Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുറവന്മലയ്ക്കും കുറത്തിമലയ്ക്കും ഇടയിലൂടെ പാഞ്ഞൊഴുകിയ പെരിയാറിനെ പിടിച്ചുകെട്ടി; അണക്കെട്ടിന്റെ പിറവിക്ക് വഴിയൊരുക്കിയതുകൊലുമ്പനെന്ന ആദിവാസി; വൈദ്യുതി ക്ഷാമത്താൽ മഹാനഗരങ്ങൾ ഇരുട്ടിലായപ്പോഴും കേരളത്തിന് വെളിച്ചമേകിയ ജല വൈദ്യുതി പദ്ധതി; ഇടുക്കി അണക്കെട്ട് നാളെ വീണ്ടും തുറക്കുമ്പോൾ കേരളം 2018ലെ മഹാപ്രളയത്തിന്റെ ഓർമ്മകളിൽ

കുറവന്മലയ്ക്കും കുറത്തിമലയ്ക്കും ഇടയിലൂടെ പാഞ്ഞൊഴുകിയ പെരിയാറിനെ പിടിച്ചുകെട്ടി; അണക്കെട്ടിന്റെ പിറവിക്ക് വഴിയൊരുക്കിയതുകൊലുമ്പനെന്ന ആദിവാസി; വൈദ്യുതി ക്ഷാമത്താൽ മഹാനഗരങ്ങൾ ഇരുട്ടിലായപ്പോഴും കേരളത്തിന് വെളിച്ചമേകിയ ജല വൈദ്യുതി പദ്ധതി; ഇടുക്കി അണക്കെട്ട് നാളെ വീണ്ടും തുറക്കുമ്പോൾ കേരളം 2018ലെ മഹാപ്രളയത്തിന്റെ ഓർമ്മകളിൽ

മറുനാടൻ ഡെസ്‌ക്‌

ഇടുക്കി: ഇടുക്കി അണക്കെട്ട് നാളെ രാവിലെ 11 മണിക്ക് തുറക്കുമെന്നാണ് മന്ത്രിമാർ നൽകിയ അറിയിപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറയുകയും നീരൊഴുക്കു കുറയുകയും ചെയാതാൽ മാത്രമേ അണക്കെട്ട് തുറക്കുന്ന കാര്യത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുകയുള്ളൂ. ഇതിന് മുമ്പ് 2018ലെ മഹാപ്രളയത്തിന്റെ സമയത്താണ് അവസാനമായി അണക്കെട്ട് തുറന്നത്. അതുകൊണ്ട് തന്നെ സമാനായ വിധത്തിൽ വൻ വർഷപാതത്തിന്റെ വേളയിലാണ് നാളെ വീണ്ടും അണക്കെട്ട് തുറക്കുന്നത്.

മുമ്പ് അണക്കെട്ട് തുറന്നപ്പോൾ പരക്കെ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. ദുരന്തനിവാരണത്തിന്റെ അപാകതയെന്ന വിമർശനങ്ങളും അന്നുയർന്നു. ഇതിന് ശേഷം താട്ടുപിന്നാലെ 2018 ഒക്ടോബർ ആറിന് അതിതീവ്ര മഴയെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഡാമിന്റെ ഒരു ഷട്ടർ മാത്രം തുറന്നിരുന്നു. ഇടുക്കി ആർച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം. ഇതിൽ വെള്ളം പുറത്തേക്കുവിടാൻ ക്രമീകരണമുള്ളത് ചെറുതോണി അണക്കെട്ടിൽ മാത്രമാണ്. അണക്കെട്ടു തുറന്നാൽ വെള്ളം എങ്ങനെ ഒഴുകും?

ഷട്ടർ തുറന്നാൽ ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തുക. സ്പിൽവേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറിൽ ചേരും. മഴ കനത്താൽ സാഹചര്യം വീണ്ടും പ്രശ്‌നങ്ങൾക്ക് വഴിവെക്കും. കുറവന്മലയ്ക്കും കുറത്തിമലയ്ക്കും ഇടയിലൂടെ പാഞ്ഞൊഴുകുകയായിരുന്ന പെരിയാറിനെ പിടിച്ചുകെട്ടി തളച്ചിടുകയായിരുന്നു ഇടുക്കി അണക്കെട്ടിൽ. പെരിയാറിന്റെ കുതിച്ചുപായലിനെ തടയാൻ ഇടുക്കി അണക്കെട്ടിന് ഒറ്റയ്ക്ക് കഴിയാത്തതിനാൽ ചെറുതോണി പുഴയിൽ ചെറുതോണി അണക്കെട്ട് നിർമ്മിച്ചു. ഈ രണ്ടു അണക്കെട്ടുകൾക്കൊപ്പം കുളമാവ് അണക്കെട്ട് കൂടി ചേരുന്നതാണ് ഇടുക്കി ജലവൈദ്യുതിപദ്ധതി.

60 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ജലസംഭരണി, 6,000 മീറ്ററിലധികം നീളമുള്ള വ്യത്യസ്ത വലുപ്പത്തിലെ തുരങ്കങ്ങൾ, മലതുരന്ന് നിർമ്മിച്ച ഭൂഗർഭ വൈദ്യുതി നിലയം ഇങ്ങനെ അനവധി പ്രത്യേകതകൾ ഇടുക്കി ജലവൈദ്യുതി പദ്ധതിക്കുണ്ട്. ഇടുക്കി അണക്കെട്ടിൽനിന്ന് മൂലമറ്റം വൈദ്യുതി ഉൽപ്പാദന നിലയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്നത് മലതുരന്നുണ്ടാക്കിയ തുരങ്കത്തിലൂടെയാണ്. തുരങ്കത്തിൽ വെള്ളം എത്തിക്കുന്നതിന് അണക്കെട്ടിനുള്ളിലായി പ്രവേശന ഗോപുരമുണ്ട്.

നിർമ്മാണം പൂർത്തിയാക്കി അണക്കെട്ടിൽ വെള്ളം നിറച്ചതിനുശേഷം ഈ പ്രവേശനഗോപുരം എന്നും വെള്ളത്തിനടിയിലാണ്. 1968 ഫെബ്രുവരി 17 ന് അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 1976 ഫെബ്രുവരി 12ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്തു. അണക്കെട്ടിന്റെ നിർമ്മാണത്തിനിടെ 83 പേർക്ക് ജീവഹാനിയുമുണ്ടായി.

അണക്കെട്ടിന്റെ പിറവിക്ക് പിന്നിൽ കൊലുമ്പനെന്ന ആദിവാസി

മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ.ജോണാണ് ഇടുക്കി പദ്ധതിയുടെ സാധ്യതയെപറ്റി 1932 ൽ തിരുവിതാംകൂർ സർക്കാരിനെ അറിയിച്ചത്. അതിന് അദ്ദേഹത്തിന് വഴികാട്ടിയായത് പ്രദേശവാസിയായ കരുവെള്ളായൻ കൊലുമ്പൻ എന്ന ആദിവാസിയും. പദ്ധതിയെക്കുറിച്ച് 1937ൽ പഠനം നടന്നെങ്കിലും കാര്യങ്ങൾ മുന്നോട്ടുപോയില്ല. 1947 ൽ പ്രാഥമിക റിപ്പോർട്ടായി. 1957 ൽ കേന്ദ്രജലവൈദ്യുതി കമ്മിഷൻ പഠനം ആരംഭിച്ചു. 1963 ൽ പ്ലാനിങ് കമ്മിഷന്റെ അനുമതി ലഭിച്ചു. 1966ൽ ഇടുക്കി പദ്ധതിക്ക് 78 ലക്ഷം കനേഡിയൻ ഡോളറിന്റ സഹായവും 115 ലക്ഷം കനേഡിയൻ ഡോളറിന്റെ ദീർഘകാല വായ്പയും അനുവദിച്ചു. ഇടുക്കി അണക്കെട്ടിന്റെയും ഭൂഗർഭ വൈദ്യുതി നിലയത്തിന്റെയും നിർമ്മാണ ചുമതല കാനഡയ്ക്കായിരുന്നു.

ഇടുക്കിയിൽ അണക്കെട്ട് നിർമ്മിക്കണമെങ്കിൽ പെരിയാറിനെയും ചെറുതോണി അണക്കെട്ട് നിർമ്മിക്കാൻ ചെറുതോണി ആറിനെയും വഴി തിരിച്ചു വിടണമായിരുന്നു. ചെറുതോണി പുഴയിൽ ഒരു താൽക്കാലിക അണക്കെട്ട് നിർമ്മിച്ച്, രണ്ടു പുഴകൾക്കും ഇടയിലുണ്ടായിരുന്ന കുന്നിലൂടെ തുരങ്കം നിർമ്മിച്ച് ചെറുതോണിയെ പെരിയാറിലേക്കൊഴുക്കി. പെരിയാറിലും ഒരു താൽക്കാലിക അണക്കെട്ട് നിർമ്മിച്ചു.

കമാനത്തിന്റെ ആകൃതിയാണ് ഇടുക്കി അണക്കെട്ടിന്. ഇന്ത്യയിലെ ഏക ആർച് ഡാം. രണ്ടായിരം ദശലക്ഷം ടണ്ണോളം വെള്ളം സംഭരിക്കാൻ കഴിയുന്ന അണക്കെട്ടിന്റെ മർദ്ദം താങ്ങാൻ കഴിയുന്ന ഏറ്റവും അനുയോജ്യമായ മാതൃകയെന്ന നിലയിലാണ് ആർച്ച് ഡാം പണിതത്. വെള്ളം നിറയുമ്പോൾ പുറത്തേക്ക് അൽപം തള്ളുന്ന രീതിയിലാണ് അണക്കെട്ടിന്റെ ഘടന. നിർമ്മാണത്തിനായി 4,64,000 ഘനമീറ്റർ കോൺക്രീറ്റ് ഉപയോഗിച്ചു. ഇടുക്കി അണക്കെട്ടിൽ ജലം സൃഷ്ടിക്കുന്ന മർദം സൂക്ഷ്മമായി നീരീക്ഷിക്കുന്നുണ്ട്. ഇതിനു പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളുണ്ട്. അണക്കെട്ടിന്റെ വലതുകരയിൽ കുറത്തിമലയ്ക്കുള്ളിൽ അണക്കെട്ടിലേക്കിറങ്ങാനായി 13 അടി വ്യാസത്തിലും 550 അടി ഉയരത്തിലും പാറ തുറന്ന് ലിഫ്റ്റ് നിർമ്മിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അണക്കെട്ടിനുള്ളിൽ വ്യത്യസ്ത നിലകളിലായി ഇൻസ്‌പെക്ഷൻ ഗ്യാലറികളുമുണ്ട്.

ഇടുക്കി ജലവൈദ്യുതി പദ്ധതിയിലെ ഏറ്റവും പ്രധാന ഘടകമാണ് ചെറുതോണി അണക്കെട്ട്. ഗ്രാവിറ്റി ഡാമായതിനാൽ ഇടുക്കി അണക്കെട്ടിനേക്കാൾ കോൺക്രീറ്റ് ചെറുതോണി അണക്കെട്ടിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ ഉയരം 138.38 മീറ്റർ. നീളം 650.90 മീറ്റർ. അടിയിലെ വീതി 107.78 മീറ്ററും മുകളിലെ വീതി 7.32 മീറ്ററും. ആകെ 39 ബ്ലോക്കുകളുള്ള അണക്കെട്ടിൽ നാല് നിരീക്ഷണ കേന്ദ്രങ്ങളുണ്ട്.

എന്തിനാണ് ഇടുക്കി അണക്കെട്ടിന് തൊട്ടടുത്ത് മറ്റൊരു അണക്കെട്ട് കൂടി നിർമ്മിച്ചത്? ഇടുക്കിയിലെ അണക്കെട്ടിലൂടെ മാത്രം പെരിയാറിനെ തടഞ്ഞുനിർത്താൻ കഴിയില്ല. ഇടുക്കി അണക്കെട്ട് മാത്രമാണെങ്കിൽ ചെറുതോണി പുഴയിലൂടെ ജലം കവിഞ്ഞൊഴുകും. അങ്ങനെ സംഭവിക്കാതിരിക്കാനും കൂടുതൽ ജലം സംഭരിക്കാനുമാണ് ചെറുതോണി അണക്കെട്ട് നിർമ്മിച്ചത്. കുറവന്മലയിലെ പാറയാണ് രണ്ടു അണക്കെട്ടുകളുടേയും നിർമ്മാണത്തിന് ഉപയോഗിച്ചത്. മൂന്ന് അണക്കെട്ടുകളുടേയും മുകൾഭാഗം ഒരേ തലത്തിലാണ്. സമുദ്രനിരപ്പിൽനിന്ന് 736.09 മീറ്റർ.

ഇടുക്കിയിലും ചെറുതോണിയിലും സംഭരിക്കുന്ന ജലം കുളമാവു വരെ വ്യാപിച്ചു കിടക്കുന്നു. മൂവാറ്റുപുഴയാറിന്റെ പോഷകനദിയായ കിളിവള്ളി വരെയെത്തുന്ന ജലസംഭരണി കിളിവള്ളിത്തോടിന് കുറുകേ പണിത കുളമാവ് അണക്കെട്ടുകൊണ്ടാണ് തടഞ്ഞുനിർത്തുന്നത്. ഇടുക്കി ജലവൈദ്യുതി പദ്ധതിയിലെ ഏറ്റവും ചെറിയ അണക്കെട്ടാണിത്. 1966 ൽ നിർമ്മാണം ആരംഭിച്ച് 1969 ൽ മൂന്നിലൊന്ന് നിർമ്മാണം പൂർത്തിയായെങ്കിലും തൊഴിൽ പ്രശ്‌നങ്ങൾ കാരണം പണി തടസപ്പെട്ടു. 1975ൽ കോൺക്രീറ്റ് ചെയ്യുന്ന പണികൾ ആരംഭിച്ചു. ഡാമിന് അടിത്തറയിൽനിന്ന് 100മീറ്റർ ഉയരമുണ്ട്. 16 ബ്ലോക്കുകളായാണ് നിർമ്മിച്ചിരിക്കുന്നത്.

ഇടുക്കി അണക്കെട്ടിലെ വെള്ളം മൂലമറ്റത്തെ ഭൂഗർഭനിലയത്തിലുള്ള കേന്ദ്രത്തിലെത്തിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. ഭൂഗർഭ തുരങ്കങ്ങളിലൂടെയാണ് വെള്ളം കൊണ്ടുപോകുന്നത്. അടുത്തിടെ കൽക്കരി ക്ഷാമത്താൽ രാജ്യത്തെ പല സംസ്ഥാനങ്ങളും ഇരുട്ടിലായപ്പോഴും ഇടുക്കി ഡാമിലെ വെള്ളം കൊണ്ടാണ് കേരളം ഇരുട്ടിലാകാതെ പിടിച്ചു നിന്നത്. മൂലമറ്റം പവർഹൗസ് കേരളത്തിന്റെ പവർഹൗസായി മാറുകയാണ് ഉണ്ടായത്.

തുരങ്കത്തിലേക്ക് വെള്ളം കടക്കുന്ന സ്ഥലത്ത് ഒരു പ്രവേശന ഗോപുരം നിർമ്മിച്ചിട്ടുണ്ട്. ഗോപുരത്തെയും തുരങ്കത്തെയും 7.01 മീറ്റർ വലുപ്പമുള്ള കോൺക്രീറ്റ് കുഴൽവഴി ബന്ധിപ്പിച്ചിട്ടുണ്ട്. ഒരു സെക്കന്റിൽ 153 ഘനമീറ്റർ വെള്ളമാണ് കുഴലിലൂടെ പ്രവഹിക്കുന്നത്. പ്രവേശന ഗോപുരത്തിന് 30 മീറ്റർ ഉയരവും മുകളിൽ 17.88 മീറ്റർ വ്യാസവുമുണ്ട്. മുകൾ ഭാഗം കോൺക്രീറ്റ് കൊണ്ട് മൂടിയിരിക്കുന്ന ഇതിന്റെ വശങ്ങളിലൂടെയാണ് വെള്ളം തുരങ്കത്തിലേക്ക് പോകുന്നത്. എപ്പോഴും വെള്ളത്തിൽ മുങ്ങിയ നിലയിലായിരിക്കും പ്രവേശന ഗോപുരം. തുരങ്കത്തിലൂടെ ജലം മൂലമറ്റം പവർഹൗസിലേക്ക് പോകുമ്പോഴുണ്ടാകുന്ന മർദം കുറയ്ക്കാൻ നാടുകാണി മലതുരന്ന് സർജ് ഷാഫ്റ്റ് നിർമ്മിച്ചിട്ടുണ്ട്. ജലത്തെ നിയന്ത്രിക്കുന്നതിന് ബട്ടർഫ്‌ളൈവാൽവ് ചേംബറുണ്ട്.

നാടുകാണി മലയ്ക്കുള്ളിൽ 750 മീറ്റർ താഴ്ചയിലാണ് മൂലമറ്റം വൈദ്യുതി നിലയം നിർമ്മിച്ചിരിക്കുന്നത്. 84,000 ഘനമീറ്റർ പാറയാണ് ഇതിന്റെ നിർമ്മാണത്തിനായി തുരന്ന് മാറ്റിയത്. വൈദ്യുതി നിലയത്തിലേക്ക് എത്താനുള്ള കമാനാകൃതിയിലുള്ള തുരങ്കത്തിന് 600 മീറ്റർ നീളമുണ്ട്. ഇടുക്കി അണക്കെട്ടിൽനിന്നും തുരങ്കം വഴി വൈദ്യുതി നിലയത്തിലേക്കെത്തുന്ന വെള്ളമാണ് ജനറേറ്ററുകളുടെ ടർബൈൻ കറക്കുന്നത്. മിനിറ്റിൽ 375 പ്രാവശ്യമാണ് കറക്കം. ആറു ജനറേറ്ററുകളാണ് നിലയത്തിൽ.

ഉൽപ്പാദിപ്പിക്കേണ്ട വൈദ്യുതിയുടെ അളവിനനുസരിച്ച് വെള്ളത്തിന്റെ അളവ് നിയന്ത്രിക്കും. ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ട്രാൻസ്‌ഫോമറുകളിൽനിന്ന് സ്വിച്ച് യാർഡിലേക്കെത്തുന്നത് പ്രത്യേക കേബിളുകൾവഴി. കേബിളുകൾക്കായി രണ്ടു തുരങ്കങ്ങൾ ഭൂഗർഭ നിലയത്തിൽനിന്ന് സ്വിച്ച് യാർഡിലേക്ക് നിർമ്മിച്ചിട്ടുണ്ട്. ഉപകരണങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനായി ഭൂഗർഭ നിലയത്തിനകത്ത് ഒരു കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. വൈദ്യുതി ഉൽപ്പാദനത്തിനുശേഷം ടർബൈനുകളിൽനിന്ന് പുറത്തേക്കൊഴുകുന്ന ജലം വിവിധ തോടുകളിലൂടെ തൊടുപുഴയാറിൽ എത്തിച്ചേരുകയാണ് ചെയ്യുക.

ഇടുക്കി ഡാം തുറന്നാൽ എവിടെ വരെ വെള്ളമെത്തും?

ചെറുതോണി ഡാമിന് അഞ്ചു ഷട്ടറുകളുണ്ട്. മധ്യഭാഗത്തെ ഷട്ടറാണ് ആദ്യം തുറക്കുന്നത്. പിന്നീട് വലത്തെ അറ്റത്തെയും ഇടത്തെ അറ്റത്തെയും ഏതെങ്കിലും ഒരു ഷട്ടർ ഉയർത്തും; പിന്നാലെ മറ്റു രണ്ടു ഷട്ടറുകൾ. സാധാരണയായി 1015 സെന്റിമീറ്ററാണ് ഓരോ ഷട്ടറും ഉയർത്തുക. മുഴുവൻ ഷട്ടറുകളും വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയാണ്.

1981ൽ 11 ദിവസമാണു ഷട്ടറുകൾ ഉയർത്തിയത്. 1221.222 മെട്രിക് ഘന അടി വെള്ളം അന്നു പെരിയാറിലേക്ക് ഒഴുക്കി. 1992 ൽ 13 ദിവസം ഷട്ടറുകൾ ഉയർത്തിയപ്പോൾ 2774.734 മെട്രിക് ഘന അടി വെള്ളം ഒഴുക്കിവിട്ടു. 2018 ഓഗസ്റ്റിലാണ് മൂന്നാം തവണ തുറന്നത്. അന്ന് ഓഗസ്റ്റ് 9 ന് തുറന്ന ഷട്ടറുകൾ സെപ്റ്റംബർ ഏഴിനാണ് താഴ്‌ത്തിയത്. ശക്തമായ മഴ ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെതുടർന്നാണ് 2018 ഒക്ടോബർ 6 ന് ഡാം വീണ്ടും തുറന്നത്.

1956ൽ കേരള സർക്കാരിനു വേണ്ടിയും അടുത്ത വർഷം കേന്ദ്ര ജലവൈദ്യുത കമ്മിഷനു വേണ്ടിയും സമഗ്രമായ പഠനങ്ങൾ നടന്നു. എങ്കിലും 1961ലാണ് ഇടുക്കി അണക്കെട്ടിന്റെ രൂപകൽപന ഉണ്ടാക്കിയത്. 1963ൽ പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം ലഭിച്ചു. തുടർന്ന് ഇടുക്കി പദ്ധതിയുടെ നിർമ്മാണ ചുമതല കേരള വൈദ്യുതി വകുപ്പ് ഏറ്റെടുത്തു.

 

1966ൽ കൊളംബോ പദ്ധതി പ്രകാരം കാനഡ സർക്കാർ സഹായഹസ്തം നീട്ടുകയും ഇന്ത്യയും കാനഡയും ഇതു സംബന്ധിച്ചുള്ള കരാർ ഉണ്ടാക്കുകയും ചെയ്തു. 1976ൽ ഇടുക്കി ഡാം കമ്മിഷൻ ചെയ്തു. കനേഡിയൻ സർക്കാർ ഡാം നിർമ്മാണ ജോലികൾ ഏറ്റെടുത്തപ്പോൾ വിശിഷ്ടാഥിതി ആയിരുന്നതുകൊലുമ്പൻ തന്നെയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP