ്രധാനി. മന്ത്രി വി ശിവൻകുട്ടിയുടെ സമകാലികൻ. എംഎൽഎയും മന്ത്രിയും ആകുമെന്ന് ഏവരും വിധിയെഴുതിയ ജയചന്ദ്രന് യൂണിവേഴ്സിറ്റി കോളേജിലെ പഠനത്തിനിടെ തന്നെ അടിതെറ്റി. അങ്ങനെയാണ് 2021ലും സിപിഎമ്മിലെ ലോക്കൽ കമ്മറ്റി അംഗമായി ഒതുങ്ങേണ്ടി വന്നത്. എങ്കിലും പേരൂർക്കടയിലെ പാർട്ടിയെ നയിക്കുന്നത് ജയചന്ദ്രൻ തന്നെയാണെന്നതാണ് വസ്തുത. അതുകൊണ്ടാണ് ചോരക്കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ പരാതിയിൽ പൊലീസ് തുടക്കത്തിൽ കേസെടുക്കാതെ ഒളിച്ചു കളിച്ചതും.

മറുനാടൻ അടക്കം നിരന്തരം വാർത്തകൾ നൽകിയതോടെ കേസിൽ നിയമോപദേശം തേടാൻ പൊലീസ് നിർബന്ധിതരാകുകയായിരുന്നു. അത് ജയചന്ദ്രനെതിരെ കേസ് എടുക്കുന്നതിന് വഴിയൊരുക്കി. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ കേസാണ് ഇത്. അങ്ങനെ ജയചന്ദ്രൻ എന്ന പ്രതി വീണ്ടും ചരിത്രം ആവർത്തിക്കുകയാണ്.

യൂണിവേഴ്സിറ്റി കോളേജിലെ പഠനത്തിനിടെയാണ് ജയചന്ദ്രൻ ആദ്യമായി വാർത്തകളിൽ നിറഞ്ഞത്. പേരൂർക്കട സദാശിവന്റെ മകൻ എന്ന ബാനറിൽ പഠനത്തിന് എത്തിയ ജയചന്ദ്രൻ അക്കാലത്ത് യൂണിവേഴ്സിറ്റിയിലെ എസ്എഫ്‌ഐയുടെ മുഖമായിരുന്നു. വി ശിവൻകുട്ടിയോളം തലയെടുപ്പുള്ള നേതാവ്. മുമ്പ് ആറ്റിങ്ങലിൽ എംഎൽഎയായിരുന്ന ബി സത്യനായിരുന്നു അന്നത്തെ മറ്റൊരു പ്രധാന എസ്എഫ്‌ഐ മുഖം. ഇവരിൽ കുടുംബ പശ്ചാത്തലം ജയചന്ദ്രന് അനുകൂലമായിരുന്നു. അന്ന് തിരുവനന്തപുരത്തെ സിപിഎമ്മിലെ അവസാന വാക്ക് കാട്ടായിക്കോണം ശ്രീധരനായിരുന്നു.

പേരൂർക്കടയുടെ മകനോട് കാട്ടായിക്കോണത്തിന് വല്ലാത്ത താൽപ്പര്യവും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുടുംബ പശ്ചാത്തലത്തിൽ കെട്ടിയിറക്കിയ നേതാവിന് മുമ്പോട്ട് രാഷ്ട്രീയ കുതിപ്പുണ്ടാകുമെന്ന് ഏവരും കരുതി. പക്ഷേ അപ്രതീക്ഷിത ട്വിസ്റ്റ് ആ രാഷ്ട്രീയകഥയിൽ എത്തി. അങ്ങനെ ജയചന്ദ്രൻ എസ്എഫ്‌ഐയിൽ നിന്ന് പുറത്തായി എന്നതാണ് വസ്തുത.

ആൾമാറാട്ടത്തിന് പിന്നിൽ ചതിയോ?

മകളുടെ ചോരക്കുഞ്ഞിനെ ബലപ്രയോഗത്തിലൂടെ തട്ടിയെടുത്തുവെന്നതാണ് ജയചന്ദ്രൻ ഇപ്പോൾ നേരിടുന്ന കേസ്. എന്നാൽ എൺപതുകളിൽ അൾമാറാട്ട കുറ്റമാണ് ജയചന്ദ്രനെ കുടുക്കിയത്. യൂണിവേഴ്സിറ്റി പരീക്ഷ മറ്റൊരാളെ കൊണ്ട് ജയചന്ദ്രൻ എഴുതിച്ചുവെന്നതായിരുന്നു ആരോപണം. യൂണിവേഴ്സിറ്റിയുടെ ഡീബാർ നേരിടേണ്ടി വന്നു ജയചന്ദ്രൻ. എന്നാൽ ഈ കേസിൽ താൻ നിരപരാധിയാണെന്നാണ് ജയചന്ദ്രൻ അന്ന് പറഞ്ഞിരുന്നത്. പാർട്ടി വിഭാഗീയതയുടെ ഇരയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ ഈ കേസ് യൂണിവേഴ്സിറ്റിയുടെ പരീക്ഷാ മനാദണ്ഡങ്ങളെ പോലും മാറ്റി മറിച്ചു. ആൾമാറാട്ടത്തിനുള്ള സാധ്യതകൾ അടയ്ക്കാനുള്ള ആദ്യ സ്റ്റെപ്പ് ഈ കേസുണ്ടാക്കി.

അക്കാലത്ത് ഹാൾടിക്കറ്റിൽ പരീക്ഷാർത്ഥിയുടെ ഫോട്ടോ ഉണ്ടാകുമായിരുന്നില്ല. ഈ പഴുതുപയോഗിച്ച് മറ്റൊരാൾ പരീക്ഷ എഴുതിയെന്നാണ് ആരോപണം. ഇതോടെ കൂടുതൽ കരുതൽ എടുക്കാൻ സർവ്വകലാശാലകൾ തയ്യാറായി. അങ്ങനെ ജയചന്ദ്രൻ കേസിന് ശേഷം ഹാൾടിക്കറ്റിൽ വിദ്യാർത്ഥികളുടെ ഫോട്ടോയും എത്തി. ഫോട്ടോ ഒത്തു നോക്കി പരീക്ഷ എഴുതിക്കുന്ന സംവിധാനത്തിലേക്ക് സർവ്വകലാശാലകൾ മാറി. അങ്ങനെ ജയചന്ദ്രൻ കേസ് വലിയ ചർച്ചയായി. പരീക്ഷ എഴുത്തിലെ പുതിയ കള്ളത്തരങ്ങൾ പിന്നീടും കേരളീയ സമൂഹത്തിൽ പലതരത്തിൽ ചർച്ചകളും മാറ്റങ്ങളും കൊണ്ടു വന്നു. പക്ഷേ അതിന്റെ തുടക്കം ജയചന്ദ്രനിൽ നിന്നായിരുന്നു.

എന്നാൽ ഈ കേസിൽ ജയചന്ദ്രനെ കുടുക്കിയതാണെന്ന വാദവും ശക്തമാണ്. പ്രധാന വിദ്യാർത്ഥി നേതാവ് തന്നോട് പക തീർത്തുവെന്ന് ജയചന്ദ്രൻ കൂട്ടുകാരിൽ ചിലരോട് പറഞ്ഞിരുന്നു. പേരൂർക്കട സദാശിവൻ എന്ന അച്ഛന്റെ ലേബലിൽ ജയചന്ദ്രൻ ഉയരങ്ങൾ കീഴടക്കും എന്ന ഭയമാണത്രേ ഇതിന് കാരണം. അങ്ങനെ പരീക്ഷാ ആൾമാറാട്ട കേസിൽ എസ്എഫ്‌ഐയിൽ ജയചന്ദ്രനെ തകർക്കുകയായിരുന്നു എന്ന കഥയും പ്രചരിച്ചിരുന്നു. ഇതിലെ ശരിപക്ഷം ഏതായാലും ഈ കേസോടെ പാർട്ടിയിൽ അധികാര കേന്ദ്രങ്ങളിൽ എത്താനുള്ള ജയചന്ദ്രന്റെ ശ്രമം തകർന്നുവെന്നതാണ് വസ്തുത.

വിവാഹിതനായ ദളിത് ക്രൈസ്തവനുമായുള്ള മകളുടെ പ്രണയം അംഗീകരിക്കാൻ കഴിയാത്ത അച്ഛനാണ് 2021ൽ ജയചന്ദ്രൻ. എന്നാൽ ഏതാണ്ട് 25 കൊല്ലം മുമ്പുള്ള ജയചന്ദ്രന് പറയാനുള്ളത് പ്രണയത്തിന് വേണ്ടി വീറോടെ പൊരുതിയ കഥയാണ്. തൊടുപുഴയിൽ നിന്ന് പേരൂർക്കടയിൽ എത്തിയ കോളേജ് അദ്ധ്യാപകന്റെ കുടുംബം. ഒരു മകളും രണ്ട് ആൺകുട്ടികളും. എല്ലാവരും പഠനത്തിൽ മിടുക്കർ. തലസ്ഥാനത്തെ കോളേജിലെ അദ്ധ്യാപകനായിരുന്നു അച്ഛൻ. ഈ കുടുംബത്തിലെ കുട്ടിയെയാണ് പ്രണയത്തിൽ ജയചന്ദ്രൻ ജീവിത പങ്കാളിയാക്കിയത്.

പേരൂർക്കട അമ്പലമുക്കിലുള്ളവർക്കെല്ലാം ഈ പ്രണയത്തെ കുറിച്ച് അറിയാം. ജയചന്ദ്രന്റെ ഭാര്യയുടെ അച്ഛൻ ഈയിടെ മരിച്ചു. അമ്മ തൊടുപുഴയിലുണ്ട്. അങ്ങനെ ക്രൈസ്തവ യുവതിയെ വിപ്ലവ വഴയിൽ ജീവിത സഖിയാക്കിയ ജയചന്ദ്രനാണ് മകളുടെ പ്രണയത്തിൽ ദുരഭിമാനം കണ്ടത്. മകന്റെ പ്രണയത്തെ അന്ന് പേരൂർക്കട സദാശിവൻ എതിർത്തിരുന്നില്ല. അവരുടെ ഇഷ്ടമാണ് എന്റെ ഇഷ്ടമെന്ന നിലപാടാണ് സ്വീകരിച്ചത്. പേരൂർക്കട സദാശിവന്റെ രാഷ്ട്രീയ പിൻഗാമിയായി മകൻ എത്തില്ലെന്ന് ഉറപ്പായപ്പോൾ ജയചന്ദ്രന്റെ അമ്മയും രാഷ്ട്രീയത്തിൽ സജീവമായിരുന്നു. തിരുവനന്തപുരം മേയറായി പോലും അവരെ പരിഗണിച്ചിരുന്നു. എന്നാൽ അവസാന നിമിഷം അന്നത്തെ പാർട്ടിയിലെ വിമതർ പേരൂർക്കടയുടെ മോഹത്തെ വെട്ടി.

2010ലാണ് പേരൂർക്കട സദാശിവൻ മരിച്ചത്. അതിന് ശേഷം പേരൂർക്കടയിലെ പാർട്ടി ജയചന്ദ്രന്റേതായി. പ്രാദേശികമായി സിപിഎം തീരുമാനമെല്ലാം ലോക്കൽ കമ്മറ്റി അംഗമായ ജയചന്ദ്രൻ തന്നെ എടുത്തു. ഇളയ മകളെ രാഷ്ട്രീയത്തിൽ വളർത്തണമെന്നതായിരുന്നു ആഗ്രഹം. ഇതിനിടെയാണ് പ്രണയവും നൂലാമാലകളും എത്തുന്നത്. മൂത്തമകളുടെ വിവാഹം നല്ലരീതിയിൽ നടത്തുകയെന്നതായിരുന്നു ജയചന്ദ്രന്റെ മനസ്സിലെ ലക്ഷ്യം. അതുകൊണ്ട് തന്നെ രണ്ടാം മകളുടെ ചോരക്കുഞ്ഞിനോട് ക്രൂരത കാട്ടി. ഇതിനെ പാർട്ടിയും മൗനമായി പിന്തുണച്ചു. പക്ഷേ വാർത്തകൾ ചർച്ചയായപ്പോൾ ജയചന്ദ്രനെതിരെ കേസെടുക്കേണ്ടി വന്നു പൊലീസിന് എന്നതാണ് വസ്തുത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP