Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെറുതോണി പുഴയിൽ ആദ്യം വെള്ളം എത്തും; വെള്ളക്കയത്ത് പെരിയാറിൽ ചേരും; ചപ്പാത്തു നിറഞ്ഞാൽ ഇടുക്കി-കട്ടപ്പന റൂട്ടിൽ പ്രതിസന്ധി; നേര്യമംഗലവും ഭൂതത്താൻകെട്ടും ഇടമലയാറും കടന്ന് മലയാറ്റൂർ, കാലടി ഭാഗങ്ങളിലെത്തും. ആലുവാ പുഴയിലൂടെ അറബിക്കടലിൽ; ഇടുക്കി ഡാം തുറന്നാൽ സംഭവിക്കുന്നത്

ചെറുതോണി പുഴയിൽ ആദ്യം വെള്ളം എത്തും; വെള്ളക്കയത്ത് പെരിയാറിൽ ചേരും; ചപ്പാത്തു നിറഞ്ഞാൽ ഇടുക്കി-കട്ടപ്പന റൂട്ടിൽ പ്രതിസന്ധി; നേര്യമംഗലവും ഭൂതത്താൻകെട്ടും ഇടമലയാറും കടന്ന് മലയാറ്റൂർ, കാലടി ഭാഗങ്ങളിലെത്തും. ആലുവാ പുഴയിലൂടെ അറബിക്കടലിൽ; ഇടുക്കി ഡാം തുറന്നാൽ സംഭവിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഇടുക്കി ഡാം ചൊവ്വാഴ്ച തുറക്കുന്നത് 2018 ലെ മഹാപ്രളയം ഒഴിവാക്കാൻ. അന്ന് മഴ കനത്ത് നദികളിലെ പ്രളയസാഹചര്യത്തിനിടെയായിരുന്നു ഡാം തുറന്നത്. ചെറുതോണിപ്പുഴയിൽ അഞ്ച് അടിയോളമാണ് അന്ന് വെള്ളം ഉയർന്നത്. ഇത്തവണ ഇതുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. 26 വർഷത്തിനു ശേഷമായിരുന്നു 2018 ഓഗസ്റ്റിൽ ചെറുതോണി ഡാം തുറന്നത്. അതുകൊണ്ട് തന്നെ ആർക്കും ഒരു എത്തുംപിടിയും ഇല്ലായിരുന്നു. ഇന്ന് കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാണ്. മൂന്ന് കൊല്ലം മുമ്പുണ്ടായത് അറിയാം. അതിനാൽ ജാഗ്രതയും കൂടുതലാണ്.

2018 നെ അപേക്ഷിച്ച് പത്തിലൊന്നു വെള്ളം മാത്രമാകും പുറത്തേക്കൊഴുക്കുകയെന്നും ആശങ്ക വേണ്ടെന്നും കെഎസ്ഇബി ചെയർമാൻ ഡോ. ബി.അശോക് വ്യക്തമാക്കി. ഒറ്റയടിക്ക് അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഘട്ടംഘട്ടമായി തുറക്കുന്നത്. നാളെ മുതൽ മഴ വീണ്ടും ശക്തമാകുമെന്നാണു കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. 24 വരെ തുടരും. ഇന്നു കനത്ത മഴയ്ക്കു സാധ്യതയില്ല. അറബിക്കടലിലോ ബംഗാൾ ഉൾക്കടലിലോ ന്യൂനമർദങ്ങളില്ലെങ്കിലും കിഴക്കൻ കാറ്റിന്റെ സ്വാധീനം മൂലമാണ് മഴ വീണ്ടും ശക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് ഇടുക്കി ഡാം തുറക്കുന്നത്.

2018ൽ ഇടുക്കി തുറന്നപ്പോൾ പെരിയാർ തീരത്തും തടയമ്പാട് ചപ്പാത്തിലും വെള്ളം കയറി വ്യാപക നാശനഷ്ടമാണ് അന്നുണ്ടായത്. തൊട്ടുപിന്നാലെ 2018 ഒക്ടോബർ ആറിന് അതിതീവ്ര മഴയെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഡാമിന്റെ ഒരു ഷട്ടർ മാത്രം തുറന്നു. ചെറുതോണിപ്പുഴയിൽ അന്ന് വെള്ളം ഉയർന്നത് ഒരടിയോളം മാത്രം. ഷട്ടർ തുറന്നാൽ ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തുക. സ്പിൽവേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറിൽ ചേരും. തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിലെ ചെറുതോണി ചപ്പാത്തു നിറഞ്ഞാൽ ഇടുക്കി-കട്ടപ്പന റൂട്ടിൽ ഗതാഗതം വഴിമുടങ്ങും.

തടിയമ്പാട്, കരിമ്പൻ ചപ്പാത്തുകളിലൂടെയും ചേലച്ചുവട്, കീരിത്തോട്, പാമ്പ്‌ലാ വനമേഖലയിലൂടെയും നാട്ടിൻപുറങ്ങളിലൂടെയും ഒഴുകി എറണാകുളം ജില്ലാ അതിർത്തിയായ ലോവർ പെരിയാർ പാംബ്ല അണക്കെട്ടു വഴി നേര്യമംഗലം, ഭൂതത്താൻകെട്ട്, ഇടമലയാർ വഴി മലയാറ്റൂർ, കാലടി ഭാഗങ്ങളിലെത്തും. ലോവർപെരിയാർ ഇപ്പോൾ തന്നെ തുറന്നിരിക്കുകയാണ്. ഭൂതത്താൻകെട്ടും ഇപ്പോൾതന്നെ നിയന്ത്രിതമായി തുറന്നിട്ടുണ്ട്. ഇതെല്ലാം പെരിയാറിലെ ജലനിരപ്പ് കൂട്ടും.

എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാർപാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളിൽ വെള്ളമെത്തും. വൻതോതിൽ ജലപ്രവാഹമുണ്ടായാൽ നെടുമ്പാശേരി വിമാനത്താവളത്തിലും വെള്ളം കയറാൻ സാധ്യതയുണ്ട്. തുടർന്ന് ആലുവാപ്പുഴയിലെത്തി അറബിക്കടലിൽച്ചേരും. ഈ റൂട്ടിൽ എല്ലാം ആളുകൾ കരുതൽ എഠുക്കണം.

ചെറുതോണി ഡാമിന് അഞ്ചു ഷട്ടറുകളുണ്ട്. മധ്യഭാഗത്തെ ഷട്ടറാണ് ആദ്യം തുറക്കുന്നത്. പിന്നീട് വലത്തെ അറ്റത്തെയും ഇടത്തെ അറ്റത്തെയും ഏതെങ്കിലും ഒരു ഷട്ടർ ഉയർത്തും; പിന്നാലെ മറ്റു രണ്ടു ഷട്ടറുകൾ. സാധാരണയായി 1015 സെന്റിമീറ്ററാണ് ഓരോ ഷട്ടറും ഉയർത്തുക. മുഴുവൻ ഷട്ടറുകളും വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയാണ്. ഇതിനു മുൻപു നാലു തവണ മാത്രമാണു ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്. അതിൽ മൂന്നും ഒക്ടോബറിൽ. 1981 ഒക്ടോബർ 29, 1992 ഒക്ടോബർ 12, 2018 ഓഗസ്റ്റ് ഒൻപത്, 2018 ഒക്ടോബർ ആറിനുമാണ് മുൻപ് ചെറുതോണി അണക്കെട്ട് തുറന്നത്. അഞ്ചാമതായി ഇത്തവണ തുറക്കാൻ ഒരുങ്ങുന്നതും മറ്റൊരു ഒക്ടോബറിൽ എന്ന പ്രത്യേകതയുണ്ട്.

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ആർച്ച് ഡാമാണ് ഇടുക്കി. വെള്ളത്തിന്റെ മർദ്ദം ഇരു ഭാഗങ്ങളിലേക്കും ലഘൂകരിക്കുന്ന രീതിയിലാണ് നിർമ്മാണം. കമാന ആകൃതിയിൽ, ചുവട്ടിൽനിന്ന് ഉള്ളിലേക്കാണ് വളവ്. കുറവൻ, കുറത്തി മലകളെ ബന്ധിപ്പിക്കുന്നു. ഇടുക്കി തടാകത്തെ തടഞ്ഞുനിർത്തുന്നത് മൂന്ന് അണക്കെട്ടുകളാണ്. ഇടുക്കി ആർച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം. ഇതിൽ വെള്ളം പുറത്തേക്കുവിടാൻ ക്രമീകരണമുള്ളത് ചെറുതോണി അണക്കെട്ടിൽ മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP