Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഇൻസൾട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ്'! ഈ കമന്റ് പാർട്ടിക്ക് എതിരെയെന്ന പൊതു ചർച്ചയായിട്ടും തലശ്ശേരി എംഎൽഎ മൗനത്തിൽ; റിയാസിനോടുള്ള കലിപ്പ് തുടരുമ്പോൾ നടപടിക്കൊരുങ്ങി സിപിഎം; മറ്റൊരു 'അബ്ദുള്ളകുട്ടി'യാകുമോ ഷംസീർ; റിയാസ്-ഷംസീർ പോര് തുടരുമ്പോൾ

'ഇൻസൾട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ്'! ഈ കമന്റ് പാർട്ടിക്ക് എതിരെയെന്ന പൊതു ചർച്ചയായിട്ടും തലശ്ശേരി എംഎൽഎ മൗനത്തിൽ; റിയാസിനോടുള്ള കലിപ്പ് തുടരുമ്പോൾ നടപടിക്കൊരുങ്ങി സിപിഎം; മറ്റൊരു 'അബ്ദുള്ളകുട്ടി'യാകുമോ ഷംസീർ; റിയാസ്-ഷംസീർ പോര് തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിന്റെ അത്ഭുത കുട്ടിയായിരുന്നു ഒരു കാലത്ത് അബ്ദുള്ളക്കുട്ടി. കണ്ണൂരിൽ മുല്ലപ്പള്ളി രാമചന്ദ്രനെ മലർത്തിയടിച്ച എപി അബ്ദുള്ളക്കുട്ടി. പിന്നീട് സിപിഎമ്മിന് കണ്ണിലെ കരടായി. പാർട്ടിയിൽ നിന്ന് പുറത്തായി. കോൺഗ്രസിലൂടെ സിപിഎമ്മിലുമെത്തി. കണ്ണൂരിൽ 'അബ്ദുള്ളകുട്ടിക്ക്' ഉണ്ടായതിന്റെ തനിയാവർത്തനം മറ്റൊരു നേതാവിനുണ്ടാകുമോ? രാഷ്ട്രീയ കേരളത്തിന്റെ കണ്ണ് എഎൻ ഷംസീറിലാണ്. ഷംസീറിനെ തരംതാഴ്‌ത്താൻ സിപിഎം തയ്യാറെടുക്കുന്നുവെന്നാണ് സൂചന.

തലശ്ശേരി എംഎൽഎ എഎൻ ഷംസീർ അതിരുവിടുന്നുവെന്ന വിലയിരുത്തലിൽ സിപിഎം. 'ഇൻസൾട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ്' എന്ന് എ.എൻ.ഷംസീർ ഫേസ്‌ബുക്കിൽ കുറിച്ചത കൈവിട്ട കളിയാകുമെന്നാണ് സൂചന. മന്ത്രി പി.എ.മുഹമ്മദ് റിയാസിനും പാർട്ടി നേതൃത്വത്തിനുമുള്ള മറുപടിയാണോ എന്ന ചർച്ച സിപിഎമ്മിൽ സജീവമാണ്. ബിജെപിയിലും കോൺഗ്രസിലും നടക്കുന്ന ഫേസ്‌ബുക് ഒളിയുദ്ധം സിപിഎമ്മിനെയും ബാധിച്ചോ എന്ന ചോദ്യവും ഉയർന്നു. ഇതുവരെ ഇത്തരമൊരു സംഭവം സിപിഎമ്മിൽ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. അധികാര മോഹം യുവാനേതാക്കൾക്ക് എങ്ങനെ ഇത്രത്തോളം കൂടിയെന്നാണ് സിപിഎമ്മിലെ ചർച്ച.

സമൂഹമാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളും അച്ചടക്കത്തിന്റെ പരിധിയിൽ വരണമെന്നു സംസ്ഥാന കമ്മിറ്റി തന്നെ നിർദ്ദേശിച്ചിരിക്കെയാണ് ആ കമ്മിറ്റിയിലെ അംഗമായ ഷംസീർ പല വ്യാഖ്യാനങ്ങൾക്കും വഴിവയ്ക്കുന്ന ഒരു വരി തൊടുത്തത്. 'വെള്ളം' എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള പുരസ്‌കാരം നേടിയ ജയസൂര്യയെ അഭിനന്ദിക്കുന്ന പോസ്റ്റിന്റെ ആദ്യ വരിയായാണ് ആ ചിത്രത്തിലെ ഡയലോഗ് ഷംസീർ കടമെടുത്തത്. കമന്റുകളിൽ ഭൂരിഭാഗവും ലക്ഷ്യമിടുന്നതു മന്ത്രി മുഹമ്മദ് റിയാസിനെത്തന്നെ അല്ലേ എന്ന ചോദ്യമാണ് പരക്കെ. അല്ല എന്ന് ഷംസീർ മറുപടി പറയുന്നുമില്ല. അത്തരമൊരു മറുപടി കൊടുത്തിരുന്നുവെങ്കിൽ വിവാദം പോലും തീരുമായിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎമ്മിന് ഷംസീറിനോട് അമർഷം. ചാനൽ ചർച്ചയിലും മറ്റും രാഷ്ട്രീയ എതിരാളികൾ ഇത് ആയുധമാക്കുമെന്ന ആശങ്കയും ശക്തം.

കരാറുകാരെ കൂട്ടി എംഎൽഎമാർ കാണാൻ വരരുത് എന്ന നിയമസഭയിലെ റിയാസിന്റെ നിർദ്ദേശത്തെ സിപിഎം നിയമസഭാ കക്ഷിയിൽ ഷംസീർ ചോദ്യം ചെയ്തതും മന്ത്രിയുടെ പരസ്യ പ്രതികരണവും ആണ് വിവാദത്തിന് പുതിയ തലം നൽകിയത്. ഇതിനിടെയാണ് ഷംസീറിന്റെ 'ഇൻസൾട്ട്' പ്രയോഗം. നിയമസഭാകക്ഷി യോഗത്തിൽ ആരും വിമർശിച്ചില്ലെന്നും പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും റിയാസ് പ്രതികരിച്ചിരുന്നു. സിപിഎം നേതൃത്വവും റിയാസിനു പിന്തുണ പ്രഖ്യാപിച്ചു. മൗനം ഭജിച്ച ഷംസീർ തന്റെ മാനസികാവസ്ഥയാണ് ആ ഡയലോഗിൽ പ്രകടിപ്പിച്ചതെന്ന വിലയിരുത്തലാണു പലർക്കും. പ്രതീക്ഷിച്ച മന്ത്രിസ്ഥാനം നൽകാതെ അപമാനിച്ച ശേഷം കരാറുകാരുടെ ഇടനിലക്കാരനെന്നു വരെ ചിത്രീകരിച്ച് അവഹേളിക്കുകയാണെന്നും അതുകൊണ്ടെന്നും തളരില്ലെന്നുമാകാം ഷംസീർ പറയാതെ പറയുന്നത്.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റുമായിരുന്ന ഷംസീർ നിയമസഭയിലും പാർട്ടിയിലും റിയാസിനെക്കാളും സീനിയർ ആണ്. തൃശൂരിലെ സംസ്ഥാന സമ്മേളനത്തിൽ ഒരുമിച്ചാണ് ഇരുവരും സംസ്ഥാന കമ്മിറ്റിയിൽ എത്തിയത്. കൊച്ചിയിൽ ചേർന്ന ഡിവൈഎഫ്‌ഐ ദേശീയ സമ്മേളനത്തിൽ പക്ഷേ, ഷംസീറിനെ റിയാസ് മറികടന്നു. ദേശീയ പ്രസിഡന്റായി. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഭർത്താവും. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റോ സെക്രട്ടറിയോ ആകാത്ത റിയാസ് ദേശീയ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ഷംസീറും എം.സ്വരാജും വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയുമായി. ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷപദം റിയാസിന്റെ മന്ത്രിസഭാ പ്രവേശത്തിന് അനുകൂല ഘടകവുമായി. കോഴിക്കോട്ടു നിന്നു ന്യൂനപക്ഷ, യുവ പ്രാതിനിധ്യത്തിന്റെ പേരിൽ റിയാസ് കന്നി വിജയത്തിൽ മന്ത്രിയായി. എന്നാൽ തലശ്ശേരിയിൽ നിന്ന് രണ്ടാം വട്ടം എംഎൽഎ ആയ ഷംസീർ തഴയപ്പെട്ടു.

എംഎ‍ൽഎ.മാർക്കും മന്ത്രിമാർക്കും സിപിഎം. പെരുമാറ്റച്ചട്ടം നിശ്ചയിച്ചിട്ടുണ്ടെങ്കിലും നേതാക്കൾക്കിടയിൽ നിഴൽയുദ്ധം തുടരുന്നതിന്റെ സൂചനകളാണ് ഷംസീർ നൽകുന്നത്. ഇൻകെൽ എന്ന പൊതുമേഖലാസ്ഥാപനത്തിനെതിരേ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത് മന്ത്രിക്ക് തിരുത്തേണ്ടിവന്നു. ഇത് വാർത്തയായപ്പോൾ കടകംപള്ളി വിശദീകരിച്ച് പിൻവാങ്ങുകയാണ് ചെയ്തത്. എന്നാൽ ഇതേ മാതൃകയിലെ തിരുത്തലിന് ഷംസീർ തയ്യാറായില്ല. പൊതു സമൂഹത്തിൽ വിവാദമുണ്ടായിട്ടും മൗനം തുടരുന്നത് പാർട്ടി അച്ചടക്ക ലംഘനമാണെന്നാണ് വിലയിരുത്തൽ.

1000 രൂപകൊടുത്താൽ തീരുന്നതല്ല, കേരളത്തിലെ കോവിഡ് വ്യാപനമുണ്ടാക്കിയ പ്രശ്‌നങ്ങളെന്നാണ് കെ.കെ. ശൈലജ പറഞ്ഞത്. ചെറുകിട-പരമ്പരാഗത മേഖലയിലെ തൊഴിലാളികളുടെ പട്ടിണിക്ക് തുല്യമായ അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടുവന്നപ്പോൾ, അതേവിഷയം ശൈലജ സബ്മിഷനായും ഉന്നയിച്ചു.

ചില വകുപ്പുകളിലുമുണ്ട് രാഷ്ട്രീയ ഒളിപ്പോരുകളും ശീതസമരങ്ങളും. ആരോഗ്യവകുപ്പിൽ മന്ത്രിക്കെതിരേപ്പോലും ചില ശീതയുദ്ധങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സാമൂഹ്യ സുരക്ഷാമിഷനിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെപേരിൽ 4.30 കോടി ചെലവഴിച്ചതായി രേഖയുണ്ട്. എന്നാൽ, ഈ പണം എവിടെ ചെലവഴിച്ചുവെന്നതിൽ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇതേക്കുറിച്ചുള്ള പരിശോധന ഇല്ലാതാക്കാനാണ് ഒരുവിഭാഗത്തിന്റെ നീക്കം. സാമൂഹ്യസുരക്ഷാമിഷൻ കേന്ദ്രീകരിച്ച് കഴിഞ്ഞതവണനടന്ന പ്രവർത്തനങ്ങളെക്കുറിച്ച് പാർട്ടി നേതൃത്വത്തിനും പരാതിലഭിച്ചിട്ടുണ്ടെന്നാണ് സൂചന. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP